സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Sunday, September 25, 2011

ആലപ്പുഴയില്‍ മാലിന്യനിര്‍മാര്‍ജനത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം

ലപ്പുഴ പട്ടണത്തില്‍ മാലിന്യനിര്‍മാര്‍ജനത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട്, മുനിസിപ്പാലിറ്റി സെക്രട്ടറി എന്നിവര്‍ക്ക് ഈ വിഷയം ഉന്നയിച്ച് കത്തയച്ചു.

ആലപ്പുഴ പട്ടണത്തില്‍ മാസങ്ങളായി പൊതുസ്ഥലങ്ങളില്‍ നിന്നുള്ള മാലിന്യ ശേഖരണവും സംസ്‌കരണവും വേണ്ടവിധത്തില്‍ നടത്താത്തതിനാല്‍ വഴിയോരങ്ങളിലും തുറന്നു കിടക്കുന്ന സ്വകാര്യ പറമ്പുകളിലും ജൈവ, അജൈവ മലിന വസ്തുക്കള്‍ കുന്നുകൂടുകയാണെന്ന് കത്തില്‍ എടുത്തുകാട്ടിയിട്ടുണ്ട്. വിവിധയിനം പനികളും മറ്റു പകര്‍ച്ചവ്യാധികളും ആവര്‍ത്തിച്ചു പടരുന്നതിന്റെ മുഖ്യകാരണമിതാണ്.

കേരള സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2011 സെപ്റ്റംബര്‍ 25 മുതല്‍ തുടങ്ങുന്ന ശുചീകരണയജ്ഞവേളയില്‍ പട്ടണത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ അനുവദിക്കാതിരിക്കുന്നതിനുള്ള ഫലപ്രദവും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഓടകളിലും മറ്റും മലിനജലം കെട്ടിക്കിടക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്.

മാലിന്യനിര്‍മാര്‍ജനത്തിനായി താഴെ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുന്നു.:
  •  മാലിന്യം സംഭരിക്കുന്നതിന് ഉചിതമായയിടങ്ങളില്‍ കുപ്പത്തൊട്ടികള്‍ സ്ഥാപിക്കുക. പ്രത്യേകയിടങ്ങള്‍ ഇല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ തോന്നിയപോലെ മാലിന്യ നിക്ഷേപം നടത്തുകയാണ്. മാലിന്യം കൃത്യമായി നീക്കംചെയ്യാതെ കിടന്നു ദുര്‍ഗന്ധം വമിക്കുന്നതിനാലാണ് തൊട്ടികള്‍ സ്ഥാപിക്കുന്നതില്‍ മിക്കയിടത്തും ജനങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടാകുന്നത്.
  •  മാലിന്യം റോഡുവക്കുകളിലും മറ്റും വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശനനടപടികള്‍ സ്വീകരിക്കുക. 2011-ലെ കേരള പോലീസ് ആക്ട് 120 (ബി) വകുപ്പ് അനുസരിച്ച് പൊതുസ്ഥലങ്ങള്‍ വൃത്തിഹീനമാക്കുന്നവര്‍ക്കെതിരേ സ്വമേധയാ കേസെടുക്കണം. കുറ്റസ്ഥാപനത്തിന്മേല്‍ ഒരു വര്‍ഷം വരെയാകാവുന്ന തടവോ 5,000 രൂപ വരെയാകാവുന്ന പിഴയോ ഇവ രണ്ടും കൂടിയോ നല്കി ആക്ട് പ്രകാരം ശിക്ഷിക്കേണ്ടതാണ്.
  • മാലിന്യം ഉത്ഭവകേന്ദ്രങ്ങളില്‍ തന്നെ സംസ്‌കരിക്കാനുള്ള പ്രോത്സാഹനം കൊടുക്കുക. അതിനായി വീടുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുക. ഇറച്ചിക്കോഴി കേന്ദ്രങ്ങള്‍, പച്ചക്കറിക്കടകള്‍ തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള ചിഞ്ഞുനാറുന്ന പാഴ്‌വസ്തുക്കള്‍ റോഡുവക്കില്‍ കൂട്ടിയിടാന്‍ അനുവദിക്കരുത്.
  •  ഓടകളിലും വഴിവക്കുകളിലും കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിവിടാനുള്ള ഏര്‍പ്പാടുകളുണ്ടാക്കുക. കാണകളില്‍ ഉപ്പുവെള്ളം പമ്പു ചെയ്ത് തടസ്സങ്ങള്‍ ഒഴിവാക്കണം.
പട്ടണത്തിലെ മാലിന്യപ്രശ്‌നങ്ങളെക്കുറിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഇതിനകം അനേകം സചിത്ര പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുള്ള കാര്യവും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. എത്രയും വേഗം നടപടിയും മറുപടിയും പ്രതീക്ഷിക്കുന്നതായും കത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

Saturday, September 24, 2011

ആലപ്പുഴ ലൈറ്റ് ഹൗസില്‍ സന്ദര്‍ശനം അനുവദിക്കുമോ?

ലപ്പുഴ കടല്‍പ്പുറത്തുള്ള ലൈറ്റ് ഹൗസിനു മുന്നില്‍ വിരുദ്ധങ്ങളായ ബോര്‍ഡുകള്‍!

നിരോധിത മേഖലയായ ലൈറ്റ് ഹൗസില്‍ സന്ദര്‍ശകരെ അനുവദിക്കുന്ന സമയം ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ അഞ്ചര മണി വരെയാണെന്നാണ് ഒരു ബോര്‍ഡില്‍. തൊട്ടടുത്ത മറ്റൊരു ബോര്‍ഡില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും!. അപ്പോള്‍ സംശയം ഉടലെടുക്കുന്നു.. ലൈറ്റ് ഹൗസില്‍ സന്ദര്‍ശനം അനുവദിക്കുമോ?

Friday, September 23, 2011

ആലപ്പുഴ സ്വിമ്മിംഗ് കോംപ്ലക്‌സ് അവഗണനയില്‍

ടലും കായലും കൈകോര്‍ക്കുന്ന ആലപ്പുഴയില്‍ നീന്തല്‍ താരങ്ങള്‍ക്കു ഉപകാരപ്പെടേണ്ട രാജാ കേശവദാസ് സ്വിമ്മിംഗ് കോംപ്ലക്‌സ് അവഗണയുടെ കുളത്തില്‍ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി.

ബീച്ചില്‍ റിക്രിയേഷന്‍ ഗ്രൗണ്ടിനും കൊമേഴ്‌സ്യല്‍ കനാലിനും ഇടയ്ക്ക് സ്ഥാപിച്ചിട്ടുള്ള സ്വിമ്മിംഗ് പൂള്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ പട്ടണവാസികള്‍ക്ക് ഏറെ പ്രയോജനപ്പെട്ടേനെ. പ്രവേശന കവാടം തുടങ്ങി ഇപ്പോള്‍ കാടുപിടിച്ചു കിടക്കുകയാണ്. അറ്റകുറ്റപ്പണികള്‍ നടത്തി സ്വിമ്മിംഗ് പൂളും പരിസരവും പ്രവര്‍ത്തനയോഗ്യമാക്കാന്‍ ഇനി ലക്ഷങ്ങള്‍ വേണ്ടിവരും. നാട്ടുകാര്‍ക്ക് പ്രയോജനപ്പെടേണ്ട പല പൊതുക്കാര്യങ്ങളും അധികൃതരുടെ അലംഭാവം കൊണ്ട് നശിക്കുന്നതിന്റെ മാതൃകകളില്‍ ഒന്നാണിത്.

