സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, April 29, 2011

കുളങ്ങള്‍ നിലനിര്‍ത്തണം, ഉടമകള്‍ക്ക് വരുമാന മാര്‍ഗമാക്കണം

ര്‍ഷങ്ങള്‍ക്കു മുന്‍പ് കുളങ്ങളും ചാലുകളും നിറഞ്ഞ പ്രദേശമായിരുന്നു തത്തംപള്ളി. ജലസേചനാവശ്യങ്ങള്‍ക്കാണ് അവ പ്രധാനമായും ഉപയോഗിച്ചിരുന്നത്. മഴക്കാലമാകുമ്പോള്‍ കുളങ്ങള്‍ പൊട്ടിയൊഴുകി വെള്ളം വഴികളിലൂടെ ഒഴുകുമ്പോള്‍ അതില്‍ ധാരാളം മത്സ്യങ്ങളും കാണുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കുളങ്ങളില്‍ മഹാഭൂരിപക്ഷവും നികത്തിക്കഴിഞ്ഞു. ഉള്ളതാകട്ടെ പരിപാലിക്കാതെ അഴുക്കു വെള്ളം കെട്ടിക്കിടന്ന് മലീമസമായിരിക്കും. ഇലകളും ചുള്ളികളും മാലിന്യവും കൊണ്ടിടാന്‍ കുളങ്ങളെയാണ് മിക്കവരും ആശ്രയിക്കുന്നത് ഇപ്പോള്‍! കൊതുകുകളാണ് അതില്‍ നിന്ന് പ്രധാനമായും പുറത്തുവരുന്നത്.

ഉള്ള കുളങ്ങള്‍ ഉപകാരപ്രദമായി നിലനിര്‍ത്താനുള്ള പ്രോത്സാഹനം ജനങ്ങള്‍ക്ക് അധികൃതര്‍ നല്കുകയാണ് വേണ്ടത്. വര്‍ഷാവര്‍ഷം കുളത്തിനു ചുറ്റും മണ്ണു വെട്ടിയൊരുക്കാനും ചെളി നീക്കാനും വെള്ളം തേകാനും ധനസഹായം എത്തിക്കണം. അല്ലെങ്കില്‍ എല്ലാ കുളങ്ങളും താമസിയാതെ നികന്നു പോകും. കൃഷി നനയ്ക്കാന്‍ എന്നതിനുപരി കുളങ്ങളില്‍ മീന്‍ വളര്‍ത്താനും താമര വളര്‍ത്താനും പ്രയോജനപ്പെടുത്തണം. അപ്പോള്‍ കുളങ്ങളുടെ ഉടമകള്‍ക്ക് വരുമാനമാര്‍ഗവുമാകും. കുളങ്ങളില്‍ മീനുകളെ വളര്‍ത്തിയാല്‍ അവ കൊതുകു കൂത്താടികളെ ഭക്ഷിച്ചു കൊള്ളും. പെരുകുന്ന കൊതുകുശല്യം ഒരു പരിധിവരെ അതുമൂലം നിയന്ത്രിക്കാനും സാധിക്കും.ചൊരിമണല്‍ പ്രദേശമായ തത്തംപള്ളിയിലെ ഭൂഗര്‍ഭജല സംപുഷ്ടി നിലനിര്‍ത്താന്‍ കുളങ്ങള്‍ക്ക് മുന്‍കാലത്ത് വലിയ പങ്കുണ്ടായിരുന്നു.

Thursday, April 28, 2011

തത്തംപള്ളി - പുന്നപ്ര - വണ്ടാനം ബസ് സര്‍വീസ് ആരംഭിക്കണം

ത്തംപള്ളിയില്‍ നിന്ന് സഹൃദയ ആശുപത്രി, ജനറല്‍ ആശുപത്രി, കളര്‍കോട് എസ്.ഡി.കോളജ്, വാടക്കല്‍ പുന്നപ്ര സഹകരണ ആശുപത്രി വഴി വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യമുയരുന്നു. ആനേകം യാത്രക്കാര്‍ക്ക് ഈ റൂട്ട് പ്രയോജനപ്രദമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ദേശീയപാതയില്‍ കളര്‍കോട് ജംഗ്ഷനില്‍ നിന്നു പടിഞ്ഞാറോട്ടുള്ള റോഡു വഴി പോകുമ്പോഴാണ് സഹകരണ ആശുപത്രി. പുന്നപ്ര ആശുപത്രി സ്ഥിതി ചെയ്യുന്ന കാമ്പസിനെ അക്ഷരനഗരിയെന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രോഫഷണല്‍ എഡ്യുക്കേഷന്‍ (കേപ്)കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി, കേപ് ഫിനിഷിംഗ് സ്‌കൂള്‍ കൂടാതെ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.

തത്തംപള്ളിയില്‍ നിന്ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 2010 ഡിസംബര്‍ 11-ന് 'തത്തംപള്ളിയില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ബസ് സര്‍വീസ് വേണം' എന്ന തലക്കെട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ആ പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, April 27, 2011

തത്തംപള്ളിയിലെ വൈദ്യുതി തടസ്സം: വിവരം അറിയിച്ചാല്‍ ഉടനേ നന്നാക്കാന്‍ നടപടിയെന്ന്

വൈദ്യുതി തടസ്സം ഉണ്ടായാല്‍ ഉടനേ ഇലക്ട്രിസിറ്റി ഓഫീസില്‍ വിളിച്ച് അറിയിക്കാത്തതു കൊണ്ടാണ് ലൈന്‍ വൈകാതെ നന്നാക്കി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകാത്തതെന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥന്‍. വിവരം അറിഞ്ഞാല്‍ ഉടനേ നന്നാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നന്നാക്കാന്‍ ആവശ്യമായ ആള്‍ക്കാരെ എത്തിക്കാന്‍ ഓഫീസില്‍ ജീപ്പ് സൗകര്യമുണ്ട്.

ഇന്ന് രാത്രി പത്തിന് തത്തംപള്ളിയില്‍ വൈദ്യുതി തടസ്സമുണ്ടായത് അറിയിച്ചപ്പോഴാണ് ഈ മറുപടി. കൃത്യം പത്തിന് കറണ്ട് പോയതിനാല്‍ അപ്രഖ്യാപിത കറണ്ട് കട്ടോ മറ്റോ ആയിരിക്കുമെന്നു കരുതി ഉപയോക്താക്കള്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴും വൈദ്യുതി കിട്ടാതായതിനെത്തുടര്‍ന്നാണ് ഉപയോക്താക്കള്‍ പരാതി വിളിച്ചു പറയാന്‍ തുടങ്ങിയത്. വിവരം അറിഞ്ഞ ഉടനേ ഓഫീസില്‍ നിന്ന് നന്നാക്കാന്‍ ആള്‍ക്കാരെ വിട്ടുവെന്ന് പരാതി സ്വീകരിച്ച ഉദ്യോഗസ്ഥന്‍ അറിയിച്ചു.

തത്തംപള്ളില്‍ അടുപ്പിച്ച് രാവും പകലുമെന്ന വ്യത്യാസം കൂടാതെ ആവര്‍ത്തിച്ചുള്ള കറണ്ട് പോക്കും വരവും അനേകം മണിക്കൂറുകള്‍ നീളുന്ന തടസ്സവും മാസങ്ങളായി പതിവാണ്. സംസ്ഥാന നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പു ദിനമായ പതിമൂന്നിനു അര്‍ധരാത്രിയോടെ കറണ്ട് പോയിട്ട് നേരം വെളുത്ത് എട്ടുമണിയോടെയാണ് എത്തിയത്. അത് പരക്കെ ചര്‍ച്ചാവിഷയമായിരുന്നു. അതുപോലെ ഇന്നലേയും (2011 ഏപ്രില്‍ 26) അര്‍ധരാത്രി പന്ത്രണ്ടോടെ കറണ്ട് പോയിട്ട് നേരം വെളുത്ത് ഏകദേശം ഏഴര മണിക്കു ശേഷമാണ് എത്തിയത്.

രാത്രിയില്‍ കറണ്ട് പോകുമ്പോള്‍ പരാതി പറയാന്‍ വിളിച്ചാല്‍ മിക്കസമയത്തും ടെലിഫോണ്‍ എന്‍ഗേജ്ഡ് ആയിരിക്കുമെന്നു ഉപയോക്താക്കള്‍ക്കു പരാതിയുണ്ട്. എന്നാല്‍ ഫോണ്‍ കിട്ടിയാല്‍ രാത്രി അറ്റകുറ്റപ്പണി നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും നേരം വെളുത്താലെ നന്നാക്കല്‍ സാധിക്കൂ എന്നുമായിരിക്കും ഫോണ്‍ എടുക്കുന്ന ഉദ്യോഗസ്ഥന്റെ സാധാരണ നിലപാട്.

എന്നാല്‍ എല്ലാ സമയത്തും അങ്ങനെയായിരിക്കണമെന്നില്ല എന്നാണ് പരാതി വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ ഇന്ന് സൂചിപ്പിച്ചത്. പല ഫേസ് പോകുമ്പോഴാണ് ബുദ്ധിമുട്ട്. ഒറ്റ ഫേസിലാണ് പ്രശ്‌നമെങ്കില്‍ വൈകാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകും.

അതിനാല്‍ വൈദ്യുതി ബന്ധം നിലച്ചാല്‍ ഉടനേ തന്നെ ആലപ്പുഴ നോര്‍ത്ത് വിഭാഗത്തിനു കീഴിലുള്ള ഉപയോക്താക്കള്‍ പരാതി 0477 2245532 എന്ന ടെലിഫോണ്‍ നമ്പരില്‍ കണ്‍സ്യൂമര്‍ നമ്പരും സ്ഥലവും സഹിതം അറിയിക്കുകയും അത് രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും വേണം.

