സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, January 25, 2012

ആലപ്പുഴയിലെ തപാല്‍ പെട്ടികളില്‍ ക്ലിയറന്‍സ് സമയം കാണിക്കണം

ഇ-മെയിലിന്റേയും എസ്എംഎസിന്റേയും ആധുനിക കാലഘട്ടത്തിലും കത്തുകള്‍ കൈമാറാനുള്ള തപാലിന്റെ പ്രാധാന്യത്തിനു കുറവുണ്ടായിട്ടില്ല. എന്നാല്‍ കത്തുകള്‍ ശേഖരിക്കാനുള്ള ഇന്ത്യ പോസ്റ്റിന്റെ പോസ്റ്റ് ബോക്‌സുകളുടെ സ്ഥിതി ആലപ്പുഴ പട്ടണത്തില്‍ അത്ര മെച്ചമല്ല.

ഭൂരിപക്ഷം പോസ്റ്റ് ബോക്‌സുകളിലും ക്ലിയറന്‍സ് സമയം ഇപ്പോള്‍ കാണാനില്ല. അതിനാല്‍ കത്തുകള്‍ എപ്പോള്‍ എടുക്കും എന്നു ധാരണയില്ല. മുന്‍കാലങ്ങളില്‍ മിനിട്ടു വ്യത്യാസമില്ലാതെ പെട്ടിയില്‍ നിന്നു ഉരുപ്പടികള്‍ എടുക്കുകയും അടുത്ത ക്ലിയറന്‍സ് സമയം കൃതൃമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുമായിരുന്നു.

പല ബോക്‌സുകളും ദ്രവിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ തപാല്‍ പെട്ടികള്‍ സ്വകാര്യ കെട്ടിടങ്ങളുടെ ഭിത്തികളിലും മറ്റുമാണ് സ്ഥാപിച്ചിരിക്കുന്നത്. എല്ലാ തപാല്‍ ശേഖരണ പെട്ടികളും റോഡുവക്കില്‍ സ്വതന്ത്രമായ നിലയില്‍ സ്ഥാപിക്കുകയാണ് ഉചിതം. കൂടുതല്‍ ഇടങ്ങളില്‍ പെട്ടികള്‍ ഇനിയും സ്ഥാപിക്കുകയും വേണം.

നേരത്തേ ജില്ലാ കോടതി കോമ്പൗണ്ടില്‍ ബാര്‍ അസോസിയേഷന്‍ കെട്ടിടത്തില്‍ തോണ്ടന്‍കുളങ്ങര പോസ്റ്റ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അവിടെ ഒരു പോസ്റ്റ് ബോക്‌സ് ഉണ്ടായിരുന്നതാണ്. എന്നാല്‍ അസോസിയേഷന്‍ കെട്ടിടം പൊളിച്ചുപണിയുന്നതിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് മാറ്റിയപ്പോള്‍ വര്‍ഷങ്ങളായി ജില്ലാ കോടതി പരിസരത്തു തപാല്‍ പെട്ടിയില്ല. കോടതികള്‍ കൂടാതെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധാനാലയങ്ങളും ഉള്ളതാണ് ഈ കച്ചവട പ്രദേശമെന്നോര്‍ക്കണം.

ആലപ്പുഴ ജില്ലാ കോടതി പരിസരത്ത് കത്തുകള്‍ പോസ്റ്റ് ചെയ്യാനായി തപാല്‍ വകുപ്പിന്‍ഫെ ലറ്റര്‍ ബോക്‌സ് സ്ഥാപിക്കുന്നതു സംബന്ധിച്ച് 2010 ജനുവരി 20-നു കേരള പോസ്റ്റല്‍ സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, ആലപ്പുഴ ഹെഡ് പോസ്റ്റ് മാസ്റ്റര്‍ എന്നിവര്‍ക്ക് അയച്ച ഒരു കത്തിന്റെ പകര്‍പ്പ് വായിക്കാം. ഇതിനു ഇതുവരെ മറുപടി ലഭ്യമായിട്ടില്ല.

