സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Tuesday, May 24, 2011

കാലവർഷക്കെടുതികളെ നേരിടാൻ സജ്ജമാകണം


കാലവര്‍ഷം ആസന്നമായ സാഹചര്യത്തില്‍ കാലവര്‍ഷം മൂലം ഉണ്ടാകാന്‍ സാധ്യതയുളള കെടുതികളെ നേരിടാന്‍ നാട്ടുകാര്‍ എല്ലാവരും തയ്യാറെടുക്കേണ്ടിയിരിക്കുന്നുവന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഓര്‍മ്മിപ്പിക്കുന്നു. വെളളപ്പൊക്കം, കടല്‍ക്ഷോഭം, ഇടിമിന്നല്‍, റോഡുമുങ്ങല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുളള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങണം.

എല്ലാ പ്രധാന ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടാകേണ്ടത് ആവശ്യമാണ്. ദുരന്തങ്ങളെ നേരിടാനുളള മാസ്റ്റര്‍ പ്‌ളാനുകള്‍ നേരത്തേ തയ്യാറാക്കി സൂക്ഷിക്കണം. ഇതിനാവശ്യമായ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. ഓഫീസര്‍മാര്‍ അവധി ദിവസങ്ങളിലും ഓഫീസില്‍ ഉണ്ടാകണം. മേല്‍നോട്ടത്തിന് കളക്ടറേറ്റില്‍ പ്രത്യേക ഓഫീസറെ നിയമിക്കണം. കാലവര്‍ഷക്കെടുതിയില്‍ വീട് പൂര്‍ണമായി നഷ്ടപ്പെടുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിനുളള റിപ്പോര്‍ട്ട് തഹസില്‍ദാര്‍ നേരിട്ട് തയ്യാറാക്കി നല്‍കണം. നഷ്ടപരിഹാരങ്ങള്‍ക്ക് കാലതാമസമുണ്ടാകരുത്.

എല്ലാ ആശുപത്രികളിലും പി.എച്ച്.സി-കളിലും സി.എച്ച്.സി-കളിലും ആവശ്യമായ മരുന്നും ബ്‌ളീച്ചിംഗ് പൗഡറും അത്യാവശ്യ സാധനങ്ങളും സ്‌റ്റോക്കുണ്ടാകണം. ഓടകള്‍ സമയത്ത് വൃത്തിയാക്കണം. സ്‌കൂള്‍ തുറപ്പിനു മുന്‍പുതന്നെ കെട്ടിടങ്ങളുടെ സുരക്ഷ ബന്ധപ്പെട്ടവര്‍ പരിശോധിക്കണം. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണം. വൈദ്യുതി അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണം. കെടുതികളെ നേരിടാന്‍ ഫയര്‍ ഫോഴ്‌സ് സജ്ജമായിരിക്കണം.

പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയുള്ളതിനാല്‍ പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കണം. ഈച്ചകളേയും കൊതുകുകളേയും നശിപ്പിക്കണം. വൃത്തിയുള്ളതും തുറന്നുവയ്ക്കാത്തതുമായ ഭക്ഷണവസ്തുക്കള്‍ മാത്രമേ വില്ക്കാന്‍ അനുവദിക്കാവൂ. ബന്ധപ്പെട്ട സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കണം.

കാലവര്‍ഷത്തിനു മുന്നോടിയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. അതത് വാര്‍ഡുകളില്‍ ശുചിത്വ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കണം. വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാലിന്യങ്ങള്‍ റോഡില്‍ കൂടിക്കിടന്നു അഴുകാന്‍ ഇടവരുത്തരുത്.

Wednesday, May 18, 2011

വീട്ടുമുറ്റത്തു തെരുവുനായ്ക്കളുടെ ആക്രമണം; ആടുകളെ കൊന്നതിനു നഷ്ടപരിഹാരം തേടി

തെരുവുനായ്ക്കള്‍ വീട്ടുമുറ്റത്തു കയറി ആടുകളെ കടിച്ചുകൊന്നതിനു നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ സെക്രട്ടറിക്കു നോട്ടീസ് അയച്ചതായി ആലപ്പുഴ കൈതവന വാര്‍ഡ് കുന്നുതറ കെ.സി.ജേക്കബ്, തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെ അറിയിച്ചു. വര്‍ധിച്ചുവരുന്ന തെരുവുനായ്, പേനായ് ശല്യത്തിനു വര്‍ഷങ്ങളായി മുനിസിപ്പാലിറ്റി പരിഹാരം കണ്ടെത്താത്തതിനാല്‍ വീണ്ടും നായ്ക്കളുടെ ആക്രമണം ഉണ്ടാകുമെന്നു സ്ഥലവാസികള്‍ ഭയപ്പെടുന്നുണ്ട്. കറവയുള്ള മൂന്നു ആടുകളേയും ഒരു കുഞ്ഞാടിനേയുമാണ് രണ്ട് ആക്രമണങ്ങളിലായി ജേക്കബിനു നഷ്ടപ്പെട്ടത്.

ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറിക്കു 2011 മേയ് 18-നു രജിസ്‌ട്രേഡ് പോസ്റ്റ് അക്‌നോളഡ്ജ്‌മെന്റ് ഡ്യൂ ആയി അയച്ച കത്തിന്റെ പൂര്‍ണരൂപം:

പ്രേക്ഷിതന്‍ 
കെ.സി.ജേക്കബ്,
കുന്നുതറ,
കെ.കെ.ആര്‍.എ 11,
കൈതവന വാര്‍ഡ്,
സനാതനപുരം പി.ഒ.,
ആലപ്പുഴ-688003


സ്വീകര്‍ത്താവ്
സെക്രട്ടറി,
മുനിസിപ്പല്‍ കൗണ്‍സില്‍,
ആലപ്പുഴ


സര്‍,

വിഷയം: ഉപജീവനമാര്‍ഗമായിരുന്ന ആടുകളെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നതു സംബന്ധിച്ച് - നടപടിയും നഷ്ടപരിഹാരവും -

ആലപ്പുഴ മുനിസിപ്പാലിറ്റി അതിര്‍ത്തിക്കുള്ളില്‍ തെരുവുനായ്ക്കളുടേയും പേ വിഷബാധയുള്ള നായ്ക്കളുടേയും ശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചു വന്നിട്ടും അവയെ പിടികൂടി തെരുവില്‍ നിന്നു ഒഴിവാക്കാത്തതിനാല്‍ മനുഷ്യരും വളര്‍ത്തുമൃഗങ്ങളും നിത്യേന ആക്രമണം നേരിടുകയാണ്. മനുഷ്യരുടേയും മൃഗങ്ങളുടേയും ജീവനു നേരേയുയരുന്ന അപകടഭീഷണി ഒഴിവാക്കേണ്ടത് നിയമ പ്രകാരം മുനിസിപ്പല്‍ സെക്രട്ടറിയുടെ തൊഴില്‍പരമായ ഉത്തരവാദിത്തമാണ്. വര്‍ഷങ്ങളായി ആ ചുമതല നിര്‍വഹിക്കപ്പെടാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. തെരുവു / പേനായ് ശല്യത്തെ സംബന്ധിച്ച പത്രവാര്‍ത്തകള്‍ ധാരാളമായി ദിവസേന വരുന്നുമുണ്ട്. എന്നിട്ടും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല.

ഞാന്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് ആടുകളെയാണ് കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ രണ്ടു തവണയായി തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്നു കടിച്ചുകൊന്നത്. ആടുവളര്‍ത്തല്‍ തൊഴിലായി നടത്തുന്ന എനിക്കിത് വലിയ നഷ്ടവും മാനസികപീഡയുമാണുണ്ടാക്കുന്നത്. വഴികളില്‍ നിറയെ നായ്ക്കള്‍ അലഞ്ഞു തിരിയുന്നതിനാല്‍ ഇനിയും ഇത്തരം ക്രൂരസംഭവം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്.

2011 ഫെബ്രുവരി രണ്ടിന് രാത്രി നായ്ക്കള്‍ കൂട്ടം ചേര്‍ന്നെത്തി കറവയുള്ള ഒരു തള്ളയാടിനേയും ഒരു കുഞ്ഞാടിനേയും കടിച്ചു കൊന്നു. കടിയേറ്റ മറ്റൊരു തള്ളയാട് രണ്ടു ദിവസത്തിനു ശേഷം ചത്തു. കടിയേറ്റ ആടിന് പേ വിഷബാധ സംശയിച്ചതിനാല്‍ ചാകുന്നതിനു മുന്‍പ് അറവുകാര്‍ പോലും വാങ്ങാന്‍ തയാറായില്ല. ഏപ്രില്‍ 29-ന് കറവയുള്ള ഒരു ആടിനേയും മൂന്നു പട്ടികള്‍ ചേര്‍ന്നു കടിച്ചു കൊന്നു.

സ്വയംതൊഴില്‍ കണ്ടെത്തുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് അധികൃതരുടെ നിസംഗതാ മനോഭാവം മൂലം സാമ്പത്തികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടുകളാണുണ്ടാക്കുന്നത്. വീട്ടിലെ വളര്‍ത്തു മൃഗങ്ങളെ എല്ലാവരും വളരെ വാത്സല്യത്തോടെയാണ് വളര്‍ത്തുന്നതെന്നും അറിയാമല്ലോ.

അതിനാല്‍ എനിക്കുണ്ടായ തൊഴില്‍പരവും സാമ്പത്തികവുമായ നഷ്ടത്തിനും മാനസികാഘാതത്തിനും ഉള്‍പ്പടെ 25,000 രൂപ നഷ്ടപരിഹാരം നല്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. ഈ നോട്ടീസ് കൈപ്പറ്റി രണ്ട് ആഴ്ചയ്ക്കുള്ളില്‍ തുക ലഭ്യമായില്ലെങ്കില്‍ താങ്കള്‍ക്കും മറ്റു ഉത്തരവാദികള്‍ക്കും എതിരായി സിവിലും ക്രിമിനലുമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിക്കുന്നു. അതോടൊപ്പം പൊതുജന നന്മയെക്കരുതിയും തുടര്‍ന്നുണ്ടാകുന്ന ആക്രമണങ്ങള്‍ ഒഴിവാക്കാനും തെരുവുനായ്ക്കളെ പൊതുറോഡുകളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികളും സ്വീകരിക്കണം.

