സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, December 30, 2010

ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം

ത്തംപള്ളി വാര്‍ഡിന്റെ വികസനത്തിനായി പൊതുജനങ്ങള്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് മുഖേന ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ക്രോഡീകരിച്ച് ആലപ്പുഴ മൂനിസിപ്പല്‍ കൗണ്‍സിലിന് നിവേദനം അയച്ചു. 2010 നവംബര്‍ ഒന്‍പതിനു ഇതു സംബന്ധിച്ച അറിയിപ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. നിവേദനത്തിന്റെ പൂര്‍ണരൂപം:


തത്തംപള്ളി വാര്‍ഡ്
http://thathampallyward.blogspot.com



ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍,
പ്രതിപക്ഷ നേതാവ്, തത്തംപള്ളി വാര്‍ഡ് കൗണ്‍സിലര്‍,
സെക്രട്ടറി എന്നിവര്‍ മുമ്പാകെ സമര്‍പ്പിക്കുന്ന നിവേദനം.

വിഷയം: തത്തംപള്ളി വാര്‍ഡിന്റെ വികസനം - പൊതുജനങ്ങള്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് മുഖേന ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ - ഉടനേയുള്ള നടപടിക്ക് - പൊതുജനങ്ങളില്‍ നിന്നു ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചുള്ള നിവേദനം

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പതിനാറാം വാര്‍ഡായ തത്തംപള്ളി
പ്രദേശത്തിന്റെയും പരിസരങ്ങളുടേയും പുരോഗതിക്കും നന്മയ്ക്കുമായി
ട്ടാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആരംഭിച്ചിട്ടുള്ളത്. നാട്ടുവാര്‍ത്തകള്‍ കൂടാതെ നാട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ആവലാതികളും ആക്ഷേപങ്ങളും ബ്ലോഗില്‍ വായിക്കുകയും കാണുകയും ചെയ്യാം. ജനപ്രതിനിധികളുടേയും ഭരണകര്‍ത്താക്കളുടേയും ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങള്‍ക്കും വേദിയാകുമെന്ന പ്രതീക്ഷയുമുണ്ട്. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്നാണ് കരുതുന്നത്. പ്രദേശത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യം.

2010 ഒക്ടോബര്‍ 25-നു നടന്ന ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടന്ന 27-നാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗിനു തുടക്കമിട്ടത്. വിവിധ പത്രമാധ്യമങ്ങള്‍ ബ്ലോഗിന്റെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

സമൂഹത്തില്‍ നിന്ന് ധാരാളം ആവശ്യങ്ങള്‍ ബ്ലോഗിലേക്ക് എത്തിത്തുടങ്ങിയപ്പോള്‍, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തു കഴിഞ്ഞെന്നു കരുതി സമ്മതിദായകരുടെ ചുമതല അവസാനിക്കുന്നില്ലെന്നു ബ്ലോഗ് ചൂണ്ടിക്കാട്ടിയിരുന്നു. ജനവിധി തേടിയവര്‍ ജനഹിതം നടപ്പാക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും വോട്ടര്‍മാര്‍ക്കുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികളും കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഊര്‍ജസ്വലതയോടെ നാട്ടുകാരുടെയിടയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ജനപ്രതിനിധികള്‍ സ്ഥാനമേല്‍ക്കുന്ന ദിവസം മുതല്‍ വാര്‍ഡിന്റെ ആവശ്യങ്ങള്‍ ഓരോന്നായി നടപ്പാക്കണമെന്നാണ് ഉയര്‍ന്നിരുന്ന ആവശ്യം. ഇനി അതിനു പതിവുപോലെ അനേക വര്‍ഷങ്ങള്‍ കാത്തിരിക്കാനാകില്ല. എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണ് വികസനത്തിനു വേണ്ടത്. കക്ഷി, രാഷ്ട്രീയ, ജാതി, മത വ്യത്യാസങ്ങള്‍ ഒന്നിനും തടസ്സമാകരുത്. നഗരസഭാ ഭരണസമിതിയില്‍ നിന്നു എന്നത്തേയുംപോലെ ഒത്തിരി പ്രതീക്ഷകളാണു പൊതുജനങ്ങള്‍ വച്ചുപുലര്‍ത്തുന്നതെന്നും ബ്ലോഗ് ചൂണ്ടിക്കാട്ടി.

ആലപ്പുഴ നഗരസഭയില്‍ പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുമ്പോള്‍ ഭരണകര്‍ത്താക്കള്‍ തത്തംപള്ളി വാര്‍ഡിന് എന്താണ് ചെയ്തു തരേണ്ടത്? ഉടന്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍, ഉടന്‍ പരിഗണനയില്‍ എടുക്കേണ്ട വികസന പദ്ധതികള്‍, നടപടികളുടെ മുന്‍ഗണനാക്രമം എന്നിവയൊക്കെ ഭരണകര്‍ത്താക്കളെ അറിയിക്കാന്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അവസരമൊരുക്കിയിരുന്നു. 'ജനങ്ങളുടെ ലക്ഷ്യം വികസനം മാത്രം' എന്ന പ്രചാരണപ്രവര്‍ത്തനത്തിലൂടെയായിരുന്നു അത്.

ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വെറുതേ പോരടിക്കാതെ പട്ടണത്തിലെ 52 വാര്‍ഡുകളുടേയും മൊത്തം വികസനത്തിനായി സമയം ഒട്ടും കളയാതെ പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളോടൊപ്പം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആഗ്രഹിക്കുന്നത്.

തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതും ജനങ്ങള്‍ എഴുതി അറിയിച്ചിട്ടുള്ളതുമായ ആവശ്യങ്ങളും ആവലാതികളും ക്രോഡീകരിച്ച് 2010 ഡിസംബര്‍ അവസാനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, പ്രതിപക്ഷ നേതാവ് വാര്‍ഡ് കൗണ്‍സിലര്‍, മുനിസിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ക്ക് സമര്‍പ്പിക്കുമെന്ന് നവംബര്‍ ഒന്‍പതിനു ബ്ലോഗില്‍ അറിയിപ്പു നല്കി. അതനുസരിച്ചാണ് പൊതുജനങ്ങള്‍ക്കായി ഈ നിവേദനം സമര്‍പ്പിക്കുന്നത്.

യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളാണ് ആവശ്യങ്ങളിന്മേല്‍ പ്രതീക്ഷിക്കുന്നത്. വീണ്ടും ഒരു അഞ്ചു വര്‍ഷം വെറുതേ 'ഭരിച്ചുകളയാനല്ല' ജനപ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് വോട്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു. 'പോരടിക്കാതെ വികസനം' എന്ന മുദ്രാവാക്യമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.

തത്തംപള്ളി വാര്‍ഡിന്റെ അനേകം ആവശ്യങ്ങളാണ് വായനക്കാര്‍ മുന്നോട്ടുവച്ചത്. അതില്‍ മിക്കവയും വിശദവും സചിത്രവുമായി ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു. ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ഉടന്‍ എടുക്കേണ്ട നടപടികള്‍ക്കായി അവ വ്യക്തമാക്കുകയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ബോര്‍ഡുകളും കോര്‍പറേഷനുകളുമായി ഏകോപിച്ച് ചെയ്യേണ്ട വികസനപദ്ധതികള്‍ക്കും മുനിസിപ്പല്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കണം. ഒരു മാതൃകാ വാര്‍ഡായി തത്തംപള്ളിയെ മാറ്റണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആഗ്രഹിക്കുന്നു. വാര്‍ഡിനു അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ അമാന്തമോ തടസ്സമോ പാടില്ല. വൃത്തിയുള്ളതും മനോഹരവുമായ പ്രദേശമായി മാറ്റുകയാണ് ചെയ്യേണ്ടത്.

പട്ടണപ്രദേശത്ത് വളരെക്കുറച്ചു ഭൂമിയില്‍ വീടുവച്ചു താമസിക്കുന്നവര്‍ക്ക് അവരവര്‍ക്കു തന്നേയും മറ്റുള്ളവര്‍ക്കും ഉപകാരപ്പെടുന്ന പല ചെറുകിട പ്രത്യുത്പാദനപരമായ പ്രവൃത്തികള്‍ ചെയ്യാന്‍ താത്പര്യമുണ്ടാകാമെങ്കിലും ജോലികള്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ ഉണ്ടാകണമെന്നോ അക്കാര്യങ്ങളില്‍ വൈദഗ്ധ്യം വേണമെന്നോ ഇല്ല. അങ്ങനെയുള്ളവര്‍ക്ക് പരിശീലനവും പരിചയമുള്ളവരുടെ സഹായവും എത്തിച്ചുനല്കാന്‍ പ്രാദേശിക തദ്ദേശസ്വയംഭരണ സംവിധാനം മുന്നോട്ടുവരണം.

ഉദാഹരണത്തിന് കൃഷികാര്യങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ ആഗ്രഹമുണ്ടെങ്കിലും പലര്‍ക്കും വേണ്ടവിധം അതു ചെയ്യാന്‍ കഴിയണമെന്നില്ല. ഒരേ കാര്യങ്ങള്‍ ചെയ്യുന്നവരുടെ കൂട്ടമായി (ക്ലസ്റ്റര്‍) വാര്‍ഡിനെക്കണ്ട് പൊതുസഹായം ഒരുക്കുകയാണ് മുനിസിപ്പാലിറ്റി ചെയ്യേണ്ടത്. വിത്തു, തൈവിതരണവും സ്‌പ്രേയര്‍ ഉപയോഗിച്ചുള്ള മരുന്നു, കീടനാശിനി തളിയ്ക്കലും മുതല്‍ ഉല്പന്നങ്ങളുടെ വില്പന വരെയുള്ളവയ്ക്ക് സംവിധാനമുണ്ടാകണം. അതാതു സ്ഥലത്തുള്ളവര്‍ക്ക് അവിടങ്ങളില്‍ നിന്നു തന്നെ ഇങ്ങനെ കാര്‍ഷിക ഉത്പന്നങ്ങളും മറ്റും ലഭ്യമാക്കാം. പൊതുവിപണിയിലെ വിലനിയന്ത്രണത്തിന് ഇതു സഹായകരവുമാകും.

പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് പരിപോഷണം നല്കാന്‍ ഇത്തരം കൃഷി, കൈത്തൊഴില്‍ പ്രോത്സാഹന നടപടികള്‍ ഉപകാരപ്പെടും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലുറപ്പു പദ്ധതികള്‍ ഫലപ്രദമായി ഇക്കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതേയുള്ളു. പൊതുസ്ഥലങ്ങളില്‍ കുന്നുകൂടുന്ന ചപ്പുചവറുകളും മാലിന്യങ്ങളും നീക്കം ചെയ്യല്‍, നവീകരണ പ്രവൃത്തികള്‍, മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പണികള്‍ ഈ പദ്ധതികളിലൂടെ ചെയ്യിക്കാനാകും. എന്നാല്‍ മറ്റു ജോലികളുള്ള സാധാരണക്കാരായ വ്യക്തികള്‍ക്ക് ഇവയൊക്കെ സ്വയം ചെയ്യാന്‍ സാധ്യമാകണമെന്നുമില്ല.

തത്തംപള്ളി വാര്‍ഡ് ബ്ലോഗ് വായനക്കാര്‍ ചൂണ്ടിക്കാട്ടിയ
തത്തംപള്ളി വാര്‍ഡിലെ പ്രധാന ആവശ്യങ്ങള്‍:

പരിസരം വൃത്തിയാക്കല്‍

  • മതിലുകളിലെ പരസ്യങ്ങള്‍: തിരഞ്ഞെടുപ്പു പ്രചാരണ വേളയിലും മറ്റും സ്വകാര്യ മതിലുകളില്‍ പതിച്ചിരുന്ന പോസ്റ്ററുകളും കൂടാതെ തൂക്കിയിട്ടുള്ള ബാനറുകളും കൊടികളും തോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യുക. ഭിത്തികളില്‍ എഴുതിയിട്ടുള്ളത് മായ്ക്കുക. ഭാവിയില്‍ പരസ്യം പതിക്കല്‍ ഒഴിവാക്കുക.
  • വഴിവക്കുകള്‍ മനോഹരമാക്കല്‍: റോഡുവക്കിലെ പുല്ലും കളകളും നീക്കം ചെയ്യുക. സ്ഥലമുള്ളിടങ്ങളില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക.
മാലിന്യ നിര്‍മാര്‍ജനം

  • റോഡിലെ മാലിന്യ നിക്ഷേപം: പൊതുവഴിവക്കുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കര്‍ശനമായി നിരോധിക്കുക: കെട്ടുകണക്കിനു ഖരമാലിന്യമാണ് റോഡുവക്കുകളില്‍ നിക്ഷേപിക്കപ്പെടുന്നത്. പലപ്പോഴും ചീഞ്ഞളിഞ്ഞ വസ്തുക്കള്‍ കാരണം ദുര്‍ഗന്ധം അസഹ്യമാകും. ചീയുന്ന വസ്തുക്കള്‍ ഉണ്ടാകുന്ന ഇറച്ചിക്കടകള്‍, കോഴിക്കടകള്‍, പച്ചക്കറിക്കടകള്‍ എന്നിവിടങ്ങളില്‍ നിന്നു നേരിട്ട് മാലിന്യം സംഭരിച്ച് മുനിസിപ്പാലിറ്റിയുടെ മാലിന്യസംസ്‌കരണ പ്ലാന്റിലെത്തിച്ച് സംസ്‌കരണം നടത്തുക.
  • മാലിന്യം നീക്കല്‍: മാലിന്യം നിക്ഷേപിക്കാനായി ഒഴിഞ്ഞയിടങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുക. ജൈവ, അജൈവ മാലിന്യങ്ങള്‍ തരം തിരിച്ചു സ്വീകരിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കുക.ദിവസേന രണ്ടു നേരമെങ്കിലും വാരിക്കൊണ്ടുപോകല്‍ നിര്‍ബന്ധമാക്കുക.
  • ജൈവവാതകം: ജൈവമാലിന്യങ്ങള്‍ ഉത്ഭവ കേന്ദ്രങ്ങളില്‍ തന്നെ പ്രയോജനപ്പെടുത്താന്‍ വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹനമായി സബ്‌സിഡി നല്കുക.
ക്ഷുദ്രജീവികള്‍

  • തെരുവുനായ് ശല്യം: ഏറ്റവും കൂടുതല്‍ പരാതി കിട്ടിയ വിഷയമാണ് തെരുവുനായ് ശല്യം അവസാനിപ്പിക്കണമെന്നുള്ളത്. ഈ വിഷയത്തില്‍ 2010 ഡിസംബര്‍ ഒന്‍പതു മുതല്‍ 22 വരെ ഓണ്‍ലൈന്‍ സര്‍വേ നടത്തിയപ്പോഴും നഗരസഭയക്ക് എതിരായാണ് എല്ലാ വായനക്കാരും പ്രതികരിച്ചത്. ജില്ലാഭരണകൂടം ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യത്തില്‍ തികഞ്ഞ നിസംഗത പാലിക്കുന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. പേപ്പട്ടിശല്യത്തിനു പോലും നടപടിയില്ല.

