സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Friday, July 29, 2011

റോഡുകളുടെ പുനഃരുദ്ധാരണത്തിനായി ഭരണാനുമതി

ലപ്പുഴ നിയോജക മണ്ഡലത്തിലെ മുനിസിപ്പല്‍ പ്രദേശത്തുള്ള തത്തംപള്ളി വാര്‍ഡ് ഉള്‍പ്പടെയുള്ള 25 വാര്‍ഡുകളില്‍ റോഡുകളുടെ പുനഃരുദ്ധാരണത്തിനായി 436 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയതായി 2011 ജൂലൈ 28-ന് ഡോ. തോമസ് ഐസക് എംഎല്‍എ. തത്തംപള്ളി വാര്‍ഡില്‍പ്പെട്ട സി.വൈ.എം.എ.- അസീസി കോണ്‍വന്റ് റോഡിന് 30 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

റോഡുകളും അനുവദിച്ച തുകയും:

കാളാത്ത് ജങ്ഷന്‍ മിയാത്ത് റോഡ് (30 ലക്ഷം),
ബാപ്പു ജങ്ഷന്‍ ഗാന്ധി ജങ്ഷന്‍ (15 ലക്ഷം),
ചന്ദനക്കടവ് ബീച്ച്കുരിശടി റോഡ് (സീവ്യൂ വാര്‍ഡ് 13 ലക്ഷം),
ലിയോതേര്‍ട്ടീന്‍ത് റോഡ് (പൂന്തോപ്പ് വാര്‍ഡ് 11 ലക്ഷം),
മോസ്‌കോ റോഡ് (9 ലക്ഷം),
പട്ടാണിമുക്ക് മുന്‍സിപ്പല്‍ കോളനി റോഡ് (7 ലക്ഷം),
ആറാട്ടുവഴി എല്‍.എഫ്.റോഡ് (6 ലക്ഷം),
ബ്രിട്ടീഷ് കോളനി റോഡ് (5 ലക്ഷം),
ചാത്തനാട് ഹോളിഫാമിലി പട്ടാണി ഇടുക്ക് (17 ലക്ഷം),
ചെറുകര ഗ്യാസ് ഏജന്‍സിനോര്‍ത്ത് എസ്.എന്‍.കവല റോഡ് (75 ലക്ഷം),
സി.വൈ.എം.എ. അസീസി കോണ്‍വന്റ് റോഡ് (30 ലക്ഷം),
ഹോളിഫാമിലി ചെമ്മകത്ത് റോഡ് (9 ലക്ഷം),
കാളാത്ത് ജങ്ഷന്‍ മീയാത്ത് പാല്‍ക്കുളങ്ങര റോഡ് (40 ലക്ഷം),
കാഞ്ഞിരംചിറ വികസന റോഡ് (12 ലക്ഷം),
കറുകപ്പള്ളി വിദ്യാതിയേറ്റര്‍ റോഡ് (9 ലക്ഷം),
കിടങ്ങാംപറമ്പ് ക്ഷേത്രം ആലിന്‍ചുവട് റോഡ് (6 ലക്ഷം),
കാപ്പില്‍മുക്ക് ജങ്ഷന്‍ സി.വൈ.എം.എ.റോഡ് (12 ലക്ഷം),
മാളികമുക്ക് മന്നം റോഡ് (7 ലക്ഷം),
മാമ്മൂട് ജങ്ഷന്‍ തലവടി ഭാരത് ഗ്യാസ് ജങ്ഷന്‍ റോഡ് (25 ലക്ഷം),
മംഗലം ബീച്ച് റോഡ് (10 ലക്ഷം),
എം.എം.മസ്ജിദ് മട്ടാഞ്ചേരി റോഡ് (8 ലക്ഷം),
മുനിസിപ്പല്‍ കോളനി റോഡ് (10 ലക്ഷം),
തോണ്ടന്‍കുളങ്ങര ചാത്തനാട് (17 ലക്ഷം),
ഗുരുമന്ദിരം സെന്റ് മേരീസ് റോഡ് (10 ലക്ഷം).
കൊമ്മാടി അയ്യന്‍കാളി റോഡ് (9 ലക്ഷം),
കൊമ്മാടി മംഗലം നവോദയ വായനശാല റോഡ് (15 ലക്ഷം),
ഔവേഴ്‌സ് കാഞ്ഞിരംചിറ (6 ലക്ഷം),
പാലക്കുളം കറുകപ്പള്ളി (10 ലക്ഷം),
പാലക്കുളം കൊച്ചീത്ര ഭജനമഠം റോഡ് (10 ലക്ഷം),
മുതുവര പൂന്തോപ്പ് റോഡ് (12 ലക്ഷം),
ചാരായഷാപ്പ് കയര്‍ഫെഡ് ലെയ്ന്‍ ഡച്ച്‌സ്‌ക്വയര്‍ റോഡ് (12 ലക്ഷം).

