സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, November 30, 2011

ആലപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനായി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ലപ്പുഴ പട്ടണത്തില്‍ അത്യാധുനിക രീതിയിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയ നിര്‍മാണത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍ഡോര്‍ സ്‌റ്റേഡിയം ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തു പടുത്തുയര്‍ത്തുന്നതിനായി ആലപ്പുഴ വൈ.എം.സി.എയാണ് മുന്‍കൈ എടുത്ത് ശ്രമം ആരംഭിച്ചിട്ടുള്ളത്. ഇതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ഒരു സൊസൈറ്റിക്കു രൂപം നല്കിക്കഴിഞ്ഞു. കായിക, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ ഇതില്‍ അംഗങ്ങളാണ്.

അന്താരാഷ്ടതലത്തില്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ പരമപ്രധാനമായ ലക്ഷ്യം. കായികപ്രേമികള്‍ ഈ പദ്ധതിയെ ആകാംഷാപൂര്‍വം കാത്തിരിക്കുകയാണ്. വിവിധ കായിക ഇനങ്ങള്‍ക്ക് ഉതകുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയം ആലപ്പുഴയില്‍ നിലവിലില്ല. ആലപ്പുഴ വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ അനേക വര്‍ഷങ്ങളായി ബാസ്‌ക്കറ്റ് ബോള്‍, ടേബിള്‍ ടെന്നിസ് അക്കാഡമികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കൂടാതെ മികച്ച നിലയിലുള്ള ടൂര്‍ണമെന്റുകളും നടത്തുന്നു.

ഇപ്പോള്‍ വൈ.എം.സി.എ കെട്ടിടങ്ങള്‍ നില്ക്കുന്നതിനു തൊട്ടു വടക്കു വശത്തായിട്ടാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. സ്റ്റേഡിയ നിര്‍മാണത്തിനായി വൈ.എം.സി.എയുടെ ഉടമസ്ഥതയിലുള്ള നാല്പതു സെന്റ് സ്ഥലം നിര്‍ദ്ദിഷ്ട സൊസൈറ്റിക്കു കൈമാറാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

സ്ഥലം കൂടാതെ ഏകദേശം ഏഴു കോടിയോളം രൂപ ഈ പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടിവരും. വിവിധ സ്രോതസുകളില്‍ നിന്നു ആവശ്യമായ പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
ആലപ്പുഴ ജില്ലാ കളക്ടര്‍ സൗരഭ് ജയിന്‍ ചെയര്‍മാനും ഡോ.കെ.എസ്.മനോജ് എക്‌സ് എംപി സെക്രട്ടറിയും കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ട്രഷററും ആലപ്പുഴ എച്ച്എഡിഎഫ്‌സി ബാങ്ക് സീനിയര്‍ മാനേജരുമായ മൈക്കിള്‍ മത്തായി ട്രഷററുമായുള്ള സമിതിയാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനായുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നത്. മറ്റു ഭാരവാഹികള്‍: തോമസ് പോള്‍, സജി ചെറിയാന്‍ (പ്രസിഡന്റ്, ആലപ്പുഴ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍) - വൈസ് ചെയര്‍മാന്‍മാര്‍, ഡോ.പി.കുര്യപ്പന്‍ വര്‍ഗീസ് - ജോയിന്റ് സെക്രട്ടറി, കെ.സി.വേണുഗോപാല്‍ എംപി (മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ പവര്‍), ഡോ.ടി.എം.തോമസ് ഐസക് എംഎല്‍എ, ശ്രീ നാരായണന്‍ (എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, പിഡബഌയുഡി), വര്‍ഗീസ് ജോര്‍ജ് (എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, കെഎസ്ഇബി), എച്ച്.ജലാലുദ്ദീന്‍ (എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, കെഎസ്ഡബ്ലിയുഎ), കെ.ഡി.ഫ്രാന്‍സിസ് (സെക്രട്ടറി, ആലപ്പുഴ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍), ഇ.ജേക്കബ് ഫിലിപ്പോസ് (പ്രസിഡന്റ്, എഡിടിടിഎ), ടി.ആര്‍.ആസാദ് (തഹസില്‍ദാര്‍, അമ്പലപ്പുഴ താലൂക്ക്), റോണി മാത്യു, ജേക്കബ് ജോണ്‍, സുനില്‍ മാത്യു ഏബ്രഹാം, ആര്‍.കൃഷ്ണന്‍, എന്‍.സി.ജെ.രാജന്‍, പി.കെ.വെങ്കിട്ടരാമന്‍ (സെക്രട്ടറി, എഡിടിടിഎ), പി.ബാലചന്ദ്രന്‍ (ഡിസ്ട്രിക്ട് ലോ ഓഫീസര്‍) - എക്‌സിക്യൂട്ടീവ് മെംബേഴ്‌സ്.

Monday, November 28, 2011

ആലപ്പുഴയിലെ കനാലുകള്‍ വൃത്തിയാക്കി നീരൊഴുക്കണം

ലപ്പുഴ പട്ടണത്തിന്റെ ജീവധമനികളായ കനാലുകളും ഇടത്തോടുകളും വൃത്തിയാക്കി ജലമൊഴുക്കു സുഗമമാക്കാന്‍ നടപടി വേണമെന്ന ആവശ്യത്തെ വര്‍ഷങ്ങളായി അധികൃതര്‍ പരിഗണിക്കുന്നില്ല.

വാടക്കനാല്‍, കൊമേഴ്‌സ്യല്‍ കനാല്‍ എന്നിവയും അവയെ പരസ്പരം ബന്ധിക്കുന്ന പല ഇടത്തോടുകളും പട്ടണത്തിന്റെ ആവാസവ്യവസ്ഥയ്ക്ക്് ഏറെ ഗുണകരമാണ്. എന്നാല്‍ കനാലുകളില്‍ നീരൊഴുക്കു നിലച്ച് പായലും കുളവാഴയും വളരുകയും മാലിന്യം നിറയുകയും ചെയ്യുന്നു. ഇടത്തോടുകള്‍ സംരക്ഷണമില്ലാതെ നികന്നും അനധികൃത കൈയേറ്റങ്ങള്‍ മൂലവും കാനകള്‍ പോലെയുമാകുന്നു. ഇതെല്ലാം ചേര്‍ന്നു പട്ടണത്തെ ദുര്‍ഗന്ധപൂരിതമാക്കുകയും കൊതുകുകള്‍ക്ക് താവളമാകുകയും ചെയ്യുന്നു.

പല തോടുകളും ഇപ്പോള്‍ റോഡുകളുടെ കീഴിലൂടെയാണ് കടന്നു പോകുന്നത്. റോഡുനിര്‍മാണത്തിലെ പാകപ്പിഴകളും കേബിളുകളും ഖര മാലിന്യങ്ങളും കാരണം നീരൊഴുക്ക് അങ്ങനെയുള്ളയിടങ്ങളില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. അങ്ങനെയുള്ളയിടങ്ങള്‍ എല്ലാം വൃത്തിയാക്കിയും തോടിന്റെ കരകളിലെ കാടുംപടലും തെളിച്ചും അവയെല്ലാം നീരൊഴുകുന്ന തോടുകളാക്കി മാറ്റുകയാണ് ഉടനേ ചെയ്യേണ്ടത്.

ആലപ്പുഴ പിച്ചു അയ്യര്‍ ജംഗ്ഷനു പടിഞ്ഞാറു വശമുള്ള മുറിഞ്ഞപുഴ പാലത്തില്‍ നിന്നുള്ള ഇടത്തോടിന്റെ വടക്കോട്ടുള്ള ദൃശ്യമാണ് ഫോട്ടോയില്‍. 

ജില്ലാ കോടതി പാലം ജംഗ്ഷനുകളില്‍ തോന്നിയ പോലെ ട്രാഫിക് നിയന്ത്രണം

ലപ്പുഴ പട്ടണത്തിലെ ജില്ലാ കോടതി പാലം ജംഗ്ഷനുകളില്‍ പോലീസിന്റെ തോന്നിയതു പോലുള്ള ട്രാഫിക് നിയന്ത്രണം പട്ടണത്തെ ആകെ വാഹനക്കുരുക്കിലാക്കുന്നു. ശാസ്ത്രീയമായ രീതിയില്‍ വാഹനങ്ങളെ നിയന്ത്രിച്ചു വിടാത്തതു കാരണം മിക്കപ്പോഴും ഇവിടെ വാഹനങ്ങള്‍ തടസ്സത്തില്‍പ്പെട്ടു കിടക്കുന്നതു പതിവാണ്.

ജില്ലാ കോടതി പാലത്തിന്റെ തെക്കും വടക്കും മൂന്നു റോഡു ചേരുന്ന ഇടുങ്ങിയ കവലകള്‍ ആയയതു കാരണം വാഹനങ്ങളെ വളരെ നിയന്ത്രിച്ചു കടത്തിവിടേണ്ടതുണ്ട്. മിക്കപ്പോഴും തെക്കേക്കരയില്‍ മാത്രമേ ട്രാഫിക് പോലീസ് കാണൂ എന്നുള്ളത് പ്രശ്‌നം വഷളാക്കും. വാഹനത്തിരക്കു കൂടുമ്പോള്‍, വടക്കേക്കരയിലൂടെ വന്ന് പാലത്തിലേക്കു കയറിപ്പോകേണ്ട വാഹനങ്ങളെ അതിനു അനുവദിക്കാതെ മുന്നോട്ടു തന്നെ പോലീസ് വിടുന്നത് പട്ടണത്തിലെ മറ്റു കവലകളിലും കുരുക്കിനു കാരണമാകും. പുന്നമടയിലേക്കും തണ്ണീര്‍മുക്കത്തേക്കും മറ്റും പോകുന്ന വാഹനങ്ങള്‍ കറങ്ങിത്തിരിഞ്ഞ് വീണ്ടും ജില്ലാ കോടതി പാലം ജംഗ്ഷനില്‍ വരാതെ തരമില്ല. അപ്പോള്‍ പ്രദേശമാകെ വാഹനത്തിരക്കാകും.

തെക്കു ഭാഗത്തു നിന്നു പാലം കയറി വരുന്ന വാഹനങ്ങളെ മുന്നോട്ടോ വലത്തേക്കോ പോകാന്‍ അനുവദിക്കാതെ ഇടത്തോട്ടു തിരിച്ചു അല്പം മുന്നോട്ടു വിട്ടേ തിരിയാന്‍ അനുവദിക്കൂ. അവിടെ നിയന്ത്രണത്തിനു പോലീസില്ല. വളരെ നിസാരമായി ഗതാഗതം നിയന്ത്രിക്കാവുന്ന ജംഗ്ഷനുകളില്‍ പോലീസിന്റെ ശ്രദ്ധയില്ലാത്ത പ്രവര്‍ത്തനം കാരണമാണ് വാഹനങ്ങളുടെ ക്യൂ റോഡില്‍ നീളുന്നത്.

ബോര്‍ഡുകളില്ല; പുകവലി നിരോധനം വിദേശികള്‍ക്ക് ബാധകമല്ല!