വിശ്വസ്തതയോടെ,



കെ.സി.ജേക്കബ്
18.05.2011


പകര്‍പ്പ്: (കൂടുതല്‍ നടപടികള്‍ക്കും മറുപടിക്കുമായി)

ജില്ലാ കളക്ടര്‍,
കളക്ടറേറ്റ്,
ആലപ്പുഴ


പരാതിയുടെ പിഡിഎഫ് പകര്‍പ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Tuesday, May 17, 2011

ആലപ്പുഴയുടെ പുനര്‍നിര്‍മാണത്തിന് വേണ്ടത് ആയിരം കോടിയുടെ പദ്ധതി: സുധാകരന്‍

ലപ്പുഴ പട്ടണത്തിന്റെ പുനര്‍നിര്‍മാണത്തിന് ആയിരം കോടി രൂപയുടെ പദ്ധതി വേണമെന്നും ഈ ആശയം ആലപ്പുഴയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയും മുന്‍ മന്ത്രിയുമായ ഡോ. ടി.എം.തോമസ് ഐസക്കുമായി ചേര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സമര്‍പ്പിക്കുമെന്നും അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയും മുന്‍ മന്ത്രിയുമായ ജി.സുധാകരന്‍. ഇരുവരും എല്‍ഡിഎഫ്/സിപിഐ-എം സ്ഥാനാര്‍ഥികളായിരുന്നു.

മണ്ഡല പുനര്‍നിര്‍ണയത്തോടെ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാര്‍ഡുകള്‍ ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിലായി വിഭജിച്ചിരിക്കുകയാണ്. മലയാള മനോരമ 2011 മേയ് 16-നു സംഘടിപ്പിച്ച 'ഹലോ എംഎല്‍എ' പരിപാടിയില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കുകയായിരുന്നു സുധാകരന്‍.

പട്ടണ നവീകരണം എന്നതിലുപരി പട്ടണ പുനര്‍നിര്‍മാണം എന്ന ആശയമാണ് അമ്പലപ്പുഴ എംഎല്‍എ മുന്നോട്ടുവയ്ക്കുന്നത്. ഒരു പട്ടണം പുനര്‍നിര്‍മിക്കാന്‍ ആയിരം കോടി രൂപ മുടക്കുന്നത് സര്‍ക്കാരുകളെ സംബന്ധിച്ച് വലിയ കാര്യമല്ല. പ്രത്യേകിച്ച് പുരാതന പട്ടണമായ ആലപ്പുഴ പുനര്‍നിര്‍മിക്കാന്‍.

പുനര്‍നിര്‍മാണം എന്നു പറയുമ്പോള്‍ ഇപ്പോഴുള്ള കനാലും കായലും മരങ്ങളും ബീച്ചുമെല്ലാം അതേ സ്ഥാനത്തു തന്നെയുണ്ടാകും. അവ വൃത്തിയാക്കി, കെട്ടിടങ്ങളും റോഡുകളും കൂടുതല്‍ ആസൂത്രിതമായി പുനര്‍നിര്‍മിക്കേണ്ട പദ്ധതിയാണ്. അതിന് ആലപ്പുഴക്കാര്‍ മാത്രമുള്ള കമ്മിറ്റിയല്ല, രാജ്യാന്തര നിലവാരമുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചാണ് പദ്ധതി നടപ്പാക്കേണ്ടത്. കൃഷി, ഭൂമി, വിദ്യാഭ്യാസം, ബാങ്ക്, റോഡ്, വെള്ളപ്പൊക്കം, മാലിന്യപ്രശ്‌നം, ആശുപത്രി, തുറമുഖം, പാലങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ജനങ്ങള്‍ക്കുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണം.

ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും പരിശോധിച്ച് സമയബന്ധിതമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ജി.സുധാകരന്‍ ഉറപ്പുനല്കി.

ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിലെ 52 വാര്‍ഡുകളില്‍ തത്തംപള്ളി വാര്‍ഡ് ഉള്‍പ്പടെ 25 എണ്ണം ആലപ്പുഴ മണ്ഡലത്തിലും 27 എണ്ണം അമ്പലപ്പുഴ മണ്ഡലത്തിലുമാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ആലപ്പുഴ, അമ്പലപ്പുഴ എംഎല്‍എമാര്‍ സംയുക്തമായി പരിശ്രമിച്ചാലേ വാര്‍ഡുകള്‍ക്ക് വികസനവും പുരോഗതിയുമുണ്ടാകൂ.

ഇതേസമയം, സാംക്രമിക രോഗങ്ങള്‍ പെട്ടെന്ന് പിടികൂടുന്ന ആലപ്പുഴയെ ശുചിത്വ നഗരമാക്കുന്നതിനുള്ള വികസന പദ്ധതികള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് ആലപ്പുഴ മണ്ഡലം എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട ഡോ.തോമസ് ഐസക് പറയുന്നു. വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എ മാതൃഭൂമിയോട് വെളിപ്പെടുത്തിയ വികസന നയങ്ങളിലാണിതു സൂചിപ്പിച്ചിട്ടുള്ളത്.

എം.എല്‍.എ.പറയുന്നു: ശുചിത്വത്തിനും കുടിവെള്ളത്തിനും മുന്‍ഗണന. മറ്റ് നയങ്ങളിലേക്ക്:

* ആലപ്പുഴയെ ശുചിത്വ നഗരമാക്കും. ടൂറിസം വളരണമെങ്കില്‍ ഇതാവശ്യമാണ്.

* ടൂറിസവുമായി ബന്ധപ്പെട്ടുള്ള വളര്‍ച്ചയാണ് ഇനി ആലപ്പുഴയ്ക്ക് സാധ്യമാകുക. ഇതിനായി പദ്ധതികള്‍ രൂപവത്കരിക്കും.

* കുട്ടനാട്ടിലെ കൃഷി, കൈവേലകള്‍, പൈതൃക സമ്പത്ത് എന്നിവയെ ബന്ധപ്പെടുത്തി ടൂറിസം മേഖല വികസിപ്പിക്കും.

* കായല്‍ മലിനീകരണം കുറയ്ക്കും.