റോഡ് പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചിട്ടില്ല.

Saturday, July 23, 2011

മഴക്കാലം ആസ്വദിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം: ഡോ.ജി.എസ്.റാവു

സുന്ദരമായ മഴക്കാലം ആസ്വദിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് യശോദ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് മാനേജിങ് ഡയറക്ടര്‍ ഡോ.ജി.എസ്.റാവു.

ജീവന്റെ അനേക കണങ്ങളുമായാണ് മഴക്കാലത്തിന്റെ ആഗമനമെന്നും എന്നാല്‍ ഏതൊരു നല്ല കാലത്തിനും മോശം മുഖമുള്ളതു മഴക്കാലത്തിനുമുണ്ട് ചീത്ത വശങ്ങളെന്ന് ഡോ. ജി.എസ്.റാവു ഓര്‍മ്മിപ്പിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശക്തി കുറയ്ക്കുന്നുവെന്നതാണ് അതില്‍ പ്രധാനമായത്. അതിനാല്‍ മഴക്കാലത്തോടനുബന്ധിച്ച് സാധാരണയായി പല മാരകരോഗങ്ങളും ഉണ്ടാകുന്നു. മഴയെത്തുടര്‍ന്നുണ്ടാകുന്ന തണുപ്പും വെള്ളക്കെട്ടും കൊതുകുകള്‍ക്കു മുട്ടയിട്ടു പെരുകാന്‍ സാഹചര്യമൊരുക്കുന്നു. ഇവ മലേറിയ, ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ പരത്തുകയും ചെയ്യുന്നു. പ്രതിരോധ ശക്തി വളര്‍ത്തിക്കൊണ്ട് ഇത്തരം രോഗങ്ങളെ നേരിടാന്‍ ശരീരത്തെ പ്രാപ്തമാക്കാനും ഈ രോഗങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാനും മഴക്കാലം ഓര്‍മിപ്പിക്കുന്നുവെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗിനോട് ഡോ.ജി.എസ്.റാവു സൂചിപ്പിച്ചു.


മഴക്കാലത്ത് എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് 'മഴക്കാലമെത്തി, രോഗങ്ങളും; പ്രതിരോധം തന്നെ പ്രധാനം' എന്ന തലക്കെട്ടിലുള്ള ഡോ.ജി.എസ്.റാവുവിന്റെ വിശദമായ ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഹൈദരബാദിലും സെക്കന്തരാബാദിലും മറ്റുമായി നാല് ആശുപത്രികള്‍ യശോദ ഗ്രൂപ്പിലുണ്ട്. 1990-ല്‍ ചെറിയ തോതില്‍ തുടങ്ങിയതാണ് ആശുപത്രി. ഇപ്പോള്‍ വിവിധ വിഭാഗങ്ങളിലായി 1200-ലേറെ ബഡ്ഡുകളുണ്ട്. യശോദ ഗ്രൂപ്പ് ആശുപത്രികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ http://www.yashodahospitals.com/  ക്ലിക്ക് ചെയ്യുക.

Wednesday, July 20, 2011

മുറിച്ചുണ്ടു മാറ്റാന്‍ 'സ്‌മൈല്‍ ട്രെയിന്‍'

കുഞ്ഞുങ്ങളിലെ മുറിച്ചുണ്ട് ശസ്ത്രക്രിയയിലൂടെ പൂര്‍ണമായി പരിഹരിക്കാം. ന്യൂയോര്‍ക്ക് കേന്ദ്രമായ 'സ്‌മൈല്‍ ട്രെയിന്‍' എന്ന സന്നദ്ധ സേവന സംഘടന ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സൗജന്യ ശസ്ത്രക്രിയകള്‍ക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നുണ്ട്. ഈ ഒറ്റക്കാര്യത്തില്‍ മാത്രമേ സംഘടന ശ്രദ്ധവയ്ക്കുന്നുള്ളു. സംഭാവനകള്‍ സ്വീകരിച്ചാണ് സൗജന്യ ശസ്ത്രക്രിയകള്‍ ഏര്‍പ്പാടാക്കുന്നത്.