പൊതുസ്ഥലങ്ങളില്‍ ഹൈക്കോടതി പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും അതു വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ആലപ്പുഴ പട്ടണത്തിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കാത്തതു മൂലം മറുനാടുകളില്‍ നിന്നു വരുന്ന വിനോദസഞ്ചാരികള്‍ വിവരം അറിയാതെ നിയമം ലംഘിക്കുന്നു. വിനോദ സഞ്ചാരകേന്ദ്രമായ ആലപ്പുഴയില്‍ പുകവലി നിരോധനം വിനോദസഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെങ്കിലും പൊതുവേ നാട്ടുകാര്‍ നിയമത്തെ അനുകൂലിക്കുന്നവരാണ്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്ന പുകവലിക്കാരെ പിടികൂടി ശിക്ഷിക്കുന്നതിനു പോലീസിനു വൈമുഖ്യമുണ്ട്. എന്നാല്‍ നാട്ടുകാരെ പിടികൂടുന്നതില്‍ ഇളവൊന്നുമില്ലതാനും. ഇതാണ് നാട്ടുകാരില്‍ മുറുമുറുപ്പുണ്ടാക്കുന്നത്. ഒരേ പന്തലില്‍ രണ്ടു വിളമ്പ്.

ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലും മറ്റും നിന്ന് വിദേശികള്‍ പുകവലിക്കാറുണ്ട്. വിദേശ യുവാവും യുവതിയും സ്റ്റേഷനില്‍ നിന്നു പുകവലിക്കുന്നതാണ് ചിത്രത്തില്‍. അതാകട്ടെ 'ലഹരി വര്‍ജിക്കുക, ആരോഗ്യം സംരക്ഷിക്കുക' എന്ന് ആഹ്വാനം ചെയ്യുന്ന മലയാളം ബോര്‍ഡിനു സമീപം നിന്ന് !.സ്റ്റേഷനിലെ പോസ്റ്റില്‍ അപകടരമായ നിലയിലാണ് ബോധവത്കരണ ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതെന്നു മറ്റൊരു കാര്യം !!.

Sunday, November 27, 2011

ആലപ്പുഴ ബീച്ചില്‍ മണല്‍ കലാസൃഷ്ടി നിര്‍മാണത്തിന് സംവിധാനമൊരുക്കണം

ലപ്പുഴ ബീച്ചില്‍ മണല്‍ കലാസൃഷ്ടി നിര്‍മാണം പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനമൊരുക്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് അധികൃതരോട് ആവശ്യപ്പെട്ടു. മണല്‍ ശില്പങ്ങള്‍ക്കു അടിസ്ഥാനപരമായി ആവശ്യമായ പഞ്ചസാര മണലും വെള്ളവും വിസ്താരമേറിയ സ്ഥലവും ആലപ്പുഴ ബീച്ചിനു പ്രകൃത്യാലുണ്ട്.

യുവജനങ്ങളുടെ കലാപരവും കരകൗശലപരവുമായ കഴിവുകള്‍ വികസിപ്പിക്കാന്‍ കഴിയുന്നത്ര സൗകര്യങ്ങള്‍ പട്ടണത്തില്‍ ഏര്‍പ്പാടാക്കണം. മണല്‍ ശില്പം, ബ്രഷിംഗ്, പെയിന്റിംഗ് തുടങ്ങിയ വിവിധ കലാരൂപങ്ങള്‍ക്കാണ് സാധ്യതയുള്ളത്.

കുട്ടിക്കളിയായി കരുതിയിരുന്ന മണല്‍ശില്പ നിര്‍മാണം ഇപ്പോള്‍ അഖില ലോകാടിസ്ഥാനത്തിലുള്ള വിവിധ മത്സരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ഇനമാണിപ്പോള്‍. കോട്ടകള്‍, മനുഷ്യ മുഖങ്ങള്‍ തുടങ്ങി വമ്പന്‍ രൂപങ്ങള്‍ മണല്‍ ശില്പങ്ങള്‍ക്കു വിഷയമാകുന്നുണ്ട്. ആലപ്പുഴയിലെ കലാകാരന്മാര്‍ക്ക്
അടിസ്ഥാന പരിശീലനം നടത്താനുള്ള സൗകര്യവും കാഴ്ചക്കാരും ബീച്ചില്‍ സദാ ലഭ്യമാണ്.

ഒഡിഷയിലെ (നേരത്തേ ഒറീസ) കൊണാര്‍ക് ഫെസ്റ്റിവലിന്റെ ഭാഗമായി ചന്ദ്രഭാഗ ബീച്ചില്‍ 2011 ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചുവരെ ഇന്റര്‍നാഷണല്‍ സാന്‍ഡ് ആര്‍ട്ട് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നുണ്ട്. അവിടെ മത്സരിക്കുന്നവര്‍ അഞ്ചു ദിവസവും ഓരോ പുതിയ മണല്‍ ശില്പം നിര്‍മ്മിക്കണം.

റെയില്‍വേ യാത്ര: ഇ-ടിക്കറ്റ് പ്രിന്റ് ഔട്ട് വേണ്ട, മൊബൈല്‍ മതി

ന്ത്യന്‍ റെയില്‍വേയില്‍ യാത്രക്ക് ഇ-ടിക്കറ്റ് എടുക്കുമ്പോള്‍ റിസര്‍വേഷന്‍ വിവരങ്ങളും നിര്‍ദേശങ്ങളും അടങ്ങിയ പ്രിന്റ് ഔട്ട് -ഇലക്ട്രോണിക് റിസര്‍വേഷന്‍ സ്ലിപ് (ഇആര്‍എസ്) എടുക്കേണ്ടതില്ല. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, പാം ടോപ് എന്നിവയില്‍ എത്തുന്ന ഇ-ടിക്കറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് -വിര്‍ച്വല്‍ റിസര്‍വേഷന്‍ മെസേജ് (വിആര്‍എം) ടിക്കറ്റ് പരിശോധകരെ കാണിച്ചാല്‍ മതിയാകും. ഇആര്‍എസിനും വിആര്‍എമ്മിന്റെയും കൂടെ ഒറിജിനലും സാധുവായതുമായ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ടിക്കറ്റ് റിസര്‍വ് ചെയ്താല്‍ റിസര്‍വേഷന്‍ ചാര്‍ട്ടില്‍ പേരു വരും. ഇആര്‍എസിന്റെ അഥവാ വിആര്‍എമ്മിന്റെ ഒപ്പം തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്ന യാത്രക്കാര്‍ക്ക് യാത്രാദിവസം പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കേണ്ടതില്ല.

റെയില്‍വേ ഈ പുതിയ ഏര്‍പ്പാടു തുടങ്ങിയിട്ടും ടിക്കറ്റ് പ്രിന്റ് ഔട്ടിനായി ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ് നിര്‍ബന്ധിക്കുകയും ഇല്ലാത്തവരില്‍ നിന്നു പിഴ ഈടാക്കുകയും ചെയ്യുന്നതായി പരാതികള്‍ കിട്ടിയ സാഹചര്യത്തിലാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് വിവരം തിരക്കിയത്. 2011 ജൂലൈ 20-ന് റെയില്‍വേ ബോര്‍ഡ് കത്ത് നമ്പര്‍ 2008/ടിജി-ഐ/10/പി/എസ്എംഎസ്-ലെ പരാമര്‍ശപ്രകാരമാണ് വിആര്‍എമ്മും ഇആര്‍എസിനു സമാനമായ മാധ്യമമായി കരുതുമെന്നു വ്യക്തമാക്കിയിട്ടുള്ളത്.

പരിസ്ഥിതി സൗഹൃദമാകാനുള്ള ഏര്‍പ്പാടുകളുടെ ഭാഗമായാണ് 'പ്രിന്റ് ഔട്ട് ഇല്ലാതെ ഇലക്ട്രോണിക് ടിക്കറ്റ് വഹിക്കാം' സൗകര്യം റെയില്‍വേ ഒരുക്കിയത്. ഇങ്ങനെ കുറഞ്ഞത് മൂന്നു ലക്ഷം എ-ഫോര്‍ വലുപ്പമുള്ള കടലാസ് എല്ലാ ദിവസവും ലാഭിക്കാമെന്നു കണക്കു കൂട്ടുന്നു. കഴിവതും പ്രിന്റര്‍ ഉപയോഗിച്ചു ഇ-ടിക്കറ്റിന്റെ അച്ചടി പകര്‍പ്പ് എടുക്കരുതെന്നാണ് റെയില്‍വേ അധികൃതര്‍ ആഗ്രഹിക്കുന്നത്. കൂടെ വഹിക്കുന്ന മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ യാത്രക്കിടെ കേടാകുകയോ ചാര്‍ജ് പോകുകയോ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ വിവരങ്ങള്‍ എഴുതി കൈവശം സൂക്ഷിക്കുന്നതു നന്നായിരിക്കും.

Thursday, November 24, 2011

തത്തംപള്ളിയിലൂടെയുള്ള റോഡിന് 3.40 കോടി രൂപ അനുവദിച്ചു

ലപ്പുഴ നിയോജക മണ്ഡലത്തില്‍ പട്ടണപ്രദേശത്തുള്ള മൂന്നു റോഡുകളുടെ പുനഃനിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ഒന്‍പതു കോടി രൂപ അനുവദിച്ചതായി ഡോ.ടി.എം.തോമസ് ഐസക് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. ബിഎം ആന്‍ഡ് ബിസി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മൂന്നു റോഡും നിര്‍മിക്കുക.

തോണ്ടന്‍കുളങ്ങര - തത്തംപള്ളി - ആര്യാട് - മണ്‍റോലൈറ്റ് റോഡിന് 3.40 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എസി കനാല്‍ കിഴക്ക് തീരം റോഡിന് 3.50 കോടി രൂപയും ബാപ്പുവൈദ്യര്‍ ജംഗ്ഷന്‍ - ജില്ലാ കോടതി പാലം റോഡിന് രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Wednesday, November 23, 2011

പൊതുസ്ഥലങ്ങളിലേക്കുള്ള മാലിന്യം തള്ളല്‍: ശേഖരണവും സംസ്‌ക്കരണവും ഫലപ്രദമാക്കണം

പൊതുസ്ഥലങ്ങളിലും വഴിവക്കുകളിലും പ്ലാസ്റ്റിക് ക്യാരി ബാഗുകളിലോ ജീര്‍ണിക്കാത്ത കവറുകളിലോ മാലിന്യം തള്ളുന്നത് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരോധിച്ചത് പൊതുവേ സ്വാഗതാര്‍ഹമാണെങ്കിലും മാലിന്യ ശേഖരണമെന്ന അടിസ്ഥാന സൗകര്യം നഗരസഭ ഫലപ്രദമായി ഒരുക്കാത്തത് സംഘര്‍ഷത്തിനു കാരണമാകാം.

ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനാണ് പോലീസിനു നിര്‍ദേശം നല്കിയിട്ടുള്ളത്. കുറ്റക്കാരെ കണ്ടെത്താന്‍ പട്ടണങ്ങളില്‍ പോലീസ് പട്രോളിംഗ് നടത്താന്‍ ഡിജിപിയ്ക്ക് ഉത്തരവ് നല്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലേയും മുനിസിപ്പല്‍ നിയമങ്ങളിലേയും പ്രസക്ത വകുപ്പുകള്‍ അനുസരിച്ചു നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. യഥാര്‍ഥത്തില്‍ ഈ വകുപ്പുകളെല്ലാം നിലവിലുള്ളവയാണ്. അതനുസരിച്ചു നടപടിയെടുക്കാത്തതിനാലാണ് മാലിന്യപ്രശ്‌നം എന്നും ദുര്‍ഗന്ധപൂരിതമായിക്കിടക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം തടയാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ട് കേരള ഫെഡറേഷന്‍ ഓഫ് വിമന്‍ ലോയേഴ്‌സ് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ 2011 നവംബര്‍ 21-ലെ ഇടക്കാല ഉത്തരവ്. ഈ വിഷയത്തില്‍ സമഗ്രമായ നിയമ നിര്‍മാണം പരിഗണനയിലാണെന്നു സര്‍ക്കാര്‍ ഭാഗം അറിയിച്ചിരുന്നു.

