സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, November 26, 2010

വീടുകളിലെത്തുന്ന യാചകരെ നിരോധിക്കണം

വീടുകളില്‍ ഏതുസമയവും കയറി വരുന്ന യാചകരെ നിരോധിക്കണമെന്ന് ആവശ്യമുയരുന്നു. ഭിക്ഷാടകരുടെ വേഷത്തില്‍ മോഷ്ടാക്കളുമുണ്ട്. മുറ്റത്തു കിടക്കുന്ന സാധനങ്ങള്‍ ഇത്തരക്കാര്‍ പെറുക്കിക്കൊണ്ടുപോകുന്നതും പതിവാണ്. തത്തംപള്ളി വാര്‍ഡില്‍ എത്തുന്ന ഭിക്ഷാടകരില്‍ ഏറെയും അന്യസംസ്ഥാനങ്ങളില്‍ നിന്നു എത്തുന്നവരാണ്. ആരോഗ്യപ്രശ്‌നങ്ങളോ രോഗങ്ങളോ ഇല്ലാത്തവരും യാചകരായി എത്തുന്നുണ്ട്.

ഇതേസമയം, സംസ്ഥാനത്തു ഭിക്ഷാടനം നിരോധിക്കുന്നതു സംബന്ധിച്ചും ബാലഭിക്ഷാടകരെ പുനഃരധിവസിപ്പിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നു കേരള ഹൈക്കോടതി 2010 നവംബര്‍ 25-നു നിര്‍ദേശിച്ചിട്ടുണ്ട്. ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന കുട്ടികളെ പുനഃരധിവസിപ്പിക്കാനായി ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കണമെന്നും പദ്ധതിയില്‍ കുട്ടികളുടെ മൗലികാവകാശമായ വിദ്യാഭ്യാസം, അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കണം.

ഭിക്ഷാടനം പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ടു കെഎസ്ആര്‍ടിസി ജീവനക്കാരനായ എളങ്കുന്നപ്പുഴ പുലിയേടത്ത് പി.ജെ. പീറ്റര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ്  ബി.പി. റേ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ഹര്‍ജി ഡിസംബര്‍ 20-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

പിഞ്ചു കുഞ്ഞുങ്ങളോടു സമൂഹത്തിനുള്ള അനുകമ്പ മുതലാക്കിയാണു ഭിക്ഷാടന മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളെ തട്ടിയെടുത്തു ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഭവങ്ങളുണ്ട്. ബാലഭിക്ഷാടനം തടയാന്‍ ഹൈവേ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ ശ്രമം ഉണ്ടാകണം. സര്‍ക്കാരോ നഗരസഭകളോ ഇത്തരം കുട്ടികളെ പുനഃരധിവാസ കേന്ദ്രത്തില്‍ എത്തിക്കണം. കൊച്ചി നഗരസഭ പോലുള്ള യാചക നിരോധിത പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളല്ലാത്തവരെയും സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തിക്കണം. കുട്ടികളെ മുതിര്‍ന്നവര്‍ക്കൊപ്പം പിടികൂടിയാല്‍ ഇവരെ തട്ടിക്കൊണ്ടു വന്നതാണോയെന്നു പോലീസ് പരിശോധിക്കണം. ഇത്തരത്തിലാണെന്നു ബോധ്യപ്പെട്ടാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണം.

യാചകരുടെ പുനഃരധിവാസം ദീര്‍ഘകാല പദ്ധതിയായി നടപ്പാക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഭിക്ഷാടനം നടത്തുന്ന കുട്ടികളെ പിടികൂടി പുനഃരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കാനായി കൂട്ടായി ശ്രമിക്കണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം ഹാജരാക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൊച്ചിയില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുണ്ടെങ്കിലും പോലീസിന്റെ നിസഹകരണം മൂലമാണ് ഇതു തടയാനാകാത്തതെന്നു നഗരസഭ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പോലീസ് ഇക്കാര്യത്തി ല്‍ സഹകരിക്കുന്നില്ലെന്നും നഗരസഭ കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണു ഭിക്ഷാടനം തടയുന്നതിനു പരമാവധി നടപടികളെടുക്കാന്‍ കോടതി പോലീസിനു നിര്‍ദേശം നല്കിയത്.

Wednesday, November 24, 2010

റോഡരിക് വെട്ടി വൃത്തിയാക്കി

ത്തംപള്ളി മഠം റോഡിന്റെ വശങ്ങളില്‍ വളര്‍ന്നു നിന്നിരുന്ന കുറ്റിച്ചെടികളും പുല്ലും വെട്ടിനീക്കി റോഡ് വൃത്തിയാക്കി. പുല്ലു വളര്‍ന്നു നിന്നിരുന്ന റോഡരുകിലേക്ക് മാലിന്യം നിറച്ച കിറ്റുകള്‍ ചിലര്‍ സാമൂഹ്യബോധമില്ലാതെ വലിച്ചെറിയുന്നത് വ്യാപകമായിരുന്നു. റോഡ് വൃത്തിയായതോടെ മാലിന്യം വലിച്ചെറിയുന്നതും ഒഴിവാകുമെന്നാണ് സ്ഥലവാസികള്‍ പ്രതീക്ഷിക്കുന്നത്.

2010 നവംബര്‍ 22, 23 തീയതികളിലാണ് റോഡരിക് വൃത്തിയാക്കിയത്. വാര്‍ഡ് കൗണ്‍സിലറുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

Saturday, November 20, 2010

പുതിയ വഴിവിളക്ക് സ്ഥാപിച്ചു

ത്തംപള്ളി വാര്‍ഡ് മഠം റോഡ് തെക്കേ എന്‍ഡില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് പോസ്റ്റില്‍ (കെഡിഎ 27 എ) പുതിയ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു. നേരത്തേ സാധാരണ ബള്‍ബ് ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത് ഒഴിവാക്കിയിരുന്നു. തൊട്ടടുത്ത പോസ്റ്റുകളിലെ ബള്‍ബ് മാറ്റി സോഡിയം വേപ്പര്‍ ലാമ്പ് ആക്കിയപ്പോഴും ഈ പോസ്റ്റിനെ അവഗണിക്കുകയായിരുന്നു. ഇപ്പോള്‍ ട്യൂബ് ലൈറ്റാണ് ഇട്ടിരിക്കുന്നത്. വഴിയിലേക്ക് ഏകദേശം ഒരടി മാറി നിന്നിരുന്ന പോസ്റ്റ് മാറ്റി പുതിയതൊന്ന് മതിലിനോട് ചേര്‍ത്തു സ്ഥാപിച്ച് ആതിലാണ് ട്ട്യൂബ് ലൈറ്റിട്ടിരിക്കുന്നത്. 2010 നവംബര്‍ 16-നാണ് പുതിയ പോസ്റ്റും ലൈറ്റും സ്ഥാപിച്ചത്.