  • കൊതുകു നശീകരണം: രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ നശിപ്പിക്കാന്‍ തുടര്‍ച്ചയായി കൊതുകുനാശിനി സ്‌പ്രേയിങ്ങും ഫോഗിങ്ങും നടത്തുക. പ്രജനനമൊഴിവാക്കാന്‍ പൊതുജനങ്ങളുമൊത്തു ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ സ്ഥിരമായി തുടരുക.
  • അലഞ്ഞുതിരിയുന്ന നാല്ക്കാലികളെ പിടിച്ചുകെട്ടല്‍: ആടും പശുവും പൂച്ചയുമുള്‍പ്പടെ വഴിയിലൂടെ അലഞ്ഞു നടക്കുന്ന വീട്ടുനാല്ക്കാലികളെ പിടിച്ചുകെട്ടുകയും അവയെ ഉടമസ്ഥര്‍ക്ക് വിട്ടുകൊടുക്കാന്‍ പിഴയീടാക്കുകയും ചെയ്യുക.
  • എലികളെ ഇല്ലാതാക്കുക: നാട്ടില്‍ വിളകളും ധാന്യങ്ങളും നശിപ്പിക്കുന്ന എലികളെ നശിപ്പിക്കാന്‍ വ്യാപകമായി കെണികള്‍ ഒരുക്കുക.
വഴികള്‍

  • റോഡു നന്നാക്കല്‍: കഴിയുന്നയിടങ്ങളിലെല്ലാം റോഡുകള്‍ക്ക് വീതി കൂട്ടുക. റോഡിലേക്ക് ഇറങ്ങിയുള്ള പോസ്റ്റുകളും മറ്റു തടസ്സങ്ങളും നീക്കം ചെയ്യുക. എല്ലാ ഇടവഴികളും ടാര്‍ ചെയ്യുക.
  • കാനകള്‍: ഇട റോഡു വക്കുകളില്‍ പാത്തിപോലുള്ള ഓടകള്‍ നിര്‍മ്മിക്കുക. ഇത്തരം ചെറിയ ഓടകളെ വലിയ കാണകളിലേക്കും തുടര്‍ന്നു കനാലുകളിലേക്കും ബന്ധിപ്പിച്ച് റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക.
  • വഴികള്‍ക്ക് പേരുകള്‍: റോഡുകള്‍ക്കു പേരുകള്‍ നിശ്ചയിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കുക.
വിദ്യുച്ഛക്തി
  • വൈദ്യുതി വോള്‍ട്ടേജ് വന്‍ ഏറ്റക്കുറച്ചിലുകള്‍: വൈദ്യുതോപകരണങ്ങള്‍ കേടാക്കുന്ന രീതിയിലുള്ള വോള്‍ട്ടേജ് വ്യതിയാനം അവസാനിപ്പിക്കുക. അനൗദ്യോഗിക കറണ്ട് കട്ട് നിര്‍ത്തലാക്കുക. അടുപ്പിച്ചും ആവര്‍ത്തിച്ചും വൈദ്യുതി വന്നുപോകുന്നത് സാങ്കേതികമായി ഒഴിവാക്കുക.
  • ലൈറ്റുകള്‍: വഴിവക്കിലെ എല്ലാ ഇലക്ട്രിക് പോസ്റ്റുകളിലും ലൈറ്റ് സ്ഥാപിക്കുക. ഒരേ ലൈനില്‍ ഒരേ തരം ലൈറ്റുകള്‍ പിടിപ്പിക്കുക.
  • മരച്ചില്ലകള്‍ വെട്ടിമാറ്റല്‍: മഴക്കാലത്തിനു വളരെ മുന്‍പുതന്നെ വൈദ്യുതി ലൈനുകളില്‍ മുട്ടിക്കിടക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുക. പലപ്പോഴും അവസാന നിമിഷം ഈ ജോലി ചെയ്യുന്നതിനാല്‍ വേണ്ട പ്രയോജനം ഉണ്ടാകാറില്ല.
  • എല്ലാ പോസ്റ്റുകള്‍ക്കും നമ്പര്‍: അപകടങ്ങളും ലൈന്‍ തകരാറുകളും കൃത്യമായി അധികൃതരെ അറിയിക്കാന്‍ എല്ലാ ഇലക്ട്രിക് പോസ്റ്റുകള്‍ക്കും നമ്പര്‍ ഇടുക. മാഞ്ഞിട്ടുള്ളവ വീണ്ടും എഴുതുക. പോസ്റ്റുകളില്‍ എഴുതുന്നവരേയും പോസ്റ്റര്‍ പതിക്കുന്നവരേയും പ്രോസിക്യൂട്ട് ചെയ്യുക.
  • ലൈന്‍ തടസ്സങ്ങള്‍: ഇലക്ട്രിക് പോസ്‌ററുകളിലുടെ അലക്ഷ്യമായി താഴ്ന്നു കടന്നു പോകുന്ന കേബിള്‍ ലൈനുകളും മറ്റും നിശ്ചിത ഉയരത്തിലാക്കുക.
  • ഫോണ്‍ നമ്പരുകള്‍: വൈദ്യുതി മുടക്കം ഉടനേ വൈദ്യുതി ഓഫീസില്‍ അറിയിക്കാന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കു സമീപം അത്യാവശ്യ മൊബൈല്‍ നമ്പരുകള്‍ അടക്കമുള്ള ടെലിഫോണ്‍ നമ്പരുകള്‍ വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപിക്കുക.
ജലവിതരണം
  • കുടിവെള്ളം: കുടുതല്‍ സ്ഥലങ്ങളില്‍ പൊതു ടാപ്പുകള്‍ ഏര്‍പ്പെടുത്തുക. പൊതുജല വിതരണ സംവിധാനം കാര്യക്ഷമമാക്കി എല്ലാ സമയത്തും വെള്ളം ലഭ്യമാക്കുക.
  • കിണറുകള്‍: വീടുകളിലെ ശുദ്ധജലം ലഭ്യമാകുന്ന കിണറുകള്‍ കൂടുതല്‍ ശുചിയായി സൂക്ഷിക്കാനും വൃത്തിയാക്കാനും ഏര്‍പ്പാടുകളുണ്ടാക്കുക. കിണറ്റില്‍ നിന്ന് വെള്ളം എടുക്കാനുളള പമ്പുകള്‍ക്കും മോട്ടോറുകള്‍ക്കും സബ്‌സിഡി നല്കുക.
പൊതുഗതാഗതം
  • തിരക്ക് നിയന്ത്രിക്കല്‍: വഴികളിലെ വാഹനത്തിരക്ക് നിയന്ത്രിക്കാനും ഇന്ധനോപയോഗം കുറയ്ക്കാനും മലിനീകരണം ഒരുപരിധിവരെ മാറ്റാനം പൊതു യാത്രാ-ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുക.
  • ഓട്ടോറിക്ഷകള്‍: കൂടുതല്‍ സ്ഥലങ്ങളില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ അനുവദിക്കുക. 
  • ഓമ്‌നിബസുകള്‍: സ്‌കൂള്‍, കോളജ് ബസുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കാനുള്ള ഭൗതികസാഹചര്യങ്ങളൊരുക്കുക.
  • ബസ് സര്‍വീസുകള്‍: കൂടുതല്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബസുകള്‍ക്കു പെര്‍മിറ്റ് നല്കുക. ഉദാഹരണത്തിന് തത്തംപള്ളിയില്‍ നിന്ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്ക് റൂട്ട് അനുവദിക്കുക.
  • പാലങ്ങള്‍: ജലനിര്‍ഗമനം തടസ്സപ്പെടുത്താതെ പാലങ്ങള്‍ നിര്‍മിക്കുക. വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വാടക്കനാലിനു കുറുകേ രണ്ടു പാലങ്ങള്‍ ഉടനേ ആവശ്യമാണ്.
കൃഷി
  • വീട്ടുകൃഷി: വീടുകളുടെ ചുറ്റുപാടുമുള്ള ഭൂമിയില്‍ കൃഷിക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുക. അടുക്കളത്തോട്ടം, പൂക്കൃഷി, ഔഷധച്ചെടി വളര്‍ത്തല്‍, കാലി-കോഴി വളര്‍ത്തല്‍, അരുമജീവി-മത്സ്യം വളര്‍ത്തല്‍, കൂണ്‍കൃഷി, തരിശായ ഭൂമിയില്‍ താത്കാലിക വിളകള്‍ തുടങ്ങിയവയ്ക്ക് പ്രോത്സാഹനം നല്കാവുന്നതാണ്. വൃഷങ്ങളുടേയും വിളകളുടേയും മേലുള്ള കീടശല്യങ്ങള്‍ക്കും മറ്റും പ്രദേശത്താകമാനം പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. ദീര്‍ഘകാല, ഹൃസ്വകാല വിളകള്‍ കിട്ടുന്ന കൃഷിക്ക് ആവശ്യമായ രോഗ-കീട പ്രതിരോധ നടപടികള്‍ പ്രദേശത്ത് മൊത്തമായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ഏര്‍പ്പാടാക്കണം. മൃഗസംരക്ഷണ ഏര്‍പ്പാടുകളും വേണം. ഹരിത-ധവള മുന്നേറ്റത്തിന് പിന്തുണ നല്കണം.
യാചകര്‍
  • യാചക നിരോധനം: വഴികളിലും വീടുകളിലും ഭിഷയാചിച്ചെത്തുന്നവരെ നിരോധിക്കുക. യാചകരുടെ വേഷത്തില്‍ എത്തുന്ന മോഷ്ടാക്കളും ധാരാളമുണ്ട്. യാചകര്‍ വ്യാധികള്‍ പരത്താനും സാധ്യതയുണ്ട്.
മുനിസിപ്പാലിറ്റി
  • പരാതികേള്‍ക്കല്‍: മുനിസിപ്പാലിറ്റിയില്‍ പരാതികള്‍ സ്വീകരിക്കാന്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പടെ എല്ലാ ദിവസവും 24 മണിക്കൂര്‍ ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തുക. ആ നമ്പര്‍ പ്രസിദ്ധപ്പെടുത്തുക. മറ്റു വകുപ്പുകളിലേക്കുള്ള പരാതികള്‍ കൈമാറുക. പരാതികള്‍ ഇ-മെയിലായും എസ്എംഎസുമായി സ്വീകരിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കുക. പരാതികളിലെടുത്തിട്ടുള്ള നടപടികള്‍ സുതാര്യവും വെബ്‌സൈറ്റില്‍ ലഭ്യവുമാക്കുക.
ഈ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള ആവശ്യങ്ങള്‍ മിക്കവയും തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ http://thathampallyward.blogspot.com എന്ന വിലാസത്തില്‍ ഇന്റര്‍നെറ്റില്‍ ലോകത്തിന്റെ ഏതുഭാഗത്തും ലഭ്യമാണ്. കടലാസിന്റെ ഉപഭോഗം കഴിവതും കുറച്ച് പ്രകൃതിയെ കൂടുതല്‍ സംരംക്ഷിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തുടര്‍ന്നുള്ള കത്തിടപാടുകള്‍ ഇ-മെയിലില്‍ നടത്താന്‍ അപേക്ഷ. മറുപടി ദയവായി thathampallyward@gmail.com എന്ന ഐഡിയില്‍ അയക്കുക. മറുപടിയും തുടര്‍ന്നെടുക്കുന്ന നടപടികള്‍ അറിയിച്ചാല്‍ അവയും ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇങ്ങനൊരു സംവിധാനം ആദ്യമായാണെന്നും ഓര്‍മ്മിപ്പിക്കട്ടെ.

ഉപചാരപൂര്‍വം,


ടീം തത്തംപള്ളി വാര്‍ഡ് ബ്ലോഗ്
30.12.2010

കോപ്പി: പത്രമാധ്യമങ്ങള്‍ക്ക്‌ 

........................................................................................

പ്രധാന ആവശ്യങ്ങള്‍

ത്തംപള്ളി ബ്ലോഗ് ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിനു നിവേദനം സമര്‍പ്പിച്ചതു സംബന്ധിച്ച വാര്‍ത്ത മാതൃഭൂമി ഇന്‍ര്‍നെറ്റ് എഡിഷനിലെ പൗരവാര്‍ത്തകളില്‍ 2011 ജനുവരി അഞ്ചിനു പ്രസിദ്ധീകരിച്ചു. അത് നേരിട്ട് വായിക്കാന്‍ ഇവിടെ 
http://www.mathrubhumi.com/alappuzha/citizen_news/711787.html  ക്ലിക്ക് ചെയ്യുക. 

തത്തംപളളി വാര്‍ഡ് നിവാസികള്‍ നിവേദനം നല്‍കി
Posted on: 05 Jan 2011


ആലപ്പുഴ: തത്തംപള്ളി വാര്‍ഡിന്റെ വികസനത്തിനായി പൊതുജനങ്ങള്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് മുഖേന ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ക്രോഡീകരിച്ച് ആലപ്പുഴ മൂനിസിപ്പല്‍ കൗണ്‍സിലിന് നിവേദനം അയച്ചു. പരിസരം വൃത്തിയാക്കല്‍, തിരഞ്ഞെടുപ്പു പ്രചാരണ വേളയിലും മറ്റും സ്വകാര്യ മതിലുകളില്‍ പതിച്ചിരുന്ന പോസ്റ്ററുകളും കൂടാതെ തൂക്കിയിട്ടുള്ള ബാനറുകളും കൊടികളും തോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യുക, ഭിത്തികളില്‍ എഴുതിയിട്ടുള്ളത് മായ്ക്കുക, ഭാവിയില്‍ പരസ്യം പതിക്കല്‍ ഒഴിവാക്കുക, വഴിവക്കുകള്‍ മനോഹരമാക്കല്‍, റോഡുവക്കിലെ പുല്ലും കളകളും നീക്കം ചെയ്യുക, സ്ഥലമുള്ളിടങ്ങളില്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക, മാലിന്യ നിര്‍മാര്‍ജനം റോഡിലെ മാലിന്യ നിക്ഷേപം, പൊതുവഴിവക്കുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കര്‍ശനമായി നിരോധിക്കുക തുടങ്ങിയവയാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് വായനക്കാര്‍ ചൂണ്ടിക്കാട്ടിയ തത്തംപള്ളി വാര്‍ഡിലെ പ്രധാന ആവശ്യങ്ങള്‍.
........................................................................

Wednesday, December 29, 2010

വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ്

വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ആലപ്പുഴ മുനിസിപ്പാലിറ്റി ലൈസന്‍സും പ്രതിരോധ കുത്തിവയ്പ്പുകളും കര്‍ശനമാക്കണമെന്ന് ആവശ്യമുയരുന്നു.

വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ തെരുവില്‍ അലഞ്ഞുതിരിയാതിരിക്കാന്‍ ഫീസ് ഉള്ള ലൈസന്‍സ് വ്യവസ്ഥ കൃത്യമായി നടപ്പാക്കേണ്ടതാണ്. മുനിസിപ്പാലിറ്റിക്ക് ഇത്തരത്തില്‍ വരുമാനമുണ്ടാക്കുകയും ഉടമസ്ഥരില്‍ കൂടുതല്‍ ഉത്തരവാദിത്തബോധം ജനിപ്പിക്കുകയും ചെയ്യാം.