ചെയ്യാത്ത കുറ്റത്തിനുപോലും പിടികൂടി ശിക്ഷിക്കുന്ന, ടാര്‍ഗറ്റ് തികയ്ക്കാന്‍ പിഴയടിക്കുന്ന പോലീസിനു റോഡിലിറങ്ങി പിരിവുനടത്താന്‍ ഒരു വഴികൂടി കാണിച്ചുകൊടുത്തിരിക്കുന്നുവെന്നാണ് പൊതുജനങ്ങള്‍ പരാതിപ്പെടുന്നത്. പ്ലാസ്റ്റിക്ക് കവറുകള്‍ ഏതു വലുപ്പത്തിലും രൂപത്തിലും യഥേഷ്ടം നിയമാനുസൃതം ലഭ്യമായ നാട്ടില്‍ അത് ഉപയോഗിക്കരുത് എന്ന് പറയുന്നത് എങ്ങനെയാണെന്നാണ് ചോദ്യം. മാലിന്യം നിക്ഷേപിക്കാന്‍ ഒരു വീപ്പ പോലും വച്ചിട്ടില്ലാത്ത നിരത്തുകളില്‍, ജനങ്ങള്‍ മാലിന്യം എവിടെ കൊണ്ടുപോയി എന്തിലാക്കി ഇടണമെന്നു വ്യക്തമാക്കിയിട്ടില്ല.

മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും ഉചിതമായ ആധുനിക സംവിധാനം ഏര്‍പ്പെടുത്താതെ, കവറുകളിലാക്കിയ മാലിന്യവുമായി എവിടെ നിക്ഷേപിക്കണം എന്നറിയാതെ അലഞ്ഞു നടക്കുന്ന പാവം ജനങ്ങളെ കാണുന്ന മാത്രയില്‍ ശിക്ഷിക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചത് അന്യായമാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവു വന്നതിന്റെ അടുത്ത ദിവസം തന്നെ പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളല്‍ തടയാന്‍ പോലീസിന്റെ ആഭിമുഖ്യത്തില്‍ 'ഓപ്പേറഷന്‍ സ്വീപ്' പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.

പ്‌ളാസ്റ്റിക് സഞ്ചിയിലും മണ്ണില്‍ ലയിച്ചുചേരാത്ത മറ്റുതരം കൂടുകളിലുമാക്കി വഴിവക്കിലും പൊതുസ്ഥലത്തും മാലിന്യം തള്ളുന്നതു സംബന്ധിച്ച ഹൈക്കോടതി നിരോധനം പ്രതീക്ഷ നല്‍കുന്നുണ്ട്. പൊതുസ്ഥലത്തു മാലിന്യം തള്ളുന്നതു ക്രിമിനല്‍ കുറ്റമാക്കാന്‍ വ്യവസ്ഥചെയ്യുന്ന നിയമം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്നിരിക്കേ, കോടതി ഉത്തരവു നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധവുമാണ്. അതേസമയം, വീടുകളിലും മറ്റുമുണ്ടാകുന്ന മാലിന്യങ്ങള്‍ ഓരോ ദിവസവും ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള ഫലപ്രദമായ സംവിധാനം കൂടി ഉറപ്പാക്കാന്‍ കോടതി മുന്നിട്ടിറങ്ങണമെന്നാണ് ആവശ്യം.

വീടുകളിലെയും ആശുപത്രികളിലെയും ഹോട്ടലുകളിലെയും മാലിന്യങ്ങള്‍ അഴുകാത്ത കൂടുകളില്‍ വലിച്ചെറിയുന്നതു പൊതുജനാരോഗ്യ പ്രശ്‌നമായി വളര്‍ന്നുകഴിഞ്ഞുവെന്നതില്‍ സംശയമില്ല. മാലിന്യശേഖരണത്തിനു ഫലപ്രദമായ മാര്‍ഗങ്ങള്‍ ഒരുക്കണമെന്നു കോടതി ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും നഗരസഭ എന്താണ് സ്വീകരിക്കുകയെന്ന് വ്യക്തമല്ല.

വഴിവക്കിലെ മാലിന്യക്കൂമ്പാരങ്ങള്‍ വാസ്തവത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ പിടിപ്പുകേടാണ്. അഴുകുന്നവയും അഴുകാത്തവയുമായ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സ്വീകരിച്ച്, അടച്ചുമൂടി വണ്ടികളില്‍ സംസ്‌കരണ പ്‌ളാന്റുകളിലെത്തിക്കാനുള്ള സൗകര്യം സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ചേര്‍ന്നാണ് ഒരുക്കേണ്ടത്. ഫ്‌ളാറ്റുകളില്‍ ഉള്‍പ്പെടെ മാലിന്യസംസ്‌കരണ സംവിധാനമൊരുക്കാന്‍ ഖരമാലിന്യ കൈകാര്യ ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ടെങ്കിലും അതും കൃത്യമായി നടപ്പാകുന്നില്ല.

മാലിന്യസംസ്‌കരണത്തിനു ലോകമാതൃകകള്‍ പലതുണ്ട്. അതു കണ്ടെത്തി നടപ്പാക്കുകയാണ് അത്യാവശ്യം വേണ്ടത്.

വീടുകളില്‍ നിന്നും മറ്റുമുള്ള മാലിന്യം അതതു സ്ഥലത്തു തന്നെ സ്ഥാപിച്ചിട്ടുള്ള ബയോ ബിന്നുകളില്‍ സംസ്‌കരിച്ചു കംപോസ്റ്റ് തയാറാക്കാം. ബാക്ടീരിയകളുടെ സഹായത്തോടെയാണു സംസ്‌കരണം. മാലിന്യത്തിന്റെ അളവു കുറവായതിനാലും വേഗത്തില്‍ സംസ്‌കരണം നടക്കുന്നതിനാലും ദുര്‍ഗന്ധം അല്‍പ്പം പോലുമില്ല. ചെടികള്‍ക്കും മറ്റും ആവശ്യമായ കംപോസ്റ്റ് വളം ഇതുവഴി ലഭിക്കുകയും ചെയ്യുന്നു. അതുപോലെ ജൈവവാതകമുണ്ടാക്കി പാചകാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.

നിയമവും നിരോധനവുമൊക്കെയുണ്ടായാലും ആദ്യം മാറ്റമുണ്ടാകേണ്ടതു മാലിന്യം എവിടെയും വലിച്ചെറിയാമെന്ന സമീപനത്തിലാണ്. മാലിന്യം കൃത്യമായി നീക്കം ചെയ്തു സംസ്‌കരിക്കാനുള്ള കുറ്റമറ്റ സംവിധാനത്തിലൂടെയാണ് ഈ സമീപനം സര്‍ക്കാരും തദേശസ്വയംഭരണ സ്ഥാപനങ്ങളും മാറ്റിയെടുക്കേണ്ടതും. മാലിന്യശേഖരണത്തിനും സംസ്‌ക്കരണത്തിനും കൃത്യമായ നടപടികള്‍ സ്ഥിരമായി ഉണ്ടായാല്‍ നാട് എത്രയും വേഗം വെടിപ്പാകും. അതിനു ജനങ്ങളും ഭരണാധികാരികളും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

ഫെയര്‍ മീറ്റര്‍ നിര്‍ബന്ധം; നിയമവിധേയമല്ലാതെ ഓട്ടോറിക്ഷ ഓടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി

ഫെയര്‍ മീറ്റര്‍ ഘടിപ്പിക്കാതെയും അമിതമായ നിരക്ക് ഈടാക്കിയും ട്രാഫിക് ചട്ടങ്ങള്‍ പാലിക്കാതെയും അപകടകരമായ ഡ്രൈവിംഗ് നടത്തിയും മറ്റും നിയമവിധേയമല്ലാതെ ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ എല്ലാ ആര്‍ടിഒമാര്‍ക്കും ജെആര്‍ടിഒമാര്‍ക്കും എംഇഎസുമാര്‍ക്കും നിര്‍ദേശം നല്കിയിട്ടുണ്ടെന്നു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.

യാത്രക്കാര്‍ക്ക് ഓട്ടോറിക്ഷ കൂടുതല്‍ പ്രയോജനകരമാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു 2011 നവംബര്‍ 17-നു നല്കിയ ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ 21-ലെ ഇടക്കാല അറിയിപ്പ്. നിവേദനം ആഭ്യന്തര വകുപ്പിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിനും മോട്ടോര്‍ വാഹന വകുപ്പിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും കൈമാറിയിരുന്നു. നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയ കുറ്റകൃത്യങ്ങളും ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളും ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നു കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിജിപിയുടെ മറുപടി ലഭ്യമായിട്ടില്ല.

കേരളത്തില്‍ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമുള്ള യാത്രാമാര്‍ഗമാണ് ഓട്ടോറിക്ഷകള്‍. എന്നാല്‍ ഓട്ടോറിക്ഷ യാത്രയെക്കുറിച്ച് പലയിടങ്ങളില്‍ നിന്നും പരാതി ഉയരാറുണ്ടെങ്കിലും ഫലപ്രദമായ നടപടികള്‍ തുടര്‍ച്ചയായി സര്‍ക്കാര്‍ തലത്തില്‍ സംസ്ഥാനത്ത് സ്വീകരിച്ചതായി കാണുന്നില്ലെന്നു നിവേദനത്തില്‍ എടുത്തുകാട്ടിയിരുന്നു.

സാധാരണ ആവര്‍ത്തിക്കുന്ന പ്രധാന പരാതികള്‍ ഇവയാണ്:

  • അമിതമായ യാത്രക്കൂലി ഈടാക്കലും മര്യാദയില്ലാത്ത പെരുമാറ്റവും.

  • അലക്ഷ്യവും ട്രാഫിക്ക് ചട്ടങ്ങള്‍ അനുസരിക്കാതെയുമുള്ള ഡ്രൈവിംഗ്.

  • അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിക്കൊണ്ടു പോകല്‍.

  • ചെറിയ ഓട്ടം പോകാതിരിക്കലും സ്ഥലമറിയാത്തവരെ വട്ടം കറക്കലും.

  •  ജംഗ്ഷനുകളിലും ബസ് സ്റ്റാന്‍ഡുകളുടെ മുന്നിലും മറ്റും അപകടകരമായ സ്ഥാനങ്ങളിലുള്ള ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍.

  •  ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ വിവിധ തൊഴിലാളി യൂണിയനുകള്‍ കൈയ്യടക്കല്‍.

  •  നിശ്ചയിച്ചിട്ടുള്ള അതിര്‍ത്തി ലംഘിച്ചുള്ള ഓട്ടങ്ങളും പാര്‍ക്കിംഗും.

  •  യൂണിഫോം ധരിക്കാതെയുള്ള ഓട്ടോറിക്ഷ ഡ്രൈവിംഗ്.

യാത്രക്കാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തമ്മിലും കൂടാതെ തൊഴിലാളികള്‍ തമ്മിലുമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിച്ചു നടപ്പാക്കണമെന്നായിരുന്നു നിവേദനത്തിലെ അഭ്യര്‍ഥന.