"ആലപ്പുഴ ജില്ലാ കോടതി സമുച്ചയത്തിന്റെ പരിസരത്ത്‌ കത്തുകള്‍ പോസ്‌റ്റ്‌ ചെയ്യാന്‍ ഇപ്പോള്‍ സൗകര്യം കാണുന്നില്ല. കോടതികള്‍ കൂടാതെ സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കടകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങി പൊതുജനങ്ങള്‍ ഏറെ വന്നു പോകുന്ന അനേകം സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്‌. 

കോടതി വളപ്പില്‍ സ്ഥിതി ചെയ്‌തിരുന്ന തോണ്ടന്‍കുളങ്ങര പോസ്‌റ്റ്‌ ഓഫീസ്‌ ഏറെ പ്രയോജനം ചെയ്‌തിരുന്നുവെങ്കിലും പോസ്‌റ്റ്‌ ഓഫീസ്‌ സ്ഥിതി ചെയ്‌തിരുന്ന ബാര്‍ അസോസിയേഷന്‍ കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കെട്ടിടം പൊളിച്ചു നീക്കിയതിനാല്‍ പോസ്‌റ്റ്‌ ഓഫീസും ഒപ്പം അവിടെയുണ്ടായിരുന്ന ലെറ്റര്‍ ബോക്‌സും ഇല്ലാത്ത അവസ്ഥയാണ്‌. 

അതിനാല്‍ ദയവായി: 

1. രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും ക്ലിയറന്‍സ്‌ ഉള്ള ലെറ്റര്‍ ബോക്‌സ്‌ കോടതിക്കു മുമ്പിലായി സ്ഥാപിക്കണം. യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ കത്തുകള്‍ പോസ്‌റ്റ്‌ ചെയ്യാന്‍ സമീപത്ത്‌ ഇപ്പോള്‍ മാര്‍ഗമില്ല.

2. അവസാനത്തെ ക്ലിയറന്‍സ്‌ വൈകുന്നേരം കുറഞ്ഞത്‌ 5.30-നാക്കണം. ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ അത്‌ കൂടുതല്‍ പ്രയോജനപ്പെടും.

3. പഴയ സ്ഥാനത്ത്‌ തപാല്‍ സാമഗ്രികള്‍ വില്‌ക്കാന്‍ സൗകര്യം ഒരുങ്ങും വരെ കോടതി പരിസരത്തു തന്നെ സ്റ്റാമ്പുകള്‍, കവറുകള്‍ തുടങ്ങിയവയുടെ വില്‌പനയ്‌ക്ക്‌ താല്‌ക്കാലിക ഏര്‍പ്പാടുണ്ടാക്കണം. ഇപ്പോള്‍ ഇത്തരം സേവനം ലഭിക്കണമെങ്കില്‍ കുറഞ്ഞത്‌ രണ്ടു കിലോമീറ്ററെങ്കിലും പോകേണ്ടിവരും."

Tuesday, January 24, 2012

ടിടി ലോക ചാമ്പ്യന്‍ മറിയ റോണിക്ക് ഉജ്ജ്വല സ്വീകരണം

ടേബിള്‍ ടെന്നിസ് ലോക കിരീടം നേടി തിരിച്ചെത്തിയ ആലപ്പുഴയുടെ മറിയ റോണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം നല്കി.

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍, ആലപ്പുഴ ഡിസ്ട്രിക്ട് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍, ആലപ്പുഴ വൈഎംസിഎ, എലൈവ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

അമേരിക്കന്‍ ദ്വീപസമൂഹത്തിലെ കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കയുടെ തലസ്ഥാന നഗരമായ സാന്‍ ജൂവാനില്‍ നടന്ന മത്സരത്തില്‍ സ്വര്‍ണം നേടിയ ശേഷം 2012 ജനുവരി 24-നു ഉച്ചകഴിഞ്ഞ് മൂന്നിന് ന്യൂഡല്‍ഹിയിലെത്തിയ മറിയയെ കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ സ്വീകരിച്ചു. തുടര്‍ന്ന് ഒരേ വിമാനത്തിലാണ് ഇരുവരും രാത്രി 10 കഴിഞ്ഞപ്പോള്‍
കൊച്ചിയിലെത്തിയത്.