Thursday, September 22, 2011

രോഗങ്ങള്‍ പടരുന്നതിനു പിന്നില്‍ ജൈവമാലിന്യം

ലപ്പുഴയില്‍ രോഗങ്ങള്‍ പടരുന്നതിനു പിന്നില്‍ കുന്നുകൂടുന്ന ജൈവമാലിന്യങ്ങള്‍. പട്ടണത്തില്‍ കൃത്യമായും ഫലപ്രദമായി മാലിന്യം ശേഖരിച്ച് സംസ്‌ക്കരിക്കാനുള്ള തുടര്‍സംവിധാനങ്ങളില്ലാത്തതിനാല്‍ വഴിവക്കുകളിലും ഒഴിഞ്ഞ പറമ്പുകളിലും എന്നും മാലിന്യക്കൂമ്പാരം ദുര്‍ഗന്ധം വമിപ്പിച്ചു കിടക്കുന്നു.

മൃഗങ്ങളുടെ മൂത്രത്തില്‍ കൂടെ പടരുന്ന എലിപ്പനി, ജലജന്യ രോഗമായ മഞ്ഞപ്പിത്തം തുടങ്ങിയവ പടരാന്‍ അടിസ്ഥാന കാരണം മാലിന്യങ്ങളാണ്. എവിടേയും എലികളും പട്ടികളുമാണ്. അവയെ നിയന്ത്രിക്കാനും നടപടികളില്ല. രോഗാണുക്കള്‍ നിറഞ്ഞ അഴുകിയ മാലിന്യം മഴവെള്ളത്തില്‍ ഒലിച്ച് കുടിവെള്ളസ്രോതസുകളില്‍ എത്തുന്നതും അപകടകരമാണ്.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം നിറച്ച കിറ്റുകള്‍ റോഡുകളിലേക്ക് ആള്‍ക്കാര്‍ വെറുതേ വലിച്ചെറിയുകയാണ്. മാലിന്യം നീക്കാന്‍ ആലപ്പുഴ മുനിസിപ്പാലിറ്റി വേണ്ട ഏര്‍പ്പാടുകള്‍ ഉണ്ടാക്കാത്ത കാലത്തോളം പൗരധര്‍മ്മത്തെക്കുറിച്ചു പ്രസംഗിച്ചിട്ടു കാര്യമില്ലെന്ന നിലയുമാണ്. മാലിന്യ ശേഖരണത്തെക്കുറിച്ചുള്ള പരാതികള്‍ക്ക് മുനിസിപ്പല്‍ അധികൃതര്‍ മറുപടി നല്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വന്‍ തോതില്‍ ജൈവ മാലിന്യങ്ങളുണ്ടാകുന്നയിടങ്ങളില്‍ അവ സ്രോതസുകളില്‍ നിന്നു തന്നെ ശേഖരിച്ചാല്‍ റോഡുകള്‍ മലിനമാകുന്നതു കുറയും. തുണിക്കടകളില്‍ നിന്നുള്ള കടലാസും പച്ചക്കറിക്കടകളില്‍ നിന്നുള്ള അഴുകിയ പച്ചക്കറികളും കോഴിക്കടകളില്‍ നിന്നുള്ള കുടലും പണ്ടവും ഇപ്പോള്‍ പലയിടത്തും നേരെ റോഡിലേക്കാണിടുന്നത്.

Saturday, September 17, 2011

തീരദേശ റയില്‍ പാത: യാത്രാസൗകര്യം വര്‍ധിപ്പിക്കാന്‍ നിവേദനം

ലപ്പുഴ തീരദേശ റയില്‍ പാതയിലൂടെയുള്ള ട്രെയിന്‍ യാത്രക്കാരുടെ യാത്രാസൗകര്യം എത്രയും വേഗം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച നിവേദനം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് എഡിറ്റര്‍ സമര്‍പ്പിച്ചു.

കേരളത്തിന്റെ റയില്‍വേ വികസന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദിയും മുഴുവന്‍ റയില്‍വേ ബോര്‍ഡ് മെംബര്‍മാരും 2011 സെപ്റ്റംബര്‍ 19-നു തിരുവനന്തപുരത്തു എത്തുമ്പോള്‍ കൈമാറാനും ചര്‍ച്ചചെയ്യാനുമുള്ള നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ് നല്കിയിട്ടുള്ളത്.

കേരളത്തിലെ യാത്രക്കാര്‍ക്കു പ്രയോജനകരമാകും വിധം ഉടന്‍ നടപ്പാക്കേണ്ട റയില്‍വേ വികസന പദ്ധതികള്‍ വിശദമായി നിവേദനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അവ ഇവയാണ്:

> ഇരട്ടപ്പാതകള്‍ പൂര്‍ത്തിയാകും മുന്‍പ് എല്ലാ സ്റ്റേഷനുകളിലും ക്രോസിംഗിനുള്ള സൗകര്യം. > യാത്രാ സൗകര്യം കൂട്ടാന്‍ സബര്‍ബന്‍ സര്‍വീസുകള്‍. > സ്റ്റേഷനുകളില്‍ ട്രെയിനുകളുടെ കാത്തുകിടപ്പ് അവസാനിപ്പിക്കല്‍. > കൊങ്കണ്‍ പാതയിലൂടെ ബുള്ളറ്റ് ട്രെയിന്‍. > എറണാകുളത്ത് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാന്‍ സമാന്തര റോഡ്. > വൈറ്റിലയില്‍ ഹാള്‍ട്ട്. > കൊച്ചുവേളി ടെര്‍മിനല്‍ സ്‌റ്റേഷന്‍ വികസനം. > ആലപ്പുഴ സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍. > തീരദേശ പാതയില്‍ ഗതിവേഗം കൂട്ടല്‍. >സിഗ്നലിങ് ആധുനവത്കരിച്ചു പാളങ്ങളിലെ തടസ്സങ്ങള്‍ ഒഴിവാക്കല്‍.

വിശദമായ നിവേദനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, September 16, 2011

ആലപ്പുഴ കടല്‍പ്പാലം നിലനിര്‍ത്തണം

ലപ്പുഴ കടപ്പുറത്തെ കടല്‍പ്പാലം ദ്രവിച്ചു പൂര്‍ണമായും വെള്ളത്തില്‍ അലിയുന്നതിനു മുന്‍പു പുനഃര്‍നിര്‍മ്മിച്ചു ചരിത്രസ്മാരകമായി നിലനിര്‍ത്താന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നു ആവശ്യം.