യാത്രക്കൂലിയും വെയ്റ്റിംഗ് ചാര്‍ജും ഔദ്യോഗികമായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതില്‍ക്കൂടുതല്‍ യാത്രക്കാരില്‍ നിന്നു വാങ്ങുന്നതു തടയാന്‍ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബന്ധമാക്കുക, ഡ്രൈവിംഗ് പരിശോധിക്കാനും നിയമവിരുദ്ധ ഏര്‍പ്പാടുകള്‍ നിരോധിക്കാനും ട്രാഫിക് പോലീസിനു നിര്‍ദേശം നല്കുക, അപകടകരമായ നിലയിലുള്ള ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ മാറ്റി സ്ഥാപിക്കുക, ഓട്ടോറിക്ഷകള്‍ എണ്ണക്കൂടുതലുള്ള സ്റ്റാന്‍ഡുകള്‍ വിഭജിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുക, ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലും നടത്തിപ്പിലുമാക്കുക, ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ പ്രത്യേക യൂണിയനുകളുടെ മാത്രം വകയാക്കുന്നതു തടയുക തുടങ്ങിയ ആവശ്യങ്ങളിലാണ് കണിശമായ നടപടി ഉണ്ടാകാന്‍ പോകുന്നത്.

സംസ്ഥാനത്തുള്ള ആയിരക്കണക്കിനു നിയമവിധേയമായി ജോലി ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും സര്‍ക്കാര്‍തലത്തിലുള്ള നടപടി ഏറെ പ്രയോജനകരമായിരിക്കും.

Tuesday, November 22, 2011

ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ സ്വകാര്യ ബസുകളേയും പ്രവേശിപ്പിക്കണം

ലപ്പുഴ പട്ടണത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് ഇല്ലാത്തതു മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനില്‍ സ്വകാര്യ ബസുകള്‍ക്കും പ്രവേശനം നല്കണമെന്ന് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെടുന്നു. കേരളത്തിലെ പല കെ.എസ്.ആര്‍.ടിസി, പ്രൈവറ്റ് ബസ് സ്റ്റേഷനുകളിലും കോര്‍പറേഷന്‍, പ്രൈവറ്റ് ബസുകള്‍ ഒരേപോലെ പരസ്പരം മാറി ഉപയോഗിക്കുന്നുണ്ട്.

നിലവില്‍ ജില്ലാ കോടതി പാലത്തിനോടു ചേര്‍ന്നു വാടക്കനാലിന്റെ തെക്കും വടക്കുമുള്ള കരകളിലെ റോഡുകളിലും പോലീസ് ഔട്ട് പോസ്റ്റിനോടു ചേര്‍ന്നു പഴവങ്ങാടി പള്ളി റോഡിലുമാണ് പ്രധാനമായും സ്വകാര്യ ബസുകള്‍ ഓട്ടത്തിനിടവേളയില്‍ പാര്‍ക്ക് ചെയ്യുന്നത്. കുറേ ബസുകള്‍ റെയില്‍വേ സ്റ്റേഷനു മുന്നിലും പാര്‍ക്ക് ചെയ്യും. അന്തര്‍സംസ്ഥാന ലക്ഷ്വറി സ്വകാര്യ ബസുകള്‍ വെ.എം.സി.എ പാലം, പിച്ചുഅയ്യര്‍ ജംഗ്ഷന്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്‍ തുടങ്ങിയയിടങ്ങളിലാണ് പാര്‍ക്ക് ചെയ്യുക. വീതി കുറഞ്ഞ റോഡിലെ കവലകളോടു ചേര്‍ന്നുള്ള ബസ് പാര്‍ക്കിംഗ് വന്‍ ബുദ്ധിമുട്ടുകളാണ് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വരുത്തിവയ്ക്കുന്നത്.

ഇപ്പോള്‍ വഴിച്ചേരിയിലുള്ള ലോറി സ്റ്റാന്‍ഡ് സ്വകാര്യ ബസ് സ്റ്റാന്‍ഡ് ആക്കുമെന്നു വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിക്കണ്ടില്ല. അതുതന്നെയുമല്ല അവിടെ ആള്‍ക്കാര്‍ വന്നു കയറിപ്പോകുന്ന ബസ് സ്റ്റാന്‍ഡിനു ആവശ്യമായ സ്ഥലസൗകര്യവുമില്ല.

പോലീസ് ഔട്ട് പോസ്റ്റ്, കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ എന്നിവയ്ക്കു സമീപം വാടക്കനാലിനു കുറുകെ രണ്ട് പാലങ്ങള്‍ കൂടി നിര്‍മ്മിച്ചാലെ പട്ടണത്തിലെ ഗതാഗതക്കുരുക്കിനു അല്പമെങ്കിലും ശമനമാകൂ. കെ.എസ്.ആര്‍.ടി.സി സ്റ്റേഷനു സമീപം പാലം നിര്‍മ്മിച്ചാല്‍ എറണാകുളം ഭാഗത്തു നിന്നു വരുന്ന ബസുകള്‍ വാടക്കനാല്‍ വടക്കേക്കര വഴി സ്റ്റേഷനില്‍ എത്തുകയും തിരിച്ച് തെക്കേക്കര വഴി പോകുകയുമാകാം. പട്ടണത്തിനു സമീപം നിര്‍മാണം പൂര്‍ത്തിയാകുന്ന മിനി സിവില്‍ സ്റ്റേഷനില്‍ വന്നു പോകുന്ന വാഹനങ്ങള്‍ക്കു പോലീസ് ഔട്ട് പോസ്റ്റിനു സമീപം നിര്‍മ്മിക്കുന്ന പാലം ഏറെ പ്രയോജനപ്പെടും. അല്ലെങ്കില്‍ ജില്ലാ കോടതി പാലത്തില്‍ സദാസമയവും ഗതാഗതക്കുരുക്കു തന്നെയായിരിക്കും.

Friday, November 18, 2011

തത്തംപള്ളിയിലെ വീട്ടുവളപ്പുകളില്‍ മുരിങ്ങ നിറയട്ടെ

ലപ്പുഴ പട്ടണത്തിലെ തത്തംപള്ളി വാര്‍ഡിലെ എല്ലാ വീട്ടുവളപ്പുകളിലും കുറഞ്ഞത് ഒരു മുരിങ്ങയെങ്കിലും നട്ടുവളര്‍ത്തി വിളവെടുക്കാന്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് പ്രദേശവാസികളോട് അഭ്യര്‍ഥിക്കുന്നു. പ്രത്യേകിച്ച് അത്ര പണച്ചെലവോ അധ്വാനമോ കൂടാതെ പോഷകസമൃദ്ധമായ മുരിങ്ങ മരം വളര്‍ത്താനാകും. അധികം സ്ഥലവും ആവശ്യമില്ല. അതുവഴി നാട്ടില്‍ പച്ചക്കറി വില ഉയരുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമാകും.

ഉഷ്ണകാല വിളയായ മുരിങ്ങ സമതലപ്രദേശമായ തത്തംപള്ളിയില്‍ നന്നായി വളരും. മഴ കുറഞ്ഞാലും മുരിങ്ങ വളരുകയും നല്ല വിളവ് തരുകയും ചെയ്യും. തെക്കേ ഇന്ത്യയിലെ കാലാവസ്ഥ അനുസരിച്ച് സാധാരണഗതിയില്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഫലം തരും. ഏതുതരം മണ്ണിലും മുരിങ്ങ വളരുമെങ്കിലും ഫലപുഷ്ടിയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് മുരിങ്ങക്കൃഷിക്ക് അനുയോജ്യം. ഒരു നല്ല മരം ആണ്ടില്‍ ആയിരത്തിലേറെ കായ്കള്‍ ഉത്പാദിപ്പിക്കും.

പോഷക സമൃദ്ധമായ ഒരു പച്ചക്കറിയാണ് മുരിങ്ങയെന്നത് ഇതിന്റെ പ്രാധാന്യം കൂട്ടുന്നു. ധാതുലവണങ്ങളും ജീവകങ്ങളും ധാരാളമുണ്ട്. പോഷകങ്ങള്‍ നിറഞ്ഞ മുരിങ്ങയുടെ പൂവും കായും ഇലയും, തൊലിയും ഔഷധഗുണമുള്ളവയാണ്. വിവിധ മുരിങ്ങയിനങ്ങളുണ്ട്. പ്രത്യേകിച്ച് പരിചരണമില്ലാതെ തന്നെ മുരിങ്ങ നന്നായി വളരും. തൈയോ കമ്പോ നട്ട് ആദ്യത്തെ ഒരു വര്‍ഷം വേനല്‍ക്കാലത്ത് നനച്ചുകൊടുത്താല്‍ ചെടികള്‍ നന്നായി പിടിച്ചുകിട്ടും. ഒരാണ്ടന്‍ മുരിങ്ങയുടെ നല്ലയിനം തൈകളും ലഭ്യമാണ്.

കേരളത്തില്‍ ഏതു കാലാവസ്ഥയിലും സമൃദ്ധമായി വളരുന്ന മുരിങ്ങയില്‍ ഓണക്കാലത്താണ് ഇലകള്‍ ധാരാളമായി ഉണ്ടാകുക. മൊരിങ്ങ ഓലീഫെറ എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന മുരിങ്ങ മൊരിങ്ങേസി എന്ന സസ്യകുടുംബത്തില്‍പ്പെട്ടതാണ്. പല ദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ് വളരുന്നത്.

പത്തു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ശാഖകളും ഉപശാഖകളുമുള്ള ചെറുമരമാണ് മുരിങ്ങ. ശാഖകളില്‍ നിറയെ ഇളം പച്ചനിറത്തിലുള്ള ഇലകളുടെ സഞ്ചയമുണ്ടാകും. ഒന്നോ രണ്ടോ അടി വരെയുള്ള തണ്ടുകളിലാണ് വൃത്താകാരമുള്ള ഇലകള്‍. ശിഖരങ്ങളിള്‍ വെളുത്തനിറത്തിലുള്ള പൂക്കളാണ് മുരിങ്ങയുടേത്. പൂങ്കുലകള്‍ പിന്നീട് മുരിങ്ങക്കായയായി മാറും. സാധാരണ രണ്ട് അടി വരെ നീളത്തില്‍ മുരിങ്ങക്കായ കാണപ്പെടും. ഇവയ്ക്കുള്ളിലാണ് വിത്തുകള്‍. ഒരു മുരിങ്ങക്കായില്‍ ഇരുപതോളം വിത്തുകള്‍ കാണും. ശരിക്കു കായ്ക്കുവാന്‍ ധാരാളം വെള്ളവും സൂര്യപ്രകാശവും വേണം.

മുരിങ്ങയിലയും മുരിങ്ങക്കായും മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും കറികള്‍ക്കുള്ള വിഭവമാണ്. മലയാളികള്‍ സാധാരണയായി തോരന്‍ കറിക്ക് മുരിങ്ങയിലയും അവിയല്‍, സാമ്പാര്‍ എന്നീ കറികളില്‍ മുരിങ്ങക്കായും ഉപയോഗിക്കുന്നു. വിത്തുകളും ചില രാജ്യങ്ങളില്‍ ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു. വെള്ളം ശുദ്ധീകരിക്കുന്നതിനായും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്.