എല്ലാ വര്‍ഷവും ഇന്ത്യയില്‍ 35,000-ഓളം കുഞ്ഞുങ്ങള്‍ മേല്‍ച്ചുണ്ടിലോ അണ്ണാക്കിലോ വിടവുമായി അഥവാ രണ്ടിലും പിളര്‍പ്പുമായി ജനിക്കുന്നുണ്ട്. ഇത് ലോകത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലേറെയാണ്. എഴുനൂറു കുഞ്ഞുങ്ങളില്‍ ഒരാള്‍ക്ക് ഇങ്ങനെയുണ്ടാകുന്നുണ്ട്. ഈ അവസ്ഥ പൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്നതാണെന്നു വിദഗ്ധര്‍ വ്യക്തമാക്കുന്നു. വളരെ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്‌ ഭൂരിപക്ഷമെന്നതിനാല്‍ പകുതി കുഞ്ഞുങ്ങള്‍ക്കു പോലും ഉചിതമായ ചികിത്സകിട്ടുന്നില്ല.

ആവശ്യമായ ശസ്ത്രക്രിയ നടത്തി ചുണ്ടോ അണ്ണാക്കോ ശരിയാക്കാത്തതിനാല്‍ അവര്‍ ജീവിതകാലം മുഴുവന്‍ വികൃതമായ മുഖവുമായി ഒറ്റപ്പെടലും ക്ലേശവും അനുവഭവിക്കുകയാണ്. വിരൂപമായതിനാല്‍ അവഹേളിക്കപ്പെടലും പീഡനവും പതിവ്. അവര്‍ക്ക് സ്‌കൂളില്‍ പഠിക്കാനോ ജോലി ചെയ്യാനോ വിവാഹം കഴിക്കാനോ സാധിക്കുന്നില്ല. ഹൃദയവേദനയും അപകര്‍ഷതാബോധവും ജീവിതത്തിന്റെ നിറം ആകെ കെടുത്തുന്നു. പല കുഞ്ഞുങ്ങളേയും ഉപേക്ഷിക്കുകയോ ജന്മം നല്കുമ്പോള്‍ തന്നെ കൊല്ലുകയോ ചെയ്യുന്നുമുണ്ട്. ഇങ്ങനെയുണ്ടാകാനുള്ള കാരണങ്ങള്‍ അറിവില്ല.

മുറിച്ചുണ്ട് പൂര്‍ണമായും ശരിയാക്കാന്‍ 45 മിനിട്ടു നീളുന്ന ശസ്ത്രക്രിയ മതി. ജീവിതകാലം മുഴുവനുണ്ടാകാവുന്ന ക്ലേശമാണ് ഒരു മണിക്കൂറിനുള്ളില്‍ ഒഴിവാക്കപ്പെടുന്നത്. അതിന് 12,000 രൂപയോളം ചെലവു വരും. ലോകത്തിലെ ഏറ്റവും വലിയ മുറിച്ചുണ്ട്, മുറി അണ്ണാക്ക് (cleft lip and palate) സുഖപ്പെടുത്തല്‍ സന്നദ്ധ സംഘടനയാണ് 'സ്‌മൈല്‍ ട്രെയിന്‍'. ചെലവു വഹിക്കാന്‍ കഴിയാത്ത ആയിരങ്ങള്‍ക്ക് സുരക്ഷിതവും ഗുണപരവുമായ ശസ്ത്രക്രിയ സംഘടന നടത്തും. 2000 മുതല്‍ ഇന്ത്യയിലുടനീളം 2,50,000-ല്‍ ഏറെ ശസ്ത്രക്രിയകള്‍ സൗജന്യമായി നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ 170 ആശുപത്രികളും 250-ലേറെ സര്‍ജന്‍മാരുമാണ് ഇക്കാര്യത്തില്‍ സഹകരിക്കുന്നത്.

കേരളത്തില്‍ നിലവിലുള്ള 'സ്‌മൈല്‍ ട്രെയിന്‍' ട്രീറ്റ്‌മെന്റ് സെന്ററുകള്‍:

Amrita Institute of Medical Sciences - AIMS
Dept. of Cranio Maxillofacial Surgery
Amrita Lane, Elamakkara P.O.
Kochi 682026
Kerala
Tel: 0484-2802028, 0484-2802029, 0484-2801234
Contact Person: Dr. Sherry Peter

Ananthapuri Hospital
Chakka, NH Bypass
Thiruvananthpuram 695024
Kerala
Contact Person: Dr. Padmakumar Gopinath

Baby Memorial Hospital
Indira Gandhi Road
Kozhikode 673004
Kerala
Tel: 0495 2723272 Ext. 271
Contact Person: Dr. Krishna Kumar

Jubilee Mission Hospital
Thrissur 680005
Kerala
Tel: 0487- 2420361
Contact Person: Dr. Hirji S. Adenwalla