ഇടവഴികളിലെ വൈദ്യുത പോസ്റ്റുകളില്‍ എല്ലാം വഴിവിളക്ക് സ്ഥാപിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെട്ടിരുന്നതാണ്. 'ഇടവഴികളില്‍ വഴിവിളക്ക് വേണം' എന്ന തലക്കെട്ടില്‍ 2010 നവംബര്‍ ഒന്‍പതിനാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്.

Sunday, November 14, 2010

പട്ടണത്തിന് വൃത്തിയും വെടിപ്പും

ലപ്പുഴ പട്ടണം വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ.

പട്ടണത്തില്‍ മാസങ്ങളായി രൂക്ഷമായി നിലനില്ക്കുന്ന തെരുവുനായ് ശല്യം ഇല്ലാതാക്കുമെന്നു അധ്യക്ഷ ഉറപ്പുനല്കുന്നു.

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ മേഴ്‌സിയേയും പട്ടി കടിക്കാന്‍ ഓടിച്ചിരുന്നു!. സ്വന്തം വാര്‍ഡായ കളപ്പുരയിലായിരുന്നു സംഭവം. എന്നാല്‍ കൂടെയുണ്ടായിരുന്നയാള്‍ക്ക് കടിയേറ്റു. മേഴ്‌സിയെ കൂടെയുണ്ടായിരുന്നവര്‍ തള്ളി മാറ്റിയതുകൊണ്ടാണ് പാഞ്ഞെത്തിയ പട്ടിയുടെ കടിയില്‍ നിന്നു രക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ പോലീസ് കോണ്‍സ്റ്റബിളിനേയും തെരുവുനായ കടിച്ചു. ചികിത്സാച്ചെലവു പോലും കിട്ടാതെ കടിയേറ്റവര്‍ സ്വയം അനുഭവിച്ചു. നായ്ക്ക് പേയില്ലായിരുന്നതിനാല്‍ പ്രശ്‌നം അത്രയും ഗുരുതരമായില്ലെന്നു മാത്രം.

എന്നാല്‍ തെരുവുനായ്ക്കളെ കൊല്ലാന്‍ കേന്ദ്ര നിയമമുള്ളതിനാല്‍ നായ്ശല്യത്തിനെതിരേ ചെയര്‍പേഴ്‌സണ്‍ എന്തു ചെയ്യുമെന്നു കാത്തിരുന്നു കാണാമെന്നു നാട്ടുകാര്‍. നായ്ക്കളെ വന്ധ്യംകരിച്ചു റോഡിലേക്കു തന്നെ വിടണമെന്നാണ് കേന്ദ്രം പറയുന്നത്രേ. അതുകൊണ്ട് വംശവര്‍ധന കുറയുമെന്നല്ലാതെ പേവിഷവും കടിയും കുറയുമോ എന്നാണ് ചോദ്യം. റോഡില്‍ അലയാന്‍ വിടാതെ മുനിസിപ്പാലിറ്റി അവയെപ്പിടിച്ചു കൂട്ടിലാക്കി വളര്‍ത്തിക്കോട്ടെയെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അതിലാര്‍ക്കും എതിര്‍പ്പില്ല. എത്രയും പെട്ടെന്നു പരിഹാരമുണ്ടായില്ലെങ്കില്‍ അലഞ്ഞുതിരിയുന്ന പട്ടികളെ നാട്ടുകാര്‍ പിടികൂടി ഭരണാധികാരികളുടെ വീട്ടുമുറ്റത്ത് കെട്ടിയിടുന്ന നിലയിലേക്കു കാര്യങ്ങള്‍ നീങ്ങിയേക്കും.

തെരുവുനായ്ക്കള്‍ തത്തംപള്ളി പ്രദേശത്തെ ഭീതിയിലാക്കുകയാണ്. പേപ്പട്ടികള്‍ റോഡിലൂടെ അലയുമ്പോള്‍ അവയെ പിടികൂടണമെന്ന ആവശ്യത്തിനു ആരും പുല്ലുവിലപോലും കൊടുക്കുന്നില്ല. ഉത്തരവാദികളെന്നു ജനങ്ങള്‍ കരുതുന്ന അധികൃതരെല്ലാം കൈമലത്തി മാളത്തിലേക്കു വലിഞ്ഞിരിക്കുന്നു.

മാലിന്യ പ്രശ്‌നവും പരിഹരിക്കുമെന്നു ചെയര്‍പേഴ്‌സണ്‍ പറയുന്നു. മാലിന്യം റോഡില്‍ വലിച്ചെറിയാതിരിക്കാന്‍ ജനങ്ങളും സഹകരിക്കണമെന്ന അപേക്ഷ വളരെ ന്യായമാണ്.

നവംബര്‍ പകുതിയോടെ ആരംഭിക്കുന്ന മണ്ഡലകാലവും ചിറപ്പുത്സവവും മുന്നില്‍ക്കണ്ട് പട്ടണത്തിലെ മുഴുവന്‍ തെരുവു വിളക്കുകളും ഉടന്‍ തെളിക്കും. അതിനായി ആവശ്യമായ വൈദ്യുത സാമഗ്രികള്‍ ലഭ്യമാക്കും. എന്നാല്‍ വഴിവിളക്കു സ്ഥാപിക്കാത്ത പോസ്റ്റുകളെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിന് മുന്‍ഗണന നല്കും. റോഡുകള്‍ വ്യാപകമായി പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായി യാത്ര ദുഷ്‌കരമായിരിക്കുകയാണ്.

കൊതുകുനിര്‍മാര്‍ജനത്തിന് വീടുകളില്‍ മരുന്നുതളിക്കാനെത്തിയിരുന്ന ജീവനക്കാരെ കാണാനില്ല എന്ന പരാതിക്കു നടപടി സ്വീകരിച്ചു ഫോഗിങ് തുടങ്ങിയെന്നാണ് 2010 നവംബര്‍ 13-നു ശനിയാഴ്ച ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്. എന്നാല്‍ ഫോഗിങ് തത്തംപള്ളി വാര്‍ഡില്‍ നടത്തുന്നതു കണ്ടില്ല.

മുനിസിപ്പല്‍ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപന തീയതി മുതല്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ആവശ്യങ്ങളില്‍ മിക്കതിനും പരിഹാമുണ്ടാക്കും എന്നാണ് ചെയര്‍പേഴ്‌സന്റെ നിലപാട്. അതിന് എത്രനാളെടുക്കുമെന്നാണ് ചോദ്യം.