* വാണിജ്യപരമായി ആലപ്പുഴയെ വികസിപ്പിക്കും. അന്താരാഷ്ട്ര ശ്രദ്ധകിട്ടുന്ന തരത്തില്‍ പരവതാനിവ്യവസായ കേന്ദ്രമാക്കി ആലപ്പുഴയെ മാറ്റും.

Saturday, May 14, 2011

തത്തംപള്ളിക്കു വേണ്ടത്: ലഭിച്ചത് വന്‍ പ്രതികരണം


THURSDAY, MAY 12, 2011


'ത്തംപള്ളിക്കു വേണ്ടത്' എഴുതി അയക്കാനുള്ള തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ അഭ്യര്‍ഥനയ്ക്ക് വന്‍ പ്രതികരണം. ആലപ്പുഴയില്‍ നിന്നു മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വായനക്കാര്‍ ആവശ്യങ്ങളും ആഗ്രഹങ്ങളും അറിയിച്ചു. 121 പേരാണ് കുറിപ്പുകള്‍ അയച്ചുനല്കിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു ബ്ലോഗിന്റെ ആഭിമുഖ്യത്തിലുള്ള ഇങ്ങനൊരു സംരംഭം.

ബ്ലോഗില്‍ നല്കിയ അറിയിപ്പിനോടൊപ്പം, വിവരം കൂടുതല്‍ ആള്‍ക്കാരില്‍ എത്തിക്കാന്‍ ആധുനിക വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ എല്ലാം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഉപയോഗിച്ചു. ഇ-മെയില്‍, എസ്എംഎസ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ എല്ലാം അതില്‍ ഉള്‍പ്പെടും. ചില മാധ്യമങ്ങളും ഇതുസംബന്ധിച്ച വാര്‍ത്ത നല്കി സഹകരിച്ചു.

കിട്ടിയ ആവശ്യങ്ങളും മറ്റും ക്രോഡീകരിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എയ്ക്കും മുനിസിപ്പാലിറ്റിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും സമര്‍പ്പിക്കും. ആവശ്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ആവശ്യം. ആവശ്യങ്ങള്‍ നടപ്പിലാക്കിയാല്‍ സമീപ പ്രദേശങ്ങള്‍ക്കു കൂടി അതു പ്രയോജനകരമാകും.

കുറിപ്പുകള്‍ ലഭിക്കേണ്ട അവസാന തീയതി 2011 മേയ് പന്ത്രണ്ട് 11.30 പിഎം (ഐഎസ്ടി) ആയിരുന്നു. ഏപ്രില്‍ പതിനാലിനാണ് കുറിപ്പുകള്‍ തേടിയുള്ള വാര്‍ത്ത 'തത്തംപള്ളിക്കു വേണ്ടത്' എന്ന തലക്കെട്ടില്‍ ബ്ലോഗില്‍ നല്കിയത്. അതു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കുറിപ്പുകള്‍ അയച്ചവരുടെ പേരുകള്‍ നറുക്കിട്ട് നൂറു പേര്‍ക്ക് പ്രോത്സാഹന സമ്മാനം നല്കും. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ആക്ടിവ് കോണ്‍സെന്‍ട്രേറ്റഡ് ലിക്വിഡ് ഡിറ്റര്‍ജന്റ് നിര്‍മാതാക്കളായ നാഷണല്‍ ഇന്‍ഡസ്ട്രീസ്. വിജയികളെ ഇ-മെയില്‍ മുഖേന വിവരം അറിയിക്കും.
Posted by തത്തംപള്ളി വാര്‍ഡ് Thathampally Ward at 11:34 PM 

Friday, May 13, 2011

ആലപ്പുഴ നിയമസഭാ മണ്ഡലം: തോമസ് ഐസക് വിജയിച്ചു

കേരള നിയമസഭാ തെരഞ്ഞെടുപ്പ്-2011-ല്‍ തത്തംപള്ളി വാര്‍ഡ് ഉള്‍പ്പെടുന്ന ആലപ്പുഴ നിയോജക മണ്ഡലത്തില്‍ (നിയോജക മണ്ഡലം കോഡ് 104) നിന്ന് ഡോ. ടി.എം.തോമസ് ഐസക് (എല്‍ഡിഎഫ്/സിപിഐ-എം) തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്നു. അടുത്ത എതിര്‍ സ്ഥാനാര്‍ഥിയായ അഡ്വ.പി.ജെ.മാത്യുവിനേക്കാള്‍ 16342 വോട്ടിന്റെ ലീഡ്. മണ്ഡലത്തില്‍ ആറു സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. അതില്‍ വനിതാ സ്ഥാനാര്‍ഥികള്‍ ആരുമില്ലായിരുന്നു.

ആലപ്പുഴയിലെ വോട്ടുനില: ആകെ വോട്ട് 173665. പോള്‍ ചെയ്ത വോട്ട് 141243. ഭൂരിപക്ഷം 16342. ഒന്ന്. കൊട്ടാരം ഉണ്ണികൃഷ്ണന്‍ ബിജെപി 3450. രണ്ട്. സി.പി.തിലകന്‍ ബിഎസ്പി 527. മൂന്ന്. ടി.എം.തോമസ് ഐസക് സിപിഐ-എം/എല്‍ഡിഎഫ് 75857. നാല്. പി.ജെ.മാത്യു ഐഎന്‍സി/യുഡിഎഫ് 59515. അഞ്ച്. ടി.എം.സമദ് എസ്ഡിപിഐ 1158. ആറ്. സെബാസ്റ്റ്യന്‍ സ്വതന്ത്രന്‍ 646.