ആലപ്പുഴയുടെ ലാന്‍ഡ്മാര്‍ക്കുകളിലൊന്നായ കടല്‍പ്പാലം ഇനി അറ്റകുറ്റപ്പണികള്‍ നടത്തി നന്നാക്കാനാകാത്ത വിധം നാശോന്മുഖമായിക്കഴിഞ്ഞു. ഉപ്പുവെള്ളത്തില്‍ സദാ ഉപ്പുരസമുള്ള കാറ്റടിയേറ്റു നില്ക്കുന്ന പാലം ദ്രവിച്ചു ഇല്ലാതാകുകയാണ്. നാട്ടുകാര്‍ ആവര്‍ത്തിച്ച് അനേക വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ചരിത്രസ്മാരകമായ കടല്‍പ്പാലത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ല. ഇതിനിടെ സാമൂഹ്യവിരുദ്ധര്‍ ഉറപ്പുള്ളതും വിലപിടിപ്പുള്ളതുമായ പലകകളും ഇരുമ്പു സാമഗ്രികളും മോഷ്ടിച്ചു കടത്തുകയും ചെയ്തു.

കടല്‍പ്പാലം നശിപ്പിക്കാതെ അറ്റകുറ്റപ്പണികള്‍ നടത്തി വിനോദസഞ്ചാരികള്‍ക്ക് ഉതകുന്ന രീതിയില്‍ മാറ്റിയെടുക്കണമെന്ന് ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന ജോസഫ് ആന്റണി വര്‍ഷങ്ങള്‍ക്കു മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു. അതാരും ശ്രദ്ധിച്ചില്ല. പാലത്തിന്റെ അങ്ങേയറ്റത്ത് റെസ്റ്റോറന്റ്, പാലത്തിലൂടെ നടക്കാന്‍ സൗകര്യപ്രദമായ തടിപ്പാത, കൈവരികളില്‍ ദീപങ്ങള്‍ തുടങ്ങിയവ ഒരുക്കണമെന്നായിരുന്നു ആവശ്യം. കടല്‍ക്കാറ്റേറ്റ് കടലിനുള്ളിലേക്കുള്ള നടത്തം പ്രത്യേക അനുഭവമാകുമായിരുന്നു. പുതിയൊരു പാലം നിര്‍മിച്ചാല്‍ പോലും വിനോദസഞ്ചാര മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ആലപ്പുഴയ്ക്ക് അതൊരു അധികപ്പറ്റാകില്ല.

വിവിധ ഭാഷകളിലുള്ള അനേകം സിനിമകളിലെ സൗന്ദര്യം നിറഞ്ഞ രംഗങ്ങളില്‍ ആലപ്പുഴ കടല്‍പ്പാലം പശ്ചാത്തലമായുണ്ട്. ആലപ്പുഴ കടല്‍പ്പാലത്തില്‍ 1995-ല്‍ ചിത്രീകരിച്ച രാവണ്‍ രാജ് എന്ന ഹിന്ദി സിനിമയിലെ രംഗം. മിഥുന്‍ ചക്രവര്‍ത്തി, മധുബാല തുടങ്ങിയവര്‍ അഭിനയിച്ചത്. 7.48 മിനിറ്റ്  (49.4 എംബി) രംഗം കാണാന്‍ ക്ലിക്ക് ചെയ്യുക. ഈ സിനിമ കടല്‍പ്പാലത്തിന്റെ കടലറ്റത്ത് ചിത്രീകരിച്ചപ്പോള്‍ പാലം നല്ല നിലയിലായിരുന്നുവെന്നു കാണാം.


വ്യാപാര സൗകര്യത്തിനായി 1862-ല്‍ (വര്‍ഷം അടിസ്ഥാനം: സര്‍വവിജ്ഞാനകോശം. എന്നാല്‍ പാലത്തിന്റെ വശത്ത് 1909 എന്നാണ് ശംഖിന്റെ രൂപം സഹിതം രേഖപ്പെടുത്തിയിട്ടുള്ളത്.)
നിര്‍മിച്ച 305 മീറ്റര്‍ നീളമുള്ള കടല്‍പ്പാലത്തില്‍ ചരക്കുട്രോളികള്‍ക്കായുള്ള പാളങ്ങളും ഉണ്ടായിരുന്നു. പാലത്തിന്റെ അറ്റത്ത് ചിലങ്കകളില്‍ (ഉള്‍ക്കടലില്‍ നങ്കൂരമിടുന്ന കപ്പലില്‍ നിന്നു ചരക്ക് തീരത്തേക്ക് എത്തിക്കുന്ന വലിയ വള്ളം) നിന്നു ചരക്കുകള്‍ പാലത്തിലേക്ക് പൊക്കിയെടുക്കാനും ഇറക്കാനും ക്രെയിനുകളും സ്ഥാപിച്ചിരുന്നു. അവയൊന്നും ഇപ്പോഴില്ല. അരിയും മറ്റും ഇറക്കുമതി ചെയ്തിരുന്ന ആലപ്പുഴ തുറമുഖത്തിലൂടെ കയറ്റുതടുക്കും മറ്റും കയറ്റുമതിയും നടത്തിയിരുന്നു. ചരക്കുകള്‍ സംഭരിക്കാനായി കടല്‍പ്പാലത്തിനോടു ചേര്‍ന്ന് ധാരാളം ഗോഡൗണുകളും നിര്‍മിച്ചിരുന്നു.

(ആലപ്പുഴ കടല്‍പ്പാലത്തിന്റെ ദുഃസ്ഥിതി വ്യക്തമാക്കി ഗ്രാഫിക് ഡിസൈനറായ മുഹമ്മദ് അനസ് ഏതാനും ആഴ്ചകള്‍ മുന്‍പ് കടപ്പുറത്തു നടത്തിയ ചിത്രപ്രദര്‍ശനത്തിലെ ശ്രദ്ധേയ ചിത്രം മുകളില്‍)

Monday, September 12, 2011

തീരദേശ റോഡിനു മുകളിലൂടെയുള്ള ഇടുങ്ങിയ മേല്‍പ്പാലം പുനഃര്‍നിര്‍മ്മിക്കണം

ര്‍ഷങ്ങളായി നിര്‍മാണത്തിലിരിക്കുന്ന ആലപ്പുഴ കൊമ്മാടി - കളര്‍കോട് നാഷണല്‍ ഹൈവേ ബൈപ്പാസില്‍ കാഞ്ഞിരംചിറ മാളികമുക്കില്‍ തീരദേശ റോഡിനു മുകളിലൂടെ നിര്‍മ്മിച്ചിരിക്കുന്ന മേല്‍പ്പാലം നാട്ടിലെ 'ദീര്‍ഘവീക്ഷണ'ത്തോടെയുള്ള നിര്‍മാണ പ്രവര്‍ത്തികളുടെ 'ഉത്തമ' മാതൃകകളില്‍ ഒന്നാണ്!