Thursday, November 11, 2010

ഗോവണിപ്പാലത്തിനു ചേര്‍ന്ന് പാലം

ലപ്പുഴ ബോട്ട് ജെട്ടിയോടു ചേര്‍ന്നുള്ള ഗോവണിപ്പാലത്തിനു തൊട്ടു പടിഞ്ഞാറു വശം ചേര്‍ന്ന് വലിയ മോട്ടോര്‍ വാഹനങ്ങള്‍ക്കു യാത്രചെയ്യാന്‍ പറ്റിയ വീതിയില്‍ പഴവങ്ങാടി റോഡിലേക്ക് പാലം നിര്‍മിക്കണമെന്ന് ആവശ്യം. ഗോവണിപ്പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാല്‍ കാല്‍നടക്കാര്‍ക്ക് അപകടമുണ്ടാകുന്ന രീതിയില്‍ ദ്രവിക്കുമ്പോള്‍ മാത്രമാണ് അധികൃതര്‍ രംഗത്തിറങ്ങുക. വാടക്കനാല്‍ വടക്കും തെക്കും റോഡുകളെ ബന്ധിപ്പിച്ചുള്ളതാണ് അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഗോവണിപ്പാലം.

തത്തംപള്ളിയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ഇങ്ങനെയൊരു പുതിയ പാലം നിര്‍മിച്ചാല്‍ യാത്രാസൗകര്യം കൂടും. നൂറുകണക്കിനു കുട്ടികള്‍ ഉള്‍പ്പടെയുള്ളവരാണ് ദിവസേന ഗോവണിപ്പാലം കയറിയിറങ്ങുന്നത്.വാഹനങ്ങളില്‍ തെക്കോട്ടു പോകേണ്ടവര്‍ ഇപ്പോള്‍ ജില്ലാക്കോടതി പാലം വഴിയാണ് പോകുന്നത്. ആറു റോഡുകള്‍ ചേരുന്ന ജില്ലാക്കോടതി പാലത്തില്‍ സദാസമയവും ഗതാഗതക്കുരുക്കാണുതാനും. അതിനു കുറവു വരുത്താന്‍ പുതിയ പാലത്തിനാകും.

Wednesday, November 10, 2010

പൊതു ടാപ്പുകള്‍ കാര്യക്ഷമമാക്കണം

ണ്ടുകാലത്ത് ശുദ്ധജലവിതരണത്തിനായി വഴിയിറമ്പുകളില്‍ പല സ്ഥലത്തും പൊതു ടാപ്പുകള്‍ സ്ഥാപിച്ചിരുന്നു. കാലക്രമത്തില്‍ അതു പലതും ഇല്ലാതായി. സമയത്തും കാലത്തും ജലവിതരണമില്ലാത്തതിനാല്‍ ടാപ്പുകള്‍ കൊണ്ട് പ്രയോജനവുമില്ലാതെയായി.

എന്നാല്‍ കുടിവെള്ളത്തിനു ക്ഷാമമനുഭവിക്കുന്ന തത്തംപള്ളി പ്രദേശത്ത് പൊതുജല വിതരണ ടാപ്പുകള്‍ കാര്യക്ഷമമാക്കണമെന്നു ആവശ്യമുയരുന്നു. നേരത്തേ ഉറപ്പുള്ള കോണ്‍ക്രീറ്റ് തൂണുകളില്‍ ബന്ധിപ്പിച്ചായിരുന്നു ലോഹ ടാപ്പുകള്‍ ഘടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പലയിടത്തും പെട്ടെന്നു ഒടിഞ്ഞു പോകാന്‍ ഇടയുള്ള വെറും പൈപ്പും പ്ലാസ്റ്റിക് ടാപ്പുകളുമാണ് പിടിപ്പിക്കുന്നത്. പൈപ്പ് നേരേനില്ക്കാന്‍ ബലത്തിനായി ഒന്നുമില്ല. ദ്രവിച്ച കുഴലുകളില്‍ കൂടി മാലിന്യം കലരാനുമിടയുണ്ട്.

നിര്‍ത്തലാക്കിയ ടാപ്പുകള്‍ പുനഃരാരംഭിക്കണം, തുടര്‍ച്ചയായ കുടിവെള്ള വിതരണം ഉറപ്പാക്കണം, വെള്ളം ഇറ്റിറ്റു നഷ്ടപ്പെട്ടു പോകാത്തരീതിയില്‍ ഉചിതമായ ഉപകരണങ്ങള്‍ ഘടിപ്പിക്കണം, അറ്റകുറ്റപ്പണികള്‍ ഉടനുടന്‍ നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് പൊതുജലവിതരണവുമായി ബന്ധപ്പെട്ടുള്ളത്.

Tuesday, November 9, 2010

ഇടവഴികളില്‍ വഴിവിളക്ക് വേണം

ടവഴികളിലെ വൈദ്യുത പോസ്റ്റുകളില്‍ എല്ലാം വഴിവിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യം. തത്തംപളളിയില്‍ ഇപ്പോഴും പലയിടങ്ങളിലും സ്ട്രീറ്റ് ലൈറ്റുകളില്ല. നേരത്തേയുണ്ടായിരുന്ന ലൈറ്റുകള്‍ ചിലയിടങ്ങളില്‍ കാണാനുമില്ല.

ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതും കേടായാല്‍ മാറ്റിയിടേണ്ടതും മുനിസിപ്പാലിറ്റിയുടെ ചുമതലയാണ്. ഉള്ള സ്ട്രീറ്റ് ലൈറ്റുകള്‍ കത്താതിരുന്നാല്‍ വിദ്യുച്ഛക്തി ഓഫീസില്‍ പരാതി പോലും സ്വീകരിക്കില്ല. അതെല്ലാം മുനിസിപ്പാലിറ്റിയുടെ ചുമതലയാണെന്നാണ് മറുപടി കിട്ടുക.

രാത്രിയില്‍ വഴിയില്‍ പ്രകാശമില്ലാത്തതു മൂലം വഴിയാത്രക്കാര്‍ ഏറെ ക്ലേശിക്കുന്നു. ഇരുട്ടായാല്‍ മദ്യപാനസംഘങ്ങളും പിടിച്ചുപറിക്കാരും ഇടവഴികള്‍ താവളമാക്കുന്നത് പതിവുമാണ്. സ്ത്രീകള്‍ അടക്കം മറ്റു സ്ഥലങ്ങളില്‍ നിന്നു ജോലികഴിഞ്ഞെത്തുന്നവര്‍ രാത്രിയോടെയായിരിക്കും എത്തുക. സാമൂഹ്യവിരുദ്ധ പ്രവൃത്തികളെ ഒരളവു വരെ തടയാന്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിച്ചാല്‍ കഴിയും.