Monday, December 27, 2010

വെള്ളമൊഴുകാന്‍ പാത്തി ആവശ്യം

ടാറിട്ട റോഡുകള്‍ വേഗം താറുമാറായി കുണ്ടും കുഴിയുമായി മാറുന്നതിന് പല കാരണങ്ങളാണ്. മഴക്കാലത്ത് റോഡില്‍ വീഴുന്ന വെള്ളം ഉടനേ തന്നെ ഒഴുകിപ്പോകുന്നതിനു സൗകര്യമില്ലാത്തതാണ് അതില്‍ പ്രധാനം. നടുവു പൊങ്ങി വശങ്ങളിലേക്ക് അല്പം ചെരുവില്‍ നിര്‍മ്മിക്കേണ്ട റോഡ് മിക്കപ്പോഴും നിരപ്പല്ലാത്ത രീതിയില്‍ പൊങ്ങിയും താഴ്ന്നുമുള്ള നിലയിലായിരിക്കും നിര്‍മിക്കുന്നതു തന്നെ.

റോഡിന്റെ വശങ്ങളില്‍ ഉടനീളം വെള്ളം ഒഴുകാന്‍ താഴ്ചയുള്ള കാന നിര്‍മിച്ച് അതിന് മൂടി വയ്ക്കുക അത്ര എളുപ്പമല്ല. വീതി കുറഞ്ഞ ഇടറോഡുകളില്‍ അതിനു സ്ഥലവും ലഭ്യമായിരിക്കില്ല. എന്നാല്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍ ജലനിര്‍ഗ്ഗമന സംവിധാനം ഒരുക്കേണ്ടതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തിലുള്ള മലിനജല വാര്‍ക്കല്‍ ഏര്‍പ്പാടുകളുണ്ട്. ഭൂഗര്‍ഭത്തിലുള്ള മലിനജല വാഹിനിയും അതിലൊന്നാണ്.

എന്നാല്‍ തത്തംപള്ളി വാര്‍ഡിലെ ഇടറോഡുകളുടെ വശങ്ങളില്‍ പാത്തി പോലുള്ള ഓടകളായിരിക്കും ഉചിതം. ഇതിനു സ്ഥലം അധികം വേണ്ടെന്നു മാത്രമല്ല, താഴ്ച വളരെക്കുറവും ചെരിവുമുള്ളതിനാല്‍ വാഹനങ്ങള്‍ പോകാന്‍ തടസ്സവുമുണ്ടാകില്ല. റോഡുകളെ ബന്ധിച്ചുള്ള പാത്തികള്‍ നിലവിലുള്ള താഴ്ചയുള്ള കാണകളിലേക്ക് എത്തിക്കാം. അത്തരം കാണകള്‍ പുന്നമട കായലുമായി ബന്ധിച്ചുള്ള തത്തംപള്ളി കനാലിലേക്കും വാടക്കനാലിലേക്കും തുറന്നുവിടാം. ഇത്തരം തുറന്ന പാത്തികളില്‍ അടിഞ്ഞു കൂടുന്ന മണ്ണും മാലിന്യവും നീക്കം ചെയ്തു വൃത്തിയാക്കാനും എളുപ്പമാണ്.

ഉദാഹരണത്തിന് ആലപ്പുഴ പട്ടണത്തില്‍ ലത്തീന്‍ പള്ളിക്കും ലീയോ തെര്‍ട്ടീന്ത് സ്‌കൂളിനും മുന്നിലുള്ള റോഡില്‍ ഇത്തരം പാത്തികളാണ് കാണയുടെ സ്ഥാനത്തുള്ളത്. പലപ്പോഴും താഴ്ചയുള്ള കാണകള്‍ പൂര്‍ണഫലം നല്കണമെന്നില്ല. മിക്കപ്പോഴും ഖരവസ്തുക്കള്‍ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തി മലിനജലം കെട്ടിക്കിടക്കാനും ദുര്‍ഗന്ധം വമിപ്പിക്കാനും ഇടയാക്കും.

Thursday, December 23, 2010

തെരുവുനായ്ക്കളെ ഒഴിവാക്കാത്തത് തെറ്റ്

തെരുവുനായ്ക്കളെ പൂര്‍ണമായും ഒഴിവാക്കാത്ത ആലപ്പുഴ നഗരസഭയുടെ നടപടി ശരിയാണോ എന്ന വായനക്കാരോടുള്ള ഓണ്‍ലൈന്‍ ചോദ്യത്തിന് മറുപടി രേഖപ്പെടുത്തിയവര്‍ എല്ലാം തന്നെ തെറ്റ് എന്നാണ് രേഖപ്പെടുത്തിയത്. വളരെക്കുറച്ചു വായനക്കാര്‍ (38 ആള്‍ക്കാര്‍) മാത്രമേ അഭിപ്രായം രേഖപ്പെടുത്തിയിരുന്നുള്ളു എങ്കിലും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു അവര്‍. ചോദ്യത്തിന് ശരി അല്ലെങ്കില്‍ തെറ്റ് എന്ന് രേഖപ്പെടുത്താനായിരുന്നു സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.

2010 ഡിസംബര്‍ ഒന്‍പതു മുതല്‍ 22 വരെ രണ്ട് ആഴ്ചക്കാലമാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിരുന്നത്. ആവര്‍ത്തിച്ച് നാട്ടുകാര്‍ ആവശ്യമുന്നയിച്ചിട്ടും തെരുവുനായ് ശല്യം വഴികളില്‍ നിന്ന് ഒഴിവാക്കുന്നതിന് അധികൃതര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ആത്മാര്‍ഥതയുണ്ടെങ്കില്‍ തെരുവുനായ്ക്കളെ ഒഴിവാക്കാന്‍ ഭരണമേറ്റു ഒരു മാസം തന്നെ ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ഭരണാധികാരികള്‍ക്ക് അധികമാണെന്നു പല വായനക്കാരും എഴുതിയിട്ടുണ്ട്.

Thursday, December 16, 2010

വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കണം

ത്തംപള്ളി വാര്‍ഡിലെ മാലിന്യസംസ്‌ക്കരണത്തിന്റെ ഭാഗമായി വീടുകളിലുണ്ടാകുന്ന ജൈവഖരമാലിന്യങ്ങള്‍ അതാതു വീടുകളില്‍ അതാതു ദിവസം തന്നെ ശേഖരിച്ചു സംസ്‌ക്കരിക്കുന്നതിനായുള്ള ശാസ്ത്രീയമാര്‍ഗമായ ബയോഗ്യാസ് പ്ലാന്റുകള്‍ സൗജന്യനിരക്കില്‍ സ്ഥാപിക്കാനുള്ള ഏര്‍പ്പാടുകള്‍ മുനിസിപ്പാലിറ്റി ചെയ്യണമെന്ന് ആവശ്യമുയരുന്നു. പൊതുവഴിയിലേക്കു തള്ളപ്പെടുന്ന മാലിന്യങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കി വീടുകളില്‍ തന്നെ പ്രയോജനപ്പെടുത്താന്‍ ഈ പ്ലാന്റുകള്‍ക്കാകും. മുനിസിപ്പാലിറ്റിയുടെ പൊതു ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനവും ഇതിലൂടെ നിയന്ത്രണത്തിലാക്കാം.

മുനിസിപ്പാലിറ്റി മുന്‍കൈ എടുത്ത് പ്ലാന്റ് നിര്‍മാണത്തിന് സബ്‌സിഡി ഏര്‍പ്പാടാക്കണം. മാലിന്യങ്ങള്‍ നീക്കുന്നതിനും സംസ്‌ക്കരിക്കുന്നതിനും ബഹുജന പങ്കാളിത്തത്തോടെയുള്ള വിവിധ പദ്ധതികള്‍ക്കാണ് നഗരസഭ രൂപം നല്‍കേണ്ടത്.

ഇന്ധന ദൗര്‍ലഭ്യം രൂക്ഷമായ, ഊര്‍ജ്ജ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇതിനു പരിഹാരമായി പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുകയും അവ പരാമാവധി പ്രയോജനപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, ജൈവവസ്തുക്കളില്‍ നിന്നുള്ള ഊര്‍ജ്ജം എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നതാണ്. നാട്ടില്‍ ആകെ പ്രശ്്‌നമായി മാറുന്ന ജൈവമാലിന്യങ്ങള്‍ ഇന്ധനവും വളവുമായി മാറ്റുന്നത് നാട്ടുകാര്‍ക്ക് ആകെ ഗുണകരമാകും.

പാചകത്തിനു വേണ്ടി വളരെ വിലകൂടിയ ദ്രവീകൃത പെട്രോളിയം വാതകം (ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്-എല്‍പിജി) ആണ് വീടുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. കൃഷിയും കന്നുകാലി വളര്‍ത്തലും ഒത്തുചേര്‍ന്ന കൃഷിരീതി നിലവിലുള്ള നാട്ടില്‍ പാചകത്തിനായി ബയോഗ്യാസ് അല്ലെങ്കില്‍ ജൈവവാതകം ഉപയോഗിക്കുകയാണെങ്കില്‍ ചെലവു കുറഞ്ഞതും സുരക്ഷിതവുമായ ഇന്ധന ലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കും. ബയോഗ്യാസ് പ്‌ളാന്റിന്റെ പ്രധാന നേട്ടം നിര്‍മ്മാണം കഴിഞ്ഞാല്‍ ആവര്‍ത്തനച്ചെലവ് വരുന്നില്ല എന്നതാണ്. ഇതിന്റെ. പാചകാവശ്യത്തിന് പുറമെ വിളക്കുകള്‍ കത്തിക്കുവാനും പമ്പ്‌സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും ഈ വാതകം പ്രയോജനപ്പെടുത്താം.

അന്തരീക്ഷവുമായി സമ്പര്‍ക്കമില്ലാത്ത അവസ്ഥയില്‍ ജൈവവസ്തുക്കളില്‍ സൂക്ഷ്മാണുക്കള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന വാതകമാണ് ബയോഗ്യാസ്. 55.70 ശതമാനം നിറമോ മണമോ ഇല്ലാത്ത മീതൈല്‍ വാതകവും, 30.45 ശതമാനത്തോളം കാര്‍ബണ്‍ ഡൈഓക്‌സൈഡും ചെറിയതോതില്‍ മറ്റു വാതകങ്ങളായ നൈട്രജന്‍, ഹൈഡ്രജന്‍, ഹൈഡ്രജഡന്‍ സള്‍ഫൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, ഓക്‌സിജന്‍ എന്നിവയും ബയോഗ്യാസില്‍ അടങ്ങിയിരിക്കുന്നു. മീതൈല്‍ വാതകമാണ് കത്തുന്നത്. കരിയോ പുകയോ ഇല്ലാത്ത ഇളം നീലനിറത്തിലുള്ള ജ്വാലയോടെ കത്തുന്ന ഈ വാതകം സുരക്ഷിതവും വിഷമയമില്ലാത്തവയുമാണ്. ഇതുമൂലം അപകടമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകുന്നില്ല. 303.50 സെന്റിഗ്രേഡാണ് മീതൈല്‍ വാതകത്തിന് അനുകൂലമായ താപനില. ചൂട് 100 താഴെയായാല്‍ വാതക ഉത്പാദനം നടക്കുകയില്ല.

ജൈവവാതകം ഉപയോഗിച്ച് ആഹാരം പാകം ചെയ്യുകയാണെങ്കില്‍ കരിയോ പുകയോ ഉണ്ടാകാത്തതിനാല്‍ പാത്രങ്ങളും അടുക്കളയും ശുചിയായി സൂക്ഷിക്കുവാന്‍ കഴിയും. പരിസര മലിനീകരണം ഉണ്ടാകുന്നില്ല. വാതകത്തിന്റെ മര്‍ദ്ദം കുറവായതിനാല്‍ അപകട സാധ്യതയും കുറവാണ്. ചാണകം ഉണക്കി കത്തിക്കുന്നതിനാല്‍ 60 ശതമാനം ഇന്ധന ക്ഷമത ഈ വാതകത്തിന് അധികമായുണ്ട്.

ബയോഗ്യാസ് ഉത്പാദിപ്പിക്കാന്‍ ചാണകമാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. എന്നാല്‍ മിക്കവാറും ജൈവവസ്തുക്കള്‍ ഇതിനായി പ്രയോജനപ്പെടുത്താം. ആട്, കോഴി, പന്നി എന്നിവയുടെ വിസര്‍ജ്ജ്യങ്ങളും അടുക്കളയിലെ പഴത്തൊലി ഉള്‍പ്പടെയുള്ള പാഴ് വസ്തുക്കള്‍, കാര്‍ഷികാവശിഷ്ടങ്ങള്‍, ചെറുതായി നുറുക്കിയ വയ്‌ക്കോല്‍, പച്ചപ്പുല്ല്, ജലസസ്യങ്ങള്‍, റബര്‍ഷീറ്റ് അടിച്ച് കഴിഞ്ഞ് പാഴാക്കികഴയുന്ന വെള്ളം എന്നിവ ഇതിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്. 25 കിലോഗ്രാം ചാണകത്തില്‍ നിന്നും ഒരു ക്യുബിക് മീറ്റര്‍ ഗ്യാസ് ഉല്‍പാദിപ്പിക്കാം. ഇതുപയോഗിച്ച് നാലുപേര്‍ക്കാവാശ്യമായ ഭക്ഷണം തയ്യാറാക്കാം.

അരനൂറ്റാണ്ടിന് മുമ്പു തന്നെ പ്‌ളാന്റിന്റെ നിര്‍മ്മാണ സാങ്കേതികവിദ്യ ഇന്ത്യയില്‍ നിലവിലുണ്ടെങ്കിലും 1978-ല്‍ മാത്രമാണ് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ നേതൃത്വത്തില്‍ ബയോഗ്യാസ് പ്‌ളാന്റുകള്‍ വ്യാപകമായി നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ആദ്യകാലങ്ങളില്‍ നിര്‍മ്മിച്ചിരുന്ന ജനതാ മോഡല്‍ പ്‌ളാന്റുകള്‍ നിര്‍മ്മാണച്ചെലവ് കൂടിയവയാണ്. 1984-ഓടെ ആക്ഷന്‍ ഫോര്‍ ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായി ചെലവു കുറഞ്ഞ ദീനബന്ധു മോഡല്‍ തയ്യാറാക്കപ്പെട്ടതോടെ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും പ്‌ളാന്റുകള്‍ സ്ഥാപിക്കാമെന്നായി. ഇതല്ലാതെ ഫ്‌ളോട്ടിംഗ് ഗ്യാസ് ഹോള്‍ഡര്‍, പ്രഗതി മോഡല്‍ ഫൈബര്‍ ഗ്‌ളാസ് എന്നീ മോഡലുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചവയാണ്. കേരളത്തില്‍ കൂടുതല്‍ പ്രചാരത്തിലുള്ളത് ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ ഡ്രം മോഡലും കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്ന ജനത ദീന ബന്ധുമോഡലുകളുമാണ്. ഡ്രം മോഡലിനെ അപേക്ഷിച്ച് നിര്‍മ്മാണച്ചെലവ് കുറഞ്ഞ ദീനബന്ധുവിന്റെ ഡ്യൂ മോഡലുകളാണ് ഇന്ന കൂടുതലായി നിര്‍മ്മിച്ചുവരുന്നത്. പെട്ടന്നു കേടു സംഭവിക്കാത്തതിനാല്‍ ഇതിന് അറ്റകുറ്റപ്പണി ചെലവുകളും കുറവായിരിക്കും.

ബയോ ഗ്യാസ് പ്‌ളാന്റിന്റെ പ്രധാന ഭാഗങ്ങള്‍ മിക്‌സിംഗ് ടാങ്ക്, ദഹന അറ (ഡൈജസ്റ്റര്‍ ടാങ്ക്), വാതക സംഭരണി, നിര്‍ഗമന മാര്‍ഗം (ഔട്‌ലറ്റ്), വാല്‍വ്, സ്റ്റൗ എന്നിവയാണ്.