Specialists' Hospital
Haji KCM Mather Road,
Near Ernakulam North Railway Station
Kochi 682 026
Kerala
Tel: 044-2476-5614, 044 2476 8403
Contact Person: Dr. S. Jayakumar

'സ്‌മൈല്‍ ട്രെയിനി'ന്റെ പ്രഥമ ഗുഡ്‌വില്‍ അംബാസിഡര്‍ വിശ്വപ്രശസ്ത സിനിമാ താരമായ ഐശ്വര്യ റായിയാണ്. ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ഡോ.എ.പി.ജെ.അബ്ദുള്‍ കലാമും സംഘടനയെ പുകഴ്ത്തിയിട്ടുണ്ട്. 'സ്‌മൈല്‍ ട്രെയിനി'നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അവരുടെ അന്താരാഷ്ട്ര, ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക: http://www.smiletrain.org
അഥവാ http://www.smiletrainindia.org

(തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ സാമൂഹ്യ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്നത്.)

Wednesday, July 13, 2011

തത്തംപള്ളി മഠം റോഡ് പുനഃരുദ്ധരിക്കാന്‍ നടപടി

ത്തംപള്ളി വാര്‍ഡിലെ മഠം റോഡ് പുനഃരുദ്ധാരണത്തിനു അനുമതി ലഭിച്ചതായി തത്തംപള്ളി വാര്‍ഡ് കൗണ്‍സിലര്‍ മറിയാമ്മ ഏബ്രഹാം. ഇതു സംബന്ധിച്ചു മുനിസിപ്പാലിറ്റി നടപടികളുടെ ഭാഗമായി 2011 ജൂലൈ 17-നു മുന്‍പ് കരാറുകാരനുമായി കരാര്‍ ഒപ്പുവയ്ക്കും. മഴക്കാലത്തിനു ശേഷമായിരിക്കും റോഡുപണി നടത്തുക.

ഏതാനും വര്‍ഷം മുന്‍പ് മഠം റോഡ് ടാര്‍ ചെയ്തുവെങ്കിലും കുറച്ചു ഭാഗം ടാറിടാതെ കിടക്കുകയായിരുന്നു. അവിടം ഉള്‍പ്പടെയുള്ള മുഴുവന്‍ റോഡും ടാറിടാനാണ് നടപടി. ചിലയിടങ്ങളില്‍ വെള്ളക്കെട്ടും പതിവായിരുന്നു. അതൊഴിവാക്കാനും ഏര്‍പ്പാടുണ്ടാക്കും. കോര്‍ത്തശേരി ഭാഗത്തു നിന്ന് ഉള്‍പ്പടെയുള്ളവര്‍ പള്ളിയിലേക്കും സ്‌കൂളിലേക്കും മറ്റും പോയിവരാന്‍ ഈ റോഡാണ് പതിവായി ഉപയോഗിക്കുന്നത്.

മഠം റോഡ് പൂര്‍ണമായി ടാര്‍ ചെയ്യണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 2010 നവംബര്‍ നാലിനു ആവശ്യപ്പെട്ടിരുന്നു. അതു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇതേസമയം, ഈ റോഡിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കേരള വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള വിതരണ കണക്ഷന്‍ ആവശ്യമുണ്ടെങ്കില്‍ അതിനായുള്ള നടപടികള്‍ എത്രയും വേഗം അവരവര്‍ സ്വയം സ്വീകരിക്കേണ്ടതുണ്ട്. റോഡു ടാര്‍ചെയ്തു നന്നാക്കിയതിനു ശേഷം റോഡു കുത്തിപ്പൊളിച്ച് പൈപ്പ് ഇടുന്നത് ഒഴിവാക്കാനാണിത്. റോഡു കുഴി കുത്തി പൈപ്പ് കണക്ഷന്‍ എടുക്കുന്നവര്‍ പൊളിക്കുന്ന ഭാഗം റോഡ് നന്നാക്കി കോണ്‍ക്രീറ്റ് ചെയ്തിടേണ്ടതാണ്.

Tuesday, July 12, 2011

ആലപ്പുഴയില്‍ 'ബജറ്റ് ഹര്‍ത്താല്‍'

കേരള നിയമസഭയില്‍ ധനകാര്യ മന്ത്രി കെ.എം.മാണി 2011 ജൂലൈ എട്ടിനു അവതരിപ്പിച്ച പുതുക്കിയ ബജറ്റ് 2011-12-ല്‍ ആലപ്പുഴ ജില്ലയെ അവഗണിച്ചെന്നാരോപിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഇന്നത്തെ (2011 ജൂലൈ 12 ചൊവ്വ) ഹര്‍ത്താലിന് സമ്മിശ്രപ്രതികരണം. എന്നാല്‍ ഹര്‍ത്താലില്‍ ജനങ്ങള്‍ ആകെമാനം പതിവുപോലെ വലഞ്ഞു.