സ്വീകരണത്തിന് കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് ടൈറ്റസ് സി. ഫിലിപ്പോസ്, സെക്രട്ടറി എസ്.എ.എസ്. നവാസ്, ട്രഷറര്‍ മൈക്കിള്‍ മത്തായി, ആലപ്പുഴ വൈഎംസിഎ പ്രസിഡന്റ് തോമസ് പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ഏഷ്യന്‍ ടീമിലെ ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ഏക പ്രതിനിധിയായിരുന്നു മറിയ റോണി. പതിനഞ്ചു വയസിനു താഴെ പ്രായമുള്ള വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് ആദ്യമായാണ് ഏഷ്യന്‍ ടീമിലേക്കും അതുവഴി ലോക ചാമ്പ്യന്‍ഷിപ്പിലേക്കും ഒരു പെണ്‍കുട്ടി തെരഞ്ഞെടുക്കപ്പെടുന്നത്.

അടുത്ത ദിവസങ്ങളില്‍ ജില്ലാ ശിശുക്ഷേമ സമിതി, എസ്ഡിവി സ്‌കൂള്‍, പൗരാവലി തുടങ്ങിയവര്‍ സ്വീകരണം നല്കും.

ഫോട്ടോ: ടേബിള്‍ ടെന്നിസ് ലോക കിരീടം നേടി തിരിച്ചെത്തിയ മറിയ റോണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നല്കിയ സ്വീകരണ വേളയില്‍ കേന്ദ്ര മന്ത്രി കെ.സി.വേണുഗോപാല്‍, കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് ടൈറ്റസ് സി. ഫിലിപ്പോസ്, സെക്രട്ടറി എസ്.എ.എസ്. നവാസ്, ട്രഷറര്‍ മൈക്കിള്‍ മത്തായി, ആലപ്പുഴ വൈഎംസിഎ പ്രസിഡന്റ് തോമസ് പോള്‍, പിതാവ് റോണി മാത്യു, സഹോദരന്‍ കെ.സി.മാത്യു തുടങ്ങിയവര്‍.

ആലപ്പുഴ പട്ടണത്തിലെ ഇടുങ്ങിയ റോഡുകളില്‍ കണ്ടെയ്‌നറുകള്‍ കുരുക്കുണ്ടാക്കുന്നു

ലപ്പുഴ പട്ടണത്തിലെ ഇടുങ്ങിയ റോഡുകളിലൂടെ വമ്പന്‍ കണ്ടെയ്‌നറുകളും ടാങ്കറുകളും കടന്നു പോകുമ്പോള്‍ വന്‍ ഗതാഗതക്കുരുക്കുണ്ടാകുന്നു.

വന്‍ വാഹനങ്ങള്‍ക്ക് ചെറു റോഡുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അപകടസാധ്യത ഏറെയാണ്. ആവശ്യത്തിനു വീതിയുള്ള റോഡും തിരിക്കാന്‍ ആവശ്യത്തിനു സൗകര്യവുമില്ലാത്തയിടങ്ങളില്‍ ഇത്തരം വാഹനങ്ങളുടെ പാര്‍ക്കിംഗും ഹൗസ് സ്റ്റഫിംഗും (ഉത്പാദന കേന്ദ്രങ്ങളിലെത്തി കണ്ടെയ്‌നറുകളില്‍ ചരക്കു നിറയ്ക്കല്‍) അനുവദിക്കരുതെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു. 

Thursday, January 19, 2012

ടേബിള്‍ ടെന്നിസില്‍ ആലപ്പുഴയുടെ മറിയ റോണിയുടെ ഏഷ്യന്‍ ടീമിന് ലോക കിരീടം

ടേബിള്‍ ടെന്നിസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനി മറിയ റോണി ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെ ഏഷ്യന്‍ ടീം ലോക കിരീടം നേടി ലോകത്തിന്റെ നെറുകയിലെത്തി. ഫൈനലില്‍ നോര്‍ത്ത് അമേരിക്ക ടീമിനെയാണ് 3-1-നു ഏഷ്യന്‍ ടീം പരാജയപ്പെടുത്തിയത്. മൂന്നും നാലും സ്ഥാനങ്ങള്‍ വേള്‍ഡ് ഹോപ്‌സും യൂറോപ്പും നേടി.