തത്തംപള്ളിയില്‍ മറ്റിടങ്ങളില്‍ പതിവില്ലാത്ത വിധത്തില്‍ വൈദ്യുതി തടസ്സപ്പെടുന്നതിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തി അത് ആവര്‍ത്തിക്കാതിരിക്കാന്‍ പരിഹാര നടപടി ഉടനേ സ്വീകരിക്കണമെന്ന ആവശ്യം കാലങ്ങളായുണ്ട്.

റെയില്‍വേ ലെവല്‍ ക്രോസുകളില്‍ വാഹനങ്ങള്‍ നിന്നു പോകുന്നു

ലപ്പുഴയിലെ പല റെയില്‍വേ ലെവല്‍ ക്രോസുകളിലേയും റോഡ് ഭാഗം വേണ്ട രീതിയില്‍ വിടവില്ലാത്ത രീതിയില്‍ ഉറപ്പിക്കാത്തതിനാല്‍ വാഹനാപകടങ്ങള്‍ക്കും വാഹനങ്ങള്‍ ട്രാക്കില്‍ കയറി നിന്നുപോകാനും കാരണമാകുന്നു. ക്രോസിംഗുകള്‍ക്കു മുന്‍പായി വേഗതനിയന്ത്രിക്കാനായി സ്ഥാപിച്ചിട്ടുള്ള തിരപോലുള്ള ഹമ്പുകള്‍ കൂടെയാകുമ്പോള്‍ വളരെ പതുക്കെയത്തുന്ന മിക്ക വാഹനങ്ങളും പാളത്തിലാകുമ്പോള്‍ എന്‍ജിന്‍ ഓഫ് ആയി പോകുന്നത് പതിവാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍.

പാളത്തിന്റെ ഇടയ്ക്കും വശങ്ങളിലും പാകിയിട്ടുള്ള കോണ്‍ക്രീറ്റ് സഌബുകള്‍ മിക്കയിടങ്ങളിലും ഇളകിക്കിടക്കുകയാണ്. സ്ലാബുകള്‍ക്കിടയില്‍ മെറ്റലിറ്റ് ഉറപ്പിക്കുകയോ സിമിന്റ് തേക്കുകയോ ചെയ്താലേ വാഹനങ്ങള്‍ക്കു സുഗമമായി കടന്നു പോകാനാകൂ. സ്ലാബുകള്‍ക്കിടയിലുണ്ടാകുന്ന വിടവുകളില്‍ ടയറുകള്‍ കുരുങ്ങി വാഹനം മറിയുകയോ നിന്നുപോകുകയോ ചെയ്യുന്നത് ആവര്‍ത്തിക്കുന്നു. കാല്‍നടയാത്രയും സെക്കിള്‍യാത്രയും പോലും പലയിടങ്ങളിലും ബുദ്ധിമുട്ടാണ്.

ഉദാഹരണത്തിന് ആലപ്പുഴ ബീച്ചിനോടു ചേര്‍ന്ന് വിജയാ പാര്‍ക്ക്, റിക്രിയേഷന്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കാവലുള്ള രണ്ടു ലെവല്‍ ക്രോസുകളിലും വാഹനങ്ങള്‍ ധാരാളമായി കടന്നുപോകുന്നതിനാല്‍ പെട്ടെന്നാണ് സ്ലാബുകളും മെറ്റലുകളും ഇളകുന്നത്. മറ്റു കാവല്‍ ഇല്ലാത്ത ക്രോസുകളിലും സ്ഥിതി വ്യത്യസ്തമല്ല. ലെവല്‍ ക്രോസുകളില്‍ വിടവുകളില്ലാതെയും പൊക്കവും താഴ്ചയും ഇല്ലാതെയും നിരപ്പായി വാഹനങ്ങള്‍ക്കു തടസ്സമില്ലാതെ കടന്നു പോകാവുന്ന വിധത്തില്‍ നിലം ഒരുക്കുകയാണ് വേണ്ടത്. അപകടരഹിതമായ ലെവല്‍ ക്രോസുകള്‍ക്ക് നിരന്തരം ശ്രദ്ധയും അറ്റകുറ്റപ്പണികളും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമാണ്.

Monday, April 25, 2011

വൈദ്യുതി കമ്പികളില്‍ മുട്ടുന്ന ചില്ലകള്‍ നീക്കാന്‍ തത്തംപള്ളിയില്‍ സ്ഥിരം ഏര്‍പ്പാട് വേണം

കാറ്റിലും മഴയിലും വൈദ്യുതി കമ്പികളില്‍ മരച്ചില്ലകള്‍ തട്ടി വൈദ്യുതി തടസ്സവും അപകടങ്ങളും ഉണ്ടാകുന്നത് തടയാന്‍ കമ്പികളില്‍ മുട്ടിയതും മുട്ടാന്‍ സാധ്യതയുള്ളതുമായ ചില്ലകള്‍ വെട്ടിമാറ്റാന്‍ തത്തംപള്ളിയില്‍ സ്ഥിരം ഏര്‍പ്പാട് വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ജൂണില്‍ കാലവര്‍ഷം തുടങ്ങിക്കഴിഞ്ഞാണ് സാധാരണഗതിയില്‍ കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ് അധികൃതര്‍ ചില്ലകള്‍ വെട്ടിനീക്കാന്‍ ശ്രമിക്കാറുള്ളത്. അപ്പോഴേയ്ക്കും കമ്പിപൊട്ടലും വൈദ്യുതി തടസ്സവും പലപ്രാവശ്യം നടന്നുകഴിഞ്ഞിരിക്കും. വൈദ്യുതി ചാര്‍ജ് കൃത്യമായി അടയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് മിക്ക രാത്രികളിലും ഇരുട്ടായിരിക്കും കൂട്ട്.

വൈദ്യുതി പ്രസാരണ നഷ്ടം ഒഴിവാക്കാനും കമ്പിയില്‍ മുട്ടുന്ന ചില്ലകള്‍ വെട്ടിക്കളയേണ്ടതാണ്. ആണ്ടില്‍ ഒരിക്കലോ മറ്റോ നേര്‍ച്ച പോലെ നടത്തുന്ന വെട്ടല്‍ അല്ല ആവശ്യം. ലൈനുകള്‍ എന്നും പരിശോധിച്ച് തടസ്സങ്ങള്‍ ഉടനുടന്‍ നീക്കുകയാണ് വേണ്ടത്. നാട്ടുകാരെ സഹായിക്കുകയാണ് ലക്ഷ്യമെങ്കില്‍ വൈദ്യുതി ബന്ധം ദീര്‍ഘനേരം വിച്ഛേദിക്കാതെ ആനുകാലികമായി ചില്ലനീക്കലും അറ്റകുറ്റപ്പണികളും നടത്തണം.

Friday, April 22, 2011

തീരദേശ റെയില്‍ പാതയില്‍ യാത്രാക്ലേശം; ഗതിവേഗ സര്‍വീസുകള്‍ ആരംഭിക്കണം

ലപ്പുഴ വഴിയുള്ള തീരദേശ റെയില്‍ പാതയിലൂടെയുള്ള യാത്രാക്ലേശം കുറയ്ക്കാന്‍ ഗതിവേഗത്തിലുള്ള പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ അടിക്കടി ആരംഭിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെടുന്നു. ട്രെയിന്‍ സര്‍വീസുകളെ ആശ്രയിച്ച് ദിവസേന മറ്റു ജില്ലകളില്‍ പോയി ജോലി ചെയ്തു മടങ്ങുന്ന അനേകം ആള്‍ക്കാര്‍ തത്തംപള്ളിയിലുണ്ട്. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളാണ് ഇപ്പോള്‍ പ്രയോജനപ്പെടുന്നത്. എന്നാല്‍ അവയുടെ എണ്ണം കുറവാണിപ്പോള്‍.

തീരദേശ പാത ഒറ്റ ലൈന്‍ ആയതിനാലും എല്ലാ സ്‌റ്റേഷനുകളിലും ക്രോസിംഗ് സൗകര്യം ഇല്ലാത്തതിനാലുമാണ് ട്രെയിനുകള്‍ വല്ലാതെ വൈകി ഓടുന്നത്. ഈ ലൈന്‍ ഇരട്ടപ്പാതയാക്കി മാറ്റാന്‍ സാധാരണഗതിയില്‍ ഇനിയും വര്‍ഷങ്ങള്‍ ഏറെയെടുക്കുമെന്നതിനാല്‍ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ക്രോസിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത്. പലപ്പോഴും ഗുഡ്‌സ് ട്രെയിനുകള്‍ക്കായിപ്പോലും പാസഞ്ചര്‍ ട്രെയിനുകള്‍ വളരെ നേരം പിടിച്ചിടാറുണ്ട്. ക്രോസിംഗ് സൗകര്യമായാല്‍ കൂടെക്കൂടെ ട്രെയിനുകള്‍ക്ക് അധികം വൈകാതെ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകാനാകും.