തോമസ് ഐസക് (59) തുടര്‍ച്ചയായി മൂന്നാം തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ടു തവണ മാരാരിക്കുളത്തു നിന്ന്. സിപിഐ-എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. മുന്‍പ് എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ്.

കേരളത്തിലെ 140 സീറ്റുകളില്‍ യുഡിഎഫ് 72-ഉം എല്‍ഡിഎഫ് 68-ഉം നേടി.

Tuesday, May 3, 2011

തത്തംപള്ളി - തോണ്ടന്‍കുളങ്ങര റോഡിലെ ആല്‍മരം ഗതാഗതക്കുരുക്കിനു കാരണം

ത്തംപള്ളി - തോണ്ടന്‍കുളങ്ങര റോഡിലെ ആല്‍മരം ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു.

വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടവഴിയുടെ അരുകില്‍ നിന്നിരുന്ന ആല്‍മരം മൂലം ആലിന്‍ചുവട് എന്ന പേരാണ് സ്ഥലത്തിനുള്ളത്. വഴി വീതി കൂട്ടി റോഡായി മാറ്റിയതോടെ റോഡിലേക്കു കയറിയ നിലയിലായി ആല്‍മരം. വര്‍ഷങ്ങള്‍ എടുത്ത് ക്രമേണ ആല്‍ത്തറ കെട്ടിയും ചുറ്റും കുന്തവേലി ഉയര്‍ത്തിയും മേല്‍ക്കൂരവച്ചും തറ നീട്ടിയും ആരാധനാകേന്ദ്രമെന്ന നിലയിലാക്കി വികസിപ്പിച്ചിരിക്കുകയാണിപ്പോള്‍. റോഡിലും പുറമ്പോക്കിലുമായിട്ടാണിത്.

പുന്നമടയിലേക്കുള്ള ബസ് റൂട്ടാണ് ഈ റോഡ്. തണ്ണീര്‍മുക്കം റൂട്ടില്‍ ഗതാഗത തടസ്സമുണ്ടാകുമ്പോള്‍ ആ റൂട്ടിലുള്ള ബസുകള്‍ വഴി തിരിച്ചുവിടുന്നതും ഇതുവഴിയാണ്. തോണ്ടന്‍കുളങ്ങര, തത്തംപള്ളി, കിടങ്ങാംപറമ്പ്, എന്നീ സ്ഥലങ്ങളിലേക്കുള്ള റോഡുകള്‍ ചേരുന്ന കവല കൂടിയാണിത്. തൊട്ടടുത്ത് കൊറ്റംകുളങ്ങര, പുന്നമടയിലേക്കുള്ള റോഡു തിരിയുന്ന കവലയുമുണ്ട്. പ്രദേശത്തെ പ്രമുഖ ആശുപത്രിയായ സഹൃദയ ഹോസ്പിറ്റലും തൊട്ടു ചേര്‍ന്നാണ്. ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള ധാരാളം വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നുണ്ട്.

റോഡിലേക്കു കയറിയുള്ള ആല്‍ത്തറയുള്ളതിനാല്‍ ഇതുവഴി ആല്‍ത്തറയില്‍ മുട്ടിയുരുമിയാണ് ബസുകളും ലോറികളും കടന്നുപോകുന്നത്. വളരെ അപകടകരമായ നിലയിലാണ് ഇതുവഴിയുള്ള വാഹന സഞ്ചാരം.

കഴിവതും വൃക്ഷങ്ങള്‍ നശിപ്പിക്കാതിരിക്കണമെങ്കിലും പൊതുനന്മയെക്കരുതിയും ഗതാഗതതടസ്സമൊഴിവാക്കാനും അപകടങ്ങള്‍ വിളിച്ചുവരുത്താതിരിക്കാനും റോഡു വികസനത്തെക്കരുതിയും അവ നീക്കം ചെയ്യുക തന്നെ വേണം. അതിനു വിശ്വാസത്തിന്റെ പേരും വാശിയുടെ ബലവും തടസ്സമായിക്കൂടാ. ബന്ധപ്പെട്ടവര്‍ അതിനായി തുറന്നമനസ്സോടെ, സൗമനസ്യത്തോടെ മുന്നോട്ടുവരണം. റോഡിനു വീതി കൂട്ടി ഗതാഗതം സുഗമമാക്കാന്‍ ആരാധാനാലയങ്ങള്‍ പൊളിച്ചു നീക്കാന്‍ സ്വയം മുന്നോട്ടു വന്ന അനുകരണീയ മാതൃകകള്‍ ആലപ്പുഴയില്‍ത്തന്നെയുണ്ട്.

Sunday, May 1, 2011

ട്രെയിനുകളിലേയും സ്റ്റേഷനുകളിലേയും സാമൂഹ്യവിരുദ്ധശല്യം: നടപടികള്‍ സ്വീകരിക്കണം

ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വര്‍ധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധശല്യത്തിനെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെട്ടു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ ട്രെയിനില്‍ രാത്രി സൗമ്യയെന്ന പെണ്‍കുട്ടി പീഡനത്തിനിരയായി ആറിനു മരണത്തിനു കീഴടങ്ങിയ സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിട്ടും പോലീസ് വേണ്ട ശുഷ്‌കാന്തി തുടര്‍ന്നു കാട്ടുന്നില്ലെന്നാണ് ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പല കാര്യങ്ങളും നിസാരമെന്നു സൂചിപ്പിച്ച് അധികൃതരും മാധ്യമങ്ങളും അവഗണിക്കുകയുമാണ്.

കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന ഒരു അതിക്രമം സംബന്ധിച്ച് പോലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാല്‍ വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ചിലര്‍ വിവരം അറിയിച്ചിട്ടും ഒരു പത്ര-ദൃശ്യമാധ്യമവും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുമില്ല. അതിനാല്‍ ലഭ്യമായ വിവരങ്ങള്‍ സാമൂഹ്യപ്രതിബദ്ധതയെക്കരുതി തത്തംപള്ളി വാര്‍ഡ് ബ്ലോഗ് പ്രസിദ്ധീകരിക്കുന്നു.

ലഭിച്ച വിവരം ഇങ്ങനെയാണ്: 2011 ഏപ്രില്‍ 30-ന് ശനിയാഴ്ച വൈകുന്നേരം ഏകദേശം ആറു മണി കഴിഞ്ഞ സമയത്ത് കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുകയായിരുന്ന ഒരു കന്യാസ്ത്രീയെ എതിരേ വന്ന ഒരു പുരുഷന്‍ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് താഴെയിട്ട് ഉപദ്രവിച്ചു.

നൂറു കണക്കിന് ആള്‍ക്കാര്‍ അപ്പോള്‍ കൂടിയെങ്കിലും അക്കൂട്ടത്തില്‍ പോലീസുകാര്‍ ഇല്ലായിരുന്നു. തുടര്‍ന്നു കൂടെയുണ്ടായിരുന്നവര്‍ സ്‌റ്റേഷന്‍ മാസ്റ്ററോടു പരാതിപ്പെട്ടപ്പോള്‍ പോലീസിനെ അറിയിക്കാന്‍ പറഞ്ഞു. അങ്ങനെ സ്റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ രണ്ടു പോലീസുകാരെ ഉണ്ടായിരുന്നുള്ളുവത്രേ. അവിടെ കൂടിയിരുന്ന യാത്രക്കാര്‍ അക്രമിയെ പിടിച്ചു പോലീസിനു കൈമാറിയെങ്കിലും അറസ്റ്റ് ചെയ്യാതെയും കേസ് എടുക്കാതെയും ഉടന്‍ തന്നെ പ്രതിയെ വളരെ നിരുത്തരവാദപരമായി വിട്ടയച്ചു.

ദീര്‍ഘദൂര യാത്രക്കെത്തിയവര്‍ സാധാരണഗതിയില്‍ പോലീസില്‍ രേഖാമൂലം പരാതിപ്പെടാന്‍ തയാറാകണമെന്നില്ല. മറ്റൊരു സ്ഥലത്തേക്കു യാത്രപോകുന്നവര്‍ക്ക് തുടര്‍ന്നുണ്ടാകുന്ന നിയമ നൂലാമാലകളിലും പോലീസ് ചോദ്യം ചെയ്യലുകളിലും ആശങ്കയുള്ളതുകൊണ്ടാണത്. തയാറെടുത്തു വന്ന യാത്ര തടസ്സപ്പെട്ടുവെന്നും വരാം. പ്രത്യേകിച്ച് സ്ത്രീകള്‍, പിന്നീടുണ്ടാകാവുന്ന മാധ്യമ വിചാരണകളേയും ഭയപ്പെടുന്നു.

ഏകദേശം ആറരയ്ക്കുള്ള വടക്കോട്ടുള്ള ട്രെയിനില്‍ പോകാന്‍ എത്തിയ യാത്രക്കാരിയെയാണ് ആക്രമിച്ചതെന്നു കരുതുന്നു. ഏതായാലും ആ ട്രെയിനില്‍ പോകേണ്ട യാത്രക്കാര്‍ ട്രെയിനില്‍ കയറുന്നതിനു മുന്‍പു തന്നെ പ്രതി പ്ലാറ്റ്‌ഫോമിലൂടെ സ്വതന്ത്രമായി നടന്നു പോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്. പോലീസ് സ്വമേധയാ കേസെടുത്ത് ക്രിമിനല്‍ കുറ്റം ചെയ്ത പ്രതിയെ തത്ക്കാലത്തേക്കെങ്കിലും തടഞ്ഞുവയ്‌ക്കേണ്ടതായിരുന്നു എന്നാണ് നിയമവിദഗ്ധര്‍ സൂചിപ്പിച്ചത്.

റെയില്‍വേ സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആവര്‍ത്തിച്ച് കുറ്റകൃത്യങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴും പോലീസിന്റെ ഭാഗത്തു നിന്ന് നിരുത്തരവാദപരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആക്ഷേപം. കന്യാസ്ത്രീയെ പ്ലാറ്റ്‌ഫോമില്‍ നിന്നു വലിച്ചു പാളത്തില്‍ ഇട്ടിരുന്നുവെങ്കിലോ കൈയില്‍ കുഞ്ഞുമായി എത്തുന്ന സ്ത്രീകളെ ഇത്തരത്തില്‍ ചെയ്തിരുന്നുവെങ്കിലോ വിഷയം വളരെ ഗുരുതരമായി മാറിയേനെ.

അക്രമിയെ ഒരു മുന്‍കരുതലുമെടുക്കാതെ ഉടനേ വിട്ടയച്ചതു മൂലം വൈകാതെ തന്നെ ആക്രമിക്കപ്പെട്ട കന്യാസ്്ത്രീക്കു നേരേ ആവര്‍ത്തിച്ചോ അഥവാ മറ്റുള്ളവര്‍ക്കു നേരെയോ ആക്രമം നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഏതായാലും ആക്രമി സ്വതന്ത്രമായി എവിടെയോ ഇപ്പോഴും വിഹരിക്കുകയാണെന്നാണ് മനസിലാക്കേണ്ടത്. അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.

റയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞ ഉടനേ ആ വിവരം വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ആലപ്പുഴ വഴിയുള്ള റെയില്‍പാതയിലും സ്റ്റേഷനുകളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൂടിയാണിത്.

റെയില്‍വേ സ്റ്റേഷനുകളിലും പരിസരപ്രദേശങ്ങളിലും ട്രെയിനുകളിലും പൊതുജനങ്ങള്‍ക്കു ശല്യമായി മാറുന്ന മദ്യപര്‍, നാടോടികള്‍, യാചകര്‍, മനോനില തെറ്റിയവര്‍, അലഞ്ഞുതിരിയുന്നവര്‍, അനധികൃത കച്ചവടക്കാര്‍, പോക്കറ്റിക്കാര്‍, മയക്കുമരുന്നു വില്പനക്കാര്‍, ആഭാസന്മാര്‍ തുടങ്ങിയവരെ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പോക്കറ്റടിക്കാരും യാചകരും മറ്റുമായി പോലീസുകാര്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്നുള്ളത് നാളുകളായി നിലനില്ക്കുന്ന പൊതുജന ആരോപണവുമാണ്.

റെഡ് അലര്‍ട്ട്: മാലിന്യക്കാര്യത്തില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് കുലുക്കമില്ല

ത്തംപള്ളി വാര്‍ഡ് ഉള്‍പ്പടെ ആലപ്പുഴ പട്ടണത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൃത്തിയായി നടത്താത്തതു മൂലം സാംക്രമിക രോഗങ്ങള്‍ വളരെ പെട്ടെന്നു പടരാന്‍ സാധ്യതയെന്നു ആരോഗ്യ വകുപ്പ്. ചിക്കുന്‍ ഗുനിയയും ജപ്പാന്‍ ജ്വരവും ഉള്‍പ്പടെയുള്ള സാംക്രമിക രോഗങ്ങള്‍ പടരുന്ന ആലപ്പുഴ ജില്ലയില്‍ ആരോഗ്യ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാനാണിത്. സാധാരണ പനി കൂടാതെ എലിപ്പനി, ഡെങ്കിപ്പനി, മലേറിയ, ചിക്കന്‍പോക്‌സ്, വിവിധയിനം ഹെപ്പറ്റെറ്റിസ്, ടൈഫോയിഡ്, ഡയേറിയ തുടങ്ങിയവയും വ്യാപകമാകുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ നടത്തേണ്ട ശുചീകരണത്തിലും കൊതുകുനിര്‍മാര്‍ജനത്തിലും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാര്‍ഡുതല ശുചീകരണത്തിനു ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ (എന്‍ആര്‍എച്ച്എം) പദ്ധതി വഴി നല്കിയ തുക പോലും ചെലവാക്കിയിട്ടില്ലെന്നാണ് ഇതു സംബന്ധിച്ച ജില്ലാ തല ഉദ്യോഗസ്ഥ അവലോകന യോഗം കണ്ടെത്തിയത്.

വളരെ മാസങ്ങളായി ആലപ്പുഴ പട്ടണത്തില്‍ മാലിന്യം നീക്കുന്ന കാര്യത്തില്‍ മുനിസിപ്പാലിറ്റി ശുഷ്‌കാന്തി കാണിക്കുന്നില്ല. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫാണ് ഇപ്പോള്‍ ആലപ്പുഴ നഗരസഭ ഭരിക്കുന്നത്. അതിനു മുന്‍പുള്ള അഞ്ചു വര്‍ഷ ടേമിലും എല്‍ഡിഎഫിന്റേതായിരുന്നു ഭരണം. ഇപ്പോള്‍ ഭരിക്കുന്ന പുതിയ മുനിസിപ്പല്‍ കൗണ്‍സില്‍ അധികാരമേറ്റിട്ട് അര വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടിയൊന്നുമില്ല. നാടിന്റെ മുക്കും മൂലയും മലിനവസ്തുക്കള്‍ കൊണ്ട് ചീഞ്ഞുനാറുകയും കൊതുകുകളും എലികള്‍ പോലുള്ള ക്ഷുദ്രജീവികളും വന്‍തോതില്‍ പെരുകുകയുമാണ്.

ഇതിനിടെ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളിലും പ്രകടമായി വിധത്തില്‍ രോഗങ്ങള്‍ ബാധിച്ചുതുടങ്ങി. പേയ്‌വിഷ ബാധയ്ക്കു പുറമേയാണിത്. മഴക്കാലമാകുന്നതോടെ മാലിന്യങ്ങള്‍ അളിഞ്ഞു റോഡുകളിലൂടെ ഒഴുകാന്‍ തുടങ്ങും. പട്ടണം മുഴുവന്‍ കൊതുകു വളര്‍ത്തല്‍ കേന്ദ്രങ്ങളാകും.

ഇതേസമയം, ജില്ലാ ഭരണകൂടം ശക്തമായ നടപടികള്‍ ആവശ്യപ്പെട്ടിട്ടും ആലപ്പുഴ പട്ടണത്തിലെ മാലിന്യങ്ങള്‍ പോലും നീക്കം ചെയ്യാന്‍ നഗരസഭ തയാറാകുന്നില്ല. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനു ഭരണസമിതി നടപടികള്‍ ഒന്നും സ്വീകരിക്കാത്തതില്‍ വ്യാപകമായ പ്രതിക്ഷേധം നിലനില്ക്കുകയാണ്. മാലിന്യം നീക്കം ചെയ്യാന്‍ ലക്ഷങ്ങള്‍ കൊടുത്തുവാങ്ങിയ വാഹനങ്ങള്‍ നഗരസഭയുടെ പിടിപ്പുകേടു മൂലം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല.