പ്രദേശവാസികള്‍ക്ക് ഹര്‍ത്താല്‍ പതിവു പോലെ ബുദ്ധിമുട്ടുകളും തൊഴില്‍ നഷ്ടവും ഉണ്ടാക്കി. തുറന്ന സ്ഥാപനങ്ങളെല്ലാം ബലം പ്രയോഗിച്ച് ഹര്‍ത്താല്‍ ആഹ്വാനക്കാര്‍ അടപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഇന്നു തടസ്സപ്പെട്ടതിനാല്‍ ശനിയാഴ്ച അവ പ്രവര്‍ത്തിക്കും. ആലപ്പുഴയില്‍ എത്തിയ വിനോദ സഞ്ചാരികള്‍ ആകെ വലഞ്ഞു. ജില്ലയില്‍ പനി പടരുന്ന സാഹചര്യത്തില്‍ ബലമായി നടത്തിയ ഹര്‍ത്താല്‍ രോഗികളെ കൂടുതല്‍ ആശങ്കയിലാഴ്ത്തി. ഭൂരിപക്ഷം പേര്‍ക്കും ആശുപത്രികളിലെത്താന്‍ വാഹനങ്ങള്‍ ലഭ്യമായില്ല.

എല്‍ഡിഎഫ് രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ആറു മണിക്കൂര്‍ ഹര്‍ത്താലും ബിജെപി വൈകുന്നേരം ആറു വരെ 12 മണിക്കൂര്‍ ഹര്‍ത്താലുമാണ് പ്രഖ്യാപിച്ചിരുന്നത്. ഫലത്തില്‍ ഒരു ദിവസം ബന്ദായി. പല സംഘടനകളും ഹര്‍ത്താലിനെ എതിര്‍ത്തിരുന്നു.

ബജറ്റില്‍ ജില്ലയോടും ആലപ്പുഴ പട്ടണത്തോടും ക്രൂരമായ അവഗണനയാണ് കാട്ടിയതെന്ന് കഴിഞ്ഞ നിയമസഭയിലെ മുന്‍ മന്ത്രിമാരും ഇപ്പോള്‍ പ്രതിപക്ഷത്തായ സിപിഎം (എല്‍ഡിഎഫ്) എംഎല്‍എമാരുമായ ഡോ.ടി.എം.തോമസ് ഐസക്കും (ആലപ്പുഴ), ജി.സുധാകരനും (അമ്പലപ്പുഴ) ആരോപിച്ചു. ജില്ലയിലെ ഒന്‍പതില്‍ ഏഴു സീറ്റുകളില്‍ എല്‍ഡിഎഫിനെ ജയിപ്പിച്ച ജനങ്ങളോടുള്ള പ്രതികാരമാണ് അവഗണനയെന്നും മുന്‍ മന്ത്രിമാര്‍ സൂചിപ്പിച്ചു.

ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മറയ്ക്കാനാണെന്നും ആലപ്പുഴയ്ക്ക് അവഗണനയില്ലെന്നും സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് രാഷ്ട്രീയ നേതൃത്വം ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷ ഭരണകാലത്ത് ആലപ്പുഴയുമായി ബന്ധപ്പെട്ട് പല പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും അവ നടപ്പിലാക്കാത്തവരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും കൂട്ടിച്ചേര്‍ത്തു.

കേരള മുന്‍ ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക് 2011 ഫെബ്രുവരി 10-നു നിയമസഭയില്‍ നടത്തിയ ബജറ്റ് 2011-12 പ്രസംഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കേരള ധനകാര്യ മന്ത്രി കെ.എം.മാണി 2011 ജൂലൈ എട്ടിനു നിയമസഭയില്‍ നടത്തിയ പുതുക്കിയ ബജറ്റ് 2011-12 പ്രസംഗം വായിക്കാന്‍ ഇവിടെയും ക്ലിക്ക് ചെയ്യുക.