നിലവില്‍ സ്വതേ വീതികുറഞ്ഞ തീരദേശ റോഡ് അത്യാവശ്യം കടന്നുപോകത്തക്ക ഇടുങ്ങിയ നിലയിലാണ് മേല്‍പ്പാല നിര്‍മാണം. ഭാവിയില്‍ റോഡിനു വീതി കൂട്ടേണ്ടി വരുമെന്നു എല്ലാവര്‍ക്കും അറിയാം. ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഒരു വിധത്തിലും ഇവിടം വീതി കൂട്ടാനാകില്ല. ഒരു വന്‍ കുപ്പിക്കഴുത്തായി ഇവിടം കിടക്കും. ഇപ്പോള്‍ തന്നെ ഉയരമുള്ള ഭാരവാഹനങ്ങള്‍ ഇതുവഴി കടന്നുപോകില്ല.

ഭാവി റോഡു വികസനം കൂടി കണക്കിലെടുത്ത് മേല്‍പ്പാലത്തിനു നീളവും ഉയരവും കൂട്ടി പുനഃര്‍നിര്‍മ്മിക്കുയാണ് വേണ്ടത്. അതിനു ഇനി ഉണ്ടാകാവുന്ന അധികച്ചിലവ് കണക്കിലെടുത്തു ഒഴിവാക്കിയാല്‍ വന്‍ ഗതാഗതടസ്സമായിരിക്കും പിന്നീട് റോഡിലുണ്ടാകുക.

Thursday, September 8, 2011

ആലപ്പുഴ മുനിസിപ്പല്‍ മൈതാനം പട്ടണ ചത്വരമായി

ലപ്പുഴ പട്ടണത്തില്‍ അനേകം ചരിത്രസംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച മുനിസിപ്പല്‍ മൈതാനം പട്ടണ ചത്വരമാക്കി. ജനങ്ങള്‍ക്കു വിനോദത്തിനും വിശ്രമത്തിനുമുള്ള ഇടമാണിത്. തത്തംപള്ളി വാര്‍ഡിന്റെ തൊട്ടടുത്ത വാര്‍ഡായ ജില്ലാ കോടതി വാര്‍ഡിലാണ് പട്ടണത്തിലെ ഏവര്‍ക്കും വേണ്ടിയുള്ള പട്ടണ ചത്വരം (ടൗണ്‍ സ്‌ക്വയര്‍). ബോട്ട് ഹൗസുകളുടെ കേന്ദ്രമായ പുന്നമടയിലേക്കുള്ള റോഡു വക്കില്‍ ബോട്ടു ജെട്ടിക്കു എതിര്‍വശത്തായിട്ടാണിത്.

പട്ടണത്തിനു പുതിയ തിലകക്കുറിയാക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ നഗരചത്വരം ഓണസമ്മാനമായി 2011 സെപ്റ്റംബര്‍ എട്ടിനു ഉത്രാട ദിവസം രാത്രി 7.07-നു ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഊര്‍ജവകുപ്പ് സഹമന്ത്രി കെ.സി.വേണുഗോപാലാണ് ചത്വരം നാടിനു സമര്‍പ്പിച്ചത്. ചത്വരത്തില്‍ മൂന്നു ദിവസം നീളുന്ന ഓണാഘോഷം സംസ്ഥാന ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.തോമസ് ഐസക് എംഎല്‍എ അധ്യക്ഷത വഹിച്ചു.

ഓപ്പണ്‍ സ്റ്റേജ്, ആര്‍ട്ട് ഗാലറി, എട്ടു കടകള്‍, ഓഡിറ്റോറിയം, മൂന്നു ഫുഡ് കോര്‍ട്ടുകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള വെയ്റ്റിംഗ് റൂം, എക്‌സിബിഷന്‍ ഹാള്‍, കുട്ടികളുടെ കളി സ്ഥലം എന്നിവയാണ് ആലപ്പുഴ ടൗണ്‍ സ്‌ക്വയറില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍. മൈതാനത്തിന്റെ വടക്കു കിഴക്കേ മൂലയിലുണ്ടായിരുന്ന ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് നിലനിര്‍ത്തിയിട്ടുണ്ട്. മുനിസിപ്പാലിറ്റിക്കാണ് ചത്വരത്തിന്റെ നടത്തിപ്പു ചുമതല. വിനോദ പരിപാടികള്‍ നടത്തുന്നതില്‍ നിന്നുള്ള വരുമാനം മുനിസിപ്പാലിറ്റിക്കാണ്.

പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നഗര ചത്വരത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടര കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിനകം 2.44 കോടി രൂപ ചെലവായിക്കഴിഞ്ഞു. ബാക്കി തുക ചില്‍ഡന്‍സ് പാര്‍ക്ക് അല്പം കൂടി വിപുലീകരിക്കാന്‍ ഉപയോഗിക്കും.

വിനോദത്തിനും വിശ്രമത്തിനുമായുള്ള ചത്വരത്തില്‍ വ്യായാമ നടത്തക്കാര്‍ക്കായുള്ള ഒരു ട്രാക്ക് കൂടി വിഭാവന ചെയ്തിരുന്നുവെങ്കില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് പ്രയോജനപ്പെട്ടേനെ. ഇപ്പോള്‍ പുലര്‍കാലത്ത് പട്ടണറോഡുകളിലൂടെ നടക്കാന്‍ ഇറങ്ങുന്നവര്‍ എണ്ണമില്ലാതെ അലയുന്ന തെരുവുനായ്ക്കളെയും പിടിച്ചുപറിക്കാരേയും ഭയപ്പെടണം. കൂടാതെ ചത്വരത്തില്‍ ആവശ്യാനുസരണം ചാരുബഞ്ചുകളും സ്ഥാപിക്കണം. അത് ഇനി സ്ഥാപിക്കാവുന്നതേയുള്ളു. മുനിസിപ്പാലിറ്റിയുടെ മുനിസിപ്പല്‍ മൈതാനത്തിന്റെ ഒരു ഏക്കര്‍  സ്ഥലത്ത് കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ചു നാടിനു സമര്‍പ്പിച്ച ചത്വരത്തിന്റെ പരിപാലനവും അറ്റകുറ്റപ്പണികളും ഒരു തടസ്സവും കൂടാതെ നടത്താനുള്ള നടപടികളും ആവശ്യമാണ്.

ചത്വരം നിര്‍മിച്ചുവെങ്കിലും അതിന്റെ തുടര്‍പരിപാലനം വെല്ലുവിളിയാണ്. കനാല്‍ നവീകരണവും ബീച്ച് നവീകരണവും നാട്ടുകാര്‍ തന്നെയാണ് തകര്‍ത്തത്. സുനാമി ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തിയുള്ള ബീച്ച് നവീകരണത്തിന്റെ എണ്‍പതു ശതമാനം പണി പൂര്‍ത്തിയാകും മുന്‍പു തന്നെ അവിടുത്തെ തറയോടുകളും മറ്റും സാമൂഹ്യദ്രോഹികള്‍ ഇളക്കിക്കൊണ്ടു പോയിരുന്നു. അതുപോലെ തന്നെ കനാല്‍ത്തീരങ്ങള്‍ നവീകരിച്ചപ്പോള്‍ സ്ഥാപിച്ച കരിങ്കല്‍പ്പാളികളും ലൈറ്റുകളും മറ്റും താമസംവിനാ അടിച്ചുമാറ്റപ്പെട്ടു.