പോരടിക്കാതെ വികസനം

ലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വെറുതേ പോരടിക്കാതെ പട്ടണത്തിലെ 52 വാര്‍ഡുകളുടേയും മൊത്തം വികസനത്തിനായി സമയം ഒട്ടും കളയാതെ പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങളോടൊപ്പം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആഗ്രഹിക്കുന്നത്.
തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചതും ജനങ്ങള്‍ എഴുതി അറിയിച്ചിട്ടുള്ളതുമായ ആവശ്യങ്ങളും ആവലാതികളും ക്രോഡീകരിച്ച് 2010 ഡിസംബര്‍ അവസാനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, വാര്‍ഡ് കൗണ്‍സിലര്‍, മുനിസിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ക്ക് സമര്‍പ്പിക്കുന്നതാണ്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങളാണ് അവയില്‍ പ്രതീക്ഷിക്കുന്നത്. വീണ്ടും ഒരു അഞ്ചു വര്‍ഷം വെറുതേ 'ഭരിച്ചുകളയാനല്ല' ജനപ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് വോട്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു.

മാലിന്യ നിര്‍മാര്‍ജനത്തിനു പ്രഥമ പരിഗണന

ലപ്പുഴ പട്ടണത്തില്‍ മാലിന്യ നിര്‍മാര്‍ജര്‍നത്തിനായിരിക്കും പ്രഥമ പരിഗണന നല്കുകയെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട മേഴ്‌സി ഡയാന മാസിഡോ.

കളപ്പുര വാര്‍ഡ് പ്രതിനിധിയാണ് റിട്ടയേഡ് അധ്യാപികയായ മേഴ്‌സി. എല്‍ഡിഎഫ്-സി.പി.എം സ്ഥാനാര്‍ഥിയായിരുന്നു. ആകെയുള്ള 52 വോട്ടുകളില്‍ 27 വോട്ടു നേടിയാണ് ചെയര്‍പേഴ്‌സണായി 2010 നവംബര്‍ എട്ടിനു തെരഞ്ഞെടുക്കപ്പെട്ടത്.

ഇനി പ്രതിപക്ഷവും ഭരണപക്ഷവുമില്ലെന്നും ഒരുമിച്ചു പട്ടണത്തിന്റെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കണമെന്നും മേഴ്‌സി അഭ്യര്‍ഥിച്ചു.

എല്ലാ വാര്‍ഡുകളുടേയും വികസനത്തിനായി ഒന്നിച്ചു കൈകോര്‍ക്കണമെന്നും രാഷ്ട്രീയവ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കണമെന്നും വൈസ് ചെയര്‍മാന്‍ ബി.അന്‍സാരി (എല്‍ഡിഎഫ്-സിപിഐ).

പട്ടണത്തിന്റെ വികസന കാര്യങ്ങളില്‍ പ്രതിപക്ഷമായ യുഡിഎഫിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തോമസ് ജോസഫിന്റെ ഉറപ്പ്.

ആലപ്പുഴ നഗരസഭയുടെ അധ്യക്ഷസ്ഥാനത്ത് 23-ാമത്തെയാളാണ് മേഴ്‌സി. നാലാമത്തെ വനിതാസാരഥി. ഇപ്രാവശ്യം വനിതാസംവരണമായിരുന്നു. 35 വര്‍ഷം അധ്യാപിക. 2006-ല്‍ ആലപ്പുഴ എസ്.ഡി.വി.ജെ.ബി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപികയായിട്ടാണ് വിരമിച്ചത്. ആറാട്ടുവഴി വാര്‍ഡില്‍ താമസിക്കുന്നു.

Monday, November 8, 2010

കൊതുകുശല്യം ഒഴിവാക്കണം

ത്തംപള്ളി പ്രദേശത്തെ കൊതുകു ശല്യം ഒഴിവാക്കാന്‍ സമഗ്രമായ പദ്ധതി വേണമെന്ന് ആവശ്യമുയരുന്നു. ജനങ്ങളും മുനിസിപ്പാലിറ്റിയും സംയുക്തമായി പരിശ്രമിച്ചാലേ നിലനില്ക്കുന്ന ഫലം കണ്ടെത്തൂ.

മുനിസിപ്പാലിറ്റിയില്‍ നിന്നു വല്ലപ്പോഴും വീടുകളില്‍ എത്തുന്ന മരുന്നുതളിക്കാര്‍ സ്‌പ്രേ ചെയ്യുന്ന ദ്രാവകം മാത്രമാണ് ഇപ്പോള്‍ മുനിസിപ്പാലിറ്റിയുടെ വക കൊതുകു നിയന്ത്രണ മാര്‍ഗമായിട്ടുള്ളത്. അത് അത്ര ഫലപ്രദമല്ല.

വീടുകളുടെ ചുറ്റുപാടുമുള്ള വളപ്പിലും പൊതുസ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടന്നു മലിനമായി കൊതുകിനു മുട്ടയിട്ടു പെരുകാനുള്ള അവസരം ഇല്ലാതാക്കുകയാണ് പൊതുജനങ്ങള്‍ ഒത്തൊരുമിച്ചു ചെയ്യേണ്ടത്. പാത്രങ്ങള്‍, ചിരട്ടകള്‍, ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിക്കിടന്നാല്‍ അതില്‍ അതിവേഗം കൂത്താടികള്‍ പെരുകും. അതിനാല്‍ അവയിലെ വെള്ളം നിരന്തരം നീക്കം ചെയ്തു വൃത്തിയാക്കണം. ഒപ്പം കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുകയും മാലിന്യങ്ങള്‍ കിടന്ന് അഴുകാന്‍ അനുവദിക്കാതെ കുഴിച്ചുമൂടുകയും വേണം.

കൊതുകുകള്‍ ധാരാളമായി പെരുകുന്നുവെന്നു കരുതുന്ന സെപ്റ്റിക് ടാങ്കുകളുടെ പുറത്തേക്കുള്ള പെപ്പുകള്‍ക്ക് നെറ്റ് ഘടിപ്പിക്കണം. അതിനു സന്നദ്ധ സംഘടനകള്‍ മുന്‍കൈയെടുക്കണം. കൂടാതെ മുനിസിപ്പാലിറ്റി കൊതുകുനശീകരണത്തിനായി കൊതുകുനാശിനി സ്‌പ്രേയിംഗ്, ഫോഗിംഗ് എന്നിവ സ്ഥിരമായി നടത്തുകയും കാണകളില്‍ മലിനജലം കെട്ടിക്കിടക്കാത്ത വിധത്തില്‍ ശുചീകരിച്ച് ഒഴുക്ക് ഉറപ്പാക്കുകയും വേണം.