ഇതേസമയം, ആണ്‍കുട്ടികളുടെ വിഭാഗത്തിലും ഏഷ്യന്‍ ടീം സ്വര്‍ണം നേടി. യൂറോപ്പിനെയാണ് തോല്‍പ്പിച്ചത്. ആണ്‍കുട്ടികളുടെ ഏഷ്യന്‍ ടീമില്‍ ഇന്ത്യക്കാരനായ അഭിഷേക് യാദവ് ഉണ്ടായിരുന്നു.

ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ഏഷ്യന്‍ ടീമിലെ ഇന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ ഏക പ്രതിനിധിയായിരുന്നു മറിയ റോണി. പതിനഞ്ചു വയസിനു താഴെ പ്രായമുള്ള വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് ആദ്യമായാണ് ഏഷ്യന്‍ ടീമിലേക്കും അതുവഴി ലോക ചാമ്പ്യന്‍ഷിപ്പിലേക്കും ഒരു പെണ്‍കുട്ടി തെരഞ്ഞെടുക്കപ്പെടുന്നത്. ഏഷ്യ വന്‍കരയിലെ 52 രാജ്യങ്ങളെയാണ് ഏഷ്യന്‍ ടീം പ്രതിനിധീകരിച്ചത്.

അമേരിക്കന്‍ ദ്വീപസമൂഹത്തിലെ കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റിക്കയുടെ തലസ്ഥാന നഗരമായ സാന്‍ ജൂവാനില്‍ 2012 ജനുവരി 14 മുതല്‍ 22 വരെയാണ് ലോക ചാമ്പ്യന്‍ഷിപ്പായ ഐടിടിഎഫ് ഗ്ലോബല്‍ കേഡറ്റ് ചലഞ്ചും ഗ്ലോബല്‍ ജൂണിയര്‍ സര്‍ക്യൂട്ട് ഫൈനല്‍സും നടന്നത്. 18-നായിരുന്നു പെണ്‍കുട്ടികളുടെ ടീം ചാമ്പ്യന്‍ഷിപ്പ്.

ഏഷ്യന്‍ കേഡറ്റ് ഗേള്‍സ് ടീമില്‍ മറിയ റോണിയോടൊപ്പം ലിയു ഗവോയാംഗ് (ചൈന), ഡൂ ഹോയി കെം (ഹോങ്കോങ്ങ്), ലി സിയോള്‍ (കൊറിയ) എന്നിവരാണുള്ളത്. മത്സരത്തിനു മുന്നോടിയായി മൂന്നു ദിവസത്തെ ഒഫിഷ്യല്‍ ട്രെയിനിംഗ് ക്യാമ്പും പ്യൂര്‍ട്ടോ റിക്കയില്‍ സംഘടിപ്പിച്ചിരുന്നു.

ന്യൂഡല്‍ഹിയില്‍ നടത്തിയ പതിനേഴാമതു ഏഷ്യന്‍ ജൂനിയര്‍ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് മത്സരഫലത്തെ അടിസ്ഥാനമാക്കിയായിരുന്നു ഏഷ്യന്‍ ടീം തെരഞ്ഞെടുപ്പ്. കേരളത്തില്‍ നിന്നുള്ള ഏക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു മറിയ.

ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, നോര്‍ത്ത് അമേരിക്ക, ഓഷ്യാനിയ എന്നീ ആറു കോണ്ടിനെന്റല്‍ ടീമുകളും വേള്‍ഡ് ഹോപ്‌സ് ടീമും പ്യൂര്‍ട്ടോ റിക്ക ടീമുമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.