അന്‍പതുകളില്‍ പിയേഴ്‌ലെസ്ലിയുടെ വന്‍ കയര്‍ ഫാക്ടറി സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ കെട്ടിടം പൊളിച്ചു നീക്കിയപ്പോഴാണ് മുനിസിപ്പല്‍ മൈതാനമായത്. അറുപതുകള്‍ മുതല്‍ മൈതാനമായി കിടക്കുകയാണ്. എഴുപതുകളില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ നിര്‍മാണത്തിനായി ശില സ്ഥാപിച്ചുവെങ്കിലും വര്‍ഷങ്ങളോളം ശിലാഫലകം മൈതാനത്തിനു നടുവിലുണ്ടായിരുന്നു. സുബ്ബമ്മ സിനിമാ തിയേറ്റര്‍ ടൗണ്‍ ഹാളാക്കിയതോടെ മുനിസിപ്പല്‍ മൈതാനത്ത് ടൗണ്‍ ഹാള്‍ നിര്‍മ്മിക്കേണ്ടതില്ലെന്നായി. ഇടക്കാലത്ത് നിര്‍മ്മിച്ച് ഒരു സ്റ്റേജ് മാത്രമാണുണ്ടായിരുന്നത്. വര്‍ഷങ്ങളായി അനേകം പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവ മൈതാനത്തു സംഘടിപ്പിച്ചിട്ടുണ്ട്. വന്‍ ആള്‍ക്കൂട്ടത്തിനു ജാഥയ്ക്കും മറ്റും കൂടാനുള്ള സ്ഥലമാണ് പട്ടണനടുവില്‍ ഇല്ലാതായിരിക്കുന്നത്.

Monday, September 5, 2011

ആധാറിന്റെ പേരില്‍ ആവശ്യമില്ലാത്ത വിവരങ്ങളും ശേഖരിക്കുന്നു

ധാര്‍ കാര്‍ഡിന്റെ പേരില്‍ ആവശ്യമില്ലാത്ത വിവരങ്ങളും ജനങ്ങളില്‍ നിന്നു ശേഖരിക്കുന്നതായി പരാതി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള എന്റോള്‍മെന്റ് ഫോമിലുള്ളതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങളാണ് കേരളത്തിലെ ആപ്ലിക്കേഷന്‍ ഫോമിലൂടെ കേരള സര്‍ക്കാരിനായി ശേഖരിക്കുന്നത്. കൂടാതെ ഫോമില്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളും കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ചോദിച്ചു ശേഖരിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഫോമില്‍ നല്‌കേണ്ട അധിക വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ഐച്ഛികമാണെങ്കില്‍ കേരളത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നിര്‍ബന്ധമാണ്.

ഗവണ്മെന്റ് ഓഫ് ഇന്ത്യ പ്ലാനിംഗ് കമ്മീഷന്റെ കീഴിലുള്ള യുണീക് എഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ആധാര്‍ പദ്ധതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നതിനായി വ്യക്തിയെക്കുറിച്ച് അത്യാവശ്യം പ്രാഥമിക വിവരങ്ങളാണ് പാര്‍ട്ട് എ-യില്‍ ശേഖരിക്കുന്നത്. പേരും വിലാസവും ജനനത്തീയതിയും അത് അറിയില്ലെങ്കില്‍ വയസും മറ്റുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

പാര്‍ട്ട് ബി-യില്‍ നല്‌കേണ്ട കൂടുതല്‍ വിവരത്തില്‍ ഫോണ്‍, മൊബൈല്‍, ഇ-മെയില്‍ തുടങ്ങിയവയാണ്. അവ വേണമെങ്കില്‍ മാത്രം നല്കിയാല്‍ മതി. അതുപോലെ പാര്‍ട്ട് സി-യിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇഷ്ടമുണ്ടെങ്കില്‍ കൊടുത്താല്‍ മതി.

എന്നാല്‍ കേരളത്തിലെ ആപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ വിവരങ്ങളും നിര്‍ബന്ധമായും നല്കണം. ഐച്ഛികം എന്ന് ഒരിടത്തും പറയുന്നില്ല. വിവാഹസംബന്ധിയായ സ്ഥിതി, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, വീട് സ്വന്തമോ വാടകയോ എന്ന്, വികലാംഗനാണോ, തൊഴില്‍, ഡ്രൈവിംഗ് ലൈസന്‍സ്, ഇലക്ട്രല്‍ ഫോട്ടോ ഐഡന്റിറ്റി, പാന്‍കാര്‍ഡ്, ബാങ്ക്-പോസ്റ്റ് ഓഫീസ് ഡീറ്റയില്‍സ്, എല്‍പിജി ഗ്യാസ് കണക്ഷന്‍, റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍, എന്‍ആര്‍ഇജിഎ രജിസ്‌ട്രേഷന്‍, പാസ്‌പോര്‍ട്ട്, കോംപ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സ്‌കീം തുടങ്ങിയവയുടെ കാര്‍ഡ് നമ്പര്‍ അടക്കമുള്ള വിവരങ്ങളാണ് അത്യാവശ്യമായും ആവശ്യപ്പെട്ടിരിക്കുന്നത്.

എഴുതിക്കൊടുക്കുന്നതു കൂടാതെ വാഹനങ്ങള്‍ സ്വന്തമായി ഉണ്ടോ, ഏതിനം, വിദ്യാഭ്യാസസംബന്ധിയായ കൂടുതല്‍ വിവരങ്ങള്‍ തുടങ്ങിയവും ചോദിച്ചു രേഖപ്പെടുത്തുന്നുണ്ട്.

സാധാരണ ഗതിയില്‍ കുടുംബാംഗങ്ങള്‍ക്കായി എല്ലാം കൂടെ ഒരു വീട്ടില്‍ ഒന്നു മാത്രം കാണുന്ന റേഷന്‍ കാര്‍ഡ്, പാചകവാതക കണക്ഷന്‍ എന്നിവയെക്കുറിച്ച് വ്യക്തിഗത വിവരങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്തിനാണെന്നു വ്യക്തമല്ല. അതുപോലെ ഇ-മെയിലും മറ്റും ആപ്ലിക്കേഷനിലൂടെ ശേഖരിച്ചിട്ട് 'ഇ-മെയില്‍ നല്കിയിട്ടില്ല' എന്നു രേഖപ്പെടുത്തിയിട്ടുള്ളതും എന്തിനാണെന്നു മനസ്സിലാകുന്നില്ല.