കണ്ണടച്ചിരുട്ടാക്കി അധികൃതര്‍: മനോരമ

ലപ്പുഴ നഗരത്തില്‍ തെരുവുനായ്ക്കളുടെ ശല്യമേറിയിട്ടും നടപടിയില്ലെന്നു മലയാള മനോരമ. തത്തംപള്ളിയില്‍ 2010 നവംബര്‍ ഏഴിനു ഭീഷണിയായ പേപ്പട്ടിയെക്കുറിച്ചുള്ള വാര്‍ത്തയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

നായ്ക്കള്‍ പൊതുനിരത്തും ഇടവഴികളും അടക്കിവാഴുമ്പോള്‍ ആരോട് പരാതി പറയണമെന്നറിയാതെ നട്ടം തിരിയുകയാണ് നാട്ടുകാര്‍. തത്തംപള്ളില്‍ പേപ്പട്ടി നാട്ടുകാരെ ഭീതിയിലാഴ്ത്തിയപ്പോള്‍ നാട്ടുകാര്‍ പലരേയും ഫോണില്‍ വിളിച്ചെങ്കിലും എല്ലാവരും തലയൂരിയതായി പത്രം വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

'നായ്ഭീതിയില്‍ ആലപ്പുഴ' എന്ന തലക്കെട്ടിലുള്ള മലയാള മനോരമ കോട്ടയം എഡിഷന്‍ 2010 നവംബര്‍ എട്ട് തിങ്കള്‍ രണ്ടാം പേജിലുള്ള വാര്‍ത്തയോടൊപ്പം 'പരാതി എവിടെ പറയണം' എന്ന ബോക്‌സ് വാര്‍ത്തയും വീടിന്റെ ഗേറ്റിനു മുന്നില്‍ വഴിയാത്രക്കാരെ ഭീതിയിലാഴ്ത്തി നിലയുറപ്പിച്ച പേപ്പട്ടിയുടെ ഫോട്ടോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Sunday, November 7, 2010

പേപ്പട്ടി പിടുത്ത സഹായം ഇങ്ങനെ!

നാട്ടില്‍ തെരുവുനായ്ക്കളും പിന്നാലെ പേപ്പട്ടികളും പെരുകി അവയുടെ ശല്യം കാരണം വഴിനടക്കാന്‍ സാധിക്കുന്നില്ലെന്നു നിരന്തരം പരാതി ഉയര്‍ന്നിട്ടും ജനസേവകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിസംഗതയും ഉറക്കവും! ആനപ്പുറത്തിരിക്കുന്നവര്‍ പേപ്പട്ടിയെ പേടിക്കുന്നതെന്തിന്?

ആലപ്പുഴ തത്തംപള്ളി മഠം റോഡില്‍ ഒരു പട്ടി ചത്തുകിടക്കുന്നു. മറ്റൊന്ന് നുരയും പതയും ഒലിപ്പിച്ച് പേപ്പട്ടിയെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ റോഡിലും. ഇങ്ങനെയൊരു ഘട്ടത്തില്‍ നാട്ടുകാര്‍ എന്തു ചെയ്യണം.

ഇതില്‍ ഇടപെടാന്‍ ശ്രമിച്ച ഒരു പൗരനു കിട്ടിയ പ്രതികരണങ്ങള്‍. 2010 നവംബര്‍ 7 ഞായര്‍ രാവിലെ ഏകദേശം 10.30 മുതല്‍ അര മണിക്കൂര്‍ സമയത്തിനുള്ളില്‍ ഫോണിലൂടെ നടന്നത്:

പേപ്പട്ടികളെ ഒഴിവാക്കേണ്ട ചുമതല മുനിസിപ്പാലിറ്റിക്ക് ആയിരിക്കുമെന്നു കരുതി മുനിസിപ്പാലിറ്റിയുടെ നമ്പറിലേക്ക് ടെലിഫോണ്‍ വിളിക്കുന്നു. നമ്പര്‍ 2251792. ഫോണ്‍ അറ്റന്റു ചെയ്യുന്നില്ല. ശരി, ഞായറാഴ്ച അവധിയല്ലേ. ആരും കാണില്ല. അതുമല്ല, ഭരണവുമില്ലല്ലോ!

പോലീസിന്റെ സഹായം അഭ്യര്‍ഥിച്ചാലോ. ജനമൈത്രി പോലീസിന്റെ നമ്പര്‍ എന്നു കരുതി മൊബൈല്‍ നമ്പര്‍ 9447718942-ലേക്ക് വിളിക്കുന്നു. സംഗതി ഉദ്യോഗസ്ഥന്‍ തന്നെ. പേപ്പട്ടിയെ ഓടിച്ചു വിടാന്‍ ഒന്നും നിയമം അനുവദിക്കില്ല. ഫയര്‍ഫോഴ്‌സിനെ വിളിച്ചു നോക്ക്. അങ്ങോട്ടു ഒന്നും പറയേണ്ട, ഇങ്ങോട്ടു പറയുന്നതു കേട്ടാല്‍ മതിയെന്ന ഒരു പോലീസ് മട്ട്.

പട്ടിയുടെ നില വഷളാവുകയും വഴിയാത്രക്കാരെ ഉന്നംവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഫയര്‍ഫോഴ്‌സിന്റെ നമ്പര്‍ ആയ 101-ലേക്ക് വിളി. അവിടെ തീയില്ല. സൗമ്യമായ മറുപടി. ആനയിടഞ്ഞാലും പോത്തുകുത്തിയാലും വഴിനീളെയുള്ള പട്ടികള്‍ കടിക്കാന്‍ വന്നാലും വിളിച്ചിട്ടു കാര്യമില്ല. അതിനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ്. സഹായിക്കാന്‍ പോയാലോ മൃഗത്തിന്റെ ഒപ്പം മേധാവികളുടേയും പണികിട്ടും! മുനിസിപ്പാലിറ്റിയുടെ നമ്പര്‍ തരാം. വിളിച്ചു നോക്ക്.

പിന്നെയും മുനിസിപ്പാലിറ്റി നമ്പരിലേക്ക്. ശ്രമിച്ചില്ലെന്നു പറയാന്‍ പാടില്ലല്ലോ? അവിടെ, ആരെടുക്കാന്‍.