എറണാകുളം ജംഗ്ഷന്‍ - ആലപ്പുഴ - കായംകുളം ജംഗ്ഷന്‍ തീരദേശ റെയില്‍ പാതയുടെ ദൂരം 100 കിലോമീറ്ററാണ്. ഇടയ്ക്ക് 18 സ്റ്റേഷന്‍. എറണാകുളം ജംഗ്ഷന്‍ (0 കിലോമീറ്റര്‍), തിരുനെട്ടൂര്‍ (5), കുമ്പളം (8), അരൂര്‍ (13), എഴുപുന്ന (19), തുറവൂര്‍ (23), വയലാര്‍ (27), ചേര്‍ത്തല (34), തിരുവിഴ (39), മാരാരിക്കുളം (45), കലവൂര്‍ (48), തുമ്പോളി (53), ആലപ്പുഴ (57), പുന്നപ്ര (65), അമ്പലപ്പുഴ (69), തകഴി (75), കരുവാറ്റ (81), ഹരിപ്പാട് (87), ചേപ്പാട് (93), കായംകുളം ജംഗ്ഷന്‍ (100 കിലോമീറ്റര്‍). കൂടിയത് രണ്ടു മണിക്കൂര്‍ കൊണ്ട് ഓടാനുള്ള ദൂരം ഇരട്ടിയും അതിലേറെയുമെടുത്താണ് ഇപ്പോള്‍ ഓടുന്നത്. എറണാകുളം ജംഗ്ഷന്‍, കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കായംകുളം ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളിലേ ഇപ്പോള്‍ ക്രോസിംഗ് സൗകര്യമുള്ളു. പകുതി എണ്ണം സ്റ്റേഷനുകളില്‍ കൂടി എത്രയും വേഗം ക്രോസിംഗ് സൗകര്യം ഉണ്ടാകേണ്ടിയിരിക്കുന്നു. മുമ്പിലുള്ള ട്രെയിന്‍ രണ്ടു സ്‌റ്റേഷനുകള്‍ കഴിഞ്ഞാലേ ഇപ്പോള്‍ പിന്നാലെയുള്ള ട്രെയിന്‍ വിടാന്‍ അനുവദിക്കൂ.

കേരളത്തില്‍ തിരുവനന്തപുരത്തിനും തൃശൂരിനുമിടയില്‍ ദീര്‍ഘദൂര ട്രെയിനുകളുടെ സ്റ്റോപ്പുകളുടെ എണ്ണം കുറയ്ക്കാന്‍ ദക്ഷിണ റെയില്‍വേ അടുത്തയിടെ തീരുമാനിച്ചിട്ടുണ്ട്. കായംകുളം ഉള്‍പ്പടെയുള്ള സ്റ്റോപ്പുകളാണ് റദ്ദാക്കാന്‍ പോകുന്നത്. പകരം കൂടുതല്‍ ഹൃസ്വദൂര മെമു (മെയിന്‍ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കം. അപ്പോള്‍ തീര്‍ച്ചയായും തീരദേശ പാതയില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ ആരംഭിക്കേണ്ടതുണ്ട്. തീരദേശ പാതയില്‍ നിലവില്‍ പല എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസുകളേയും കൂടി ആശ്രയിച്ചാണ് യാത്രക്കാര്‍ ജോലിക്കു പോയി വരുന്നത്.

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ദൂരം ഓടാന്‍ മെമുവിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നു. പ്രധാന സ്റ്റേഷനുകളില്‍ എത്തി ദീര്‍ഘദൂര ട്രെയിനുകളില്‍ കയറാനും അവിടെ എത്തുന്നവര്‍ക്ക് അടുത്ത സ്റ്റേഷനുകളിലേക്ക് യാത്ര തുടരാനും കൂടുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ ആവശ്യമായി വരും.

തീരദേശ പാതയില്‍ ആരംഭിക്കുന്ന മെമു സര്‍വീസ് എറണാകുളം ജംഗ്ഷനു (സൗത്ത്) പകരം എറണാകുളം ടൗണി (നോര്‍ത്ത്)-ല്‍ നിന്ന് ആരംഭിക്കുന്നതായിരിക്കും ഉചിതം. കോട്ടയം ഭാഗത്തുനിന്നുള്ള മിക്ക ട്രെയിനുകളും നോര്‍ത്തിലൂടെയാണ് വന്നുപോകുന്നത്. അതുപോലെ ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ക്ക് സൗത്തില്‍ മാത്രമാണ് സ്റ്റോപ്പുള്ളതും. സൗത്തിനും നോര്‍ത്തിനും ഇടയ്ക്കുള്ള രണ്ടു കിലോ മീറ്റര്‍ ദൂരം യാത്രക്കാര്‍ക്ക് റോഡിലൂടെ പോകണമെങ്കില്‍ ഗതാഗതക്കുരുക്കു മൂലം പെടാപ്പാടുപെടണം. കൊച്ചി നഗരത്തിലെ ഈ രണ്ടു റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഇപ്പോള്‍ ബസ് സര്‍വീസുകളില്ല. വന്‍ ചാര്‍ജ് നല്കി ഓട്ടോറിക്ഷയോ ടാക്‌സിയോ പിടിക്കുകയുള്ളു മാര്‍ഗം. മെമു സര്‍വീസ് നോര്‍ത്ത് വരെയാക്കിയാല്‍ അനേകം സ്ഥിരം യാത്രക്കാര്‍ക്കും പ്രയോജനപ്പെടും.




തീരദേശ ഒറ്റവരി തീവണ്ടിപ്പാതയിലൂടെ കടന്നു പോകുന്ന ഗുഡ്‌സ് ട്രെയിന്‍ കാണാം. തുമ്പോളി റെയില്‍വേ ലെവല്‍ ക്രോസ്‌ ഗേറ്റില്‍ നിന്നുള്ള ദൃശ്യം. വീഡിയോ 1.07 മിനിറ്റ്. ചരക്കു വണ്ടികളുടേയും എണ്ണം ഈ പാതയില്‍ വര്‍ധിച്ചിരിക്കുകയാണ്. 

Tuesday, April 19, 2011

എന്നു കിട്ടും തത്തംപള്ളിയില്‍ കൃത്യമായി വൈദ്യുതി?

ലപ്പുഴ തത്തംപള്ളി വാര്‍ഡിലെ തുടര്‍ച്ചയായ വൈദ്യുതി മുടക്കത്തെക്കുറിച്ചും വോള്‍ട്ടേജ് വ്യതിയാനത്തെക്കുറിച്ചും അതു മൂലമുണ്ടാകുന്ന ഉപകരണങ്ങളുടെ നാശത്തെക്കുറിച്ചും വര്‍ഷങ്ങളായി ഉപയോക്താക്കള്‍ പരാതിപ്പെട്ടിട്ടിട്ടും കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് അനക്കമില്ലെന്നു പരാതി. അനിയന്ത്രിതമായി സദാസമയവും കറണ്ട് പോയി വരുന്നത് നേരേയാക്കാന്‍ അധികൃതര്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നില്ലെന്നു വേണം അനുമാനിക്കാന്‍. ഇതു കൂടാതെ വൈദ്യുതിയുടെ ദൗര്‍ലഭ്യം മൂലം എന്നു പറഞ്ഞുള്ള പ്രഖ്യാപിതവും  അപ്രഖ്യാപിതവുമായ കറണ്ട് കട്ട് വേറേയാണ്.

നിയമസഭയിലേക്ക് തെരഞ്ഞെടുപ്പു നടന്ന 2011 ഏപ്രില്‍ 13-ന് ബുധനാഴ്ച അര്‍ധരാത്രിക്കു മുന്‍പ് വൈദ്യുതി തടസ്സപ്പെട്ടിട്ട് നേരംവെളുത്ത് എട്ടു മണിയാകാറായപ്പോള്‍ ആണ് വന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇനി 'ക്ഷേമപ്രവര്‍ത്തനങ്ങള്‍' ഒന്നും വേണ്ടെന്നായിരിക്കും ബോര്‍ഡിന്റെ നിലപാടെന്ന് ഉപയോക്താക്കള്‍ ആക്ഷേപിച്ചു. രാത്രിയില്‍ കറണ്ട് ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ എട്ടു മണിക്കൂറിലേറെ ചൂടും കൊതുകുകടിയും സഹിച്ചു. ട്രാന്‍സ്‌ഫോര്‍മറിലുണ്ടായ തകരാറ് നേരം വെളുത്ത് വെട്ടം വരാതെ നന്നാക്കാനാകില്ലെന്നാണ് രാത്രിയില്‍ ഉടനേ തന്നെ പരാതിപ്പെട്ടവര്‍ക്കു കിട്ടിയ മറുപടി. രാത്രിയും പകലും ഭേദമില്ലാതെയാണ് വൈദ്യുതിയുടെ ഒളിച്ചുകളി.

വീടുകളില്‍ ഇപ്പോള്‍ മിക്ക കാര്യങ്ങളും വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണുള്ളത്. ശുദ്ധജലവിതരണം ക്രമമല്ലാത്തതിനാല്‍ പട്ടണത്തിലെ മിക്കവീടുകളിലും കിണറില്‍ നിന്നു മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം ശേഖരിക്കുന്നത്. കറണ്ട് പോകുമ്പോള്‍ അതിനാല്‍ കുടിവെള്ളവും മുടങ്ങും. യുവജനങ്ങള്‍ കൂടുതലും കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നുണ്ടിപ്പോള്‍. വൈദ്യുതി തടസ്സം അവരുടെ തൊഴിലിനേയും വിദേശ രാജ്യങ്ങളുമായുള്ള തൊഴില്‍ ബന്ധങ്ങളേയും പ്രതികൂലമായി ബാധിക്കും. ഇതൊന്നും ജനാധിപത്യ ഭരണസംവിധാനങ്ങള്‍ നിസ്സാരമായി തള്ളരുത്.