കേന്ദ്ര സര്‍ക്കാരിന്റെ ആധാര്‍ എന്‍ റോള്‍മെന്റ് ഫോമും കേരള സര്‍ക്കാരിന്റെ ആധാര്‍ ആപ്ലിക്കേഷന്‍ ഫോമും താരതമ്യം ചെയ്യുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക. കേന്ദ്ര സര്‍ക്കാരിന്റെ ഫോമില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും വിവരങ്ങള്‍ പൂരിപ്പിച്ചു നല്കാമെങ്കില്‍ കേരളത്തില്‍ വിതരണം ചെയ്തിട്ടുള്ളത് ഇംഗ്ലീഷ് ഫോമാണ്.

ആധാര്‍ വിവരശേഖരണം: തത്തംപള്ളിയില്‍ പാളിച്ച

ന്ത്യയൊട്ടുക്ക് പൗരന്മാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നതിനുള്ള ആധാര്‍ പദ്ധതിയിലേക്ക് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ പാളിച്ചകളും ശേഖരിക്കുന്ന വിവരങ്ങളില്‍ വന്‍ പിഴവുകളും അക്ഷരത്തെറ്റുകളും. പ്രധാനപ്പെട്ട ഇത്തരമൊരു കാര്‍ഡില്‍ ഒരുതരത്തിലുമുള്ള അക്ഷരപ്പിഴവുകള്‍ ഉണ്ടാകാതിരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് മുന്‍കൂട്ടി തത്തംപള്ളി ബ്ലോഗ് ആവശ്യപ്പെട്ടിരുന്നതാണ്. തെരെഞ്ഞെടുപ്പ് വോട്ടര്‍പട്ടികയിലും തിരിച്ചറിയല്‍ കാര്‍ഡിലും ഡ്രൈവിംഗ് ലൈസന്‍സിലും മറ്റും ആവര്‍ത്തിക്കുന്ന പിഴവുകള്‍ എടുത്തുകാട്ടിയായിരുന്നു അത്.

തത്തംപള്ളി സിവൈഎംഎ ഹാളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്യാമ്പില്‍ അടുക്കും ചിട്ടയുമില്ലാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ആവശ്യത്തിനു അപേക്ഷാ ഫോറം ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിട്ടില്ല. ആവശ്യമുള്ളവര്‍ അപേക്ഷയുടെ ഫോട്ടോകോപ്പി എടുത്തു പൂരിപ്പിച്ചു നല്കുകയാണ് വേണ്ടത്. അപേക്ഷ പൂരിപ്പിച്ചു കൊണ്ടു ചെല്ലുമ്പോള്‍ അത് ഹാജരാക്കാന്‍ മറ്റൊരു തീയതി രേഖപ്പെടുത്തി നല്കും. അതിനാകട്ടെ രേഖയോ കണക്കോ സൂക്ഷിക്കുന്നുമില്ല. ഒന്നിലേറെ ദിവസം ബുദ്ധിമുട്ടണമെന്ന കാര്യം ഇതുസംബന്ധിച്ച പത്രവാര്‍ത്തകളിലില്ലായിരുന്നു.

കുറഞ്ഞത് രണ്ടു ദിവസം മിനക്കെട്ടാലേ അപേക്ഷ നല്കാന്‍ സാധിക്കൂ എന്ന നിലയാണ്. 2011 ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എഴു വരെയാണ് അപേക്ഷ സ്വീകരിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് അപേക്ഷ നല്കാം എന്നു കരുതി ചെല്ലുന്നവര്‍ക്ക് നിരാശയാണ് ഫലം. അപേക്ഷ പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ അപ്പോള്‍ തന്നെ വരുത്താന്‍ പറയാതെ വെറുതെ അടുത്ത തീയതി മാത്രം രേഖപ്പെടുത്തി നല്കുകയാണ് ആദ്യം ചെയ്യുന്നത്. അപ്പോള്‍ മുന്‍ഗണനാ ടോക്കണ്‍ നല്കുന്നുമില്ല.

അടുത്ത നിശ്ചിത ദിവസം എത്തുമ്പോള്‍ കംപ്യൂട്ടര്‍ കൗണ്ടറിനു മുന്നിലെ തിരക്കു നിയന്ത്രിക്കാന്‍ ഏര്‍പ്പാടുകളില്ല. ആദ്യം വരുന്നവര്‍ നിരത്തിയിട്ടിട്ടുള്ള കസേരകള്‍ കൈയടക്കും. പിന്നെ ഓരോരുത്തര്‍ മാറുന്നതനുസരിച്ച് ഓരോ കസേര മാറിയിരുന്നുള്ള കസേരകളിയാണ്. സ്ത്രീകളും പ്രായമായവരും ഈ രീതിമൂലം ഏറെ ബുദ്ധിമുട്ടുന്നു.

അപേക്ഷാ ഫോറത്തിലെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ ടൈപ്പുചെയ്തു ചേര്‍ത്ത് ഫോട്ടോയും വിരല്‍ രേഖകളും കൃഷ്ണമണിയും കംപ്യൂട്ടറില്‍ രേഖപ്പെടുത്തി വരുമ്പോഴേക്കും ഒരാള്‍ക്ക് കുറഞ്ഞത് പത്തു മിനിട്ടെങ്കിലും വേണ്ടിവരും. വേണ്ടവിധത്തില്‍ പ്ലഗുകള്‍ ഒന്നും ഉപയോഗിക്കാതെ കംപ്യൂട്ടറുകളിലേക്കും അനുബന്ധ ഉപകരണങ്ങളിലേക്കും തൊട്ടുതൊടീച്ചുള്ള ഇലക്ട്രിക് കണക്ഷന്റെ അപാകതകള്‍ മൂലം അങ്ങനെയുള്ള തടസ്സവും വേറെ. അഞ്ചു കംപ്യൂട്ടര്‍ കൗണ്ടറുകളിലായാണ് വിവരശേഖരണം. എന്നാല്‍ ഇവയൊക്കെ സൂപ്പര്‍വൈസ് ചെയ്യാന്‍ ആളില്ല. അപേക്ഷകരുടെ സംശയം നീക്കാനും ആളില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുമില്ല. ആവശ്യമായ മുന്നൊരുക്കങ്ങള്‍ കൂടാതെയാണ് ഗൗരവമുള്ള ഈ ഏര്‍പ്പാടു സംഘടിപ്പിച്ചിട്ടുള്ളത്.

സ്‌കൂളുകള്‍, കോളജുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ ആള്‍ക്കാര്‍ കൂടുതല്‍ ഒരുമിച്ചുള്ളയിടങ്ങളില്‍ ആധാറിനായി അപേക്ഷകള്‍ സ്വീകരിച്ച് ഫോട്ടോയും മറ്റും എടുത്താല്‍ അത് കൂടുതല്‍ സൗകര്യമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പഠനമോ ജോലിയോ മുടക്കാതെ ഭൂരിപക്ഷം പേര്‍ക്കും ആധാര്‍ കാര്‍ഡ് നല്കാന്‍ അതിനാലാകും.