ആവശ്യക്കാരനു ഔചിത്യമില്ലല്ലോ. ആലപ്പുഴ ജില്ലാ കളക്ടറെ വിളിച്ചു നോക്കിയാലോ. വിളിച്ചു. നമ്പര്‍ 9447129011. കാര്യം പറഞ്ഞു. ഉറക്കച്ചടവിലാണെന്നു തോന്നുന്നു. മുനിസിപ്പാലിറ്റയില്‍ പറ എന്നു ഒറ്റ വരി മറുപടി. ആവലാതി കേള്‍ക്കാന്‍ ഒട്ടും സമയമില്ല. ഫോണ്‍ ടപ്പ്!!!.

തെരുവുനായ് ശല്യ വാര്‍ത്ത മറ്റു മാധ്യമങ്ങളോടൊപ്പം 'നായ് ശല്യം പെരുകുന്നു' എന്ന തലക്കെട്ടില്‍ 2010 നവംബര്‍ ഒന്നിനു തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ പോസ്റ്റ് ചെയ്തു ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അയച്ചുകൊടുത്തിട്ടുള്ളതുമാണ്. അതൊക്കെ വായിച്ചു നടപടിയെടുക്കാന്‍ ആര്‍ക്കെവിടെ സമയം. എല്ലാവരും തിരക്കിലല്ലേ! പല പ്രാവശ്യം മുനിസിപ്പാലിറ്റിയില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ക്കു പരക്കെ പരാതിയുണ്ടെന്നു വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. (ആ വാര്‍ത്ത വായിക്കാം. ലിങ്ക്: http://thathampallyward.blogspot.com/2010/11/blog-post.html )

വോട്ടുമാത്രം ചെയ്യാന്‍ വിധിക്കപ്പെട്ട പാവം ജനങ്ങള്‍. എന്തിനാണ് മുനിസിപ്പാലിറ്റി? എന്തിനാണ് സര്‍ക്കാര്‍? എന്നു ചോദിച്ചുപോയാല്‍ ആരെ കുറ്റംപറയും?

Saturday, November 6, 2010

വോള്‍ട്ടേജ് വ്യതിയാനം മൂലം കേട്

വൈദ്യുതി വോള്‍ട്ടേജില്‍ വരുന്ന വന്‍ ഏറ്റക്കുറച്ചില്‍ മൂലം തത്തംപള്ളിയില്‍ വൈദ്യുത ഉപകരണങ്ങള്‍ക്കു കേടുസംഭവിക്കുന്നു. അനിയന്ത്രിത വ്യതിയാനമാണ് പലപ്പോഴും ഉണ്ടാകുന്നത്. കംപ്യൂട്ടറുകളും മറ്റും ഇതുമൂലം പെട്ടെന്നാണ് ഉപയോഗശൂന്യമാകുന്നത്. കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സാങ്കേതിക തകരാര്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാലവിളംബം കൂടാതെ പരിഹരിക്കേണ്ടതുണ്ട്.

ദിവസേനെ പല പ്രാവശ്യം അടുപ്പിച്ച് വൈദ്യുതി വന്നു പോകുന്നതും പ്രശ്‌നമാകുന്നുണ്ട്. അപ്രഖ്യാപിത വൈദ്യുതി മുടക്കം ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടാക്കുന്നു. ഇപ്പോള്‍ വീടുകളില്‍ വൈദ്യുതി ഉപകരണങ്ങളെ ഏറെ ആശ്രയിക്കുന്നതിനാല്‍ വൈദ്യുതി മുടക്കം ഒഴിവാക്കണം. മഴക്കാലത്ത് മരച്ചില്ലകള്‍ മറ്റും വീണ് വൈദ്യുതി തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ മുന്‍കൂട്ടി തന്നെ അപകടകരമായി നില്ക്കുന്ന മരക്കമ്പുകളും ചില്ലകളും ഉടനുടന്‍ മുറിച്ചു നീക്കാനുള്ള ഏര്‍പ്പാടുമുണ്ടാകണം.

ഗാര്‍ഹികാവശ്യങ്ങള്‍ക്ക് കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) വിതരണം ചെയ്യുന്ന ലോടെന്‍ഷന്‍ വൈദ്യുതി 240 വോള്‍ട്ടിലാണ്. ഇതിനു അനുസൃതമായ വൈദ്യുതോപകരണങ്ങളാണ് വിപണിയിലുള്ളത്. സാങ്കേതിക കാരണങ്ങളാല്‍ സ്ഥായിത്വമില്ലാതെ വിദ്യുച്ഛക്തി ലൈനിലൂടെ പ്രവഹിച്ചാല്‍ ഉപകരണങ്ങള്‍ നശിക്കുമെന്നു മാത്രമല്ല, അത് വന്‍ അപകടകാരണവുമാകാം. പലപ്പോഴും അമിതമായി വൈദ്യുതി പ്രവഹിച്ച ശേഷമായിരിക്കും ഫ്യൂസ് പോകുക.

മുഖംതിരിക്കാനാവില്ല: മാതൃഭൂമി

ത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ അവതരിപ്പിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ക്കു നേരേ അധികാരികള്‍ക്ക് മുഖം തിരിക്കാനാവില്ലെന്നു മാതൃഭൂമി. ബ്ലോഗിനെക്കുറിച്ച് മാതൃഭൂമി ദിനപത്രം 2010 നവംബര്‍ ആറ് ശനിയാഴ്ച പ്രസിദ്ധീകരിച്ച 'തത്തംപള്ളിയിലെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഇനി 'ഹൈടെക്' ' ' എന്ന വാര്‍ത്തയിലാണ് ഈ പരാമര്‍ശം. ആലപ്പുഴ എഡിഷനില്‍ 13-ാം പേജിലാണ് സചിത്ര വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മാതൃഭൂമിയുടെ ഓണ്‍ലൈന്‍ പതിപ്പിലും വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക്: http://www.mathrubhumi.com/alappuzha/news/605475-local_news-Alappuzha-%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4.html

ബ്ലോഗിലെ മാതൃഭൂമി ശ്രദ്ധേയം

മാതൃഭൂമിയില്‍ വന്ന തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെക്കുറിച്ചുള്ള വാര്‍ത്ത ബ്ലോഗില്‍ എടുത്തുനല്കിയത് ശ്രദ്ധേയമായി. വളരെ സന്തോഷത്തോടുകൂടിയാണ് ഇക്കാര്യം മാതൃഭൂമി 2010 നവംബര്‍ ഏഴിന് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴ എഡിഷന്‍ 13-ാം പേജിലായിരുന്നു സചിത്ര വാര്‍ത്ത.