ബയോഗ്യസ് സ്‌ളറി അഥവാ പ്‌ളാന്റില്‍ നിന്ന് പുറത്ത് വരുന്ന ലായനി ചെടികള്‍ക്ക് ഏറ്റവും നല്ല വളമാണ്. ഇതില്‍ ചാണകത്തിലേതിലേക്കാള്‍ കൂടിയ അളവില്‍ സസ്യ പോഷക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ചെടികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന അമോണിയ രൂപത്തിലുള്ള നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, എന്നിവ ഇതിലുണ്ട്. ഇതുപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍ 10 മുതല്‍ 20 ശതമാനം വരെ വിള വര്‍ദ്ധനവ് ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇതില്‍ നിന്ന് എളുപ്പം കമ്പോസ്റ്റ് തയ്യാറാക്കാം.

വീട്ടിലെ അംഗങ്ങളുടെ എണ്ണം, കന്നുകാലികളുടെ എണ്ണം, ദിവസവും ലഭ്യമായ ചാണകത്തിന്റെ അഥവാ ജൈവമാലിന്യത്തിന്റെ അളവ് എന്നിവ അടിസ്ഥാനമാക്കിയാണ് പ്‌ളാന്റിന്റെ വലുപ്പം നിര്‍ണ്ണയിക്കുന്നത്.

അടുക്കളയുടെയോ തൊഴുത്തിന്റെയോ സമീപത്തായിരിക്കണം പ്‌ളാന്റ് നിര്‍മ്മിക്കേണ്ടത്. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലമായിരിക്കണം. വീടിന്റെ അടിസ്ഥാനത്തില്‍ നിന്ന് കുറഞ്ഞത് ഒരു മീറ്ററും കിണറില്‍ നിന്ന് 10.15 മീറ്ററും മാറി ആയിരിക്കണം പ്ലാന്റ്. ഇഷ്ടിക /ഫെറോസിമന്റ്, മണല്‍, സിമന്റ്, കമ്പി എന്നിവയാണ് പ്‌ളാന്റ് നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍. പ്‌ളാന്റ് നിര്‍മ്മാണത്തില്‍ പരിശീലനം ലഭിച്ച കല്‍പണിക്കാരെക്കൊണ്ടോ അംഗീകാരമുള്ള ടേണ്‍ കീ ഏജന്റുമാരെക്കൊണ്ടോ ആയിരിക്കണം പ്‌ളാന്റ് നിര്‍മ്മിക്കുന്നത്.

അംഗീകാരമുള്ള ടേണ്‍കീ ഏജന്റുമാരെക്കൊണ്ട് നിര്‍മ്മിക്കുന്ന പ്‌ളാന്റുകള്‍ക്ക് മൂന്നു വര്‍ഷത്തെ ഗ്യാരണ്ടി ലഭിക്കും. ടേണ്‍കീ ജോലിക്കായി ഒരു പ്‌ളാന്റിന് ധനസഹായം ലഭിക്കും. സഹകരണ സംഘങ്ങള്‍, രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍, സന്നദ്ധസംഘടനകള്‍, പരിശീലനം ലഭിച്ച വ്യവസായ സംരംഭകര്‍ എന്നിവര്‍ക്ക് ടേണ്‍ കീ ഫീസ് നല്‍കാം. ഇവര്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം പ്‌ളാന്റുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം തൃപ്തി കരമാണെന്ന് ഉറപ്പ് വരുത്തണം. ഒന്നു മുതല്‍ 10 ക്യുബിക് മീറ്റര്‍ വലുപ്പമുള്ള പ്‌ളാന്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

പ്‌ളാന്റ് നിര്‍മ്മിക്കുന്നതിനും, കേടുപാടുകള്‍ തീര്‍ക്കുന്നതിനും കേന്ദ്ര ഗവണ്‍മെന്റ് ധനസഹായം അനുവദിച്ചിട്ടുണ്ട്.
പട്ടികജാതി/പട്ടികവര്‍ഗ/ചെറുകിട/നാമമാത്ര കര്‍ഷകര്‍ക്ക് സബ്‌സിഡിയുണ്ട്.
പ്‌ളാന്റ് നിര്‍മ്മാണത്തിനാവശ്യമായ വായ്പ ബാങ്കുകള്‍ മുഖേന ലഭിക്കും.

പ്‌ളാന്റുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായവും ഉപദേശവും അതാത് പ്രദേശത്തെ കൃഷിഭവന്‍ മുഖേന ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സഹായങ്ങളും കൃഷി ഭവനില്‍ നിന്ന് ചെയ്തുതരും. നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്‌ളാന്റ് പ്രവര്‍ത്തിച്ചു തുടങ്ങിയാലുടനെ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും അനുവദിച്ചിട്ടുള്ള സബ്‌സിഡി കൃഷിഭവനില്‍ നിന്നും ലഭിക്കും. സംസ്ഥാനാടിസ്ഥാനത്തില്‍ പദ്ധതി മേല്‍നോട്ടം വഹിക്കുന്നത് കൃഷി ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ (ബയോഗ്യസ്) ആണ്.

പ്‌ളാന്റിന്റെ പ്രവര്‍ത്തനം, സാങ്കേതിക വിദ്യ സംബന്ധിച്ച് കൃഷി ഓഫീസര്‍, അസിസ്റ്റന്റ്‌സ് എന്നിവര്‍ക്കും, പ്‌ളാന്റ് നിര്‍മ്മാണം, അറ്റകുറ്റപണികള്‍ എന്നിവ സംബന്ധിച്ച് കല്‍പണിക്കാര്‍ക്കും വിവിധ തരത്തിലുള്ള പരിശീലന പരിപാടികള്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്നു. തിരുവനന്തപുരത്ത് വെള്ളായണിയിലുള്ള പരിശീലനകേന്ദ്രമാണ് പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നത്.

കുട്ടികളില്‍ ശുചീകരണ ബോധമുണ്ടാക്കുന്നതിനും പരിസര മലിനീകരണ വസ്തുക്കള്‍ ഒഴിവാക്കുന്നതിനും വേണ്ടി ബയോഗ്യാസ് പ്ലാന്റുകള്‍ സ്‌കൂളുകളില്‍ നിര്‍മ്മിക്കുകയും ചെയ്യാം. അതില്‍ കുട്ടികള്‍ കഴിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ അവര്‍ തന്നെ നിക്ഷേപിക്കുകയുമാകാം. ഇത്തരം പ്ലാന്റില്‍ നിന്നും ലഭിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഉച്ചഭക്ഷണം പാകം ചെയ്യുകയും ചെയ്യാം.


  • അടുക്കള മാലിന്യത്തില്‍ നിന്ന് പാചകവാതകം ഉത്പാദിപ്പിക്കുന്ന ഫൈബര്‍ഗ്ലാസ് പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റ് നിര്‍മാതാക്കള്‍ പറയുന്നത്;

> അഞ്ഞൂറു ലിറ്റര്‍ അകം കപ്പാസിറ്റിയുള്ള പ്ലാന്റിന് അടുപ്പ് അടക്കം വില ഏകദേശം 10,000 രൂപ. സ്ഥലത്ത് സ്ഥാപിച്ചു കൊടുക്കും.
> ഇത്തരം പ്ലാന്റില്‍ ദിവസേന ആവശ്യമായത് രണ്ടര കിലോഗ്രാം ജൈവ ഖരമാലിന്യവും രണ്ടര കിലോഗ്രാം ദ്രവ മാലിന്യവും ഉള്‍പ്പെടെ അഞ്ചു കിലോഗ്രാം.
> കുറച്ചു സ്ഥലം മതി. അതായത് ഏകദേശം ഒരു ചതുരശ്രമീറ്റര്‍. ദീര്‍ഘകാലം നിലനില്ക്കും. പൂര്‍ണമായും ഇന്‍സുലേറ്റ് ചെയ്തത്. സാധാരണഗതിയില്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരുന്നില്ല. തുടക്കത്തില്‍ മാത്രം ചാണകം കലക്കിയൊഴിക്കണം.
> ഒന്നര മണിക്കൂര്‍ വരെ താരതമ്യേന അപകടരഹിതമായ പാചക വാതകം ഓരോ ദിവസവും.
> നാലു പേരുള്ള കുടുംബത്തിന് ഇത് മതിയാകും.
> അന്‍പത് ശതമാനം വരെ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എല്‍പിജി) ലാഭിക്കാം.
> പാചക വാതകത്തോടൊപ്പം ജൈവവളവും ലഭ്യമാകും.
> പ്ലാന്റില്‍ നിക്ഷേപിക്കാന്‍ പാടില്ലാത്തത്: നാരങ്ങ, ഓറഞ്ച്‌തൊലി, മുട്ടത്തോട്, വാഴയില, കടലാസ്, പ്ലാസ്റ്റിക്, സോപ്പ്, ചാരം, ചിരട്ട മുതലായവ. നാരങ്ങയും മറ്റും ജൈവാണുക്കള്‍ മുഖേനെയുണ്ടാകേണ്ട വാതക ഉത്പാദനം തടസ്സപ്പെടുത്തും.
> പ്ലാന്റില്‍ നിക്ഷേപിക്കാവുന്നത്: കഞ്ഞിവെള്ളം, ചോറ്, കാടിവെള്ളം, പച്ചക്കറി, മത്സ്യ-മാംസ അവശിഷ്ടം, പക്ഷി-മൃഗാദികളുടെ കാഷ്ഠം മുതലായവ. 

Monday, December 13, 2010

കൃഷി-കാലി-കോഴി വളര്‍ത്തല്‍ പദ്ധതി തേടി

ത്തംപള്ളി വാര്‍ഡിലുള്ള വീട്ടുപറമ്പുകളില്‍ കാര്‍ഷിക ഏര്‍പ്പാടുകള്‍ക്ക് മുന്‍ഗണന നല്കണമെന്ന് ആവശ്യം. ചെറിയ തോതിലെങ്കിലും കൃഷി കാര്യക്ഷമമായി നടത്തുന്നതിനാവശ്യമായ പദ്ധതി വിഭാവനം ചെയ്യണമെന്നാണ് മുനിസിപ്പല്‍ കൗണ്‍സിലിനോട് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പ്രദേശം ഹരിതാഭമാക്കുന്നതിനും അവരവര്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ കുറച്ചെങ്കിലും ഉത്പാദിപ്പിക്കുന്നതിനും വിവിധയിനം കൃഷികള്‍ സഹായകമാകും. പശു, ആട്, കോഴി വളര്‍ത്തലിനു സൗകര്യമുള്ളവര്‍ക്ക് സഹായം എത്തിക്കുകയും വേണം. വിവിധയിനം കൃഷികള്‍ക്ക് വളക്കൂറുള്ള മണ്ണാണ് തത്തംപള്ളിയിലേത്.

അടുക്കളത്തോട്ടത്തില്‍ പച്ചക്കറി കൃഷി, വീട്ടുമുറ്റത്ത് പൂ കൃഷി, വശങ്ങളില്‍ ഔഷധസസ്യ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ നടപടികളാണ് ആവശ്യം. മുനിസിപ്പല്‍ കൗണ്‍സിലും കേരള സംസ്ഥാന സര്‍ക്കാരിന്റെ കൃഷിവകുപ്പും ചേര്‍ന്ന് തുടര്‍ച്ചയായി പിന്തുണ നല്കിയാല്‍ വീട്ടമ്മമാര്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ വീട്ടുവളപ്പിലേക്ക് ഇറങ്ങും. കാര്‍ഷികരംഗത്ത് ഇതൊരു വിപ്ലവമായി മാറുമെന്നുള്ളതിന് സംശയമില്ല. ദീര്‍ഘകാല വിളകളും ഇടക്കാല വിളകളും സമ്മിശ്രമായിട്ടുള്ള കൃഷി രീതിയായിരിക്കും പട്ടണപ്രദേശത്ത് അഭികാമ്യം. കൃഷിവിദഗ്ധരുടെ ശരിയായ മേല്‍നോട്ടമില്ലെങ്കില്‍ വിളകള്‍ കീടങ്ങളും കുമിളുകളും മറ്റും മൂലം നശിക്കാനിടയുണ്ട്.

ഗുണമേന്മയുള്ള വിത്തുകളുടേയും തൈകളുടേയും വിതരണം, വില കുറഞ്ഞ വളങ്ങളുടേയും കീടനാശിനികളുടേയും ലഭ്യത എന്നിവയെല്ലാം ഈ സംരഭത്തിന് ഒരുക്കേണ്ടതുണ്ട്. നല്ല വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യണം. തൊഴിലുറപ്പു പദ്ധതി ഇക്കാര്യത്തിലും നടപ്പിലാക്കാം. ജൈവകൃഷി രീതിയും പരീക്ഷിക്കാവുന്നതാണ്.

കാലികള്‍ക്കും കോഴികള്‍ക്കും ആവശ്യമായ തീറ്റ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ഏര്‍പ്പാടുകളും ഉണ്ടാകേണ്ടിയിരിക്കുന്നു.

പച്ചക്കറികളും മറ്റു വിളകളും പൂക്കളും വില്പന നടത്താനുള്ള പ്രാദേശിക സൗകര്യവും നാട്ടുകാര്‍ക്ക് പ്രയോജനകരമാകും. അതുപോലെ തന്നെ യന്ത്രം ഉപയോഗിച്ചുള്ള കറവയ്ക്കും കൂടാതെ പാല്‍ വിതരണത്തിനും ക്ഷീരകര്‍ഷക കൂട്ടായ്മയിലൂടെ പ്രദേശിക സംവിധാനം ഒരുക്കാവുന്നതുമാണ്.

Sunday, December 12, 2010

വാടക്കനാലിനു കുറുകെ വേണം രണ്ടു പാലം

ലപ്പുഴ പട്ടണത്തിലെ തത്തംപള്ളി വാര്‍ഡ്  ഉള്‍പ്പടെയുള്ള വാര്‍ഡുകളിലെ താമസക്കാരുടെ യാത്ര സുഗമമാക്കുന്നതിന് വാടക്കനാലിനു കുറുകെ മോട്ടോര്‍ വാഹനങ്ങള്‍ കയറിയിറങ്ങാന്‍ തക്കവിധത്തിലുള്ള രണ്ടു പാലങ്ങള്‍ പുതുതായി നിര്‍മിക്കണമെന്ന് ആവശ്യം. പാലങ്ങളുടെ നാടായ ആലപ്പുഴയ്ക്ക് ഈ പാലങ്ങളും അത്യാവശ്യം തന്നെ.