ഇതേസമയം, നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പല കാര്യങ്ങള്‍ അറിയാനായി സ്ഥാനാര്‍ഥികള്‍ക്ക് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് കത്തുകള്‍ അയച്ചിട്ടുണ്ടെങ്കെിലും സിപിഎം, ബിജെപി സ്ഥാനാര്‍ഥികള്‍ മറുപടികള്‍ അയച്ചിരുന്നില്ല. ആലപ്പുഴ മുനിസിപ്പല്‍ പട്ടണം ഇപ്രാവശ്യം ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിലായി വിഭജിക്കപ്പെട്ടു കിടക്കുന്നതിനാല്‍ ഇരു മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികള്‍ക്ക് കത്തുകള്‍ അയച്ചിരുന്നു. ഇ-മെയിലുകള്‍ക്കും മറുപടിയില്ല. പരിസ്ഥിതി സംരക്ഷണത്തിനും കടലാസ് നിര്‍മാണത്തിനായി വൃക്ഷങ്ങള്‍ മുറിക്കുന്നത് ഒഴിവാക്കുന്നതിനും തത്തംപള്ളി വാര്‍ഡ് ബ്ലോഗ് കഴിവതും കടലാസിന്റെ ഉപയോഗം കുറയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

വാല്‍ക്കഷണം: ഒരു വായനക്കാരന്‍ എഴുതുന്നു. ആലപ്പുഴ പട്ടണം രണ്ടു മണ്ഡലങ്ങളിലായി വിഭജിക്കപ്പെട്ടതിനാല്‍ മുന്‍മന്ത്രിമാരായ രണ്ട് എംഎല്‍എമാര്‍ പ്രസ്താവനക്കാര്യങ്ങളിലെങ്കിലും 'ഒന്നായി'. ഭരണമില്ലാത്തതിനാല്‍ വമ്പന്‍ ഭാവനകള്‍ക്കു ചിറകു കൊടുത്തും ഭര്‍ത്സനം നടത്തിയും കാലംകഴിക്കാം. എല്‍എഡിഎഫ് കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനം ഭരിച്ചപ്പോഴും മിഴുങ്ങസ്യായെന്നിരുന്ന എല്‍എഡിഎഫ് മുനിസിപ്പല്‍ കൗണ്‍സില്‍ ഭരണകര്‍ത്താക്കള്‍ക്ക് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത് യുഡിഎഫ് ആണെന്നു പറഞ്ഞ് പ്രധാന കര്‍ത്തവ്യമായ പട്ടണ ശുചീകരണം പോലും നടത്താതെ നാട്ടുകാരെ നാറ്റിച്ചു കുത്തിയിരിക്കാം. കൊതുകിനെ കൊണ്ടു കുത്തിപ്പിക്കാം.. നേരംപോക്കിനു ഗ്രൂപ്പു കളിക്കാം!.

Saturday, July 9, 2011

മദ്യ ഉപഭോഗം കുറയ്ക്കാന്‍ ശ്രമം

ദ്യ ഉപഭോഗം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2011 ജൂലൈ എട്ടിന് സംസ്ഥാന ധനകാര്യ വകുപ്പു മന്ത്രി കെ.എം.മാണി അവതരിപ്പിച്ച പുതുക്കിയ കേരള ബജറ്റ്-2011-12-ല്‍ മദ്യത്തിനു വിലകൂട്ടുന്ന നിര്‍ദേശമുണ്ടെങ്കിലും മദ്യപാനം കുറയ്ക്കാന്‍ അത് എത്രമാത്രം പ്രായോഗികമാകുമെന്നു കണ്ടറിയണം. സാമൂഹിക തിന്മയായ അധിക മദ്യപാനത്തിന്റെ തോത് തത്തംപള്ളിയില്‍ അടക്കമുള്ള പട്ടണപ്രദേശങ്ങളില്‍ കൂടുന്നതായാണ് സൂചന.

വിദേശമദ്യത്തിന്റെ വില ഏറ്റവും കുറഞ്ഞത് ആറു രൂപ വര്‍ധിക്കുമെന്നാണ് കരുതുന്നത്. ബീയര്‍, വൈന്‍ വിലയിലും മൂന്നു രൂപ മുതല്‍ വില വര്‍ധനയുണ്ടാകും.

മദ്യ  ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിന് സാമൂഹിക സുരക്ഷാ സെസ് ബജറ്റില്‍ അഞ്ചു ശതമാനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണിത്. ആദ്യ വില്പനയിന്മേല്‍ നിലവിലുള്ള ഒരു ശതമാനമാണ് ആറു ശതമാനമായി കൂട്ടിയത്.

ബവ്‌റിജസ് കോര്‍പറേഷനു നല്കിയിരുന്ന അഞ്ചു ശതമാനം സര്‍ചാര്‍ജ്  ഇളവ് പിന്‍വലിച്ചിട്ടുണ്ട്. അതു 10 ശതമാനമാക്കി പുനഃസ്ഥാപിച്ചു. കോര്‍പറേഷന്‍ നഷ്ടത്തിലായതു പരിഗണിച്ചാണ് 2004-ല്‍ സര്‍ചാര്‍ജ് കുറച്ചത്. അന്നു 10 ശതമാനത്തില്‍ നിന്നു അഞ്ചു ശതമാനമായി കുറയ്ക്കുകയായിരുന്നു. കോര്‍പറേഷന്‍ ലാഭത്തിലായതു പരിഗണിച്ചാണ് പഴയ നിരക്ക് പുനഃസ്ഥാപിക്കുന്നത്.