മാതൃഭൂമി സിറ്റിസണ്‍ ജേര്‍ണലിസ്റ്റിലും ബ്ലോഗ്


മാതൃഭൂമി ഡോട്ട് കോമിലെ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് കോളത്തിലും തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെ എടുത്തുകാട്ടി. വികസനം എന്ന തലക്കെട്ടിലാണ് 'തത്തംപള്ളി വാര്‍ഡിലെ ബ്ലോഗര്‍മാര്‍' എന്ന തലക്കെട്ടിലുള്ള വാര്‍ത്തയുള്ളത്. ലിങ്ക്: http://www.mathrubhumi.com/cj/story.php?id=139317#




ആലപ്പുഴ: ആലപ്പുഴയിലെ തത്തംപള്ളി വാര്‍ഡ് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത് ഗ്രാമത്തിന്റെ പേരിലുള്ള ഒരു ബ്ലോഗിന്റെ പേരിലാണ്. നിരവധി ആവശ്യങ്ങളും നിര്‍ദേശങ്ങളുമായി ബോഗ്ല് മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭിത്തികളില്‍ പതിച്ചിരുന്ന പോസ്റ്ററുകളും ബാനറുകളും കൊടികളും തോരണങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യണമെന്നാണ് ഇതില്‍ ഒരാവശ്യം. തിരഞ്ഞെടുപ്പു കാലത്ത് ഭിത്തികള്‍ വൃത്തികേടാക്കിയ കാര്യത്തില്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് വോട്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

തത്തംപള്ളി വാര്‍ഡ് ബ്ലോഗ് സൈറ്റില്‍ ഇത്തരത്തില്‍ നാട്ടുകാരുടെ പലവിധത്തിലുള്ള ആവശ്യങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പതിനാറാം വാര്‍ഡായ തത്തംപള്ളി പ്രദേശത്തിന്റെയും പരിസരങ്ങളുടേയും പുരോഗതിക്കും നന്മയ്ക്കുമായിട്ടാണ് ഈ ബ്ലോഗ്. നാട്ടുവാര്‍ത്തകള്‍ കൂടാതെ നാട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ആക്ഷേപങ്ങളും ബ്ലോഗില്‍ വായിക്കുകയും കാണുകയും ചെയ്യാം.

ജനപ്രതിനിധികളുടേയും ഭരണകര്‍ത്താക്കളുടേയും ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങള്‍ക്കും വേദിയാകുമിത്. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പ്രദേശത്തിന്റെ വികസനം മാത്രം ലക്ഷ്യമാക്കിയാണ് ബ്ലോഗ്. ജനപ്രതിനിധികള്‍ക്ക് ഇനി വാഗ്ദാനങ്ങള്‍ നല്‍കി തടിതപ്പാനാകില്ല. പ്രവര്‍ത്തിക്കുകയേ നിവൃത്തിയുള്ളു എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഫോട്ടോകളും വീഡിയോകളും സഹിതം സംശയങ്ങള്‍ക്ക് ഇടനല്കാതെ അവതരിപ്പിക്കുന്ന ആവലാതികള്‍ക്കു എന്തു പരിഹാരം എന്ന് ഉണ്ടാകുമെന്നു ബ്ലോഗിലൂടെ തന്നെ നാട്ടുകാര്‍ക്ക് അറിയാന്‍ സാധിക്കുമെന്നുള്ളതാണ് മെച്ചം.

കാര്യങ്ങള്‍ നടപ്പായില്ലെങ്കില്‍ അതെന്നും ഒരു മുന്നറിയിപ്പുപോലെ ബ്ലോഗിലുണ്ടാകും. റോഡില്‍ മാലിന്യം വലിച്ചെറിയുന്നതു മൂലം പരിസരവാസികളും വഴിയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട്, വീടുകളിലേക്കും കടന്നുകയറുന്ന തെരുവുനായ് ശല്യം തുടങ്ങിയവയെല്ലാം ബ്ലോഗില്‍ വന്നുകഴിഞ്ഞു. ജനപ്രതിനിധികള്‍ സ്ഥാനമേല്‍ക്കുന്ന ദിവസം മുതല്‍ വാര്‍ഡിന്റെ ആവശ്യങ്ങള്‍ ഓരോന്നായി നടപ്പാക്കണമെന്നും അതിനു പതിവുപോലെ അനേക വര്‍ഷങ്ങള്‍ കാത്തിരിക്കാനാകില്ലെന്നും ബ്ലോഗ് ഓര്‍മ്മിപ്പിക്കുന്നു.

ജനവിധി തേടിയവര്‍ ജനഹിതം നടപ്പാക്കണമെന്നും അതു ഉറപ്പാക്കാന്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ക്കും ബാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു. http://thathampallyward.blogspot.com എന്നതാണ് ബ്ലോഗ് വിലാസം. thathampallyward@gmail.com എന്ന ഇ മെയിലിലേക്ക് പ്രതികരണങ്ങള്‍ അയക്കുകയും ചെയ്യാം.

Showing 2 comments as on 2011 January 08 Saturday
Sort by    Subscribe by email   Subscribe by RSS
  • Thathampallyward 6 days ago
    കെ.പി.സുകുമാരന്‍, അഞ്ചരക്കണ്ടി
    kpsuku@gmail.com


    പ്രിയ സര്‍,

    തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമില്‍ കൊടുത്തിരുന്ന കമന്റ് കണ്ടു. സന്തോഷം. ബ്ലോഗ് സന്ദര്‍ശിക്കുകയും വീണ്ടും എഴുതുകയും ചെയ്യുമല്ലോ? ദയവായി ഇ-മെയിലും അയക്കുക. പുതുവത്സരാശംസകളോടെ..

    ടീം തത്തംപള്ളി വാര്‍ഡ് ബ്ലോഗ്
    01.01.2011

    Blog: http://thathampallyward.blogsp...
    E-mail: thathampallyward@gmail.com
  • എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പല്‍ , കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും ഇത്തരം ജനകീയ ബ്ലോഗുകള്‍ തുടങ്ങുന്നത് നല്ലതായിരുന്നു ....