വാടക്കനാലിനു വടക്കുള്ളവര്‍ക്ക് ബോട്ട് ജെട്ടിയിലും ബസ് സ്‌റ്റേഷനിലും പോകാന്‍ ഇപ്പോള്‍ ജില്ലാ കോടതി പാലം കയറണം. പാലത്തിന്റെ ഇരുകരയിലുമുള്ള ജംഗ്ഷനുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

പട്ടണത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ഔട്ട്‌പോസ്റ്റ് ഗോവണിപ്പാലത്തിനോടു ചേര്‍ന്നും കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനു കിഴക്കു വശത്തായും ഓരോ പാലങ്ങള്‍ പുതുതായി നിര്‍മിക്കണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗോവണിപ്പാലത്തിനു സമീപം പാലം നിര്‍മിച്ചാല്‍ ബോട്ടുകള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ടാകുമെന്നതിനാല്‍ പാലത്തിനു തൊട്ടുപടിഞ്ഞാറു വശത്തുള്ള ബോട്ട് ജെട്ടി മാറ്റി ബസ് സ്‌റ്റേഷനു കിഴക്കു വശത്താക്കണം. ഇപ്പോള്‍ ഡോക്ക് യാര്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്തോടു ചേര്‍ന്നു പുതിയ ജെട്ടി ആരംഭിക്കാം. വെള്ളക്കുറവുള്ള കാലത്ത് ബോട്ടുകള്‍ കനാലിന്റെ അടിത്തട്ടില്‍ മുട്ടുന്നതിനാല്‍ ഈ ഭാഗത്താണ് സാധാരണ ജെട്ടി പ്രവര്‍ത്തിക്കുന്നത്. ബോട്ട്, ബസ് യാത്രക്കാര്‍ക്ക് ജെട്ടിയും ബസ് സ്റ്റേഷനും ചേര്‍ന്നു വരുന്നത് കൂടുതല്‍ സൗകര്യമാകും.

ഗോവണിപ്പാലത്തിനു സമീപം പാലം നിര്‍മ്മിക്കുന്നതോടെ ജില്ലാക്കോടതി പാലത്തിലെ തിരക്ക് ഏറെ കുറയും. തത്തംപള്ളി, പുന്നമട ഭാഗത്തു നിന്നു ചങ്ങനാശേരി, കോട്ടയം, തിരുവല്ല, പത്തനംതിട്ട ഭാഗങ്ങളിക്ക് പോകേണ്ടവര്‍ക്ക് മാര്‍ഗം എളുപ്പമാകും.

ബസ് സ്റ്റേഷനു സമീപം 2010 ഓഗസ്റ്റില്‍ ഒരു നടപ്പാലം പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനു സമീപം വാഹനങ്ങള്‍ക്കുള്ള പാലം വന്നാല്‍ എറണാകുളം ഭാഗത്തു നിന്നുള്ള ബസുകള്‍ ശവക്കോട്ട പാലം കയറി വാടക്കനാലിന്റെ തെക്കുവശത്തുള്ള റോഡിലൂടെ വന്നു പോകുന്നത് ഒഴിവാക്കി, വരുന്ന വാഹനങ്ങള്‍ ശവക്കോട്ട പാലത്തില്‍ കയറാതെ വടക്കു വശത്തുള്ള റോഡിലൂടെ ബസ് സ്‌റ്റേഷനിലെത്താം. തിരികെയുള്ളവ ഇപ്പോള്‍ ചെയ്യുന്നതു പോലെ തെക്കു വശത്തെ റോഡിലൂടെ തന്നെ വിടാം. അങ്ങനെയാകുമ്പോള്‍ വാടക്കനാല്‍ തെക്കും, വടക്കും റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കും.

സ്വകാര്യ ബസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ ബസുകളും വടക്കേ റോഡിലൂടെ എത്തി ബസ് സ്‌റ്റേഷനിലൂടെ കടന്നു പോകുമ്പോള്‍ ഒരേ സ്ഥലത്തു നിന്നു യാത്രക്കാര്‍ക്ക് ബസ് കയറാന്‍ സാധിക്കും. ഇപ്പോള്‍ ബോട്ട് ജെട്ടിയും സ്വകാര്യ ബസുകള്‍ നിര്‍ത്തുന്ന സ്ഥലവും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നു മാറി രണ്ടിടത്താണ്. ഇവിടെ നിന്ന് അര കിലോമീറ്ററോളം യാത്രക്കാര്‍ നടന്നു വരേണ്ടിയിരിക്കുന്നു.

നിലവിലുള്ള സ്ഥാനത്തു നിന്ന് ബോട്ട് ജെട്ടി മാറ്റി സ്ഥാപിക്കുമ്പോള്‍ കനാല്‍ വിനോദ സഞ്ചാരികളുടെ ആവശ്യത്തിനായി തുറന്നു കൊടുക്കാന്‍ സാധിക്കും. ആഴം കൂട്ടി വൃത്തിയാക്കി പെഡല്‍ ബോട്ടിങ്ങിനും ചൂണ്ടയിട്ടുള്ള മീന്‍ പിടുത്തത്തിനും ഈ കനാല്‍ പ്രയോജനപ്പെടുത്താം. കരകള്‍ മനോഹരമാക്കി വിശ്രമത്തിനും നടത്തത്തിനും ഉപയോഗപ്പെടുത്താം.

കളര്‍കോട് നിന്ന് കൊമ്മാടി വരെ 7.58 കിലോമീറ്റര്‍ നീളമുള്ള ആലപ്പുഴ ബൈപ്പാസ് (157 കോടി രൂപ), കായല്‍ വിനോദയാത്രയ്ക്കു പ്രാധാന്യം നല്കുന്ന ആലപ്പുഴ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ (50 കോടി രൂപ) എന്നിവ പ്രാവര്‍ത്തികമാകുന്നതോടെ ഈ രണ്ടു പാലങ്ങള്‍ കൂടിയായാല്‍ തിരക്ക് ഏറെ നിയന്ത്രിക്കാനാകും.

Saturday, December 11, 2010

തത്തംപള്ളിയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് സര്‍വീസ് വേണം

ത്തംപള്ളിയില്‍ നിന്ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചും ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യമുയരുന്നു.

തത്തംപള്ളി പള്ളിക്കു സമീപം നിന്ന് ആരംഭിക്കുന്ന ബസ് സര്‍വീസ് കിടങ്ങാംപറമ്പ് അമ്പലം, ജില്ലാ കോടതി, ബോട്ട് ജെട്ടി, പഴവങ്ങാടി പള്ളി, മുല്ലയ്ക്കല്‍, പിച്ചു അയ്യര്‍ ജംഗ്ഷന്‍, വഴിച്ചേരി, കോണ്‍വന്റ് സ്‌ക്വയര്‍, കണ്ണന്‍വര്‍ക്കി പാലം, കളക്ടറേറ്റ്, സക്കറിയ ബസാര്‍ വഴി റെയില്‍വേ സ്റ്റേഷനിലേക്ക് ആകുന്നതായിരിക്കും ഉചിതം. ഈ വഴിക്ക് ഇപ്പോള്‍ ബസ് സര്‍വീസുകളില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോണ്‍വന്റ് സ്‌ക്വയര്‍ വഴി കടപ്പുറത്തേക്ക് സ്വകാര്യ ബസ് സര്‍വീസുകള്‍ നടത്തിയിരുന്നു.

തത്തംപള്ളി-റെയില്‍വേ സ്റ്റേഷന്‍ ബസ് സര്‍വീസ് കിടങ്ങാംപറമ്പ് അമ്പലം, ജില്ലാ കോടതി സമുച്ചയം, ബോട്ട് ജെട്ടി, കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍, പഴവങ്ങാടി പള്ളി, മുല്ലയ്ക്കല്‍ ക്ഷേത്രം, സെന്റ് ജോസഫ്‌സ് കോളജും സ്‌കൂളും, ലത്തീന്‍ പള്ളി, ലീയോ തേര്‍ട്ടീന്‍ത് സ്‌കൂള്‍, കളക്ടറേറ്റ്, കടപ്പുറം ആശുപത്രി, ബീച്ച് തുടങ്ങിയ ഇടങ്ങളിലേക്കുള്ള അനേകം യാത്രക്കാര്‍ക്കും പ്രയോജനകരമാകും. ഈ റൂട്ടില്‍ സ്‌കൂളുകളും ആരാധനാലയങ്ങളും തന്നെ വേറെ പലതുണ്ട്. മുല്ലയ്ക്കല്‍, മാര്‍ക്കറ്റ് തുടങ്ങിയ വ്യാപാര കേന്ദ്രങ്ങളുമുണ്ട്.

ഏകദേശം അഞ്ചു കിലോമീറ്റര്‍ ദൂരമുള്ള പുതിയ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുന്നതോടു കൂടി കാല്‍നട ശരണമായുള്ളവര്‍ക്ക് യാത്ര എളുപ്പമാകും. സ്ഥിരമായി സര്‍വീസുണ്ടെങ്കില്‍ ഇപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്ന മിക്കവരും പൊതു സര്‍വീസിലേക്കു മാറും. അങ്ങനെ റോഡിലെ ഗതാഗതത്തിരക്കും ഇന്ധനനഷ്ടവും ഒരു പരിധി വരെ ഒഴിവാക്കുകയും ചെയ്യാം.

റോഡുകളുടെ ഇടുങ്ങിയ സ്ഥിതി കണക്കാക്കി തുടക്കത്തില്‍ മിനി ബസുകള്‍ക്കു പെര്‍മിറ്റു കൊടുക്കുന്നതായിരിക്കും ഉചിതം. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെ.എസ്.ആര്‍.ടി.സി) അഥവാ സ്വകാര്യ ബസ് സര്‍വീസുകളാകാം. മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ഉടന്‍ നടപടി എടുക്കണം.

Thursday, December 9, 2010

അഭിപ്രായം/തെരുവുനായ്ക്കള്‍

തെരുവുനായ്ക്കളെ പൂര്‍ണമായും ഒഴിവാക്കാത്ത ആലപ്പുഴ നഗരസഭയുടെ നടപടി ശരിയാണോ? വായനക്കാര്‍ക്ക് ശരി അഥവാ തെറ്റ് എന്ന് അഭിപ്രായം രേഖപ്പെടുത്താം. 2010 ഡിസംബര്‍ ഒന്‍പതു മുതല്‍ 22 വരെ രണ്ട് ആഴ്ച അഭിപ്രായം രേഖപ്പെടുത്താന്‍ അവസരമുണ്ട്. അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. പ്രത്യേകം ഓര്‍ക്കുക. ഒരു കംപ്യൂട്ടറില്‍ നിന്ന് ഈ സര്‍വേയിലേക്ക് ഒരു പ്രാവശ്യമേ അഭിപ്രായം രേഖപ്പെടുത്താനാകൂ. ആവര്‍ത്തിച്ച് ആവശ്യമുന്നയിച്ചിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ വിഷയത്തിന് പ്രസക്തി ഏറെയാണ്. ഈ വിഷയത്തില്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് പല വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

Note: By default, the survey is set to only allow one response per computer. If you (or someone else using your computer) has already filled out the survey once, a cookie has been placed in your browser to let our system know not to let you fill it out multiple times. So the next time you click the link on your browser, it will open to either where you left off taking the survey, or if you've completed it, to end page, titled: 'Thanks for Taking the Survey...'




Wednesday, December 8, 2010

മാസം ഒന്ന്, മാലിന്യം മാറ്റിയില്ല; പട്ടികളെ പിടിച്ചുമില്ല

ലപ്പുഴ പട്ടണത്തില്‍ എപ്പോഴും വിവാദ വിഷയമാകുന്ന മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കാണ് ആലപ്പുഴ നഗരസഭ കഴിഞ്ഞ ഒരു മാസം മുന്‍ഗണന നല്കിയതെന്നു ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ പറയുന്നു. പക്ഷേ അത് പൂര്‍ണമായും ഫലത്തില്‍ വന്നിട്ടില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ അധികാരമേറ്റിട്ട് ഇന്ന് (2010 ഡിസംബര്‍ എട്ട്) ഒരു മാസം തികയുന്നതിനോടനുബന്ധിച്ചാണ് ചെയര്‍പേഴ്‌സണ്‍ ഇക്കാര്യം സൂചിപ്പിച്ചത്.

സര്‍വോദയപുരത്തുള്ള ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിലവിലുള്ള വന്‍ പോരായ്മകള്‍ പരിഹരിച്ചു പ്രവര്‍ത്തനം തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വാദം. വഴിവക്കുകളില്‍ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി തകരാറിലായിരുന്ന വാഹനങ്ങള്‍ അടിയന്തിരമായി നന്നാക്കി നിരത്തിലിറക്കിയെന്നാണ് പറയുന്നത്. എന്നാല്‍ മാലിന്യം ശേഖരിക്കുന്നതിനാവശ്യമായ വേസ്റ്റ് ബിന്നുകള്‍ തത്തംപള്ളി വാര്‍ഡില്‍ ഒരിടത്തും സ്ഥാപിച്ചിട്ടില്ല എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വഴിയിറമ്പുകളില്‍ മാലിന്യം വലിച്ചെറിയാന്‍ അത് ആള്‍ക്കാരെ പ്രേരിപ്പിക്കും.

എന്നാല്‍ കഴിഞ്ഞ ഒരു മാസം ഭരണപക്ഷം സുക്ഷുപ്തിയിലായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് തോമസ് ജോസഫ് ആരോപിച്ചിട്ടുള്ളത്. പട്ടണത്തിന്റെ മാലിന്യപ്രശ്‌നം പരിഹരിക്കാത്തതിനാല്‍ പട്ടണം ചീഞ്ഞുനാറുകയാണ്. മാലിന്യ സംസ്‌കരണ പ്ലാന്റ്  ഉദ്ഘാടനം ചെയ്ത ശേഷം വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.

തെരുവുനായ്ക്കള്‍ വിദേശികളേയും സ്വദേശികളേയും വെല്ലുവിളിച്ചു തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞിട്ടും അതിനെതിരേ ചെറുവിരലനക്കാന്‍ പോലും ഭരണാധികാരികള്‍ തയാറാകുന്നില്ല.

തത്തംപള്ളിയില്‍ പേപ്പട്ടികള്‍ അഴിഞ്ഞാടുന്നതും വഴി നിറയെ നായ്ക്കള്‍ പെറ്റുപെരുകുന്നതും സംബന്ധിച്ച് പരാതികള്‍ തുടര്‍ച്ചയായി ഉണ്ടായിട്ടും ഇതുവരെ നഗരസഭ അറിഞ്ഞമട്ടു കാണിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നഗരസഭയ്ക്കു തന്നെയാണ് പൂര്‍ണ ഉത്തരവാദിത്തം എന്നു പറഞ്ഞ് ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍ കൈകഴുകിയിരുന്നു.

നാട്ടുകാര്‍ക്ക് ഭീഷണിയായി അലഞ്ഞുതിരിയുന്ന നായ്ക്കളെ കൊല്ലാതെ വന്ധ്യംകരിക്കുന്നതോ തീറ്റി കൊടുത്തു വളത്തുന്നതോ നഗരസഭയുടെ കാര്യം. എന്നാല്‍ അത് നഗരസഭയുടെ ഉത്തരവാദിത്തത്തില്‍ നഗരസഭാ വക മതില്‍ക്കെട്ടിനുള്ളിലായിരിക്കണം.