വിറ്റമിന്‍ എ, സി, ഇരുമ്പ്, ഫോസ്ഫറസ്, കാല്‍ഷ്യം, പ്രോട്ടീന്‍, പൊട്ടാസ്യം, അമിനോ ആസിഡുകള് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുരിങ്ങയില. ആയുര്‍വേദ വിധി പ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാന്‍ പ്രാപ്തമാണ്. ശാസ്ത്രീയ ഗവേഷണങ്ങളും ഈ വാദം ശരിവയ്ക്കുന്നു. മുരിങ്ങയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരു ഗ്രാം മുരിങ്ങയിലയില്‍ ഓറഞ്ചിലുള്ളതിനേക്കാള്‍ ഏഴുമടങ്ങ് ജീവകം സി, പാലിലുള്ളതിനേക്കാള്‍ നാലുമടങ്ങ് കാല്‍സ്യം, രണ്ടുമടങ്ങ് കൊഴുപ്പ്, ക്യാരറ്റിലുള്ളതിനേക്കാള്‍ നാലുമടങ്ങ് ജീവകം എ, വാഴപ്പഴത്തിലുള്ളതിനേക്കാള്‍ മൂന്നുമടങ്ങ് പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതായും നിരവധി ഗവേഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ട് മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ് വിശേഷിപ്പിക്കുന്നത്. എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങളെപ്പോലും ചെറുക്കാന്‍ മുരിങ്ങയിലയുടെ ഉപയോഗം വ്യാപകമാക്കണമെന്ന അഭിപ്രായവും നിലവിലുണ്ട്. പക്ഷേ മുരിങ്ങയുടെ വേരില്‍ അടങ്ങിയിരിക്കുന്ന സ്‌പൈറൊച്ചിന്‍ എന്ന ആല്‍ക്കലോയ്ഡ് നാഡികളെ പ്രതികൂലമായി ബാധിക്കുന്നതാണ്.

ഇന്നു ലോകത്തിലെ വിവിധ രാഷ്ട്രങ്ങളിലും മുരിങ്ങകൃഷിക്കു വേണ്ടി ശ്രമം തുടരുകയാണ്. ഇന്ത്യയില്‍ നിന്നു വിദേശരാജ്യങ്ങളിലേക്ക് മുരിങ്ങക്കായ കയറ്റുമതി ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇപ്പോള്‍ കൂടുതലായും കയറ്റിവിടുന്നത്.

ചില നാട്ടറിവുകള്‍ ഇങ്ങനെ: പോഷകഗുണങ്ങള്‍ നിറഞ്ഞ മുരിങ്ങയുടെ എല്ലാ ഭാഗത്തിനും ഔഷധഗുണങ്ങളുണ്ട്. എങ്കിലും ഇലയാണ് സാധാരണയായി ഔഷധമായി ഉപയോഗിക്കുന്നത്. ഇതിന്റെ ഇലയും പൂവും, കായും ആഹാരത്തിനുവേണ്ടിയും, വേരും തൊലിയും പട്ടയും ഔഷധത്തിനായും ഉപയോഗിക്കുന്നു. ഇലക്കറികളില്‍ ഏറ്റവും അധികം വിറ്റാമിന്‍ എ മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം, വാതരോഗം, കൃമി, വ്രണം, വിഷം എന്നിവ ശമിപ്പിക്കാന്‍ മുരിങ്ങ ഔഷധമായി ഉപയോഗിക്കുന്നു.

മാലക്കണ്ണ്, നിശാന്ധത, കണ്ണിലെ ചൊറിച്ചില്‍ എന്നിവയ്ക്ക് മുരിങ്ങയില നീര് വിശേഷപ്പെട്ടതാണ്. കാഴ്ച ശക്തി കൂട്ടാന്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ സാധിക്കും. രക്തസമ്മര്‍ദ്ദം കുറക്കാന്‍ മുരിങ്ങ നീരിനു കഴിയും. കൂടാതെ വാതരോഗം ഇല്ലാതാക്കാനും മുത്രതടസ്സം നീക്കാനും ശരീര സന്ധികളിലെ വേദന കുറക്കാനും മുരിങ്ങക്കു സാധിക്കും. നേത്രരോഗം, ആസ്ത്മ, വെള്ളപ്പാണ്ട്, മലബന്ധം എന്നിവക്ക് നല്ലത്. തിമിരബാധ, കണ്ണില്‍പഴുപ്പ് തുടങ്ങിയവ തടയാന്‍ സാധിക്കും. മുരിങ്ങയിലയും ഉപ്പുമിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍ കൊണ്ടാല്‍ ഒച്ചയടപ്പിന് നല്ലതാണ്. മുരിങ്ങയില, വാഴക്കൂമ്പ് എന്നിവ തോരന്‍ വെച്ച് കഴിച്ചാല്‍ കുടല്‍പുണ്ണ് സുഖമാകും.

(വിവരങ്ങള്‍: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള ഇന്നവേഷന്‍ ഫൗണ്ടേഷന്‍, വിക്കിപീഡിയ തുടങ്ങിയിടങ്ങളില്‍ നിന്ന്)

Wednesday, November 16, 2011

തത്തംപള്ളി മഠം റോഡ് റീ ടാര്‍ ചെയ്തു

ത്തംപള്ളി വാര്‍ഡിലെ മഠം റോഡ് റീ ടാര്‍ ചെയ്തു. കിടങ്ങാംപറമ്പ് - കോര്‍ത്തശേരി റോഡിനേയും കിടങ്ങാംപറമ്പ് - തത്തംപള്ളി റോഡിനേയും ബന്ധിപ്പിക്കുന്ന റോഡ് പലയിടങ്ങളിലും ടാറു പൊളിഞ്ഞിരുന്നു. നേരത്തേ തന്നെ ഇടയ്ക്ക് കുറേ ഭാഗത്ത് ടാറിടാത്ത സ്ഥലത്ത് കല്ലിളകി കിടക്കുകയുമായിരുന്നു.

അനേകം പേര്‍ സഞ്ചരിക്കുന്ന റോഡ് എത്രയും വേഗം നന്നാക്കി പൂര്‍ണമായി റീ ടാര്‍ ചെയ്യണമെന്നു തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെട്ടിരുന്നു. അതു സംബന്ധിച്ച് അവസാനം പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഏകദേശം അഞ്ഞൂറു മീറ്ററാണ് റോഡിന്റെ നീളം. ഇത്രയും നീളം രണ്ടു തൊഴിലാളി യൂണിയനുകളുടെ കീഴിലുള്ള പ്രദേശമാണെന്നു അവകാശപ്പെടുന്നതിനാല്‍ ഇന്ന് (2011 നവംബര്‍ 16 ബുധന്‍) പകുതി നീളം റോഡാണ് ടാര്‍ ചെയ്തത്.

ടാറിടാനുള്ള നടപടികള്‍ക്കായി മെറ്റലും മറ്റും കഴിഞ്ഞ ഓഗസ്റ്റ് അവസാനം മുതല്‍ റോഡില്‍ ഇറക്കിയിട്ടിരിക്കുകയായിരുന്നു. മഴ, ടാര്‍ ക്ഷാമം തുടങ്ങിയ കാരണങ്ങളാല്‍ പണി നീണ്ടു പോയി.

കരാറുകാരന്‍ ഫെലിക്‌സിന്റെ നേതൃത്വത്തിലാണ് ടാറിടല്‍ പ്രവര്‍ത്തനങ്ങള്‍.

Monday, November 14, 2011

ആലപ്പുഴയുടെ അഭിമാനമായി നാവിക സേനയില്‍ ഐഎന്‍എസ് ആലപ്പി

ലപ്പുഴയുടെ അഭിമാനമായി ഇന്ത്യന്‍ നാവിക സേനയില്‍ ആലപ്പുഴയുടെ പേരുമായുള്ള യുദ്ധക്കപ്പല്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം തുടങ്ങിയിട്ട് 31 വര്‍ഷം കഴിഞ്ഞു.

ഐഎന്‍എസ് ആലപ്പി (എം 65) എന്ന മൈന്‍വാരി കപ്പലാണ് നാവിക സേനയിലും ആലപ്പുഴയുടെ യശസ് ഉയര്‍ത്തിയിട്ടുള്ളത്. 1980 ഓഗസ്റ്റിലാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്. സോവ്യറ്റ് യൂണിയനില്‍ നിന്നു വാങ്ങിയ ഇതുള്‍പ്പടെ 'നാട്യ' ക്ലാസിലുള്ള 12 കപ്പലുകളാണ് നാവിക സേനയ്ക്കുള്ളത്. എം 65 മുതല്‍ എം 72 വരെ ഇത്തരത്തിലുള്ളതാണ്. ഇന്ത്യയിലെ വിവിധ സ്ഥലപ്പേരുകളാണ് ഈ സീരിസിലുള്ള കപ്പലുകളുടെ പേരുകളായി നല്കിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ കേരളത്തിലെ കണ്ണൂരും കോഴിക്കോടുമുണ്ട്. ആലപ്പുഴ നേരത്തേ ഇംഗഌഷില്‍ ആലപ്പി എന്നാണ് അറിയപ്പെട്ടിരുന്നത്.

നീളം 61 മീറ്ററുള്ള ഐഎന്‍എസ് ആലപ്പി മൈന്‍സ്വീപ്പറില്‍ പത്ത് ഓഫീസര്‍മാര്‍ അടക്കം 82 പേര്‍ക്കു വരെ കഴിയാം. ഏകദേശം 16 നോട്ട് ഗതിവേഗം.

നാവിക സേനയില്‍ കപ്പല്‍ ചേര്‍ന്ന കാലഘട്ടത്തില്‍ ആലപ്പുഴക്കാരനായ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ആലപ്പുഴ തുറമുഖത്ത് പുറംകടലില്‍ ഐഎന്‍എസ് ആലപ്പി സന്ദര്‍ശനം നടത്തിയിരുന്നു.

Sunday, November 13, 2011

ആലപ്പുഴയില്‍ തേനീച്ച വളര്‍ത്തലിന് ഏറെ സാധ്യത

ലപ്പുഴ പട്ടണത്തിലെ വീടുകളില്‍ തേനീച്ച വളര്‍ത്തലിന് സൗകര്യമൊരുക്കിയാല്‍ വിജയിക്കാന്‍ ഏറെ സാധ്യതകളുണ്ടെന്നു തേനീച്ച വളര്‍ത്തുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയ പരിപാലനത്തിന് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ സഹായഹസ്തങ്ങളുമായി മുന്നോട്ടുവരുകയാണ് വേണ്ടത്. വീട്ടാവശ്യത്തിനും വില്പനയക്കും ആവശ്യമായ തേന്‍ പ്രാദേശികാടിസ്ഥാനത്തില്‍ തന്നെ ഇത്തരത്തില്‍ ഉത്പാദിപ്പിക്കാനാകും.

വീടുകളില്‍ ഒന്നോ രണ്ടോ കൂടുകള്‍ സ്ഥാപിച്ച് പ്രദേശമാകെ ചെറുകിട വളര്‍ത്തല്‍ വ്യാപകമാക്കാം. തേനീച്ച വളര്‍ത്തുന്നവരുടെ കൂട്ടങ്ങള്‍ക്കു (ക്ലസ്റ്റര്‍) രൂപം നല്കിയാല്‍ തേനീച്ചവളര്‍ത്തല്‍ ഉപകരണങ്ങള്‍, തേനീച്ച പരിപാലനം, രോഗങ്ങളേയും കീടങ്ങളേയും പ്രതിരോധിക്കല്‍, തേന്‍ ശേഖരണം, സംസ്‌കരണം, വില്പന തുടങ്ങിയവയും പ്രായേണ എളുപ്പമാകും. മേല്‍നോട്ടത്തിനും സഹകരണമാകാം. തേനീച്ച വളര്‍ത്തല്‍ വിനോദമായി കരുന്നവര്‍ക്കും പ്രോത്സാഹനം നല്‌കേണ്ടതുണ്ട്.