വൈദ്യുതി മുടക്കം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് ഏറ്റവും ഒടുവില്‍ അയച്ചിട്ടുള്ള പരാതികളും അവയ്ക്കു കിട്ടിയ മറുപടിയും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. വൈദ്യുതി മുടക്കം മൂലമുണ്ടാകുന്ന നഷ്ടത്തിനു പരിഹാരമുണ്ടാക്കാന്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി) സ്റ്റാന്‍ഡാര്‍ഡ്‌സ് ഓഫ് പെര്‍ഫോര്‍മന്‍സ് (നിര്‍വഹണത്തിന്റെ നിലവാരം) പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അക്കാര്യത്തിനു തയാറാക്കിയിട്ടുള്ള മാനദണ്ഡങ്ങളില്‍ ഒരുവിധപ്പെട്ട വൈദ്യുതിതകരാറുകളൊന്നും ഉള്‍പ്പെടില്ല എന്നതാണ് വസ്തുത. അതുകൊണ്ട് സാധാരണഗതിയില്‍ നഷ്ടപരിഹാരവും ലഭിക്കില്ല!. ബോര്‍ഡിന്റെ സ്റ്റാന്‍ഡാര്‍ഡ്‌സ് ഓഫ് പെര്‍ഫോര്‍മന്‍സിനെക്കുറിച്ചറിയാന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റിലെ പ്രസക്ത പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

എന്തുകൊണ്ടാണ് വൈദ്യുതിത്തകരാറുകള്‍ ദിവസേനെ തുടര്‍ച്ചയായി ഉണ്ടാകുന്നുവെന്നത് അധികൃതര്‍ വര്‍ഷങ്ങളായിട്ടും പഠനവിധേയമാക്കുന്നില്ല എന്നത് അത്ഭുതമാണ്. രാത്രിയില്‍ തകരാര്‍ ഉണ്ടായാല്‍ ലൈനില്‍ വെളിച്ചം അടിച്ചു നോക്കാനുള്ള ടോര്‍ച്ചു പോലും ഇല്ലായെന്നു പറയുന്നതും ആക്ഷേപാര്‍ഹമാണ്. പലയിടങ്ങളിലും ഫ്യൂസ് കെട്ടിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളുവെങ്കിലും അതിനു വെളിച്ചമില്ല എന്ന കാരണം കാട്ടി ഒഴിവാകുന്നതും ആധുനിക കാലത്തു അനുവദനീയമല്ല. പരാതിപ്പെടാന്‍ ടെലിഫോണില്‍ വിളിച്ചാല്‍ മിക്കപ്പോഴും ഫോണ്‍ എന്‍ഗേജ്ഡ് ആയിരിക്കുന്നതിനെക്കുറിച്ചും നാട്ടുകാര്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

വേനല്‍ക്കാലത്ത് കറണ്ടുകട്ടും മഴക്കാലത്ത് ലൈന്‍തകരാറു മൂലമുള്ള തടസ്സവും സ്ഥിരമാണ്. ചെറിയ കാറ്റു വീശുമ്പോള്‍ തന്നെ പട്ടണം ഇരുട്ടിലാകും. വൈദ്യുതി ലൈനുകളില്‍ മുട്ടിയതും മുട്ടാവുന്നതുമായ മരക്കൊമ്പുകള്‍ കൃത്യമായ ഇവേളകളില്‍ വെട്ടിമാറ്റാത്തതാണ് പ്രധാന പ്രശ്‌നം. മിക്കപ്പോഴും മഴകനത്ത ശേഷമായിരിക്കും 'ടച്ചിംങ്‌സ്' വെട്ടുകാരുടെ പുറപ്പാട്!. എല്ലാക്കാലത്തും വിദ്യാര്‍ഥികളുടെ പരീക്ഷാക്കാലത്ത് ഇരുട്ട് അഗ്നിപരീക്ഷ കൂടിയാകും. മണിക്കൂറുകള്‍ നീളുന്നതാണ് പലപ്പോഴും തടസ്സം. സമയത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാത്തതിനാല്‍ വ്യാപാരസ്ഥാപനങ്ങളേയും പ്രതികൂലമായി ബാധിക്കുന്നു.

ലൈന്‍തകരാറുകളും ട്രാന്‍ഫോര്‍മര്‍ ഫ്യൂസ് പ്രശ്‌നങ്ങളും കൂടാതെ ഫീഡറിലെ കുഴപ്പങ്ങളും തടസ്സത്തിനു കാരണമായി പറഞ്ഞുകേള്‍ക്കാറുണ്ട്. വൈദ്യുതി മുടക്കത്തിനു കാരണമായ പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് സ്ഥായിയായി പരിഹരിക്കുന്നില്ല എന്നു ഉപയോക്താക്കള്‍ക്കു മനസിലാകുന്നില്ല. അതിന് എന്താണ് തടസ്സമെന്നു ഭരണാധികാരികള്‍ മനസിലാക്കി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.

വൈദ്യുതി തടസ്സം സംബന്ധിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 'വോള്‍ട്ടേജ് വ്യതിയാനം മൂലം കേട്' എന്ന തലക്കെട്ടില്‍ 2010 നവംബര്‍ ആറിനു പ്രസിദ്ധീകരിച്ച പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday, April 16, 2011

ടൂറിസ്റ്റായി എത്തിയ തമിഴ്‌നാട്ടുകാരി യുവതിയെ യുവാവ് അപമാനിച്ചു

വിനോദസഞ്ചാരത്തിന് ആലപ്പുഴയില്‍ ഭര്‍ത്താവിനോടും കൊച്ചുമകനോടും ഒപ്പം എത്തിയ തമിഴ്‌നാട്ടുകാരിയായ യുവതിയെ യുവാവ് അപമാനിച്ചതായി പരാതി. നാട്ടുകാരില്‍ പലരും വിവരം ടൂറിസം പോലീസിനേയും സാധാ പോലീസിനേയും വിളിച്ച് അറിയിച്ച് അരമണിക്കൂര്‍ കഴിഞ്ഞിട്ടും ആരും സ്ഥലത്തെത്തിയില്ല. ജനുവരി 24-ന് കൊട്ടിന്റേയും കുരവയുടേയും അകമ്പടിയോടെ ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്ത പോലീസ് കണ്‍ട്രോള്‍ റൂമും ടൂറിസം പോലീസ് എയിഡ് പോസ്റ്റും ഒരു കൂരയില്‍ വളരെ തൊട്ടടുത്തായിട്ടും ഇതാണ് സ്ഥിതിയെന്നു നാട്ടുകാര്‍ പരിതപിച്ചു. ടൂറിസം വികസനത്തിന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വന്‍ തിരിച്ചടിയാകും.

മുനിസിപ്പല്‍ മൈതാനത്തിനും ജില്ലാ കോടതി പാലത്തിനും ഇടയ്ക്കുള്ള ഇടവഴിയുടെ സമീപമായിരുന്നു ഇന്നു (2011 ഏപ്രില്‍ 16 ശനി) രാത്രി ഏകദേശം ഏഴു മണി കഴിഞ്ഞപ്പോള്‍ സംഭവം. യുവാവിനു കൂട്ടായി വേറെ സംഘാംഗങ്ങള്‍ ഉണ്ടെന്നും സംശയിക്കുന്നു. ഉല്ലാസയാത്രക്കെത്തിയവര്‍ റോഡിലൂടെ നടന്നുവരുമ്പോഴാണ് അപമാനശ്രമമുണ്ടായത്. യുവതി എതിര്‍പ്പുപ്രകടിപ്പിച്ചു പ്രതികരിച്ചിട്ടും സാമൂഹ്യവിരുദ്ധരെ നേരിടാന്‍ ആരും ധൈര്യപ്പെട്ടില്ല. തത്തംപള്ളിയുടെ തൊട്ടടുത്ത പ്രദേശത്താണ് സംഭവം നടന്നത്.

കരഞ്ഞുകൊണ്ടിരുന്ന യുവതിയുടെയും കുടുംബാംഗങ്ങളുടേയും ചുറ്റും നൂറുകണക്കിന് ആള്‍ക്കാര്‍ കൂടി അവരവര്‍ക്കു വായില്‍ തോന്നിയത് പറഞ്ഞുകൊണ്ടിരുന്നെങ്കിലും ഉത്തരവാദത്തോടെ എന്തെങ്കിലും ചെയ്യാന്‍ അധികാരികള്‍ ആരും സ്ഥലത്ത് എത്തിയില്ല. വഴിയില്‍ വെറുതേ നിന്നു കൈനീട്ടി ഹൈല്‍മറ്റിന്റേയും സീറ്റ്‌ബെല്‍റ്റിന്റേയും പേരില്‍ ആവേശത്തോടെ സര്‍ക്കാരിനു വേണ്ടി പിരിവു നടത്തുന്ന പോലീസുകാരെ സാമൂഹ്യവിരുദ്ധരെ പിടികൂടാനാണ് വിടേണ്ടതെന്നാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. ഗതാഗതത്തിനു തടസമുണ്ടാകുന്ന രീതിയിലാണ് സംഭവത്തിനു ശേഷം ജനങ്ങള്‍ റോഡില്‍ തടിച്ചുകൂടിയത്. എന്നാല്‍ സാമൂഹ്യവിരുദ്ധതയ്‌ക്കെതിരേ ഒരു തരത്തിലും ആരും സഹായിച്ചില്ലെന്നും പ്രതികരിക്കാന്‍ തയാറായില്ലെന്നും യുവതി ചൂണ്ടിക്കാട്ടി.

ആക്രമണം നടത്തിയ യുവാവിന്റെ കൂട്ടത്തിലുള്ളവരില്‍ നിന്നു വീണ്ടും ആക്രമണം ഉണ്ടാകാനിടയുള്ളതു കൊണ്ട് 'എസ്‌കേപ്' ചെയ്യാന്‍ നാട്ടുകാരില്‍ ചിലര്‍ ശക്തമായി ആവശ്യപ്പെട്ടതു കൊണ്ട് യുവതിയും ഭര്‍ത്താവും മകനും കുറച്ചു നേരം പോലീസിനെ കാത്തുനിന്നതിനു ശേഷം ജനക്കൂട്ടത്തിനിടയില്‍ നിന്നു സ്ഥലം വിട്ടു പോകുകയായിരുന്നു.

ഇതേസമയം, ഇത്തരം സംഭവത്തില്‍ ഇടപെടാന്‍ വകുപ്പില്ലെന്നാണ് ടൂറിസം പോലീസിന്റെ നിലപാടെന്നറിയുന്നു. വൈകിയെത്തിയ ലോക്കല്‍ പോലീസാകട്ടെ, പ്രതിയേയും പരാതിക്കാരിയേയും അവിടെ കൂടിയവര്‍ എന്തിനാണ് 'വിട്ടുകളഞ്ഞതെന്നു' ചോദിച്ചു വിരട്ടിയ ശേഷം കളം കാലിയാക്കിയെന്നും പിന്നീട് ചിലര്‍ പറഞ്ഞു!