ഇതേസമയം, ആലപ്പുഴ പട്ടണത്തിലെ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എബിസി) പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച നടത്തുമെന്നാണ് നഗരസഭ സെക്രട്ടറി സൂചിപ്പിക്കുന്നത്. അലഞ്ഞുതിരിഞ്ഞു ശല്യമായിട്ടുള്ള തെരുവുനായ്ക്കളെ പിടികൂടി കൊല്ലുന്നതിന് ഇപ്പോള്‍ നിരോധന നിയന്ത്രണമുണ്ട്. പട്ടികളെ പിടികൂടി വന്ധ്യംകരിച്ച ശേഷം പിടികൂടിയ സ്ഥലത്തു തന്നെ മോചിപ്പിക്കുന്ന പദ്ധതിയാണ് എബിസി. ഓപ്പറേഷന്‍ തിയേറ്റര്‍, പോസ്റ്റ് ഓപ്പറേഷന്‍ യൂണിറ്റ്, നായ്ക്കള്‍ക്കുള്ള ഭക്ഷണം, മരുന്ന് തുടങ്ങി വന്‍ ചെലവു വരുന്ന പദ്ധതിയാണെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പട്ടികളെ വന്ധ്യംകരിച്ച ശേഷം തെരുവിലേക്കു തന്നെ തിരിച്ചുവിടുന്നതില്‍ നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ട്. മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തില്‍ മതില്‍ക്കെട്ടുള്ള ശ്വാനാലയം നിര്‍മിച്ച് അവിടെ അവയെ വിഹരിക്കാന്‍ വിടട്ടെ എന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.

ഏറെ പ്രതീക്ഷകളും നല്ല സ്വപ്‌നങ്ങളുമാണ് പുതിയ സാരഥികളില്‍ നിന്നു പട്ടണവാസികള്‍ പ്രതീക്ഷിക്കുന്നത്. മാലിന്യ നീക്കത്തിനും പട്ടിപിടുത്തത്തിനും ഒരുമാസം അധികമായിരുന്നു. ചെറിയകാലയളവിനുള്ളില്‍ ഭരണാധികാരികള്‍ ജനങ്ങള്‍ക്കായി സാങ്കേതികതയുടെ കാര്യം പറഞ്ഞ് ഒന്നും ചെയ്യുന്നില്ലെങ്കില്‍ ഇങ്ങനെ തന്നെ മാസങ്ങള്‍ ഓരോന്നായി കടന്നു പോകും!. ഒന്നും സംഭവിക്കുകയുമില്ല.

Friday, November 26, 2010

വീടുകളിലെത്തുന്ന യാചകരെ നിരോധിക്കണം

വീടുകളില്‍ ഏതുസമയവും കയറി വരുന്ന യാചകരെ നിരോധിക്കണമെന്ന് ആവശ്യമുയരുന്നു. ഭിക്ഷാടകരുടെ വേഷത്തില്‍ മോഷ്ടാക്കളുമുണ്ട്. മുറ്റത്തു കിടക്കുന്ന സാധനങ്ങള്‍ ഇത്തരക്കാര്‍ പെറുക്കിക്കൊണ്ടുപോകുന്നതും പതിവാണ്. തത്തംപള്ളി വാര്‍ഡില്‍ എത്തുന്ന ഭിക്ഷാടകരില്‍ ഏറെയും അന്യസംസ്ഥാനങ്ങളില്‍ നിന്നു എത്തുന്നവരാണ്. ആരോഗ്യപ്രശ്‌നങ്ങളോ രോഗങ്ങളോ ഇല്ലാത്തവരും യാചകരായി എത്തുന്നുണ്ട്.

ഇതേസമയം, സംസ്ഥാനത്തു ഭിക്ഷാടനം നിരോധിക്കുന്നതു സംബന്ധിച്ചും ബാലഭിക്ഷാടകരെ പുനഃരധിവസിപ്പിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നു കേരള ഹൈക്കോടതി 2010 നവംബര്‍ 25-നു നിര്‍ദേശിച്ചിട്ടുണ്ട്. ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന കുട്ടികളെ പുനഃരധിവസിപ്പിക്കാനായി ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കണമെന്നും പദ്ധതിയില്‍ കുട്ടികളുടെ മൗലികാവകാശമായ വിദ്യാഭ്യാസം, അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കണം.

ഭിക്ഷാടനം പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ടു കെഎസ്ആര്‍ടിസി ജീവനക്കാരനായ എളങ്കുന്നപ്പുഴ പുലിയേടത്ത് പി.ജെ. പീറ്റര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ്  ബി.പി. റേ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഹര്‍ജി ഡിസംബര്‍ 20-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

പിഞ്ചു കുഞ്ഞുങ്ങളോടു സമൂഹത്തിനുള്ള അനുകമ്പ മുതലാക്കിയാണു ഭിക്ഷാടന മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളെ തട്ടിയെടുത്തു ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഭവങ്ങളുണ്ട്. ബാലഭിക്ഷാടനം തടയാന്‍ ഹൈവേ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ ശ്രമം ഉണ്ടാകണം. സര്‍ക്കാരോ നഗരസഭകളോ ഇത്തരം കുട്ടികളെ പുനഃരധിവാസ കേന്ദ്രത്തില്‍ എത്തിക്കണം. കൊച്ചി നഗരസഭ പോലുള്ള യാചക നിരോധിത പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളല്ലാത്തവരെയും സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കണം. കുട്ടികളെ മുതിര്‍ന്നവര്‍ക്കൊപ്പം പിടികൂടിയാല്‍ ഇവരെ തട്ടിക്കൊണ്ടു വന്നതാണോയെന്നു പോലീസ് പരിശോധിക്കണം. ഇത്തരത്തിലാണെന്നു ബോധ്യപ്പെട്ടാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണം.

യാചകരുടെ പുനഃരധിവാസം ദീര്‍ഘകാല പദ്ധതിയായി നടപ്പാക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഭിക്ഷാടനം നടത്തുന്ന കുട്ടികളെ പിടികൂടി പുനഃരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കാനായി കൂട്ടായി ശ്രമിക്കണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹാജരാക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊച്ചിയില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെങ്കിലും പോലീസിന്റെ നിസഹകരണം മൂലമാണ് ഇതു തടയാനാകാത്തതെന്നു നഗരസഭ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പോലീസ് ഇക്കാര്യത്തി ല്‍ സഹകരിക്കുന്നില്ലെന്നും നഗരസഭ കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണു ഭിക്ഷാടനം തടയുന്നതിനു പരമാവധി നടപടികളെടുക്കാന്‍ കോടതി പോലീസിനു നിര്‍ദേശം നല്കിയത്.

Wednesday, November 24, 2010

റോഡരിക് വെട്ടി വൃത്തിയാക്കി

ത്തംപള്ളി മഠം റോഡിന്റെ വശങ്ങളില്‍ വളര്‍ന്നു നിന്നിരുന്ന കുറ്റിച്ചെടികളും പുല്ലും വെട്ടിനീക്കി റോഡ് വൃത്തിയാക്കി. പുല്ലു വളര്‍ന്നു നിന്നിരുന്ന റോഡരുകിലേക്ക് മാലിന്യം നിറച്ച കിറ്റുകള്‍ ചിലര്‍ സാമൂഹ്യബോധമില്ലാതെ വലിച്ചെറിയുന്നത് വ്യാപകമായിരുന്നു. റോഡ് വൃത്തിയായതോടെ മാലിന്യം വലിച്ചെറിയുന്നതും ഒഴിവാകുമെന്നാണ് സ്ഥലവാസികള്‍ പ്രതീക്ഷിക്കുന്നത്.

2010 നവംബര്‍ 22, 23 തീയതികളിലാണ് റോഡരിക് വൃത്തിയാക്കിയത്. വാര്‍ഡ് കൗണ്‍സിലറുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

Saturday, November 20, 2010

പുതിയ വഴിവിളക്ക് സ്ഥാപിച്ചു

ത്തംപള്ളി വാര്‍ഡ് മഠം റോഡ് തെക്കേ എന്‍ഡില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് പോസ്റ്റില്‍ (കെഡിഎ 27 എ) പുതിയ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു. നേരത്തേ സാധാരണ ബള്‍ബ് ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത് ഒഴിവാക്കിയിരുന്നു. തൊട്ടടുത്ത പോസ്റ്റുകളിലെ ബള്‍ബ് മാറ്റി സോഡിയം വേപ്പര്‍ ലാമ്പ് ആക്കിയപ്പോഴും ഈ പോസ്റ്റിനെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ ട്യൂബ് ലൈറ്റാണ് ഇട്ടിരിക്കുന്നത്. വഴിയിലേക്ക് ഏകദേശം ഒരടി മാറി നിന്നിരുന്ന പോസ്റ്റ് മാറ്റി പുതിയതൊന്ന് മതിലിനോട് ചേര്‍ത്തു സ്ഥാപിച്ച് ആതിലാണ് ട്ട്യൂബ് ലൈറ്റിട്ടിരിക്കുന്നത്. 2010 നവംബര്‍ 16-നാണ് പുതിയ പോസ്റ്റും ലൈറ്റും സ്ഥാപിച്ചത്.

ഇടവഴികളിലെ വൈദ്യുത പോസ്റ്റുകളില്‍ എല്ലാം വഴിവിളക്ക് സ്ഥാപിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെട്ടിരുന്നതാണ്. 'ഇടവഴികളില്‍ വഴിവിളക്ക് വേണം' എന്ന തലക്കെട്ടില്‍ 2010 നവംബര്‍ ഒന്‍പതിനാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്.

Sunday, November 14, 2010

പട്ടണത്തിന് വൃത്തിയും വെടിപ്പും

ലപ്പുഴ പട്ടണം വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ.

പട്ടണത്തില്‍ മാസങ്ങളായി രൂക്ഷമായി നിലനില്ക്കുന്ന തെരുവുനായ് ശല്യം ഇല്ലാതാക്കുമെന്നു അധ്യക്ഷ ഉറപ്പുനല്കുന്നു.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ മേഴ്‌സിയേയും പട്ടി കടിക്കാന്‍ ഓടിച്ചിരുന്നു!. സ്വന്തം വാര്‍ഡായ കളപ്പുരയിലായിരുന്നു സംഭവം. എന്നാല്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് കടിയേറ്റു. മേഴ്‌സിയെ കൂടെയുണ്ടായിരുന്നവര്‍ തള്ളി മാറ്റിയതുകൊണ്ടാണ് പാഞ്ഞെത്തിയ പട്ടിയുടെ കടിയില്‍ നിന്നു രക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ പോലീസ് കോണ്‍സ്റ്റബിളിനേയും തെരുവുനായ കടിച്ചു. ചികിത്സാച്ചെലവു പോലും കിട്ടാതെ കടിയേറ്റവര്‍ സ്വയം അനുഭവിച്ചു. നായ്ക്ക് പേയില്ലായിരുന്നതിനാല്‍ പ്രശ്‌നം അത്രയും ഗുരുതരമായില്ലെന്നു മാത്രം.

എന്നാല്‍ തെരുവുനായ്ക്കളെ കൊല്ലാന്‍ കേന്ദ്ര നിയമമുള്ളതിനാല്‍ നായ്ശല്യത്തിനെതിരേ ചെയര്‍പേഴ്‌സണ്‍ എന്തു ചെയ്യുമെന്നു കാത്തിരുന്നു കാണാമെന്നു നാട്ടുകാര്‍. നായ്ക്കളെ വന്ധ്യംകരിച്ചു റോഡിലേക്കു തന്നെ വിടണമെന്നാണ് കേന്ദ്രം പറയുന്നത്രേ. അതുകൊണ്ട് വംശവര്‍ധന കുറയുമെന്നല്ലാതെ പേവിഷവും കടിയും കുറയുമോ എന്നാണ് ചോദ്യം. റോഡില്‍ അലയാന്‍ വിടാതെ മുനിസിപ്പാലിറ്റി അവയെപ്പിടിച്ചു കൂട്ടിലാക്കി വളര്‍ത്തിക്കോട്ടെയെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അതിലാര്‍ക്കും എതിര്‍പ്പില്ല. എത്രയും പെട്ടെന്നു പരിഹാരമുണ്ടായില്ലെങ്കില്‍ അലഞ്ഞുതിരിയുന്ന പട്ടികളെ നാട്ടുകാര്‍ പിടികൂടി ഭരണാധികാരികളുടെ വീട്ടുമുറ്റത്ത് കെട്ടിയിടുന്ന നിലയിലേക്കു കാര്യങ്ങള്‍ നീങ്ങിയേക്കും.

തെരുവുനായ്ക്കള്‍ തത്തംപള്ളി പ്രദേശത്തെ ഭീതിയിലാക്കുകയാണ്. പേപ്പട്ടികള്‍ റോഡിലൂടെ അലയുമ്പോള്‍ അവയെ പിടികൂടണമെന്ന ആവശ്യത്തിനു ആരും പുല്ലുവിലപോലും കൊടുക്കുന്നില്ല. ഉത്തരവാദികളെന്നു ജനങ്ങള്‍ കരുതുന്ന അധികൃതരെല്ലാം കൈമലത്തി മാളത്തിലേക്കു വലിഞ്ഞിരിക്കുന്നു.

മാലിന്യ പ്രശ്‌നവും പരിഹരിക്കുമെന്നു ചെയര്‍പേഴ്‌സണ്‍ പറയുന്നു. മാലിന്യം റോഡില്‍ വലിച്ചെറിയാതിരിക്കാന്‍ ജനങ്ങളും സഹകരിക്കണമെന്ന അപേക്ഷ വളരെ ന്യായമാണ്.

നവംബര്‍ പകുതിയോടെ ആരംഭിക്കുന്ന മണ്ഡലകാലവും ചിറപ്പുത്സവവും മുന്നില്‍ക്കണ്ട് പട്ടണത്തിലെ മുഴുവന്‍ തെരുവു വിളക്കുകളും ഉടന്‍ തെളിക്കും. അതിനായി ആവശ്യമായ വൈദ്യുത സാമഗ്രികള്‍ ലഭ്യമാക്കും. എന്നാല്‍ വഴിവിളക്കു സ്ഥാപിക്കാത്ത പോസ്റ്റുകളെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിന് മുന്‍ഗണന നല്കും. റോഡുകള്‍ വ്യാപകമായി പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി യാത്ര ദുഷ്‌കരമായിരിക്കുകയാണ്.

കൊതുകുനിര്‍മാര്‍ജനത്തിന് വീടുകളില്‍ മരുന്നുതളിക്കാനെത്തിയിരുന്ന ജീവനക്കാരെ കാണാനില്ല എന്ന പരാതിക്കു നടപടി സ്വീകരിച്ചു ഫോഗിങ് തുടങ്ങിയെന്നാണ് 2010 നവംബര്‍ 13-നു ശനിയാഴ്ച ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്. എന്നാല്‍ ഫോഗിങ് തത്തംപള്ളി വാര്‍ഡില്‍ നടത്തുന്നതു കണ്ടില്ല.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന തീയതി മുതല്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ആവശ്യങ്ങളില്‍ മിക്കതിനും പരിഹാമുണ്ടാക്കും എന്നാണ് ചെയര്‍പേഴ്‌സന്റെ നിലപാട്. അതിന് എത്രനാളെടുക്കുമെന്നാണ് ചോദ്യം.

Thursday, November 11, 2010

ഗോവണിപ്പാലത്തിനു ചേര്‍ന്ന് പാലം

ലപ്പുഴ ബോട്ട് ജെട്ടിയോടു ചേര്‍ന്നുള്ള ഗോവണിപ്പാലത്തിനു തൊട്ടു പടിഞ്ഞാറു വശം ചേര്‍ന്ന് വലിയ മോട്ടോര്‍ വാഹനങ്ങള്‍ക്കു യാത്രചെയ്യാന്‍ പറ്റിയ വീതിയില്‍ പഴവങ്ങാടി റോഡിലേക്ക് പാലം നിര്‍മിക്കണമെന്ന് ആവശ്യം. ഗോവണിപ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാല്‍ കാല്‍നടക്കാര്‍ക്ക് അപകടമുണ്ടാകുന്ന രീതിയില്‍ ദ്രവിക്കുമ്പോള്‍ മാത്രമാണ് അധികൃതര്‍ രംഗത്തിറങ്ങുക. വാടക്കനാല്‍ വടക്കും തെക്കും റോഡുകളെ ബന്ധിപ്പിച്ചുള്ളതാണ് അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഗോവണിപ്പാലം.