കാര്‍ഡിനായി അപേക്ഷ പൂരിപ്പിച്ചു നല്കുകയും അതനുസരിച്ച് രേഖകള്‍ സ്വീകരിച്ച് ബയോമെട്രിക്‌സ് എടുത്ത ശേഷം സ്ഥലവാസിക്കുള്ള പകര്‍പ്പ് / അക്‌നോളഡ്ജ്‌മെന്റ് കൈയില്‍ കിട്ടുമ്പോഴാണ് തെറ്റുകുറ്റങ്ങള്‍ മനസ്സിലാകുന്നത്. വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന സമയത്തു തന്നെ മലയാളത്തിലുള്ള വിവരങ്ങളിലെ പിശകുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് കംപ്യൂട്ടറില്‍ മലയാളം അങ്ങനെയേ വരൂ എന്ന സൂചനയാണ് ബന്ധപ്പെട്ട കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍മാര്‍ നല്കുന്നത്.

വളരെ പ്രാധാന്യമുണ്ടെന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്ന ആധാര്‍ കാര്‍ഡില്‍ മലയാളത്തിലും വിവരങ്ങള്‍ രേഖപ്പെടുത്തുണ്ടെങ്കില്‍ തീര്‍ച്ചയായും മലയാളം അക്ഷരപിശകുകള്‍ മാറ്റുകയും തിരുത്തുകയും ചെയ്യേണ്ടതുണ്ട്. അക്ഷരവിന്യാസത്തില്‍ ഇതിനായി പ്രത്യേക ശ്രദ്ധ നല്കണം. ഇംഗ്ലീഷിലാണ് അപേക്ഷാ ഫോറത്തില്‍ വിവരങ്ങള്‍ ശേഖരിക്കുകയെന്നതിനാല്‍ പേരുകളും മറ്റും മലയാളത്തിലാക്കുമ്പോള്‍ തെറ്റുകള്‍ വരാനുള്ള സാധ്യത ഏറെയാണ്.

കാര്‍ഡ് എടുക്കാന്‍ വരുന്ന ഭൂരിപക്ഷം പേര്‍ക്കും കംപ്യൂട്ടര്‍ പരിചിതമല്ലാത്തതിനാല്‍ സ്‌ക്രീനില്‍ വളരെ ചെറിയ അക്ഷരങ്ങള്‍ നോക്കി അപ്പോള്‍ തന്നെ തെറ്റുതിരുത്തി പറയാന്‍ സാധിക്കണമെന്നില്ല. തോമസ് എന്നതിനു പകരം ഥാമസ്, ആന്റണി എന്നതിനു പകരം ആംടനീ, എം എന്നതിനു പകരം എമ്, തത്തംപള്ളി എന്നതിനു പകരം തത്മ്പള്‌ല്യ്, ആര്യാട് എന്നതിനു പകരം ആര്യത്, സൗത്ത് എന്നതിനു പകരം സൌത് തുടങ്ങിയ രീതികളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില്ലക്ഷരങ്ങളില്‍ കൂടുതല്‍ പ്രശ്‌നം കാണിക്കുന്നുണ്ട്. വാക്കുകളുടെ അവസാനം 'യി' എന്ന് അടിക്കാന്‍ സാധിക്കില്ല 'യ്' എന്നേ പറ്റുകയുള്ളുവെന്നു പറയുന്നിടത്ത് വാക്കുകളുടെ ഇടയില്‍ 'യി' വരുന്നുണ്ട്. തോന്നിയ പോലെയാണ് സ്ഥലപ്പേരും വീട്ടുപേരും മറ്റും മലയാളത്തില്‍ രേഖപ്പെടുത്തുന്നത്. കോമയും ഫുള്‍സ്റ്റോപ്പും മറ്റും വേണ്ട വിധത്തില്‍ അല്ല ഉപയോഗിച്ചിട്ടുള്ളത്.

അപേക്ഷയില്‍ ഇ-മെയില്‍ നല്കിയിരുന്നുവെങ്കിലും 'നോട്ട് ഗീവണ്‍' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നു പലരും സൂചിപ്പിച്ചു. കൊടുക്കുന്ന വിവരവും രേഖപ്പെടുത്തുന്ന വിവരവും തമ്മില്‍ ബന്ധമില്ലെന്നു കാണിക്കാനാണിത്.

വിവരം പങ്കുവയ്ക്കല്‍ സമ്മതം 'യേസ്' ആണെന്നും എല്ലാ അക്‌നോളഡ്ജ്‌മെന്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡിന്റെ ആവശ്യത്തിനു മാത്രമാണ് വ്യക്തിപരമായ വിവരങ്ങള്‍ അപേക്ഷാ ഫോറത്തില്‍ നല്കിയിട്ടുള്ളതെന്നു അപേക്ഷകര്‍ വ്യക്തമാക്കുന്നു. അത് യാതൊരു കാരണവശാലും മറ്റ് ഏജന്‍സികള്‍ക്കോ വകുപ്പുകള്‍ക്കോ കൈമാറാനോ പങ്കുവയ്ക്കാനോ ഉള്ളതല്ല. വ്യക്തിഗതമായ വിവരങ്ങള്‍ ചില സമുദായത്തേയോ സമൂഹത്തേയോ
വര്‍ഗ്ഗത്തേയോ വംശത്തേയോ കൂട്ടത്തേയോ വിഭാഗത്തേയോ വകുപ്പുകളേയോ ചിന്താഗതികളോയോ പ്രത്യയശീലങ്ങളേയോ ഭാവനാശാസ്ത്രങ്ങളേയോ ലക്ഷ്യം വയ്ക്കാന്‍ വികാരഗോപനപ്രവണമായ സര്‍ക്കാരുകള്‍ ശ്രമിച്ചേക്കുമെന്ന ആശങ്ക നിലനില്ക്കുന്ന സാഹചര്യത്തിലാണിത്.

ആധാര്‍ സംബന്ധിച്ച നിയമം പാര്‍ലമെന്റ് പാസാക്കുന്നതിനു മുന്‍പാണ് വിവര ശേഖരണവും മറ്റും ആരംഭിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്. സ്വകാര്യ ഏജന്‍സികളാണ് വസ്തുതകളും വിവരങ്ങളും ആധാറിനായി ശേഖരിക്കുന്നതും സമാഹരിക്കുന്നതും. വിവരങ്ങള്‍ അവര്‍ക്ക് എന്തും ചെയ്യാം. വില്ക്കുക പോലുമാകാം. ആധാറിനായി പൗരന്മാരുടെ ആവശ്യമുള്ളതും അംസബന്ധവുമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് നമ്പര്‍, ടെലിഫോണ്‍-മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയവയ്ക്ക് ആവശ്യക്കാര്‍ ഒത്തിരിയുണ്ട്. വ്യക്തികളെ തരംതിരിച്ച് ഇവ ആവശ്യമുള്ളവര്‍ക്കു ലഭ്യമാക്കാന്‍ എളുപ്പമാണ്.