മാലിന്യപ്രശ്‌നം രൂക്ഷമായിട്ടും മുനിസിപ്പാലിറ്റി അനങ്ങാത്തതില്‍ പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആഴ്ചകളായി കൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ 2011 ഏപ്രില്‍ 25 തിങ്കളാഴ്ച ആര്‍ട്ടിസ്റ്റ് സുഗുണന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയതിനു അടുത്ത ദിവസം അവിടെ നിന്നു ലോഡുകണക്കിനു നാറുന്ന മാലിന്യമാണ് നഗരസഭ എടുത്തു മാറ്റിയത്. ഒറ്റയാള്‍പ്പോരാട്ടം കൂട്ടപ്പോരാട്ടമായി മാറുമെന്നു മുനിസിപ്പാലിറ്റിക്കു മനസിലായി.

മാളികമുക്ക് ജംഗ്ഷനില്‍ പാലത്തിനു താഴെ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിനു സമീപം മാലിന്യം കൂമ്പാരമായി നാട്ടുകാര്‍ക്ക് വഴിനടക്കാന്‍ കഴിയാതെ വന്നപ്പോഴാണ് സുഗുണന്‍ രംഗത്തെത്തിയത്. മാലിന്യക്കൂമ്പാരത്തിനു മുകളില്‍ കയറി നിന്ന സുഗുണന്‍ പ്രതീകാത്മകമായി തൂക്കുകയര്‍ നിര്‍മിച്ചു കഴുത്തില്‍ കുരുക്കിട്ട് സമീപത്തെ പോസ്റ്റില്‍ കെട്ടിയാണ് പ്രതികരിച്ചത്. കാഞ്ഞിരംചിറ വാര്‍ഡിന്റേയും കനാല്‍ വാര്‍ഡിന്റേയും അതിര്‍ത്തിയാണ് മാളികമുക്ക് ജംഗ്ഷന്‍. സുഗുണന്റെ കൈയിലെ പ്ലാക്കാര്‍ഡില്‍ 'ഈ ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ വാരിമാറ്റുക, പ്രതികരിക്കുക' എന്ന് എഴുതിയിരുന്നു. പകല്‍ മുഴുവന്‍ അവിടെ നിന്ന സുഗുണന്‍ അല്പം വെള്ളം മാത്രമേ കുടിച്ചുള്ളു. അന്നു തന്നെ മാലിന്യക്കൂന വാരി മാറ്റിയില്ലെങ്കില്‍, മാലിന്യക്കൂമ്പാരത്തിനു മേല്‍ മരണം വരെ കിടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

പകര്‍ച്ചവ്യാധി പടരുമ്പോഴും മാലിന്യം നീക്കുന്നതിലെ അനാസ്ഥയില്‍ ആലപ്പുഴ നഗരസഭയാണ് ഒന്നാമതെന്നു ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍. മാലിന്യനിര്‍മാര്‍ജനത്തില്‍ ഏറ്റവും അലംഭാവമാണ് ഈ തദ്ദേശസ്വയംഭരണ സ്ഥാപനം കാണിക്കുന്നത്. കുന്നുകൂടിക്കിടക്കുന്ന മാലിന്യം യഥാസമയം നീക്കം ചെയ്യുന്ന കാര്യത്തിലും സംസ്‌കരിക്കുന്നതിലും കുറ്റകരമായ അനാസ്ഥയാണ് നഗരസഭയുടേത്. മുനിസിപ്പാലിറ്റിയുടെ പ്രഥമ കര്‍ത്തവ്യമായ ശൂചീകരണ നടപടികള്‍ കര്‍ശനമാക്കുന്നതില്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല. മാലിന്യപ്രശ്‌നം മൂലം ഉണ്ടാകുന്ന വിപത്തുകള്‍ക്കു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും എന്നാണ് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയത്. എന്നാല്‍ പതിവു രീതിയനുസരിച്ച് ഉദ്യോഗസ്ഥതലത്തില്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ജനങ്ങള്‍ക്കു സംശയമുണ്ട്.

ഇതേസമയം, എലിപ്പനി പടരുന്നതു കൃഷി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എലിനശീകരണത്തിനു വകുപ്പു നടപടികളൊന്നും എടുത്തില്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എം.സിറാബുദീന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതു കൃഷി വകുപ്പാണ്. എലികളെ കൊന്നൊടുക്കാനുള്ള നടപടി സ്വീകരിക്കാന്‍ വകുപ്പ് തയാറായിട്ടില്ല.

എന്നാല്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. നിലവില്‍ കൃഷി വകുപ്പിന്റെ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. അവരുടെ ഭാഗത്തു നിന്നു നിര്‍ദേശമോ സഹായമോ ലഭിച്ചിട്ടില്ലെന്നും കൃഷി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഫലത്തില്‍ എല്ലാവരും നിയമപരമായി കൈ ചൂണ്ടുന്നത് ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലിന്റെ അനാസ്ഥയ്ക്കു നേരേയാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടു മാലിന്യങ്ങള്‍ കൂമ്പാരമാകുന്നത് നീക്കം ചെയ്യാന്‍ മുനിസിപ്പാലിറ്റിക്ക് ആല്ലാതെ ആര്‍ക്കാണ് ഉത്തരവാദിത്തമുള്ളതെന്നു നാട്ടുകാര്‍ ചോദിക്കുന്നു.