Thursday, April 14, 2011

തത്തംപള്ളിക്കു വേണ്ടത്

ന്താണ് തത്തംപള്ളിക്കു വേണ്ടത്? തത്തംപള്ളിയുടെ വികസനത്തിനായി കൊതിക്കുന്ന എല്ലാവര്‍ക്കും എഴുതാം. ലോകത്തിന്റെ എവിടെനിന്നും. ആലപ്പുഴയിലെ ഒരു ചെറുപ്രദേശത്തെ വികസിതവും ഗുണപ്രദവും മനോഹരവുമാക്കാനുള്ള ആശയങ്ങളാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് തേടുന്നത്. ഒരു പ്രദേശം നന്നാകുമ്പോഴും ഗുണപരമായി മുന്നേറുമ്പോഴും പട്ടണത്തിലെ സമീപപ്രദേശങ്ങളും സ്വയം മികവുറ്റതായി മാറും.

പതിമൂന്നാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞൈടുപ്പ് ഇന്നലെ (2011 ഏപ്രില്‍ 13-ന്) കഴിഞ്ഞ സ്ഥിതിക്ക് ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഫലപ്രഖ്യാപനം മേയ് 13-നാണ്. അതിനിടയ്ക്ക് നാട്ടുകാര്‍ നാടിനു വേണ്ട കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കണം. സ്ഥാനാര്‍ഥികളുടെ വാഗ്ദാനപ്പെരുമഴയില്‍ കാര്യമില്ല. വിജയി ആത്മാര്‍ഥമായി ജനങ്ങള്‍ക്കായി എന്തു ചെയ്യുമെന്നാണ് നോക്കേണ്ടത്. തത്തംപള്ളിക്കു വേണ്ട കാര്യങ്ങളെക്കുറിച്ച് ഓര്‍ത്തും എഴുതിയും വയ്ക്കണമെന്ന് ബ്ലോഗില്‍ ആഴ്ചകളായി പരസ്യം നല്കി വന്നിരുന്നു.

എംഎല്‍എ മുന്‍കൈ എടുത്തു സംസ്ഥാന സര്‍ക്കാരിനെക്കൊണ്ടും മുനിസിപ്പല്‍ കൗണ്‍സിലിനെക്കൊണ്ടും ചെയ്യിക്കേണ്ട കാര്യങ്ങള്‍ വായനക്കാര്‍ക്ക് എഴുതാം. സാമൂഹ്യം, സാമ്പത്തികം, സാംസ്‌കാരികം, ആരോഗ്യം, ഭക്ഷ്യം, സഹകരണം, സുരക്ഷ തുടങ്ങിയ മനുഷ്യര്‍ക്കു പ്രയോജനപ്പെടുന്ന ഏതു രംഗത്തിലും ഗുണമുണ്ടാകുന്ന എന്തും അവതരിപ്പിക്കാം. ആവശ്യങ്ങള്‍, ആവലാതികള്‍, ആഗ്രഹങ്ങള്‍, മാതൃകകള്‍ അങ്ങനെ എന്തുമാകട്ടെ. ലോകത്തിന്റ വിവിധ പ്രദേശങ്ങളില്‍ നിന്നു പകര്‍ത്താവുന്ന വായനക്കാര്‍ കണ്ടിട്ടുള്ള മികച്ച പദ്ധതികളും നേട്ടങ്ങളും പകര്‍ത്താന്‍ അധികൃതരോട് ആവശ്യപ്പെടാം. കുറിപ്പുകള്‍ കൂടാതെ മാതൃകകള്‍ വ്യക്തമാക്കാന്‍ രേഖാചിത്രങ്ങളും ഫോട്ടോകളും അയക്കാം.

മൗലികവും പുതുമയുള്ളതുമായ ആശയങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‌കേണ്ടത്. കുറിപ്പുകള്‍ മലയാളത്തിലായിരിക്കണം. ഒരാള്‍ക്ക് എത്ര കുറിപ്പുകള്‍ വേണമെങ്കിലും അയക്കാം. കുറിപ്പുകള്‍ ഇ-മെയിലായോ തപാലിലോ അയക്കാം. മികച്ച കുറിപ്പുകള്‍ അയക്കുന്നവരുടെ പേരുകള്‍ നറുക്കിട്ട് നൂറു പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്കും.

ഇ-മെയിലിലും തപാലിലും അയക്കുന്നവരുടെ പൂര്‍ണമേല്‍വിലാസം മൊബൈല്‍ ഫോണ്‍ നമ്പര്‍ സഹിതം രേഖപ്പെടുത്തിയിരിക്കണം. തപാലില്‍ അയക്കുന്നവര്‍ ഇ-മെയില്‍ ഐഡി രേഖപ്പെടുത്തണം.

ഇ-മെയില്‍ ചെയ്യുന്നവര്‍ യൂണിക്കോഡ് അഥവാ വേര്‍ഡ് അഥവാ പേജ്‌മേക്കര്‍ ഫോര്‍മാറ്റിലാണ് അയക്കേണ്ടത്. ഒപ്പം അവയുടെ പിഡിഎഫ് പതിപ്പു കൂടി അറ്റാച്ച് ചെയ്യുന്നത് ഉചിതമായിരിക്കും. ഫോണ്ട് മിസിങ്ങുകള്‍ ഒഴിവാക്കാന്‍ അത് ഉപകാരപ്പെടും.

ഇ-മെയില്‍ അയക്കേണ്ട ഐഡി: thathampallyward@gmail.com. സബ്ജക്ടില്‍ 'തത്തംപള്ളിക്കു വേണ്ടത്' എന്നു ചേര്‍ക്കണം.

തപാല്‍ മേല്‍വിലാസം: TWB Editor, TRA 3, Madom Road, Thathampally P.O., Alappuzha-688013, Kerala, India. കവറിന്റെ പുറത്ത് 'തത്തംപള്ളിക്കു വേണ്ടത്' എന്നു രേഖപ്പെടുത്തണം.

കുറിപ്പുകള്‍ ലഭിക്കേണ്ട അവസാന തീയതി: 2011 മേയ് പന്ത്രണ്ട് 11.30 പിഎം (ഐഎസ്ടി)

ഇ-മെയിലിലും തപാലിലും ലഭിക്കുന്ന കുറിപ്പുകള്‍ എഴുതിയവരുടെ പേരുകള്‍ നറുക്കിട്ടായിരിക്കും പ്രോത്സാഹന സമ്മാനം വിതരണം ചെയ്യുക.

മത്സരത്തില്‍ ലോകത്തിന്റെ ഏതുഭാഗത്തുള്ളവര്‍ക്കും പങ്കെടുക്കാമെങ്കിലും സമ്മാന വിതരണം ആലപ്പുഴ പട്ടണത്തിലുള്ള ഏതെങ്കിലും കടയില്‍ നിന്നു നേരിട്ടായിരിക്കും. സമ്മാനം വാങ്ങാന്‍ ആലപ്പുഴയിലുള്ള ബന്ധുക്കളേയോ സുഹൃത്തുക്കളയോ ഏര്‍പ്പെടുത്താം. സമ്മാന വിതരണ സ്ഥലവും തീയതിയും പിന്നീട് ഇ-മെയിലിലൂടെ അറിയിക്കും. പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കടലാസിന്റെ ഉപയോഗം കഴിവതും കുറയ്ക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.

മത്സരം സംബന്ധിച്ച എല്ലാ കാര്യങ്ങളിലും ബ്ലോഗ് അഡ്മിനിസ്ട്രറ്റര്‍ ആന്‍ഡ് എഡിറ്റര്‍ അടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

തത്തംപള്ളി വാര്‍ഡ് ഉള്‍പ്പെട്ട ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എയ്ക്കും ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിനും വായനക്കാരുടെ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് സമര്‍പ്പിക്കും. അതില്‍ എംഎല്‍എയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുമെന്നു ഉറപ്പുനല്കുന്ന പദ്ധതികള്‍ ബ്ലോഗിലൂടെ വായനക്കാരെ അറിയിക്കുകയും ചെയ്യും.

സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ആക്ടിവ് കോണ്‍സെന്‍ട്രേറ്റഡ് ലിക്വിഡ് ഡിറ്റര്‍ജന്റ് നിര്‍മാതാക്കളായ നാഷണല്‍ ഇന്‍ഡസ്ട്രീസ്.

........................................

'തത്തംപള്ളിക്കു വേണ്ടത്' എന്ന മത്സരത്തെ സംബന്ധിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 2011 മേയ് അഞ്ചിനു പുറത്തിറക്കിയ പത്രക്കുറിപ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

Tuesday, April 12, 2011

നാടു നന്നാക്കുന്നതിന്റെ ഭാഗമായി ആദ്യം ഭിത്തികള്‍ വൃത്തിയാക്കുക

തിമൂന്നാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണം അവസാനിച്ച് നാളെ (2011 ഏപ്രില്‍ 13 ബുധന്‍) വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക്. ഏതായാലും ഫലപ്രഖ്യാപനത്തിന് ഒരു മാസം കൂടിയുണ്ട്. ഇനിയാണ് സ്ഥാനാര്‍ഥികളും അവരുടെ പ്രവര്‍ത്തകരും ആര്‍ജവത്തോടെ ഒരു കാര്യം ചെയ്യേണ്ടത്. പ്രചാരണാര്‍ഥം സ്വകാര്യ മതിലുകളില്‍ പതിച്ചിട്ടുള്ള പോസ്റ്ററുകളും ചുവരെഴുത്തുകളും വഴിനീളെ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ബാനറുകളും കൊടികളും തോരണങ്ങളും എല്ലാം നീക്കം ചെയ്ത് സ്ഥലങ്ങള്‍ വൃത്തിയാക്കി മാതൃക കാട്ടണം. ഏതായാലും ഒരു കാലത്തും അതാരും ചെയ്തു കണ്ടിട്ടില്ല.