ഭാരത സര്‍ക്കാരിനു ആധാറിനാവശ്യമായ വിവരങ്ങള്‍ മാത്രം ശേഖരിക്കാനുള്ള ഫോറത്തില്‍ കേരള സര്‍ക്കാര്‍ ധാരാളം വിവരങ്ങള്‍ ശേഖരിക്കുന്നതും എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ വ്യക്തികളുടെ തിരിച്ചറിയലിനു ഉപകാരപ്പെടുന്ന കാര്‍ഡില്‍ അത്യാവശ്യമായ ബ്ലഡ് ഗ്രൂപ്പ് ഉള്‍പ്പെടുത്തിയിട്ടില്ല.

ആധാറിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍: http://uidai.gov.in
What is Aadhaar?
Aadhaar is a 12-digit unique number which the Unique Identification Authority of India (UIDAI) will issue for all residents. The number will be stored in a centralised database and linked to the basic demographics and biometric information – photograph, ten fingerprints and iris – of each individual. The details of the data fields and verification procedures are available here.

Aadhaar will be:
Easily verifiable in an online, cost-effective way
Unique and robust enough to eliminate the large number of duplicate and fake identities in government and private databases
A random number generated, devoid of any classification based on caste, creed, religion and geography

Sunday, September 4, 2011

ആലപ്പുഴയിലെ പാലങ്ങളില്‍ പേരു ബോര്‍ഡ് വേണം

ലപ്പുഴ പട്ടണത്തിലെ പാലങ്ങളില്‍ പാലങ്ങളുടെ പേര് എഴുതിയ ബോര്‍ഡ് സ്ഥാപിക്കണമെന്ന് ആവശ്യം. നെടുകെയും കുറുകെയും കനാലുകളും അവയുടെ മീതെ ധാരാളം ചെറുപാലങ്ങളും ഉള്ള പട്ടണത്തില്‍ സ്ഥലം തിരിച്ചറിയുന്നത് പാലത്തിന്റെ പേരുമായി ചേര്‍ത്തായതിനാല്‍ ഇതിനു വളരെ പ്രാധാന്യമുണ്ട്. വാഹനങ്ങള്‍ കടന്നു പോകുന്നതും ആള്‍ക്കാര്‍ക്കുള്ള ഗോവണി പാലങ്ങളും ഇക്കൂട്ടത്തിലുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ നടപ്പാക്കിയിരുന്നുവെങ്കിലും കാലക്രമത്തില്‍ അത് ഇല്ലാതായി.

പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ പേരുകളോടൊപ്പം അവ എവിടെയാണെന്നു പെട്ടെന്നു തിരിച്ചറിയാന്‍ പാലത്തിന്റെ പേരിനും ഏറെ പ്രാധാന്യമുണ്ട്. ജില്ലാ കോടതി പാലം (മുന്‍പ് കോട്ടവാതുക്കല്‍ പാലം), വൈഎംസിഎ പാലം, വഴിച്ചേരി പാലം, കല്ലുപാലം, ഇരുമ്പുപാലം, മുറിഞ്ഞപുഴ പാലം, ശവക്കോട്ട പാലം, കൊട്ടാര പാലം (ഇപ്പോള്‍ ഇല്ല), കല്ലന്‍ പാലം തുടങ്ങിയ പാലങ്ങള്‍ എല്ലാം ഇത്തരത്തിലുള്ളതാണ്.

വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കനാല്‍ എന്നിവയാണ് പട്ടണത്തിലൂടെ കടന്നു പോകുന്ന കനാലുകള്‍. ഇവയെ പരസ്പരം ബന്ധിക്കുന്ന ചെറു തോടുകളുമുണ്ട്. പോളയും മാലിന്യവും നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്ന കനാലുകള്‍ നന്നാക്കി വെള്ളം ഒഴുക്കു സുഗമമാക്കാനുള്ള നടപടികള്‍ ആവശ്യമാണെങ്കിലും അധികൃതര്‍ അതിനു പ്രാധാന്യം കൊടുക്കുന്നതായി കാണുന്നില്ല.

പട്ടണത്തിന്റെ ലാന്‍ഡ് മാര്‍ക്കുകളാണ് പാലങ്ങള്‍. ഇടുങ്ങിയ പാലങ്ങള്‍ പലതും വീതി കൂട്ടി നിര്‍മ്മിച്ചിട്ടുണ്ട്. ഇനിയും പലതിനും വീതി കൂട്ടി ഗതാഗതം സുഗമമാക്കാനുമുണ്ട്. പാലങ്ങളില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പേരുബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ മറുനാടുകളില്‍ നിന്ന് വാഹനങ്ങളില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സ്ഥലം പെട്ടെന്നു കണ്ടെത്താന്‍ ഒത്തിരി പ്രയോജനപ്പെടും.

(വീതികൂട്ടല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇരുമ്പുപാലമാണ് ഫോട്ടോയില്‍. ശീമാട്ടി സ്ഥിതി ചെയ്യുന്ന പുരാതന കെട്ടിടവും കാണാം.)

Thursday, September 1, 2011

ആലപ്പുഴയുടെ ഇംഗ്ലീഷ് സ്‌പെല്ലിംഗ് മാറ്റണമെന്ന്

ലപ്പുഴയുടെ പേര് ഇംഗ്ലീഷില്‍ ഇപ്പോള്‍ ഔദ്യോഗികമായി എഴുതുന്നത് ALAPPUZHA എന്നാണ്. ഇത് അലപ്പുഴ എന്നാണ് മറ്റു ഭാഷകള്‍ ഉപയോഗിക്കുന്നവര്‍ വായിക്കുക. മലയാളത്തിലുള്ള ഉച്ചാരണത്തോട് കൂടുതല്‍ അടുക്കുന്നതിന് തുടക്കത്തില്‍ A-യ്ക്കു പകരം AA ആക്കി AALAPPUZHA എന്ന് ദീര്‍ഘത്തിലാക്കാന്‍ വേണ്ട നിര്‍ദേശം നല്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യമുയരുന്നു.

ഇംഗ്ലീഷില്‍ നേരത്തേ ALLEPPEY (ആലെപ്പി എന്നായിരുന്നു ഇതിന്റെ ഉച്ചാരണമെങ്കിലും ആലപ്പി എന്നാണ് പറഞ്ഞിരുന്നത്.) എന്നുണ്ടായിരുന്നത് ഇംഗ്ലീഷിലും മലയാളത്തിലും ആലപ്പുഴ എന്നാക്കിയപ്പോള്‍ മുതല്‍ അക്ഷരവിന്യാസത്തിന്റെ കാര്യത്തില്‍ വേണ്ടുന്ന ശ്രദ്ധ നല്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരിനു നിവേദനങ്ങള്‍ നല്കിയിട്ടും ഇതുവരെ പരിഗണിച്ചിട്ടില്ല.

ജില്ലയുടേയും അതിന്റെ തലസ്ഥാനമായ മുനിസിപ്പല്‍ പട്ടണത്തിന്റേയും പേര് ഒന്നു തന്നെയായതിനാല്‍ ഈ പേരിന്റെ ഉപയോഗം അന്താരാഷ്ട്രതലത്തില്‍ കൂടുതലാണെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

ഇക്കാര്യത്തില്‍ എത്രയും വേഗം നടപടി എടുക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്കു നല്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.