Friday, November 5, 2010

മാവുകളില്‍ കീടശല്യം

ഴിഞ്ഞ കുറേ വര്‍ഷങ്ങളായി തത്തംപള്ളി പ്രദേശത്തെ വീട്ടുമാവുകളില്‍ പ്രാണി, കീടശല്യം അമിതമാകുന്നു. മാങ്ങ മൂക്കുന്നതിനു മുന്‍പുതന്നെ മഞ്ഞപ്പു ബാധിച്ച് ഞെട്ടറ്റു വീഴുന്നതും വിളഞ്ഞു വരുമ്പോഴേക്കും മാമ്പഴത്തിനകത്ത് പുഴുവാകുന്നതുമാണ് പ്രധാന ലക്ഷണം. പല മാവുകളിലും ഇലകള്‍ മുരടിക്കുകയും ചെയ്യുന്നു. ഇതുമൂലം വന്‍തോതിലാണ് വിളനഷ്ടമുണ്ടാകുന്നത്.

കീടശല്യം ഒഴിവാക്കുന്നതിന് ഒരു പ്രദേശത്തു മുഴുവന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാവുകളില്‍ വിഷപ്രയോഗം നടത്തുന്നതു കൂടാതെ കീടങ്ങളെ ആകര്‍ഷിക്കുന്ന കെണികളും ഇതിന് വ്യാപകമായി ഉപയോഗിക്കേണ്ടതുണ്ട്. ഓരോ വീട്ടുകാര്‍ക്കും ഇതു സ്വന്തമായി ചെയ്യുക പ്രയാസമായതുകൊണ്ടും അതുകൊണ്ട് അത്ര പ്രയോജനമില്ലാത്തതു കൊണ്ടും കൃഷി വകുപ്പുമായി ചേര്‍ന്ന് മുനിസിപ്പാലിറ്റി മാവുസംരക്ഷണത്തിന് പ്രത്യേക സമഗ്ര പദ്ധതി ആവിഷ്‌കരിച്ച് കേരളത്തിനു മാതൃകയാകണം. വര്‍ഷം മുഴുവന്‍ തുടരുന്ന പദ്ധതിയാണ് ആവശ്യം.

Thursday, November 4, 2010

മഠം റോഡ് പൂര്‍ണമായി ടാര്‍ ചെയ്യണം

കിടങ്ങാംപറമ്പ്-കോര്‍ത്തശേരി റോഡിനേയും കിടങ്ങാംപറമ്പ്-തത്തംപള്ളി റോഡിനേയും ബന്ധിപ്പിക്കുന്ന മഠം റോഡ് പൂര്‍ണമായും ടാര്‍ ചെയ്യണമെന്ന് ആവശ്യം.

ഏകദേശം മുപ്പതു വര്‍ഷം മുന്‍പ് ചെമ്മണ്‍ ഇടവഴിയായി തുടക്കമിട്ട റോഡ് ഏതാനും വര്‍ഷം മുന്‍പ് ആദ്യമായി ടാര്‍ ചെയ്തപ്പോള്‍ ഇടയ്ക്ക് ഏകദേശം 25 മീറ്റര്‍ ദൂരം ടാര്‍ ചെയ്യാതെ വിട്ടിരുന്നു. ആ ഭാഗത്ത് കല്ല് ഇളകി കുഴികളായി കിടക്കുകയാണ്. മഴക്കാലത്ത് ആ ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുകയും ചെയ്യും.

പങ്കാളിത്തം ഉറപ്പാക്കാന്‍ വോട്ടര്‍പട്ടിക

രുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ 2011 ആരംഭിച്ചു.

2010 നവംബര്‍ നാലിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തും. പുതുതായി പേരു ചേര്‍ക്കുക, മറ്റു മണ്ഡലത്തിലേക്ക് പേരു മാറ്റുക, നിലവിലുള്ള പട്ടികയില്‍ നിന്ന് അനര്‍ഹരായവരുടെ പേരു നീക്കം ചെയ്യുക, വോട്ടര്‍പട്ടികയില്‍ കടന്നു കൂടിയ തെറ്റുകള്‍ തിരുത്തുക, മണ്ഡലത്തിലെ ഒരു ബൂത്തില്‍ നിന്നും മറ്റൊരു ബൂത്തിലേക്കു പേരു മാറ്റുക തുടങ്ങിയ നടപടികള്‍ക്ക് അവസരമുണ്ട്.

ബന്ധപ്പെട്ട താലൂക്ക്/വില്ലേജ് ഓഫീസുകളിലും വോട്ടര്‍മാരുടെ സൗകര്യാര്‍ഥം പ്രത്യേക ദിവസങ്ങളില്‍ പോളിംഗ് ബൂത്തുകളിലും ഇതിനായുള്ള അപക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ceo.kerala.gov.in എന്ന കേരള ചീഫ് ഇലക്ട്രറല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പു വേളയില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന പലര്‍ക്കും വോട്ടവകാശം പല കാരണങ്ങളാല്‍ അവസാനനിമിഷം നിഷേധിക്കപ്പെട്ടതായി തത്തംപള്ളിയില്‍ ഉള്‍പ്പടെ പരാതി ഉയര്‍ന്നിരുന്നു.

Monday, November 1, 2010

നായ് ശല്യം പെരുകുന്നു

ത്തംപള്ളി വാര്‍ഡിലെ റോഡുകളില്‍ തെരുവു നായ് ശല്യം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. പല പ്രാവശ്യം മുനിസിപ്പാലിറ്റിയില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ക്കു പരക്കെ പരാതി.

റോഡിലെ നായ്ശല്യം ഇപ്പോള്‍ പലപ്പോഴും വീടുകളിലേക്കും കടന്നുകയറുന്നു. വീടുകളുടെ മുന്നില്‍ സൂക്ഷിക്കുന്ന ചെരുപ്പുകളും മറ്റും കടിച്ചു നശിപ്പിക്കുന്നുമുണ്ട്. വഴിവക്കില്‍ കുന്നുകൂട്ടുന്ന കുപ്പകള്‍ കാരണമാണ് നായ്ക്കള്‍ പെറ്റുപെരുകുന്നത് എന്നാണ് സൂചന. പലപ്പോഴും അഞ്ചും ആറും നായ്ക്കളുള്ള സംഘങ്ങളെയാണ് റോഡില്‍ കാണുന്നത്. രാത്രിയിലും പുലര്‍ച്ചയും ഇത്തരം നായ്‌സംഘങ്ങള്‍ വഴിയാത്രക്കാര്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

അലഞ്ഞു തിരിയുന്ന നായ്ക്കള്‍ക്ക് പേവിഷബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. നാടിന്റെ പലഭാഗത്തും പേപ്പട്ടി കടിച്ച് അനേകം മനുഷ്യരും മൃഗങ്ങളും ദുരിതത്തിലായത് അറിയാവുന്ന അധികൃതരാണ് നിഷ്‌ക്രിയരായിരിക്കുന്നത്.