എന്നാല്‍, പതിമൂന്നാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ 2011 ജൂണ്‍ 27-ന് മദ്യ ഉപഭോഗം കുറയ്ക്കുന്നതിനു അബ്കാരി നിയമത്തില്‍ എന്തെല്ലാം ഭേദഗതികളാണ് കൊണ്ടുവരാന്‍ ഉദ്ദേഷിക്കുന്നതെന്നു വ്യക്തമാക്കുമോ എന്ന കെ.കെ.ലതിക എംഎല്‍എയുടെ 188-ാം നമ്പര്‍  ചോദ്യത്തിനു എക്‌സൈസ് വകുപ്പു മന്ത്രി കെ.ബാബു നല്കിയ ഉത്തരം അബ്കാരി നയത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നായിരുന്നു.

സംസ്ഥാനത്ത്‌ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് എത്ര ലിറ്റര്‍ മദ്യം കൈവശം വയ്ക്കാന്‍ അനുവാദമുണ്ട് എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ:

കേരള സര്‍ക്കാരിന്റെ 02-08-2003-ലെ ജി.ഒ.(പി) നമ്പര്‍ 127/03/നി.വ. പ്രകാരം പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്, പരമാവധി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ്:

കള്ള് - 2.5 ലിറ്റര്‍, വിദേശമദ്യം - 3 ലിറ്റര്‍, ബിയര്‍, വൈന്‍ - 7.8 ലിറ്റര്‍ വീതം, കൊക്കോ ബ്രാണ്ടി - 1.5 ലിറ്റര്‍. ഇതു കൂടാതെ ഉത്തമവിശ്വാസ (ബോണഫെഡ്) വിദേശ യാത്രക്കാരന് 4.5 ലിറ്റര്‍ വിദേശ നിര്‍മ്മിത വിദേശ മദ്യം കൈവശം വയ്ക്കാവുന്നതാണ്.


മദ്യ  ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുന്നതിനു നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിനു ഇക്കാര്യം പരിശോധിക്കുന്നതാണ് എന്നായിരുന്നു മറുപടി.

നിയമസഭയിലെ പ്രസക്തമായ 'മദ്യ ഉപഭോഗം കുറയ്ക്കാന്‍ നടപടി' എന്ന
വിഷയത്തിലുള്ള ചോദ്യോത്തരങ്ങള്‍ വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

ജൂണ്‍ 27-നു തന്നെ പി.കെ.ഗുരുദാസന്‍, ബാബു എം. പാലിശേരി, കെ.കെ.ജയചന്ദ്രന്‍, സി.കൃഷ്ണന്‍ എന്നിവരുടെ 189-ാം നമ്പര്‍ ചോദ്യങ്ങളിലെ വിദേശമദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ എന്നതിന് ഇല്ല എന്നായിരുന്നു എക്‌സൈസ് വകുപ്പു മന്ത്രിയുടെ മറുപടി.

(കാര്‍ട്ടൂണ്‍: ഉമയനല്ലൂര്‍ പ്രസാദ്)

Thursday, July 7, 2011

ആലപ്പുഴ പട്ടണത്തില്‍ മാലിന്യവും കൊതുകും പനി പടര്‍ത്തുന്നു

ലപ്പുഴ പട്ടണത്തില്‍ പല തരത്തിലുള്ള പനികള്‍ പടര്‍ന്നു പിടിക്കുന്നു. ഇതിനു പ്രധാന കാരണമാകുന്നത് കുന്നുകൂടുന്ന മാലിന്യങ്ങള്‍ യഥാസമയം നീക്കം ചെയ്തു സംസ്‌ക്കരിക്കാത്തതു കൊണ്ടാണെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. പനിപിടിച്ച് ധാരാളമായി എത്തുന്ന രോഗികളെ കിടത്തി ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രി സംവിധാനത്തിന് ആകുന്നില്ലതാനും. മഴയും വെയിലും മാറിമാറി വരുന്ന കാലാവസ്ഥ വിവിധ രോഗങ്ങള്‍ പടരുന്നതിന് അനുകൂലമാണ്.