തത്തംപള്ളിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ഇങ്ങനെയൊരു പുതിയ പാലം നിര്‍മിച്ചാല്‍ യാത്രാസൗകര്യം കൂടും. നൂറുകണക്കിനു കുട്ടികള്‍ ഉള്‍പ്പടെയുള്ളവരാണ് ദിവസേന ഗോവണിപ്പാലം കയറിയിറങ്ങുന്നത്.വാഹനങ്ങളില്‍ തെക്കോട്ടു പോകേണ്ടവര്‍ ഇപ്പോള്‍ ജില്ലാക്കോടതി പാലം വഴിയാണ് പോകുന്നത്. ആറു റോഡുകള്‍ ചേരുന്ന ജില്ലാക്കോടതി പാലത്തില്‍ സദാസമയവും ഗതാഗതക്കുരുക്കാണുതാനും. അതിനു കുറവു വരുത്താന്‍ പുതിയ പാലത്തിനാകും.

Wednesday, November 10, 2010

പൊതു ടാപ്പുകള്‍ കാര്യക്ഷമമാക്കണം

ണ്ടുകാലത്ത് ശുദ്ധജലവിതരണത്തിനായി വഴിയിറമ്പുകളില്‍ പല സ്ഥലത്തും പൊതു ടാപ്പുകള്‍ സ്ഥാപിച്ചിരുന്നു. കാലക്രമത്തില്‍ അതു പലതും ഇല്ലാതായി. സമയത്തും കാലത്തും ജലവിതരണമില്ലാത്തതിനാല്‍ ടാപ്പുകള്‍ കൊണ്ട് പ്രയോജനവുമില്ലാതെയായി.

എന്നാല്‍ കുടിവെള്ളത്തിനു ക്ഷാമമനുഭവിക്കുന്ന തത്തംപള്ളി പ്രദേശത്ത് പൊതുജല വിതരണ ടാപ്പുകള്‍ കാര്യക്ഷമമാക്കണമെന്നു ആവശ്യമുയരുന്നു. നേരത്തേ ഉറപ്പുള്ള കോണ്‍ക്രീറ്റ് തൂണുകളില്‍ ബന്ധിപ്പിച്ചായിരുന്നു ലോഹ ടാപ്പുകള്‍ ഘടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പലയിടത്തും പെട്ടെന്നു ഒടിഞ്ഞു പോകാന്‍ ഇടയുള്ള വെറും പൈപ്പും പ്ലാസ്റ്റിക് ടാപ്പുകളുമാണ് പിടിപ്പിക്കുന്നത്. പൈപ്പ് നേരേനില്ക്കാന്‍ ബലത്തിനായി ഒന്നുമില്ല. ദ്രവിച്ച കുഴലുകളില്‍ കൂടി മാലിന്യം കലരാനുമിടയുണ്ട്.

നിര്‍ത്തലാക്കിയ ടാപ്പുകള്‍ പുനഃരാരംഭിക്കണം, തുടര്‍ച്ചയായ കുടിവെള്ള വിതരണം ഉറപ്പാക്കണം, വെള്ളം ഇറ്റിറ്റു നഷ്ടപ്പെട്ടു പോകാത്തരീതിയില്‍ ഉചിതമായ ഉപകരണങ്ങള്‍ ഘടിപ്പിക്കണം, അറ്റകുറ്റപ്പണികള്‍ ഉടനുടന്‍ നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് പൊതുജലവിതരണവുമായി ബന്ധപ്പെട്ടുള്ളത്.

Tuesday, November 9, 2010

ഇടവഴികളില്‍ വഴിവിളക്ക് വേണം

ടവഴികളിലെ വൈദ്യുത പോസ്റ്റുകളില്‍ എല്ലാം വഴിവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യം. തത്തംപളളിയില്‍ ഇപ്പോഴും പലയിടങ്ങളിലും സ്ട്രീറ്റ് ലൈറ്റുകളില്ല. നേരത്തേയുണ്ടായിരുന്ന ലൈറ്റുകള്‍ ചിലയിടങ്ങളില്‍ കാണാനുമില്ല.

ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതും കേടായാല്‍ മാറ്റിയിടേണ്ടതും മുനിസിപ്പാലിറ്റിയുടെ ചുമതലയാണ്. ഉള്ള സ്ട്രീറ്റ് ലൈറ്റുകള്‍ കത്താതിരുന്നാല്‍ വിദ്യുച്ഛക്തി ഓഫീസില്‍ പരാതി പോലും സ്വീകരിക്കില്ല. അതെല്ലാം മുനിസിപ്പാലിറ്റിയുടെ ചുമതലയാണെന്നാണ് മറുപടി കിട്ടുക.

രാത്രിയില്‍ വഴിയില്‍ പ്രകാശമില്ലാത്തതു മൂലം വഴിയാത്രക്കാര്‍ ഏറെ ക്ലേശിക്കുന്നു. ഇരുട്ടായാല്‍ മദ്യപാനസംഘങ്ങളും പിടിച്ചുപറിക്കാരും ഇടവഴികള്‍ താവളമാക്കുന്നത് പതിവുമാണ്. സ്ത്രീകള്‍ അടക്കം മറ്റു സ്ഥലങ്ങളില്‍ നിന്നു ജോലികഴിഞ്ഞെത്തുന്നവര്‍ രാത്രിയോടെയായിരിക്കും എത്തുക. സാമൂഹ്യവിരുദ്ധ പ്രവൃത്തികളെ ഒരളവു വരെ തടയാന്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിച്ചാല്‍ കഴിയും.

പോരടിക്കാതെ വികസനം

ലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വെറുതേ പോരടിക്കാതെ പട്ടണത്തിലെ 52 വാര്‍ഡുകളുടേയും മൊത്തം വികസനത്തിനായി സമയം ഒട്ടും കളയാതെ പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളോടൊപ്പം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആഗ്രഹിക്കുന്നത്.
തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതും ജനങ്ങള്‍ എഴുതി അറിയിച്ചിട്ടുള്ളതുമായ ആവശ്യങ്ങളും ആവലാതികളും ക്രോഡീകരിച്ച് 2010 ഡിസംബര്‍ അവസാനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വാര്‍ഡ് കൗണ്‍സിലര്‍, മുനിസിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ക്ക് സമര്‍പ്പിക്കുന്നതാണ്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളാണ് അവയില്‍ പ്രതീക്ഷിക്കുന്നത്. വീണ്ടും ഒരു അഞ്ചു വര്‍ഷം വെറുതേ 'ഭരിച്ചുകളയാനല്ല' ജനപ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് വോട്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു.

മാലിന്യ നിര്‍മാര്‍ജനത്തിനു പ്രഥമ പരിഗണന

ലപ്പുഴ പട്ടണത്തില്‍ മാലിന്യ നിര്‍മാര്‍ജര്‍നത്തിനായിരിക്കും പ്രഥമ പരിഗണന നല്കുകയെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട മേഴ്‌സി ഡയാന മാസിഡോ.

കളപ്പുര വാര്‍ഡ് പ്രതിനിധിയാണ് റിട്ടയേഡ് അധ്യാപികയായ മേഴ്‌സി. എല്‍ഡിഎഫ്-സി.പി.എം സ്ഥാനാര്‍ഥിയായിരുന്നു. ആകെയുള്ള 52 വോട്ടുകളില്‍ 27 വോട്ടു നേടിയാണ് ചെയര്‍പേഴ്‌സണായി 2010 നവംബര്‍ എട്ടിനു തെരഞ്ഞെടുക്കപ്പെട്ടത്.

ഇനി പ്രതിപക്ഷവും ഭരണപക്ഷവുമില്ലെന്നും ഒരുമിച്ചു പട്ടണത്തിന്റെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കണമെന്നും മേഴ്‌സി അഭ്യര്‍ഥിച്ചു.

എല്ലാ വാര്‍ഡുകളുടേയും വികസനത്തിനായി ഒന്നിച്ചു കൈകോര്‍ക്കണമെന്നും രാഷ്ട്രീയവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കണമെന്നും വൈസ് ചെയര്‍മാന്‍ ബി.അന്‍സാരി (എല്‍ഡിഎഫ്-സിപിഐ).

പട്ടണത്തിന്റെ വികസന കാര്യങ്ങളില്‍ പ്രതിപക്ഷമായ യുഡിഎഫിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തോമസ് ജോസഫിന്റെ ഉറപ്പ്.

ആലപ്പുഴ നഗരസഭയുടെ അധ്യക്ഷസ്ഥാനത്ത് 23-ാമത്തെയാളാണ് മേഴ്‌സി. നാലാമത്തെ വനിതാസാരഥി. ഇപ്രാവശ്യം വനിതാസംവരണമായിരുന്നു. 35 വര്‍ഷം അധ്യാപിക. 2006-ല്‍ ആലപ്പുഴ എസ്.ഡി.വി.ജെ.ബി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപികയായിട്ടാണ് വിരമിച്ചത്. ആറാട്ടുവഴി വാര്‍ഡില്‍ താമസിക്കുന്നു.

Monday, November 8, 2010

കൊതുകുശല്യം ഒഴിവാക്കണം

ത്തംപള്ളി പ്രദേശത്തെ കൊതുകു ശല്യം ഒഴിവാക്കാന്‍ സമഗ്രമായ പദ്ധതി വേണമെന്ന് ആവശ്യമുയരുന്നു. ജനങ്ങളും മുനിസിപ്പാലിറ്റിയും സംയുക്തമായി പരിശ്രമിച്ചാലേ നിലനില്ക്കുന്ന ഫലം കണ്ടെത്തൂ.

മുനിസിപ്പാലിറ്റിയില്‍ നിന്നു വല്ലപ്പോഴും വീടുകളില്‍ എത്തുന്ന മരുന്നുതളിക്കാര്‍ സ്‌പ്രേ ചെയ്യുന്ന ദ്രാവകം മാത്രമാണ് ഇപ്പോള്‍ മുനിസിപ്പാലിറ്റിയുടെ വക കൊതുകു നിയന്ത്രണ മാര്‍ഗമായിട്ടുള്ളത്. അത് അത്ര ഫലപ്രദമല്ല.

വീടുകളുടെ ചുറ്റുപാടുമുള്ള വളപ്പിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടന്നു മലിനമായി കൊതുകിനു മുട്ടയിട്ടു പെരുകാനുള്ള അവസരം ഇല്ലാതാക്കുകയാണ് പൊതുജനങ്ങള്‍ ഒത്തൊരുമിച്ചു ചെയ്യേണ്ടത്. പാത്രങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിക്കിടന്നാല്‍ അതില്‍ അതിവേഗം കൂത്താടികള്‍ പെരുകും. അതിനാല്‍ അവയിലെ വെള്ളം നിരന്തരം നീക്കം ചെയ്തു വൃത്തിയാക്കണം. ഒപ്പം കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുകയും മാലിന്യങ്ങള്‍ കിടന്ന് അഴുകാന്‍ അനുവദിക്കാതെ കുഴിച്ചുമൂടുകയും വേണം.

കൊതുകുകള്‍ ധാരാളമായി പെരുകുന്നുവെന്നു കരുതുന്ന സെപ്റ്റിക് ടാങ്കുകളുടെ പുറത്തേക്കുള്ള പെപ്പുകള്‍ക്ക് നെറ്റ് ഘടിപ്പിക്കണം. അതിനു സന്നദ്ധ സംഘടനകള്‍ മുന്‍കൈയെടുക്കണം. കൂടാതെ മുനിസിപ്പാലിറ്റി കൊതുകുനശീകരണത്തിനായി കൊതുകുനാശിനി സ്‌പ്രേയിംഗ്, ഫോഗിംഗ് എന്നിവ സ്ഥിരമായി നടത്തുകയും കാണകളില്‍ മലിനജലം കെട്ടിക്കിടക്കാത്ത വിധത്തില്‍ ശുചീകരിച്ച് ഒഴുക്ക് ഉറപ്പാക്കുകയും വേണം.

കണ്ണടച്ചിരുട്ടാക്കി അധികൃതര്‍: മനോരമ

ലപ്പുഴ നഗരത്തില്‍ തെരുവുനായ്ക്കളുടെ ശല്യമേറിയിട്ടും നടപടിയില്ലെന്നു മലയാള മനോരമ. തത്തംപള്ളിയില്‍ 2010 നവംബര്‍ ഏഴിനു ഭീഷണിയായ പേപ്പട്ടിയെക്കുറിച്ചുള്ള വാര്‍ത്തയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

നായ്ക്കള്‍ പൊതുനിരത്തും ഇടവഴികളും അടക്കിവാഴുമ്പോള്‍ ആരോട് പരാതി പറയണമെന്നറിയാതെ നട്ടം തിരിയുകയാണ് നാട്ടുകാര്‍. തത്തംപള്ളില്‍ പേപ്പട്ടി നാട്ടുകാരെ ഭീതിയിലാഴ്ത്തിയപ്പോള്‍ നാട്ടുകാര്‍ പലരേയും ഫോണില്‍ വിളിച്ചെങ്കിലും എല്ലാവരും തലയൂരിയതായി പത്രം വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

'നായ്ഭീതിയില്‍ ആലപ്പുഴ' എന്ന തലക്കെട്ടിലുള്ള മലയാള മനോരമ കോട്ടയം എഡിഷന്‍ 2010 നവംബര്‍ എട്ട് തിങ്കള്‍ രണ്ടാം പേജിലുള്ള വാര്‍ത്തയോടൊപ്പം 'പരാതി എവിടെ പറയണം' എന്ന ബോക്‌സ് വാര്‍ത്തയും വീടിന്റെ ഗേറ്റിനു മുന്നില്‍ വഴിയാത്രക്കാരെ ഭീതിയിലാഴ്ത്തി നിലയുറപ്പിച്ച പേപ്പട്ടിയുടെ ഫോട്ടോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Sunday, November 7, 2010

പേപ്പട്ടി പിടുത്ത സഹായം ഇങ്ങനെ!

നാട്ടില്‍ തെരുവുനായ്ക്കളും പിന്നാലെ പേപ്പട്ടികളും പെരുകി അവയുടെ ശല്യം കാരണം വഴിനടക്കാന്‍ സാധിക്കുന്നില്ലെന്നു നിരന്തരം പരാതി ഉയര്‍ന്നിട്ടും ജനസേവകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിസംഗതയും ഉറക്കവും! ആനപ്പുറത്തിരിക്കുന്നവര്‍ പേപ്പട്ടിയെ പേടിക്കുന്നതെന്തിന്?

ആലപ്പുഴ തത്തംപള്ളി മഠം റോഡില്‍ ഒരു പട്ടി ചത്തുകിടക്കുന്നു. മറ്റൊന്ന് നുരയും പതയും ഒലിപ്പിച്ച് പേപ്പട്ടിയെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ റോഡിലും. ഇങ്ങനെയൊരു ഘട്ടത്തില്‍ നാട്ടുകാര്‍ എന്തു ചെയ്യണം.