തേനിനും തേനീച്ച ഉത്പന്നങ്ങള്‍ക്കും വേണ്ടി തേനീച്ചകളെ വളര്‍ത്തല്‍ (Apiculture) ലോകവ്യാപകമായി വ്യാവസായിക പ്രാധാന്യമുള്ള ഒരു കൃഷിയാണ്. തേനീച്ചകള്‍ മൂലം പുഷ്പങ്ങളില്‍ പരാഗണം നടക്കുന്നതിനാല്‍ കൃഷിയിടങ്ങളില്‍ വിളവു വര്‍ധിക്കും. ശുദ്ധവും മേല്‍ത്തരവുമായ തേനിന് പൂക്കളിലെ പൂമ്പോടിയും അത്യാവശ്യമാണ്. തെങ്ങുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ വര്‍ഷം മുഴുവന്‍ തേനീച്ചകള്‍ക്കു തേനും പൂമ്പൊടിയും ലഭ്യമായിരിക്കും. ആലപ്പുഴയെ സംബന്ധിച്ചിടത്തോളം തെങ്ങ് ഒരു പ്രധാന പൂമ്പൊടി സ്രോതസായതിനാല്‍ പൂമ്പൊടി ദൗര്‍ലഭ്യം അനുഭവപ്പെടാനിടയില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. തേനീച്ച വളര്‍ത്തലിന് അത് നല്ലൊരു അടിസ്ഥാന കാര്യമാണ്. എപ്പോഴും പൂത്തു നില്ക്കുന്ന തെങ്ങിന്‍ പൂക്കുലകളില്‍ നിന്ന് തേനീച്ചകള്‍ക്ക് അത് വേഗത്തില്‍ ശേഖരിക്കാനാകും.

തേന്‍ കൂടാതെ തേന്‍മെഴുക്, പൂമ്പൊടി, തേനീച്ചപ്പാല്‍ അഥവാ റോയല്‍ ജെല്ലി (തേനീച്ചയുടെ ഗ്രന്ഥിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു), പ്രൊപ്പോളിസ് (മരക്കറകള്‍ ശേഖരിച്ച് മെഴുകുമായി ചേര്‍ത്ത് തേനീച്ചകള്‍ ഉത്പാദിപ്പിക്കുന്ന പദാര്‍ഥം), തേനീച്ചവിഷം തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ തേനീച്ചകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇവയ്‌ക്കൊക്കെ നിരവധി ഉപയോഗങ്ങളുണ്ട്. ഉദാഹരണത്തിന് പ്രകൃതിജന്യ വസ്തുവായ തേന്‍മെഴുക് ഉപയോഗപ്പെടുത്തി മെഴുകുതിരി, സൗന്ദര്യവര്‍ധക വസ്തുക്കള്‍, പെയിന്റ്, പോളിഷ്, മഷി, വാര്‍ണിഷ്, പശ, ച്യൂയിംഗം, ലിപ്സ്റ്റിക്, ഔഷധങ്ങള്‍ തുടങ്ങി മുന്നൂറില്‍ പരം ഉത്പന്നങ്ങളുണ്ടാക്കുന്നുണ്ട്. ഇങ്ങനെ എല്ലാ തേനീച്ച ഉത്പന്നങ്ങള്‍ക്കും വാണിജ്യപ്രാധാന്യം ഏറെയാണ്.

വന്‍തേന്‍ ഉത്പാദിപ്പിക്കുന്ന വലിയ തേനീച്ചകളെ പെട്ടികളില്‍ (തേനീച്ചക്കൂട്) വളര്‍ത്തുന്നതു പോലെ തന്നെ ചെറുതേന്‍ ഉത്പാദിപ്പിക്കുന്ന ചെറിയ തേനീച്ചകളെ കുടങ്ങളിലും വളര്‍ത്താനാകും.

Friday, November 11, 2011

ഭക്ഷണശാലകളിലെ ആഹാരപദാര്‍ഥങ്ങളുടെ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കണം

ലപ്പുഴ മുനിസിപ്പല്‍ പട്ടണ പ്രദേശത്തെ ഭക്ഷണശാലകളിലെ ആഹാരപദാര്‍ഥങ്ങളുടെ ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്നതിനു നിരന്തരമായ പരിശോധനാ, ശിക്ഷാ നടപടികള്‍ കര്‍ശനമായി വേണമെന്ന് ആവശ്യം.

ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, തട്ടുകടകള്‍, ശീതളപാനീയ കടകള്‍, ബേക്കറികള്‍ തുടങ്ങിയയിടങ്ങളില്‍ പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് വിഭവങ്ങള്‍ പാചകം ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും. ഗുണനിലവാരമില്ലാത്ത ഘടക പദാര്‍ഥങ്ങളാണ് പലയിടങ്ങളിലും ഉപയോഗിക്കുന്നതെന്നും പരാതി ഉയരാറുണ്ട്. മിക്കയിടത്തും ശുദ്ധജലം പോലുമല്ല ഉപയോഗിക്കുന്നത്. ഈച്ച, പാറ്റ, എലി തുടങ്ങിയ ക്ഷുദ്രജീവികള്‍ തുറന്നുവച്ചിരിക്കുന്ന ആഹാരപദാര്‍ഥങ്ങളുടെ മുകളില്‍ കാണുന്നതു സാധാരണമാണ്. രോഗങ്ങള്‍ പടരാന്‍ ഇതു കാരണമാകും. അടുക്കളയും പരിസരവും പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങളും വളരെ വൃത്തിഹീനമായിക്കിടക്കുന്ന സ്ഥാപനങ്ങളുമുണ്ട്. ആഹാരം വിളമ്പുന്നവര്‍ തന്നെ മേശ വൃത്തിയാക്കുന്നതും എച്ചിലുകള്‍ നീക്കുന്നതുമായ രീതി അനുവദിക്കരുത്. രോഗബാധിതരായ പാചകക്കാരേയും വിളമ്പുകാരേയും ഒഴിവാക്കണം. അനാരോഗ്യകരമായ എല്ലാ പ്രവണതകളും അവസാനിപ്പിക്കുകയാണ് വേണ്ടത്.

മുനിസിപ്പാലിറ്റി അധികൃതര്‍ വല്ലപ്പോഴും നടത്തുന്ന മിന്നല്‍ പരിശോധയില്‍ അനേക ഹോട്ടലുകളില്‍ പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ ഭക്ഷണവസ്തുക്കള്‍ കുറ്റകരമായി വില്പനയ്ക്കായി വച്ചിരിക്കുന്നതു കണ്ടെത്താറുണ്ടെങ്കിലും അതിനുള്ള ശിക്ഷാനടപടികള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ അതു ആവര്‍ത്തിക്കുകയാണ് പതിവ്. മുനിസിപ്പാലിറ്റിയുടെ പരിശോധന ദിവസവും ഏര്‍പ്പെടുത്തുക എന്നതു മാത്രമാണ് വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭക്ഷണ, പാനീയങ്ങള്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കാനുള്ള ഒരു പോംവഴി.

പഴകിയ ഭക്ഷണവസ്തുക്കള്‍ പിടിച്ചെടുത്ത സ്ഥാപനങ്ങളുടെ പേരുകള്‍ സാധാരണഗതിയില്‍ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിനാല്‍ പൊതുജനങ്ങളുടെ അറിവിലേക്കു അവ മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഭക്ഷണവിഭങ്ങളുടെ അളവും തൂക്കവും രേഖപ്പെടുത്തിയ വിലവിവരപ്പട്ടിക എല്ലാ ഭക്ഷണശാലകളിലും നിര്‍ബന്ധമാക്കുകയും വേണം.

ഈ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും മുനിസിപ്പല്‍ സെക്രട്ടറിക്കും അയച്ച നിവേദനത്തിന്റെ പകര്‍പ്പ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, November 9, 2011

സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചു പണപ്പിരിവു നടത്തിയാല്‍ കര്‍ശന നടപടി

സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള പണപ്പിരിവു കേരളത്തില്‍ നിരോധിച്ചിട്ടുണ്ടെന്നു സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പു സെക്രട്ടറി. കൃത്യമായ വിവരം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അത്തരം സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നും വിദ്യാര്‍ഥികളിലൂടെയും സ്‌കൂള്‍ അധികൃതരുടെ അറിവോടെയും നേതൃത്വത്തിലും വിവിധ തരത്തിലുള്ള പണപ്പിരിവുകള്‍ നടത്തിവരുന്നുണ്ടെന്നു വ്യാപകമായ പരാതി നിലനില്ക്കുന്ന സാഹചര്യത്തിലാണ് പിരിവു നിരോധിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചത്. എന്നാല്‍ സ്‌കൂള്‍ യുവജനോത്സവം, സ്‌കൂള്‍ സ്‌പോര്‍ട്‌സ് എന്നിവയ്ക്ക് വിദ്യാര്‍ഥികളില്‍ നിന്നു ഫീസ് ശേഖരിക്കുന്നുണ്ടെന്നും എന്നാല്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് പിരിക്കുന്നില്ലെന്നുമാണ് സെക്രട്ടറി 2011 ഒക്ടോബര്‍ 24-നു നല്കിയ മറുപടിയിലുള്ളത്.

കലാ-കായിക മത്സരങ്ങള്‍ക്കും യുവജനോത്സവങ്ങള്‍ക്കും ചില ധര്‍മ്മസ്ഥാപനങ്ങള്‍ക്കും ദാനശീലം വളര്‍ത്താന്‍ എന്ന പേരിലും ഒക്കെയാണ് ഇത്തരം പിരിവുകള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചു വ്യാപകമായി നടത്തുന്നത്. വിവിധ പരിപാടികളുടെ ധനശേഖരണാര്‍ഥം കൂപ്പണുകള്‍, ഭാഗ്യക്കുറികള്‍, കാര്‍ഡുകള്‍, ലഘുലേഖകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് പതിവ്.

തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് വഴി നീളെ നടന്നു യാചന നടത്തി പണം പിരിക്കേണ്ട ഗതികേടാണുണ്ടാകുന്നത്. കൂടാതെ പണപ്പിരിവിനു പരിചയമില്ലാത്ത സ്ഥലങ്ങളില്‍ ചെല്ലുന്ന വിദ്യാര്‍ഥികള്‍ പല വിധത്തിലുള്ള ചൂഷണത്തിനും വിധേയരാകുവാന്‍ സാധ്യതയുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള ഇത്തരം പിരിവുകള്‍ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കാവുന്നതല്ലെന്നു രക്ഷാകര്‍ത്താക്കളും വിദ്യാഭ്യാസ വിദഗ്ധരും എടുത്തുകാട്ടുന്നു.