പട്ടണം മനോഹരമായി നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കടമയുണ്ട്. നാടു നന്നാക്കുന്നതിന്റെ ഭാഗമായി ആദ്യം വൃത്തികേടാക്കിയ ഭിത്തികള്‍ വൃത്തിയാക്കുന്ന ഏര്‍പ്പാടിന്റെ തുടക്കം തത്തംപള്ളി വാര്‍ഡില്‍ നിന്നാകട്ടെ.

മറ്റുള്ളവരുടെ ഭിത്തികള്‍ വൃത്തികേടാക്കി വയ്ക്കുന്നവര്‍ അവര്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമെന്നു ഉറപ്പിക്കുക വയ്യ എന്നു നാട്ടുകാര്‍ പറയുന്നു. ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നറിഞ്ഞിട്ടും ഇലക്ട്രിക് പോസ്റ്റുകളിലടക്കമുള്ള പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. നിരോധനം മറികടന്നു പതിച്ചിട്ടുള്ളവ പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു തന്നെ ഇലക്ഷന്‍ ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ കറുത്ത ചായമടിച്ചു മറച്ചതും നോക്കുകുത്തികളായി കാണാം. അതിനുള്ള അവസരം നല്കിയവര്‍ പൊതുജനങ്ങള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് എങ്ങനെ പറയാനാകും?

കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പു കാലത്തു പതിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 'പോസ്റ്ററുകള്‍ നീക്കം ചെയ്യണം' എന്ന തലക്കെട്ടിലുള്ള പോസ്റ്റില്‍ 2011 ഒക്ടോബര്‍ 28-ന് ആവശ്യപ്പെട്ടിരുന്നു. (ആ പോസ്റ്റ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) അതും ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. പലയിടങ്ങളിലും മതിലുകളുടെ ഉടമകള്‍ക്കു പോലും അവ സ്വയം വൃത്തിയാക്കാന്‍ ഭയമുണ്ട്. കാരണം പോസ്റ്ററുകള്‍ ഒട്ടിച്ച പാര്‍ട്ടിക്കാര്‍ അവര്‍ക്കെതിരേയുള്ള നീക്കമായി സ്വയം തീരുമാനിച്ച് ഉടമകള്‍ക്കെതിരെ ഭീഷണിയുയര്‍ത്തിയ മുന്‍ സംഭവങ്ങളുള്ളതു കൊണ്ടാണത്.

സ്വകാര്യ വസ്തുക്കളില്‍ ഉടമകളുടെ രേഖാമൂലമുള്ള അനുമതി നേടിയ ശേഷമായിരിക്കണം പോസ്റ്റര്‍ പതിക്കലും മറ്റും. എന്നാല്‍ സാമാന്യ മര്യാദയ്ക്ക് ഒന്നു ചോദിക്കുക പോലും ചെയ്യാതെയാണ് വിവിധ പാര്‍ട്ടികളില്‍പ്പെട്ട സ്ഥാനാര്‍ഥികളുടെ പ്രചാരണ വസ്തുക്കള്‍ സ്ഥാപിച്ചിട്ടുള്ളതെന്നാണ് പൊതുവേയുള്ള പരാതി. 

Monday, April 11, 2011

തത്തംപള്ളിയില്‍ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും: മാത്യു

ത്തംപള്ളിയുടെ വികസനത്തിന് നഗരവികസന രംഗത്തെ വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് പുത്തന്‍ വീക്ഷണങ്ങളുള്ള ഏകീകൃത പദ്ധതികളുടെ മുന്‍ഗണനാ പട്ടിക തയാറാക്കി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ആലപ്പുഴ നിയമസഭാ നിയോജക മണ്ഡത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.പി.ജെ.മാത്യു (കോണ്‍ഗ്രസ്)-വിന്റെ ഉറപ്പ്.

ആലപ്പുഴ നിയോജക മണ്ഡലത്തിലെ ആറു സ്ഥാനാര്‍ഥികളില്‍ മാത്യു മാത്രമാണ് തത്തംപള്ളിയിലെ വിഷയങ്ങള്‍ പഠിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഉറപ്പുമായി മുന്നോട്ടു വന്നിട്ടുള്ളത്. അടിസ്ഥാനസൗകര്യങ്ങള്‍, പാര്‍പ്പിടം, വിനോദസഞ്ചാരം, പാഴ് വസ്തു നിര്‍മാര്‍ജനം, ആരോഗ്യം, ഉപഭോഗം തുടങ്ങിയ മേഖലകളെയെല്ലാം മാത്യു സ്പര്‍ശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സ്ഥാനാര്‍ഥി ഓരോ ആറു മാസത്തിനുള്ളിലും അടുത്ത അഞ്ചു വര്‍ഷം സമയബന്ധിതമായി ജനോപകാരപ്രദങ്ങളായ എന്തു പദ്ധതികള്‍ തത്തംപള്ളിയില്‍ നടപ്പിലാക്കുമെന്നുളള തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ (http://thathampallyward.blogspot.com)ചോദ്യത്തിനുള്ള വിശദമായ മറുപടിയിലാണ് പി.ജെ.മാത്യു ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

എല്ലാ സ്ഥാനാര്‍ഥികള്‍ക്കും 2011 ഏപ്രില്‍ ഒന്നിന് രേഖാമൂലം ചോദ്യമടങ്ങിയ കത്ത് തപാലില്‍ അയച്ചു. അന്നു തന്നെ കത്തിന്റെ പകര്‍പ്പ് ബ്ലോഗിലെ 'തത്തംപള്ളി വാര്‍ഡിന് എന്തു കിട്ടും?' എന്ന പോസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ 10-നകം കിട്ടുന്ന വിശദമായ മറുപടികള്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിരുന്നു. ലക്ഷ്യങ്ങള്‍ വ്യക്തമാക്കിയ വിശദമായ മറുപടി പി.ജെ.മാത്യു ഒന്‍പതിനു ഇ-മെയിലില്‍ അയച്ചുനല്കി.

ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന പഴക്കംചെന്ന അധിവാസ മേഖലയാണ് തത്തംപള്ളിയെന്ന് പി.ജെ.മാത്യു അനുസ്മരിച്ചു. അതിനു സ്വന്തം സംസ്‌കാരവും പാരമ്പര്യവുമുണ്ട്. വ്യാപാരവും നിര്‍മാണശാലകളും കൃഷിയും തത്തംപള്ളിയുടെ ഭാഗമായിരുന്നു. എന്നാല്‍ ഈ പ്രദേശം ഇപ്പോള്‍ അനുഭവിക്കുന്ന പിന്നാക്കാവസ്ഥയെക്കുറിച്ച് ബോധ്യമുണ്ട്. വിനോദസഞ്ചാര, വിവരസാങ്കേതിക മേഖലകളിലും മറ്റു സേവന വിഭാഗങ്ങളിലും ഉണ്ടാകുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പുനര്‍ജ്ജീവനം അത്യാവശ്യമാണ്. അതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും.

വേമ്പനാടു കായലിനോടു ചേര്‍ന്ന പ്രദേശമായതിനാല്‍ മഴക്കാലത്ത് തത്തംപള്ളി പ്രദേശത്ത് യാത്രയും ജലനിര്‍ഗമനവും പ്രശ്‌നമാണ്. അതു പരിഹരിക്കാന്‍ റോഡുകള്‍ ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്യാനും ആവശ്യമുള്ളയിടങ്ങളില്‍ ഉചിതമായ ഡ്രെയിനേജ് സൗകര്യങ്ങള്‍ ഒരുക്കാനും ലക്ഷ്യമിടുന്നു. കുടിവെള്ളവും പ്രശ്‌നമാണ്. ഇവ പരിഹരിക്കാന്‍ മുന്‍ഗണന നല്കും.

ഭാവിയില്‍ പാര്‍പ്പിടങ്ങള്‍ അപര്യാപ്തമാകും. അതു പരിഹരിക്കാന്‍ പാര്‍പ്പിട പദ്ധതികള്‍ ഏറ്റെടുക്കുന്ന ഹൗസിംഗ് സൊസൈറ്റി രൂപവത്കരിക്കും. നമ്മുടെ സ്വന്തം ഉറവിടങ്ങളും സ്ഥാപനങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായവും ഇതിനായി ഒന്നിച്ചുചേര്‍ക്കും.

വിനോദസഞ്ചാര രംഗത്ത് പരമാവധി തൊഴില്‍സാധ്യതകള്‍ ഉറപ്പാക്കാന്‍ കര്‍മ്മപദ്ധതികള്‍ നിര്‍ദേശിക്കും. പ്രത്യേകിച്ച് ഹെരിറ്റേജ് ടൂറിസത്തിലും ഹോം സ്‌റ്റേയിലുമായിരിക്കുമിത്. എക്കോ ടൂറിസം അഭിവൃദ്ധിപ്പെടുത്താനും നടപടികള്‍ സ്വീകരിക്കും.

പ്രദേശവാസികളുടെ സഹകരണത്തോടെ പാഴ്‌വസ്തു നിര്‍മാര്‍ജനത്തിന് മെച്ചപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കും. പ്രദേശത്തെ എല്ലാവിധ മലിനീകരണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ നടപടികളെടുക്കും.

മഴക്കാലത്ത് ജലജന്യ രോഗങ്ങള്‍ പടരുന്നത് തടയാന്‍ മുന്‍കരുതല്‍ സ്വീകരിക്കും.

ഗുണമേറിയ പഴവും പച്ചക്കറികളും പാലും മുട്ടയും ജനങ്ങള്‍ക്ക് ന്യായവിലയില്‍ ലഭ്യമാക്കാന്‍ സ്വയം സഹായ സംഘങ്ങള്‍ നടത്തുന്ന വില്പനകേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തും.