ഇതില്‍ ഇടപെടാന്‍ ശ്രമിച്ച ഒരു പൗരനു കിട്ടിയ പ്രതികരണങ്ങള്‍. 2010 നവംബര്‍ 7 ഞായര്‍ രാവിലെ ഏകദേശം 10.30 മുതല്‍ അര മണിക്കൂര്‍ സമയത്തിനുള്ളില്‍ ഫോണിലൂടെ നടന്നത്:

പേപ്പട്ടികളെ ഒഴിവാക്കേണ്ട ചുമതല മുനിസിപ്പാലിറ്റിക്ക് ആയിരിക്കുമെന്നു കരുതി മുനിസിപ്പാലിറ്റിയുടെ നമ്പറിലേക്ക് ടെലിഫോണ്‍ വിളിക്കുന്നു. നമ്പര്‍ 2251792. ഫോണ്‍ അറ്റന്റു ചെയ്യുന്നില്ല. ശരി, ഞായറാഴ്ച അവധിയല്ലേ. ആരും കാണില്ല. അതുമല്ല, ഭരണവുമില്ലല്ലോ!

പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചാലോ. ജനമൈത്രി പോലീസിന്റെ നമ്പര്‍ എന്നു കരുതി മൊബൈല്‍ നമ്പര്‍ 9447718942-ലേക്ക് വിളിക്കുന്നു. സംഗതി ഉദ്യോഗസ്ഥന്‍ തന്നെ. പേപ്പട്ടിയെ ഓടിച്ചു വിടാന്‍ ഒന്നും നിയമം അനുവദിക്കില്ല. ഫയര്‍ഫോഴ്‌സിനെ വിളിച്ചു നോക്ക്. അങ്ങോട്ടു ഒന്നും പറയേണ്ട, ഇങ്ങോട്ടു പറയുന്നതു കേട്ടാല്‍ മതിയെന്ന ഒരു പോലീസ് മട്ട്.

പട്ടിയുടെ നില വഷളാവുകയും വഴിയാത്രക്കാരെ ഉന്നംവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഫയര്‍ഫോഴ്‌സിന്റെ നമ്പര്‍ ആയ 101-ലേക്ക് വിളി. അവിടെ തീയില്ല. സൗമ്യമായ മറുപടി. ആനയിടഞ്ഞാലും പോത്തുകുത്തിയാലും വഴിനീളെയുള്ള പട്ടികള്‍ കടിക്കാന്‍ വന്നാലും വിളിച്ചിട്ടു കാര്യമില്ല. അതിനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ്. സഹായിക്കാന്‍ പോയാലോ മൃഗത്തിന്റെ ഒപ്പം മേധാവികളുടേയും പണികിട്ടും! മുനിസിപ്പാലിറ്റിയുടെ നമ്പര്‍ തരാം. വിളിച്ചു നോക്ക്.

പിന്നെയും മുനിസിപ്പാലിറ്റി നമ്പരിലേക്ക്. ശ്രമിച്ചില്ലെന്നു പറയാന്‍ പാടില്ലല്ലോ? അവിടെ, ആരെടുക്കാന്‍.

ആവശ്യക്കാരനു ഔചിത്യമില്ലല്ലോ. ആലപ്പുഴ ജില്ലാ കളക്ടറെ വിളിച്ചു നോക്കിയാലോ. വിളിച്ചു. നമ്പര്‍ 9447129011. കാര്യം പറഞ്ഞു. ഉറക്കച്ചടവിലാണെന്നു തോന്നുന്നു. മുനിസിപ്പാലിറ്റയില്‍ പറ എന്നു ഒറ്റ വരി മറുപടി. ആവലാതി കേള്‍ക്കാന്‍ ഒട്ടും സമയമില്ല. ഫോണ്‍ ടപ്പ്!!!.

തെരുവുനായ് ശല്യ വാര്‍ത്ത മറ്റു മാധ്യമങ്ങളോടൊപ്പം 'നായ് ശല്യം പെരുകുന്നു' എന്ന തലക്കെട്ടില്‍ 2010 നവംബര്‍ ഒന്നിനു തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തു ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അയച്ചുകൊടുത്തിട്ടുള്ളതുമാണ്. അതൊക്കെ വായിച്ചു നടപടിയെടുക്കാന്‍ ആര്‍ക്കെവിടെ സമയം. എല്ലാവരും തിരക്കിലല്ലേ! പല പ്രാവശ്യം മുനിസിപ്പാലിറ്റിയില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ക്കു പരക്കെ പരാതിയുണ്ടെന്നു വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. (ആ വാര്‍ത്ത വായിക്കാം. ലിങ്ക്: http://thathampallyward.blogspot.com/2010/11/blog-post.html )

വോട്ടുമാത്രം ചെയ്യാന്‍ വിധിക്കപ്പെട്ട പാവം ജനങ്ങള്‍. എന്തിനാണ് മുനിസിപ്പാലിറ്റി? എന്തിനാണ് സര്‍ക്കാര്‍? എന്നു ചോദിച്ചുപോയാല്‍ ആരെ കുറ്റംപറയും?

Saturday, November 6, 2010

വോള്‍ട്ടേജ് വ്യതിയാനം മൂലം കേട്

വൈദ്യുതി വോള്‍ട്ടേജില്‍ വരുന്ന വന്‍ ഏറ്റക്കുറച്ചില്‍ മൂലം തത്തംപള്ളിയില്‍ വൈദ്യുത ഉപകരണങ്ങള്‍ക്കു കേടുസംഭവിക്കുന്നു. അനിയന്ത്രിത വ്യതിയാനമാണ് പലപ്പോഴും ഉണ്ടാകുന്നത്. കംപ്യൂട്ടറുകളും മറ്റും ഇതുമൂലം പെട്ടെന്നാണ് ഉപയോഗശൂന്യമാകുന്നത്. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സാങ്കേതിക തകരാര്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാലവിളംബം കൂടാതെ പരിഹരിക്കേണ്ടതുണ്ട്.

ദിവസേനെ പല പ്രാവശ്യം അടുപ്പിച്ച് വൈദ്യുതി വന്നു പോകുന്നതും പ്രശ്‌നമാകുന്നുണ്ട്. അപ്രഖ്യാപിത വൈദ്യുതി മുടക്കം ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടാക്കുന്നു. ഇപ്പോള്‍ വീടുകളില്‍ വൈദ്യുതി ഉപകരണങ്ങളെ ഏറെ ആശ്രയിക്കുന്നതിനാല്‍ വൈദ്യുതി മുടക്കം ഒഴിവാക്കണം. മഴക്കാലത്ത് മരച്ചില്ലകള്‍ മറ്റും വീണ് വൈദ്യുതി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ മുന്‍കൂട്ടി തന്നെ അപകടകരമായി നില്ക്കുന്ന മരക്കമ്പുകളും ചില്ലകളും ഉടനുടന്‍ മുറിച്ചു നീക്കാനുള്ള ഏര്‍പ്പാടുമുണ്ടാകണം.

ഗാര്‍ഹികാവശ്യങ്ങള്‍ക്ക് കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) വിതരണം ചെയ്യുന്ന ലോടെന്‍ഷന്‍ വൈദ്യുതി 240 വോള്‍ട്ടിലാണ്. ഇതിനു അനുസൃതമായ വൈദ്യുതോപകരണങ്ങളാണ് വിപണിയിലുള്ളത്. സാങ്കേതിക കാരണങ്ങളാല്‍ സ്ഥായിത്വമില്ലാതെ വിദ്യുച്ഛക്തി ലൈനിലൂടെ പ്രവഹിച്ചാല്‍ ഉപകരണങ്ങള്‍ നശിക്കുമെന്നു മാത്രമല്ല, അത് വന്‍ അപകടകാരണവുമാകാം. പലപ്പോഴും അമിതമായി വൈദ്യുതി പ്രവഹിച്ച ശേഷമായിരിക്കും ഫ്യൂസ് പോകുക.

മുഖംതിരിക്കാനാവില്ല: മാതൃഭൂമി

ത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ അവതരിപ്പിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ക്കു നേരേ അധികാരികള്‍ക്ക് മുഖം തിരിക്കാനാവില്ലെന്നു മാതൃഭൂമി. ബ്ലോഗിനെക്കുറിച്ച് മാതൃഭൂമി ദിനപത്രം 2010 നവംബര്‍ ആറ് ശനിയാഴ്ച പ്രസിദ്ധീകരിച്ച 'തത്തംപള്ളിയിലെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഇനി 'ഹൈടെക്' ' ' എന്ന വാര്‍ത്തയിലാണ് ഈ പരാമര്‍ശം. ആലപ്പുഴ എഡിഷനില്‍ 13-ാം പേജിലാണ് സചിത്ര വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മാതൃഭൂമിയുടെ ഓണ്‍ലൈന്‍ പതിപ്പിലും വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക്: http://www.mathrubhumi.com/alappuzha/news/605475-local_news-Alappuzha-%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4.html

ബ്ലോഗിലെ മാതൃഭൂമി ശ്രദ്ധേയം

മാതൃഭൂമിയില്‍ വന്ന തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെക്കുറിച്ചുള്ള വാര്‍ത്ത ബ്ലോഗില്‍ എടുത്തുനല്കിയത് ശ്രദ്ധേയമായി. വളരെ സന്തോഷത്തോടുകൂടിയാണ് ഇക്കാര്യം മാതൃഭൂമി 2010 നവംബര്‍ ഏഴിന് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ എഡിഷന്‍ 13-ാം പേജിലായിരുന്നു സചിത്ര വാര്‍ത്ത.


മാതൃഭൂമി സിറ്റിസണ്‍ ജേര്‍ണലിസ്റ്റിലും ബ്ലോഗ്


മാതൃഭൂമി ഡോട്ട് കോമിലെ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് കോളത്തിലും തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെ എടുത്തുകാട്ടി. വികസനം എന്ന തലക്കെട്ടിലാണ് 'തത്തംപള്ളി വാര്‍ഡിലെ ബ്ലോഗര്‍മാര്‍' എന്ന തലക്കെട്ടിലുള്ള വാര്‍ത്തയുള്ളത്. ലിങ്ക്: http://www.mathrubhumi.com/cj/story.php?id=139317#




ആലപ്പുഴ: ആലപ്പുഴയിലെ തത്തംപള്ളി വാര്‍ഡ് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത് ഗ്രാമത്തിന്റെ പേരിലുള്ള ഒരു ബ്ലോഗിന്റെ പേരിലാണ്. നിരവധി ആവശ്യങ്ങളും നിര്‍ദേശങ്ങളുമായി ബോഗ്ല് മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭിത്തികളില്‍ പതിച്ചിരുന്ന പോസ്റ്ററുകളും ബാനറുകളും കൊടികളും തോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യണമെന്നാണ് ഇതില്‍ ഒരാവശ്യം. തിരഞ്ഞെടുപ്പു കാലത്ത് ഭിത്തികള്‍ വൃത്തികേടാക്കിയ കാര്യത്തില്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് വോട്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

തത്തംപള്ളി വാര്‍ഡ് ബ്ലോഗ് സൈറ്റില്‍ ഇത്തരത്തില്‍ നാട്ടുകാരുടെ പലവിധത്തിലുള്ള ആവശ്യങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പതിനാറാം വാര്‍ഡായ തത്തംപള്ളി പ്രദേശത്തിന്റെയും പരിസരങ്ങളുടേയും പുരോഗതിക്കും നന്മയ്ക്കുമായിട്ടാണ് ഈ ബ്ലോഗ്. നാട്ടുവാര്‍ത്തകള്‍ കൂടാതെ നാട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ആക്ഷേപങ്ങളും ബ്ലോഗില്‍ വായിക്കുകയും കാണുകയും ചെയ്യാം.

ജനപ്രതിനിധികളുടേയും ഭരണകര്‍ത്താക്കളുടേയും ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങള്‍ക്കും വേദിയാകുമിത്. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പ്രദേശത്തിന്റെ വികസനം മാത്രം ലക്ഷ്യമാക്കിയാണ് ബ്ലോഗ്. ജനപ്രതിനിധികള്‍ക്ക് ഇനി വാഗ്ദാനങ്ങള്‍ നല്‍കി തടിതപ്പാനാകില്ല. പ്രവര്‍ത്തിക്കുകയേ നിവൃത്തിയുള്ളു എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഫോട്ടോകളും വീഡിയോകളും സഹിതം സംശയങ്ങള്‍ക്ക് ഇടനല്കാതെ അവതരിപ്പിക്കുന്ന ആവലാതികള്‍ക്കു എന്തു പരിഹാരം എന്ന് ഉണ്ടാകുമെന്നു ബ്ലോഗിലൂടെ തന്നെ നാട്ടുകാര്‍ക്ക് അറിയാന്‍ സാധിക്കുമെന്നുള്ളതാണ് മെച്ചം.

കാര്യങ്ങള്‍ നടപ്പായില്ലെങ്കില്‍ അതെന്നും ഒരു മുന്നറിയിപ്പുപോലെ ബ്ലോഗിലുണ്ടാകും. റോഡില്‍ മാലിന്യം വലിച്ചെറിയുന്നതു മൂലം പരിസരവാസികളും വഴിയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട്, വീടുകളിലേക്കും കടന്നുകയറുന്ന തെരുവുനായ് ശല്യം തുടങ്ങിയവയെല്ലാം ബ്ലോഗില്‍ വന്നുകഴിഞ്ഞു. ജനപ്രതിനിധികള്‍ സ്ഥാനമേല്‍ക്കുന്ന ദിവസം മുതല്‍ വാര്‍ഡിന്റെ ആവശ്യങ്ങള്‍ ഓരോന്നായി നടപ്പാക്കണമെന്നും അതിനു പതിവുപോലെ അനേക വര്‍ഷങ്ങള്‍ കാത്തിരിക്കാനാകില്ലെന്നും ബ്ലോഗ് ഓര്‍മ്മിപ്പിക്കുന്നു.

ജനവിധി തേടിയവര്‍ ജനഹിതം നടപ്പാക്കണമെന്നും അതു ഉറപ്പാക്കാന്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ക്കും ബാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു. http://thathampallyward.blogspot.com എന്നതാണ് ബ്ലോഗ് വിലാസം. thathampallyward@gmail.com എന്ന ഇ മെയിലിലേക്ക് പ്രതികരണങ്ങള്‍ അയക്കുകയും ചെയ്യാം.

Showing 2 comments as on 2011 January 08 Saturday
Sort by    Subscribe by email   Subscribe by RSS
  • Thathampallyward 6 days ago
    കെ.പി.സുകുമാരന്‍, അഞ്ചരക്കണ്ടി
    kpsuku@gmail.com


    പ്രിയ സര്‍,

    തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമില്‍ കൊടുത്തിരുന്ന കമന്റ് കണ്ടു. സന്തോഷം. ബ്ലോഗ് സന്ദര്‍ശിക്കുകയും വീണ്ടും എഴുതുകയും ചെയ്യുമല്ലോ? ദയവായി ഇ-മെയിലും അയക്കുക. പുതുവത്സരാശംസകളോടെ..

    ടീം തത്തംപള്ളി വാര്‍ഡ് ബ്ലോഗ്
    01.01.2011

    Blog: http://thathampallyward.blogsp...
    E-mail: thathampallyward@gmail.com
  • എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പല്‍ , കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും ഇത്തരം ജനകീയ ബ്ലോഗുകള്‍ തുടങ്ങുന്നത് നല്ലതായിരുന്നു ....