പല സ്ഥലങ്ങളിലും റോഡുവക്കുകളില്‍ ഖര, ജൈവമാലിന്യങ്ങള്‍ ഒന്നിച്ചു കുന്നുകൂടി അളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. മഴവെള്ളം മാലിന്യത്തെ സമീപസ്ഥലങ്ങളിലേക്ക് പരത്തുകയും ചെയ്യുന്നു. ഇതോടൊപ്പം രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളെയും ഈച്ചകളേയും നശിപ്പിക്കുന്നില്ല. വെള്ളക്കെട്ടുകളില്‍ കീടനാശിനികളൊഴിച്ചും ഫോഗിങ്ങ് നടത്തിയും കൊതുകുകളെ നിരന്തരം നശിപ്പിക്കേണ്ടതുണ്ട്. കുറ്റിക്കാടുകള്‍ വെട്ടി മാറ്റണം.

ആലപ്പുഴ മുനിസിപ്പല്‍ അധികൃതരാകട്ടെ മുന്‍കൂട്ടി വിവരങ്ങള്‍ അറിയാമായിരുന്നിട്ടും വേണ്ട മുന്‍കരുതലുകളോ നടപടികളോ സ്വീകരിക്കാതിരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്. കഴിയുന്നത്ര മാലിന്യങ്ങള്‍ ഉത്ഭവസ്ഥലത്തു തന്നെ സംസ്‌കരിക്കാനുള്ള ഏര്‍പ്പാടുകളാണ് മുനിസിപ്പാലിറ്റി നാട്ടുകാര്‍ക്കു ചെയ്തുകൊടുക്കേണ്ടത്. വീട്ടുകാര്‍ക്കു കൂടാതെ ആശുപത്രികള്‍, കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ഇക്കാര്യത്തിന് പ്രത്യേക പദ്ധതികള്‍ ആവശ്യമാണ്.

പട്ടണത്തിലെ മാലിന്യങ്ങള്‍ തരം തിരിക്കാതെ മുനിസിപ്പാലിറ്റിക്കു പുറത്തുള്ള സര്‍വോദയപുരം മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ എത്തിച്ച് കുന്നുകൂട്ടുകയാണ്. യഥാവിധി സംസ്‌ക്കരിച്ച് വളമാക്കി മാറ്റാവുന്ന മാലിന്യമാണ് അറപ്പുളവാക്കും വിധം പരിസര മലിനീകരണമുണ്ടാക്കിയിട്ടിരിക്കുന്നത്. വര്‍ഷങ്ങളായി നിക്ഷേപിച്ചിരിക്കുന്ന മാലിന്യം അവിടെയുണ്ട്.

പൊതുജനങ്ങള്‍ വിചാരിച്ചാല്‍ റോഡിലേയും തോട്ടിലേയും മാലിന്യപ്രശ്‌നം കുറച്ചെങ്കിലും ഒഴിവാക്കാവുന്നതാണ്. മാലിന്യം പ്ലാസ്റ്റിക് കൂടിലാക്കി റോഡിലേക്കും തോട്ടിലേക്കും എറിയാതിരിക്കുകയാണ് പൗരബോധമുള്ളവര്‍ ചെയ്യേണ്ടത്. അതുപോലെ കോഴിക്കടകളില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യം കൃത്യമായി സംസ്‌കരിക്കുക തന്നെ വേണം.

ഇതേസമയം, വഴിവക്കില്‍ കുന്നുകൂടുന്ന ഖര മാലിന്യത്തിന്റെ നല്ലൊരു പങ്കും മദ്യക്കുപ്പികളാണെന്നുള്ളത് മറ്റൊരു വസ്തുത! വീടുകളില്‍ നിന്നു തന്നെ കടലാസ്, പ്ലാസ്റ്റിക്, കുപ്പി തുടങ്ങിയവ കുറഞ്ഞ വിലയ്ക്കാണെങ്കിലും വിറ്റാല്‍ അത്തരം പാഴ്‌വസ്തുക്കളില്‍ നിന്ന് പുനരുത്പാദനം നടത്തുവാന്‍ സാധിക്കും. മുനിസിപ്പാലിറ്റി അധികൃതര്‍ വിചാരിച്ചാല്‍ ആ രംഗത്തുള്ള കമ്പനികള്‍ ഇത്തരം പാഴ്‌വസ്തുക്കള്‍ നല്ല വിലനല്കി വാങ്ങാന്‍ മുന്നോട്ടു വരും. അതിന് ആദ്യം കടലാസ്, ഗ്ലാസ്, ലോഹ, ജൈവ മാലിന്യങ്ങള്‍ വെവ്വേറെ ഉത്ഭവസ്ഥാനത്തു നിന്നു തന്നെ ശേഖരിക്കുകയാണ് വേണ്ടത്.