വിലയേറിയ വോട്ടുകള്‍ നല്കി പരിശ്രമത്തെ സഹായിക്കണമെന്നും മാത്യു അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഓരോ ചെറുപ്രദേശങ്ങളിലും എംഎല്‍എയുടെ കണ്ണും മനസും എത്തിക്കണമെന്ന വികാരമാണ് ബ്ലോഗിന്റെ കത്തിനു പിന്നിലുണ്ടായിരുന്നത്. പ്രാദേശിക തലത്തില്‍ തത്തംപള്ളിയിലും സമീപപ്രദേശങ്ങളിലുമുള്ള വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളും തത്തംപള്ളിക്കു മാത്രമല്ല ആലപ്പുഴ പട്ടണത്തിന് ആകെയാണ് ഗുണം ചെയ്യുക. അതുതന്നെയാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ പ്രധാന ലക്ഷ്യവും.

തെരഞ്ഞെടുപ്പിനു മുന്‍പു പ്രചാരണത്തിരക്കുകളും ജയിച്ചു കഴിഞ്ഞാല്‍ ഭരണത്തിരക്കുകളും കാരണം സാധാരണ ജനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ അപ്രാപ്യമാകാറുണ്ട്. അവര്‍ക്ക് വോട്ടുചെയ്യാന്‍ മാത്രമാണ് വിധിയും അധികാരവും. അതിനൊരു മാറ്റം ഉണ്ടാക്കുക എന്നതു കൂടി ബ്ലോഗിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ജനങ്ങളുടെ ആവശ്യങ്ങളും ആവലാതികളും ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അധികൃതര്‍ നടപടി സ്വീകരിച്ചു വിവരം അറിയിച്ചാല്‍ അവയും പ്രസിദ്ധീകരിക്കും. എല്ലാം സുതാര്യം. എല്ലാം എപ്പോഴും രേഖയില്‍.

പി.ജെ.മാത്യുവിന്റെ ഉറപ്പു സംബന്ധിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് പുറത്തിറക്കിയ പത്രക്കുറിപ്പ് ('വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തത്തംപള്ളിയില്‍ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും') തത്തംപള്ളിയെക്കുറിച്ച് മാത്യുവിന്റെ ഭാവി പദ്ധതികള്‍ (Future Plans for Thathampally) എന്നിവയുടെ ശരിപ്പകര്‍പ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Sunday, April 10, 2011

തത്തംപള്ളിക്കു വേണ്ടി എന്ത്?: ഉറപ്പ് ഒരു സ്ഥാനാര്‍ഥിയില്‍ നിന്നു മാത്രം

യിച്ച് ഓരോ ആറു മാസത്തിനുള്ളിലും തത്തംപള്ളിക്കു വേണ്ടി അഞ്ചു വര്‍ഷം ക്രിയാത്മകമായി എന്തു ചെയ്യുമെന്നുള്ള തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ ഒരു സ്ഥാനാര്‍ഥിയില്‍ നിന്നു മാത്രം.

പതിമൂന്നാം കേരള നിയമസഭയിലേക്ക് ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്ന ആറു സ്ഥാനാര്‍ഥികളില്‍ യു.ഡി.എഫ് മുന്നണിക്കു വേണ്ടി മത്സരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ജെ. മാത്യു മാത്രമാണ് എന്തു നടപ്പിലാക്കുമെന്നു ഉറപ്പു നല്കിയിട്ടുള്ളത്.

ജനവിധി തേടി ആലപ്പുഴയില്‍ നിന്നു ജയിക്കുന്ന സ്ഥാനാര്‍ഥി തത്തംപള്ളി വാര്‍ഡിന് ജനോപകാരപ്രദങ്ങളായ ഏതൊക്കെ പദ്ധതികള്‍ നടപ്പിലാക്കുമെന്നു ചോദ്യത്തില്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും 2011 ഏപ്രില്‍ ഒന്നിന് രേഖാമൂലം ചോദ്യമടങ്ങിയ കത്ത് തപാലില്‍ അയച്ചു. അന്നു തന്നെ കത്തിന്റെ പകര്‍പ്പ് 'തത്തംപള്ളി വാര്‍ഡിന് എന്തു കിട്ടും?' എന്ന പോസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ 10-നകം കിട്ടുന്ന വിശദമായ മറുപടികള്‍ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിരുന്നു. (ഏപ്രില്‍ 10-ന് ഞായറാഴ്ച രാത്രി 10 വരെ മറുപടികള്‍ക്കു കാത്തു.) ലക്ഷ്യങ്ങള്‍ വ്യക്തമാക്കിയ വിശദമായ മറുപടി ഏപ്രില്‍ ഒന്‍പതിനു രാവിലെ പി.ജെ.മാത്യു ഇ-മെയിലില്‍ അയച്ചുനല്കി. ആലപ്പുഴയില്‍ അഭിഭാഷകനാണ് മാത്യു.

ഓരോ ചെറുപ്രദേശങ്ങളിലും എംഎല്‍എയുടെ കണ്ണും മനസും എത്തിക്കണമെന്ന വികാരമാണ് കത്തിനു പിന്നിലുണ്ടായിരുന്നത്. തത്തംപള്ളിയിലും സമീപപ്രദേശങ്ങളിലുമുള്ള വികസനപ്രവര്‍ത്തനങ്ങളും പദ്ധതികളും തത്തംപള്ളിക്കു മാത്രമല്ല പട്ടണത്തിന് ആകെയാണ് ഗുണം ചെയ്യുക. അതുതന്നെയാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ പ്രധാന ലക്ഷ്യവും.

തെരഞ്ഞെടുപ്പിനു മുന്‍പു പ്രചാരണത്തിരക്കുകളും ജയിച്ചു കഴിഞ്ഞാല്‍ ഭരണത്തിരക്കുകളും കാരണം സാധാരണ ജനങ്ങള്‍ക്ക് ജനപ്രതിനിധികള്‍ അപ്രാപ്യമാകാറുണ്ട്. അവര്‍ക്ക് വോട്ടുചെയ്യാന്‍ മാത്രമാണ് വിധിയും അധികാരവും. അതിനൊരു മാറ്റം ഉണ്ടാക്കുക എന്നതു കൂടി ബ്ലോഗിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ജനങ്ങളും ആവശ്യങ്ങളും ആവലാതികളും ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. അധികൃതര്‍ നടപടി സ്വീകരിച്ചു വിവരം അറിയിച്ചാല്‍ അവയും പ്രസിദ്ധീകരിക്കും.

ജനപ്രതിനിധികള്‍ നാടിനു വേണ്ടി എന്തു ചെയ്തു, എന്തു ചെയ്തില്ല എന്നതൊക്കെ ഏതാനും ക്ലിക്കുകളിലൂടെ വോട്ടര്‍മാരുടെ മുന്നിലെത്തും. അതെന്നും രേഖയായി കിടക്കുകയും ചെയ്യും. എല്ലാം സുതാര്യം. നാട്ടുകാര്‍ക്കു ഭാവിയില്‍ സ്വയം ശരിയായ തീരുമാനങ്ങളിലെത്താന്‍ ഉത്തമ സഹായി.

Friday, April 8, 2011

അഴിമതിക്കെതിരേ ഇന്ത്യ


ഴിമതിക്കെതിരേ ലോക്പാല്‍ ബില്ല് നടപ്പാക്കുക എന്ന ആവശ്യവുമായി ഡല്‍ഹി ജന്തര്‍ മന്ദിറില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ (കിസാന്‍ ബാപത് ബാബുറാവു ഹസാരെ, ജനനം 1940 ജനുവരി 15) നടത്തുന്ന മരണം വരെ നിരാഹാര സമരം ഇന്ന് (2011 ഏപ്രില്‍ എട്ട്) നാലാം ദിവസത്തിലേക്കു കടന്നു. സമൂഹത്തിലെ എല്ലാവിധ അഴിമതികള്‍ക്കെതിരേയും വായനക്കാര്‍ പ്രതികരിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആഗ്രഹിക്കുന്നു. അണ്ണാ ഹസാരെയുടെ സമരം നാളെ ഒത്തുതീര്‍പ്പിലെത്തിയേക്കും.
 

Monday, April 4, 2011

ബി.ജെ.പി സത്യവാങ്മൂലത്തില്‍ ആലപ്പുഴയ്ക്കു പകരം അമ്പലപ്പുഴ!

ത്തംപളളി വാര്‍ഡ് ഉള്‍പ്പെടുന്ന ആലപ്പുഴ നിയോജക മണ്ഡലത്തിലെ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്‍ നായര്‍ (51) റിട്ടേണിംഗ് ഓഫീസര്‍ക്കു നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച  സത്യവാങ്മൂലത്തില്‍ മത്സരിക്കാനുദ്ദേശിക്കുന്ന നിയോജക മണ്ഡലത്തിന്റെ പേര് ആലപ്പുഴ എന്നതിനു പകരം അമ്പലപ്പുഴ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ആലപ്പുഴ മണ്ഡലത്തിന്റെ നമ്പരായ 104 കൃത്യമായി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ 2011 മാര്‍ച്ച് 26-നു നല്കിയ ഈ സത്യവാങ്മൂലം തിരുത്തു കൂടാതെ റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ചതായാണ് മനസിലാകുന്നത്.

Sunday, April 3, 2011

നിവേദനക്കാര്യം മന്ത്രി (സ്ഥാനാര്‍ഥി)-യുടെ ശ്രദ്ധയില്‍

ലപ്പുഴ തത്തംപള്ളി വാര്‍ഡിന്റെ വികസനത്തിനായി പൊതുജനങ്ങള്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് മുഖേന ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ക്രോഡീകരിച്ച് എല്‍ഡിഎഫ് ഭരണനേതൃത്വം വഹിക്കുന്ന ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിന് നിവേദനം നല്കിയിട്ട്, നിവേദനം കിട്ടിയെന്നുപോലും ഒരു വരി മറുപടി ലഭിച്ചിട്ടില്ലെന്ന പരാതി ആലപ്പുഴ നിയമസഭാ നിയോജക മണ്ഡലം സിപിഐ (എം) സ്ഥാനാര്‍ഥിയും നിലവില്‍ ധനകാര്യ മന്ത്രിയുമായ ഡോ.ടി.എം.തോമസ് ഐസക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു drthomasisaac.in വെബ്‌സൈറ്റ് ടീം വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പു പ്രമാണിച്ച് ആരംഭിച്ച സൈറ്റാണിത്.

വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനു മറുപടിയാണ് ടീം നല്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കഴിയുന്ന മുറയ്ക്ക് അദ്ദേഹത്തിന്റെ ഇടപെടലുണ്ടാകുമെന്നും വാര്‍ഡിലെ മുഴുവന്‍ പേരുടെയും പിന്തുണ ഇക്കാര്യത്തില്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും സൂചിപ്പിച്ചിട്ടുണ്ട്.

2010 നവംബര്‍ ഒന്‍പതിനു നിവേദനം നല്കുന്നതു സംബന്ധിച്ച അറിയിപ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യങ്ങള്‍ ക്രോഡീകരിച്ച് ഡിസംബര്‍ 30-ന് നിവേദനം ബന്ധപ്പെട്ടവര്‍ക്ക് തപാലില്‍ അയച്ചുകൊടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിനെക്കുറിച്ചുള്ള വാര്‍ത്ത പത്രമാധ്യമങ്ങളില്‍ വന്നിരുന്നു. തുടര്‍ന്നും ഓര്‍മ്മപ്പെടുത്തല്‍ കുറിപ്പയച്ചു. (നിവേദനത്തിന്റെ പകര്‍പ്പ് പൂര്‍ണരൂപത്തില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) എന്നാല്‍ ഇതുവരെ മുനിസിപ്പല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞത് കാല്‍ വര്‍ഷം!

ഇതേസമയം, തത്തംപള്ളി വാര്‍ഡ് കാലങ്ങളായി യു.ഡി.എഫ് ഭൂരിപക്ഷ മേഖലയാണെന്നും അവിടുത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫിന് കഴിയില്ല എന്നു ബഹുമാനപ്പെട്ട സമ്മതിദായകര്‍ തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് കൊള്ളാം എന്നും ഒരു അതിഥിയുടെ പോസ്റ്റ് വന്നു.

അതിനു മറുപടിയായി 'തത്തംപള്ളി ആലപ്പുഴയിലല്ലേ?' എന്ന തലക്കെട്ടില്‍ രവീന്ദ്രന്‍ ഇങ്ങനെ എഴുതി: ഇതാണ് തരംതാഴ്ന്ന കക്ഷിരാഷ്ട്രീയം. ഈ ടേമിലും കഴിഞ്ഞ ടേമിലും ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ഭരണം എല്‍ഡിഎഫിനാണ്. തത്തംപള്ളി വാര്‍ഡ് കൗണ്‍സിലര്‍ തുടര്‍ച്ചയായി യുഡിഎഫില്‍ നിന്നായതു കൊണ്ട് ആ വാര്‍ഡില്‍ ഒന്നും വേണ്ടായെന്നായിരിക്കും ഭരണപക്ഷത്തിന്റെ നിലപാട്. പിന്നെങ്ങനെ എതിര്‍പക്ഷം ഭൂരിപക്ഷമായ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും? ആവശ്യങ്ങള്‍ സാധിക്കപ്പെടും? ഏതായാലും കുന്നുകൂടി ചീഞ്ഞുനാറുന്ന മാലിന്യങ്ങളും ഓടിനടന്നു കടിക്കുന്ന തെരുവു പേപ്പട്ടികളും ഒരു വാര്‍ഡില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ലെന്നു എല്ലാ സമ്മതിദായകരും തിരിച്ചറിയുന്നുണ്ട്. വര്‍ഷങ്ങളായി ആ നിലയ്ക്ക് മാറ്റമില്ലതാനും. വോട്ടര്‍മാര്‍ അടിസ്ഥാനപരമായി വളരെ നേരിട്ടിടപെടേണ്ടി വരുന്ന ഒരു മുനിസിപ്പാലിറ്റി അനേക വര്‍ഷങ്ങളായി ഇങ്ങനെ.. അതുകഴിഞ്ഞിട്ടല്ലേയുള്ളു നിയമസഭ.

അതിനു പേരു വയ്ക്കാതെ അതിഥി ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: തോമസ് ഐസക്ക് കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലല്ല കാര്യങ്ങള്‍ കാണുന്നതെന്നാണ് മനസ്സിലാക്കുന്നത്. അദ്ദേഹം നിങ്ങളെ സഹായിക്കുമായിരിക്കും... പ്രതീക്ഷിക്കുക. പക്ഷേ, തത്തംപള്ളിക്കാര്‍ കാലാകാലങ്ങളായി കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ കാണുന്നവരാണെന്നാണ് കേള്‍ക്കുന്നത്. അതുകൊണ്ട് സൂചിപ്പിച്ചെന്നേ ഉള്ളൂ... ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ മറ്റ് യൂ.ഡി.എഫ് വാര്‍ഡുകളില്‍ നിന്നും അവരെ അവഗണിക്കുന്നതായി പരാതി കേള്‍ക്കുന്നില്ലല്ലോ...

അതിനും രവീന്ദ്രന്‍ 'എല്ലാം സഹിക്കുന്നു' എന്ന തലക്കെട്ടില്‍ വിശദമായി മറുപടിയെഴുതി: പരാതിപ്പെട്ടിട്ട് എന്തു ഫലം? വിധിയെന്നു കരുതി എല്ലാവരും എല്ലാം സഹിക്കുന്നു. അത്ര തന്നെ. എന്നുകരുതി ആരും ഒന്നിനും പരാതിപ്പെടുന്നില്ലെന്നു കരുതരുത്. പത്രങ്ങളില്‍ ദിവസേന വരുന്ന ആവശ്യങ്ങളും ആവലാതികളും തന്നെ പരിശോധിക്കുക. തത്തംപള്ളിക്കു പ്രത്യേകമായി ഒന്നും വേണ്ട. പട്ടണത്തിന്റെ പരിച്ഛേദമാണ് ഈ പ്രദേശം. ഇവിടെയുണ്ടെങ്കില്‍ എല്ലായിടത്തുമുണ്ട്. വേണമെങ്കില്‍ ഏതാനും ദിവസം
കൊണ്ടു നടപ്പാക്കാവുന്ന കാര്യങ്ങള്‍ക്കു പോലും നീക്കുപോക്കില്ല. പിന്നെ, പ്രതീക്ഷയാണല്ലോ എല്ലാവരേയും നിലനിര്‍ത്തുന്നത്!

(ഡോ.ഐസക്കിന്റെ വെബ്‌സൈറ്റില്‍ വന്ന പോസ്റ്റുകള്‍ അതേപോലെ തന്നെ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)

Saturday, April 2, 2011

തത്തംപള്ളി ഇടവക മദ്യ വിമുക്തമാക്കുന്നു

ഹരി വിമുക്ത ഇടവക രൂപവത്കരണത്തിനായി തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളി ഇടവകയില്‍പ്പെട്ട കുടുംബങ്ങള്‍ പൂര്‍ണമായും മദ്യ-ലഹരി വിമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞയാഴ്ച ആരംഭിച്ചു. ഇതിന്റെ ഭാഗമായി ലഘുലേഖകള്‍ വീടുകളില്‍ എത്തിച്ചു. 2011 ഏപ്രില്‍ 25 മുതല്‍ ഭവനസന്ദര്‍ശനവും ബോധവത്കരണവും നടത്തും.

വികാരി ഫാ.ജോസഫ് ചൂളപ്പറമ്പില്‍, ഫാ.ജോര്‍ജ് കുറിഞ്ഞിക്കാട്ട്, ബ്രദര്‍ ജോജോ പുതുവേലില്‍, ബ്രദര്‍ തോമസ് നാലുതെങ്ങുങ്കല്‍ തുടങ്ങിയവരാണ് നേതൃത്വം നല്കുന്നത്.

Friday, April 1, 2011

തത്തംപള്ളി വാര്‍ഡിന് എന്തു കിട്ടും?

ത്തംപള്ളി വാര്‍ഡ് ഉള്‍പ്പെടുന്ന ആലപ്പുഴ നിയമസഭാ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളോട് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ചോദിക്കുന്നു. തത്തംപള്ളി വാര്‍ഡിന് എന്തു കിട്ടും?

ജനവിധി നേടി ജയിക്കുന്ന സ്ഥാനാര്‍ഥി തത്തംപള്ളി വാര്‍ഡിന് സമയബന്ധിതമായി ജനോപകാരപ്രദങ്ങളായ എന്തു പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് ചോദ്യം. ഇതുസംബന്ധിച്ച കത്ത് എല്ലാ സ്ഥാനാര്‍ഥികളുടേയും പേരില്‍ അയച്ചിട്ടുണ്ട്. പ്രഖ്യാപനമല്ല, തുടര്‍ച്ചയായ പ്രവൃത്തിയാണ് പ്രതീക്ഷിക്കുന്നത്.

ജയിച്ച് ഓരോ ആറു മാസത്തിനുള്ളിലും തത്തംപള്ളിക്കു വേണ്ടി അഞ്ചു വര്‍ഷം എന്തു ചെയ്യുമെന്നുള്ള ചോദ്യത്തിനു കിട്ടുന്ന വിശദമായ മറുപടി തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും. 2011 ഏപ്രില്‍ 10-നു മുന്‍പു ലഭിക്കുന്ന മറുപടികളാണ് പ്രസിദ്ധീകരിക്കുക.

ആലപ്പുഴ നിയമസഭാ നിയോജക മണ്ഡലത്തിലെ ആറു സ്ഥാനാര്‍ഥികള്‍ക്ക് അയച്ച കത്ത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.