അധ്യാപകരുടെ നിര്‍ദേശപ്രകാരമുള്ള പണപ്പിരിവുകളെ വിദ്യാര്‍ഥികള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ സാധാരണഗതിയില്‍ എതിര്‍ക്കാനാകില്ല. അതിനാല്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള പണപ്പിരിവുകള്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ കര്‍ശനമായി നിരോധിച്ച് ഉത്തരവു പുറപ്പെടുവിക്കാനുള്ള നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്നാണ് അഭ്യര്‍ഥിച്ചിരുന്നത്. സംസ്ഥാനത്തെ എല്ലാ തരം സ്‌കൂളുകള്‍ക്കും ഇതു ബാധകമാക്കുകയും വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയത്തില്‍ മുന്‍കാലത്തു അയച്ചിട്ടുള്ള നിവേദനങ്ങളില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തതിനാലാണ് നിരോധന ഉത്തരവ് നിലവിലുണ്ടായിരുന്നിട്ടും വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള പണപ്പിരിവ് നിര്‍ബാധം നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി സ്‌കൂള്‍ അധികൃതര്‍ക്കെതിരേ പരാതി നല്കാന്‍ ആരും മുന്നോട്ടു വരില്ല. അതിനാല്‍ നിരോധനം ലംഘിക്കുന്നവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തുകയും നിയമ-ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം. സ്‌കൂളുകളില്‍ നിന്നു വിതരണം ചെയ്യുന്ന ഇത്തരം പണപ്പിരിവ് ഉപാധികള്‍ വിദ്യാര്‍ഥികള്‍ കൈപ്പറ്റരുതെന്ന് സര്‍ക്കാര്‍ വ്യാപകമായി എത്രയും വേഗം പരസ്യം ചെയ്യണമെന്നും അങ്ങനെ അനധികൃത പണപ്പിരിവ് ഉടനേ അവസാനിപ്പിക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Saturday, November 5, 2011

ആലപ്പുഴ മുനിസിപ്പാലിറ്റി കെട്ടിട നികുതി ഉയര്‍ത്തി വിജ്ഞാപനമിറക്കി

ലപ്പുഴ നഗരസഭ വസ്തു (കെട്ടിട) നികുതി മുന്‍കാല പ്രാബല്യത്തോടെ ഉയര്‍ത്തി നിശ്ചയിച്ചു വിജ്ഞാപനം പുറപ്പെടുവിച്ചു. 2011 ഏപ്രില്‍ ഒന്നു മുതല്‍ 2016 മാര്‍ച്ച് 31 വരെ അഞ്ചു വര്‍ഷമാണ് പുതുക്കിയ നിരക്കിന്റെ കാലാവധിയെന്ന് മുനിസിപ്പല്‍ സെക്രട്ടറി ഒപ്പിട്ട വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

പട്ടണത്തെ വിവിധ മേഖലകളാക്കി കെട്ടിടത്തിന്റെ തറ വിസ്തീര്‍ണം, നിര്‍മാണ രീതി, ഉപയോഗം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് നികുതിപരിഷ്‌കരണമെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചതുരശ്ര മീറ്ററില്‍ അടിസ്ഥാന വാര്‍ഷിക നിരക്കുകള്‍ മാത്രമാണ് വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. അടിസ്ഥാന നിരക്കുകളുമായി ബന്ധിച്ച് ഓരോ വിഭാഗത്തിനുമുള്ള വ്യത്യസ്ഥ നിരക്കോ ശതമാനമോ എടുത്തുകാട്ടിയിട്ടില്ല.

മുനിസിപ്പല്‍ സെക്രട്ടറിയുടെ നമ്പര്‍ ടി 3-9191/07 തീയതി 2011 നവംബര്‍ രണ്ട് വച്ച് പുറത്തിറക്കിയ ആലപ്പുഴ നഗരസഭ വസ്തു നികുതി പരിഷ്‌കരണം സംബന്ധിച്ച അന്തിമ വിജ്ഞാപനം പൂര്‍ണമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ആലപ്പുഴ നഗരസഭ ഉറക്കത്തില്‍; വികസനത്തിന് അനുവദിച്ച തുക കെട്ടിക്കിടക്കുന്നു

ലപ്പുഴ മുനിസിപ്പാലിറ്റിയുടെ വികസനത്തിനുപയോഗിക്കേണ്ട കോടിക്കണക്കിനു രൂപ കെട്ടിക്കിടക്കുന്നതായി വാര്‍ത്ത. മുനിസിപ്പാലിറ്റി ഉറക്കത്തില്‍ തന്നെയാണെന്നുള്ളതിനു ഇതു വീണ്ടും തെളിവായി.

വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതിനായി മുനിസിപ്പാലിറ്റിക്ക് കേരള സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയാണ് ട്രഷറിയില്‍ തന്നെ മാസങ്ങളായി കിടക്കുന്നത്.2011-12 സാമ്പത്തിക വര്‍ഷം ആരംഭിച്ച് സെപ്റ്റംബറില്‍ ആറു മാസം പിന്നിട്ടപ്പോള്‍ മൊത്തം പദ്ധതിത്തുകയുടെ വളരെ ചെറിയ ഒരംശം മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. യഥാസമയം പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുണ്ടായ വീഴ്ചയാണ് തുക വിനിയോഗത്തിനു തടസ്സമായിട്ടുള്ളതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

അനുവദിച്ച തുകയുടെ 3.71 ശതമാനം മാത്രമാണ് ആലപ്പുഴ മുനിസിപ്പാലിറ്റി ഉപയോഗിച്ചിരിക്കുന്നത്. നഗരസഭ വരുത്തിയിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. ഭരണസമിതിയുടെ പദ്ധതി ആസൂത്രണം ചെയ്യുന്നതിലെ പരിചയക്കുറവാണ് തുക വിനിയോഗത്തിനു തടസ്സമാകുന്നതത്രേ. അതുമൂലം പല പദ്ധതികളും ഭേദഗതിക്കായി തിരിച്ചയക്കേണ്ട അവസ്ഥയും ഗതികേടുമാണ്.

പദ്ധതികള്‍ പരിശോധിച്ച അംഗീകാരം ലഭ്യമാക്കേണ്ട വിധത്തില്‍ ആസൂത്രണ സമിതിക്കു സമര്‍പ്പിക്കാനായി സഹായിക്കേണ്ട സാങ്കേതിക ഉപദേശക ഗ്രൂപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതും പ്രശ്‌നത്തിനിടയാക്കുന്നുണ്ട്.

വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കഴിഞ്ഞ എല്ലാ വര്‍ഷവും കാലതാമസമുണ്ടാകാറുണ്ടെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ആറു വര്‍ഷമായി ആലപ്പുഴ മുനിസിപ്പാലിറ്റി ഭരിക്കുന്നത് എല്‍എഡിഫ് വിഭാഗമാണ്. കാലതാമസമൊഴിവാക്കാന്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പു തന്നെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു സര്‍ക്കാര്‍ നിര്‍ദേശം നല്കിയിരുന്നു. എന്നാല്‍ നിര്‍ദേശം നടപ്പിലാക്കാന്‍ മുനിസിപ്പാലിറ്റി ശ്രദ്ധനല്കിയില്ല.

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി അഞ്ചു മാസം മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടയില്‍ ഇനി പകുതിത്തുക പോലും വിനിയോഗിക്കാനാകുമോ എന്നു സംശയമാണ്. 75 ശതമാനം തുകയെങ്കിലും ചെലവഴിച്ചില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിക്കുള്ള പദ്ധതി വിഹിതം കുത്തനെ കുറയും.

ഇതാണ് ആലപ്പുഴ നഗരസഭയുടെ ഇപ്പോഴത്തെ കാര്യശേഷി. കാശു കൈയില്‍ വന്നാലും കാര്യങ്ങളൊന്നും നടത്താന്‍ കഴിവില്ല.

Friday, November 4, 2011

ആലപ്പുഴയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നില്‍ മാലിന്യ ശേഖരണ സംവിധാനം ഒരുക്കണം

ലപ്പുഴ പട്ടണത്തിലെ മാലിന്യ ശേഖരണവും സംസ്‌ക്കരണവും ഏറെ പ്രശ്‌നങ്ങള്‍ ഉളവാക്കിക്കൊണ്ടിരിക്കുകയാണ്. മാലിന്യം നീക്കം ചെയ്യുന്നതില്‍ മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുന്നു.

മാലിന്യം കഴിയുന്നത്ര ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കാനും പുനരുപയോഗം ചെയ്യാനും ഏര്‍പ്പാടുകളുണ്ടാകേണ്ടിയിരിക്കുന്നു. അതിനു ഫലപ്രദമായ ഏര്‍പ്പാടുകള്‍ ഉണ്ടാകുന്നില്ല. ആശുപത്രി മാലിന്യം, കശാപ്പു മാലിന്യം, പഴം-പച്ചക്കറി മാലിന്യം തുടങ്ങിയവ കൂടാതെ പുറന്തള്ളപ്പെടുന്ന തുണി, കടലാസ്, പ്ലാസ്റ്റിക് തുടങ്ങിയവയില്‍ ഒരു വലിയ പങ്കും ഉത്ഭവസ്ഥാനത്തു തന്നെയോ അവിടങ്ങളില്‍ നിന്നു നേരിട്ടു ശേഖരിച്ചോ സംസ്‌ക്കരിക്കാന്‍ ഏര്‍പ്പാടു വേണം.

ജൈവ, അജൈവ വസ്തുക്കള്‍ വേര്‍തിരിച്ച് ശേഖരിച്ചാല്‍ സംസ്‌ക്കരണ കേന്ദ്രങ്ങളില്‍ അവ അധികം ബുദ്ധിമുട്ടില്ലാതെ വളമായോ ചാരമായോ വൈദ്യുതിയായോ മറ്റു ഉത്പന്നങ്ങളായോ മാറ്റാന്‍ സാധിക്കും.

രാവിലെയും വൈകുന്നേരവും കൃത്യമായി റോഡുവക്കിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ മണിക്കൂറുകള്‍ കിടന്ന് അഴുകി ദുര്‍ഗന്ധം വമിക്കാന്‍ അതു കാരണമാകും. വിദേശ-തദേശ വിനോദസഞ്ചാര കേന്ദ്രമായ ആലപ്പുഴ പട്ടണത്തിന് അത് ചീത്തപ്പേരുണ്ടാക്കും.

മാലിന്യം വേര്‍തിരിച്ചു ശേഖരിക്കാന്‍ ചെറു വീപ്പകള്‍ റോഡില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കണം. വീപ്പയോടെ എടുത്തു ലോറിയിലേക്കു മാലിന്യം പകരാന്‍ ചെറുവീപ്പകള്‍ സൗകര്യമാകും. തൊഴിലാളികള്‍ക്ക് കൂടുതല്‍ എളുപ്പവും ആരോഗ്യപ്രദവും ആയിരിക്കുമത്.

റോഡു വക്കില്‍ അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നതിനു എതിരേ ബോധവത്കരണവും നിേേക്ഷപിക്കുന്നവരുടെ പേരില്‍ ശിക്ഷാനടപടികളും വേണം. എല്ലാവരും വീപ്പയ്ക്കുളളില്‍ തന്നെ മാലിന്യം നിക്ഷേപിക്കാനും പരിസരത്ത് അവ വിതറാതിരിക്കാനും വേണ്ട സംവിധാനം വ്യാപകമായി ഒരുക്കണം.

ദുര്‍ഗന്ധം വമിച്ചു പ്രദേശമാകെ വ്യാപിച്ചു കിടക്കുന്നതിനാല്‍ ചവറു വീപ്പകള്‍ സ്ഥാപിക്കുന്നതിനു സമീപവാസികള്‍ പൊതുവേ എതിരായിരിക്കും. അതിനാല്‍ സര്‍ക്കാര്‍, പൊതുമേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിലുള്ള റോഡില്‍ ചവറു വീപ്പകള്‍ സ്ഥാപിക്കുകയും മാലിന്യനീക്കം ക്രമമാക്കുകയും ചെയ്യുകയാണ് ഉടനേ ചെയ്യേണ്ടത്. ജില്ലാ കളക്ടറേറ്റ്, കോടതി, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, മുനിസിപ്പല്‍ ഓഫീസ്, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഉദാഹരണം.

ചവഴു വീപ്പകള്‍ ആവശ്യാനുസരണം സ്ഥാപിച്ച് മാലിന്യം റോഡിലേക്കു വലിച്ചെറിയാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് നല്കാതിരിക്കുകയാണ് മാലിന്യശേഖരണത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി ആദ്യം ചെയ്യേണ്ടത്. പട്ടണ റോഡുകള്‍ അതിനാല്‍ തന്നെ മാലിന്യമുക്തമായി വൃത്തിയായാകുകയും പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത കുറയുകയും ചെയ്യും.

Wednesday, November 2, 2011

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി ജംഗ്ഷന്‍ യാത്രക്കാരെ വട്ടംചുറ്റിക്കുന്നു

ലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വണ്ടാനത്തത്തേക്കു മാറ്റിയതിനു ശേഷം ആ സ്ഥാനത്ത് ജനറല്‍ ആശുപത്രി തുടങ്ങിയപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രി ജംഗ്ഷന്‍ സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. ജംഗ്ഷന്റെ പേര് ഔദ്യോഗികമായി മാറ്റിയില്ലെങ്കില്‍ അനേകം പേര്‍ക്ക് ദിവസേന ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

ആലപ്പുഴ പട്ടണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആലപ്പുഴ ഗവണ്മെന്റ് ടി.ഡി.മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണമായും 2010 ജനുവരി 12-ന് ചൊവ്വാഴ്ചയാണ് വണ്ടാനത്തേക്കു മാറ്റി ഉദ്ഘാടനം ചെയ്തത്. മെഡിക്കല്‍ കോളജ് ആശുപത്രി മാറ്റിയ സാഹചര്യത്തില്‍ ജംഗ്ഷന്റെ പേരു ഔദ്യോഗികമായി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ക്കും മുനിസിപ്പല്‍ സെക്രട്ടറിക്കും ഉടനേ കത്ത് അയച്ചിരുന്നുവെങ്കിലും കത്തു ലഭിച്ചെന്ന മറുപടി പോലും ഇതുവരെ ലഭ്യമായിട്ടില്ല.

മുഖ്യമായും യാത്രക്കാര്‍ക്കാണ് ആശുപത്രി മാറ്റം പ്രശ്‌നമാകുന്നത്. പ്രൈവറ്റ് ബസുകളിലും മറ്റും കയറി മെഡിക്കല്‍ കോളജ് ആശുപത്രി എന്നു പറഞ്ഞാല്‍ ഇപ്പോഴത്തെ ജനറല്‍ ആശുപത്രി ജംഗ്ഷനിലേക്കായിരിക്കും ടിക്കറ്റ് നല്കുക. ഇതു തിരിച്ചുമാകാം. ബസുകളിലെ മെഡിക്കല്‍ കോളജ് ആശുപത്രി ബോര്‍ഡ് പലപ്പോഴും പഴയ ആശുപത്രിയെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ ഇവിടെയെത്തി വട്ടംചുറ്റുന്നവരുടെ എണ്ണം കുറയുന്നില്ല.

വണ്ടാനത്തെ ആശുപത്രിയിലേക്കു തിരക്കിച്ചു പോകുന്നവര്‍ പലപ്പോഴും വഴിതെറ്റിപ്പോകുന്നതു കാണാം. ദൂരം കാണിക്കുന്ന ബോര്‍ഡുകള്‍ ആവശ്യത്തിനില്ലാത്തതും ഉള്ള ബോര്‍ഡുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും ഇതിനു കൂടുതലായ കാരണമാണ്. ഉദാഹരണത്തിന് കൊട്ടാരപ്പാലം ജംഗ്ഷനില്‍ ഇപ്പോഴുള്ള മെഡിക്കല്‍ കോളജ് ആശുപത്രി എന്ന ചൂണ്ടുപലക തെറ്റിദ്ധരിപ്പിക്കും. ഇപ്പോഴത്തെ ജനറല്‍ ആശുപത്രിയിലേക്കാണ് അതുവഴി പോയാല്‍ ആദ്യം എത്തുക.

കടകള്‍ക്ക് ലൈസന്‍സ് പൂതുക്കണമെങ്കില്‍ ഇപ്പോള്‍ കടയുടെ ബോര്‍ഡുകളില്‍ സ്ഥലപ്പേരു കൂടെ ചേര്‍ക്കേണ്ടതുള്ളതിനാല്‍ പലതരത്തിലുള്ള പേരുകളാണ് അവയില്‍ കാണുന്നത്. മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ജംഗ്ഷന്‍, എംസിഎച്ച് ജംഗ്ഷന്‍, ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍, ഹോസ്പിറ്റല്‍ ജംഗ്ഷന്‍ എന്നൊക്കെ കടകളുടെ ബോര്‍ഡുകളില്‍ വായിക്കാം.

മെഡിക്കല്‍ കോളജ് ആശുപത്രി കിലോമീറ്ററുകള്‍ ആകലേക്കു മാറ്റിയതിനാല്‍ മറ്റു പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പട്ടണത്തിലെ മെഡിക്കല്‍ കോളജ് ആശുപത്രി ജംഗ്ഷന്റെ പേര് അങ്ങനെതന്നെ നിലനിര്‍ത്തിയിക്കുന്നതിനാല്‍ തെറ്റിദ്ധാരണയും യാത്രാബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നതിനാല്‍ ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ എന്നു പേരിലേക്കു മാറ്റുന്നതായിരിക്കും ഉചിതം. അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പേര് ഒഴിവാക്കി ഭാവിയില്‍ കഴിവതും മാറ്റേണ്ടിവരില്ലാത്ത ഒരു പേരിടാവുന്നതുമാണ്.

Tuesday, November 1, 2011

ആലപ്പുഴ നഗരസഭ ഭരണസമിതിക്ക് ഒരു വയസ്; ഉദാസീനതയില്‍ പൊതുജനങ്ങള്‍ക്ക് നിരാശ

നിലവിലുള്ള ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ അധികാരത്തില്‍ എത്തിയിട്ട് ഒരു വര്‍ഷമായിട്ടും ഒരു കാര്യത്തിനും നീക്കുപോക്കുകളില്ലാത്തതിനാല്‍ പൊതുജനങ്ങള്‍ നിരാശര്‍. എല്ലാ കാര്യങ്ങളും മന്ദഗതിയിലാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പലതിനും അധികൃതര്‍ താത്പര്യമെടുക്കുന്നതുപോലുമില്ല.

മുനിസിപ്പല്‍ ഭരണം ഒരു വര്‍ഷമായതിന്റെ വിലയിരുത്തല്‍ നടത്തിക്കൊണ്ട് തത്തംപള്ളി വാര്‍ഡ് ബ്ലോഗിനു ലോകമെമ്പാടുനിന്നും ലഭിച്ചിട്ടുള്ള ഇ-മെയിലുകളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാതിരിക്കുന്നതിനുള്ള മാനസികപരിതാപം ആള്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ആത്മരോഷത്താല്‍ ചിലര്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ എടുത്തുനല്കാനാകില്ല. പറയത്തക്ക നേട്ടങ്ങള്‍ എടുത്തുകാട്ടാനില്ലാത്ത പട്ടണത്തെിന്റെ കഴിഞ്ഞ 12 മാസത്തെക്കുറിച്ച് ബ്ലോഗ് കേരളപ്പിറവി ദിനത്തില്‍ ഖേദത്തോടെയാണ് അറിയിക്കുന്നത്. എങ്ങും ഉദാസീനതയാണെന്നാണ് മുനിസിപ്പാലിറ്റിയുമായി നേരിട്ടു ബന്ധപ്പെടേണ്ടി വരുന്നവര്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങളിലൊന്നും നടപടിയുണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും മാത്രം ലക്ഷ്യമാക്കി ചടുലമായ പ്രവര്‍ത്തനങ്ങളാണ് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നത്. ഓരോകാര്യങ്ങളും വെച്ചുതാമസിക്കുന്നതു കൊണ്ട് ആര്‍ക്കും ഒന്നും പ്രയോജനമില്ലാതാകുകയാണ്.

പട്ടണം പൂര്‍ണമായും മാലിന്യത്തിലാണ്. കാണകളില്‍ ഒഴുക്കില്ല. പകര്‍ച്ചവ്യാധികള്‍ പടരുന്നു. കൊതുകുശല്യം കൂടുക തന്നെയാണ്. സമ്പൂര്‍ണ സാനിറ്റേഷന്‍ പദ്ധതി ഉപേക്ഷിച്ചു. ഖരമാലിന്യ സംസ്‌കരണ പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക ദുര്‍വിനിയോഗം ചെയ്തു. മനോഹരമായ പട്ടണം ശുചിയായിയും ഭംഗിയായും സൂക്ഷിക്കാന്‍ ചെറുവിരലനക്കുന്നില്ല.

തെരുവുവിളക്കുകള്‍ തെളിയുന്നില്ല. ശുദ്ധജല വിതരണം നടക്കുന്നില്ല.തെരുവു നായ്ക്കള്‍ വിഹരിക്കുന്നു. പേയ്‌നായ്ക്കളെപ്പോലും നിയന്ത്രിക്കുന്നില്ല. കോടികള്‍ മുടക്കിയ ആധുനിക അറവുശാല നോക്കുകുത്തിയായി.

പട്ടണത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാത്തതിനാല്‍ ഗതാഗതക്കുരുക്കു വര്‍ധിക്കുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികളും ടാറിടലും നിര്‍മാണങ്ങളും വേണ്ടവിധത്തിലില്ല. കനാലുകളുടെ നവീകരണവും സൗന്ദര്യവത്ക്കരണവും നടന്നില്ല.

ബീച്ച് വികസന നടപടികള്‍ ഇഴയുന്നു. സ്റ്റേഡിയം നിര്‍മാണം വര്‍ഷങ്ങളായിട്ടും പൂര്‍ത്തീകരിച്ചില്ല. പട്ടണചത്വരം ഏറ്റെടുത്തിട്ടും അത് അടഞ്ഞുതന്നെ കിടക്കുന്നതിനാല്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നു. പെന്‍ഷനുകള്‍ മുടങ്ങുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച പദ്ധതിത്തുകകള്‍ വകമാറ്റി. പട്ടികയ്ക്ക് ഇനിയും നീളമുണ്ട്.

മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തില്‍ അല്ലെങ്കിലും മുനിസിപ്പാലിറ്റി സമ്മര്‍ദം ചെലുത്തേണ്ട പല നിര്‍മാണപ്രവര്‍ത്തനങ്ങളിലും താത്പര്യം കാട്ടുന്നില്ലെന്നും പരാതിയുണ്ട്. പട്ടണത്തിലെ പാലങ്ങളുടെ വീതി കൂട്ടലും അനേക വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കൊമ്മാടി - കളര്‍കോട് ബൈപ്പാസ് നിര്‍മാണവും അക്കൂട്ടത്തിലുണ്ട്.

ഇതേസമയം, കെട്ടിട നികുതി വന്‍നിരക്കില്‍ പുനര്‍നിര്‍ണയിച്ച് നഗരസഭയുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കാനുള്ള നടപടി മാത്രമാണ് മുനിസിപ്പാലിറ്റിയുടേതായി നടന്നിട്ടുള്ളതെന്ന ആക്ഷേപവുമുണ്ട്. മുനിസിപ്പല്‍ സ്റ്റേഡിയത്തിലും ചത്വരത്തിലും മറ്റുമുള്ള കടമുറികള്‍ വാടകയ്ക്കു നല്കിയും മറ്റും വരുമാനമുണ്ടാക്കാനുള്ള മാര്‍ഗങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാതെ സാധാരണ ജനങ്ങളെ എല്ലാതരത്തിലും ബുദ്ധിമുട്ടിക്കുക മാത്രമാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള മുനിസിപ്പല്‍ ഭരണസമിതി ചെയ്യുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.