ഇതിനകം അനേകം റിക്കാര്‍ഡുകള്‍ക്ക് ഉടമയായ മറിയ ലോക ചാമ്പ്യന്‍ഷിപ്പ് ടീം ട്രോഫിയില്‍ മുത്തമിടുന്ന ആദ്യ മലയാളി പെണ്‍കുട്ടിയുമായി. പതിനൊന്നാം വയസില്‍ കേഡറ്റ് വിഭാഗത്തിലായിരുന്ന മറിയ, വനിതാ വിഭാഗത്തില്‍ വിജയിയായി. 2008-ല്‍ ആലപ്പുഴയില്‍ നടത്തിയ അഖില കേരള ടൂര്‍ണമെന്റിലായിരുന്നു അത്. 2008-ല്‍ തന്നെ വിജയവാഡയില്‍ നടന്ന ദേശീയ ടൂര്‍ണമെന്റില്‍ കേഡറ്റ് വിഭാഗത്തില്‍ കേരളം ആദ്യമായി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ ടീം ക്യാപ്റ്റന്‍ മറിയയായിരുന്നു. സംസ്ഥാനതലത്തിലുള്ള ടൂര്‍ണമെന്റില്‍ ഒരുമിച്ചു നാലു ടൈറ്റിലുകള്‍ നേടിയ ചരിത്രവും മറിയയ്ക്കുണ്ട്. 2010-ല്‍ ഇരിങ്ങാലക്കുടയില്‍ നടത്തിയ ടൂര്‍ണമെന്റില്‍ സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, വനിതാ വിഭാഗങ്ങളില്‍ മറിയ വിജയക്കൊടി വീശി. ഇത് മറ്റാര്‍ക്കും തിരുത്താനാകുമോന്നു തോന്നുന്നില്ല. ഒരാള്‍ മൂന്നു ഇനങ്ങളില്‍ കൂടുതല്‍ മത്സരിക്കരുതെന്നാണ് നിലവിലെ നിയമം.

അമേരിക്കയിലെ മില്‍വോക്കിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന യുഎസ് ഓപ്പണ്‍ ടേബിള്‍ ടെന്നിസില്‍ മറിയ റോണി ഉള്‍പ്പെട്ട ഇന്ത്യന്‍ ഡബിള്‍സ് ടീം ജൂനിയര്‍ ഗേള്‍സ്് വിഭാഗത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. സിംഗിള്‍സില്‍ ക്വാര്‍ട്ടറിലും എത്തിയിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം തന്നെ നടന്ന രണ്ടു ടേബിള്‍ ടെന്നിസ് ലോക പ്രോ ടൂര്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മറിയ പങ്കെടുത്തു മികവു പ്രകടിപ്പിച്ചു. ഫ്രാന്‍സിലെ മെറ്റ്‌സില്‍ നടന്ന ഫ്രഞ്ച് ജൂനിയര്‍ ആന്‍ഡ് കേഡറ്റ് ഓപ്പണിലും സ്‌പെയിനിലെ ബാര്‍സിലോണ ജിറോണയില്‍ നടന്ന സ്പാനിഷ് ജൂനിയര്‍ ആന്‍ഡ് കേഡറ്റ് ഓപ്പണിലും ഇന്ത്യയെ കേഡറ്റ് വിഭാഗത്തില്‍ പ്രതിനിധീകരിച്ചു. ഇരു ടൂര്‍ണമെന്റിലും മറിയ സിംഗിള്‍സില്‍ പ്രീക്വാര്‍ട്ടറിലും ഡബിള്‍സില്‍ ക്വാര്‍ട്ടറിലും എത്തിയിരുന്നു.

ആലപ്പുഴ വൈ.എം.സി.എ ടേബിള്‍ ടെന്നിസ് അക്കാഡമിയിലാണ് മറിയ റോണി വര്‍ഷങ്ങളായി പരിശീലനം നടത്തുന്നത്. ബോബി ജോസഫാണ് കോച്ച്. ഏഷ്യന്‍ ടീമിന്റെ കോച്ച് കൊറിയയില്‍ നിന്നുള്ള ഗുവാന്‍ ജീയാന്‍ഹുവയായിരുന്നു. ഏഷ്യന്‍ ടീം ഉന്നത നിലവാരമാണ് മത്സരത്തില്‍ പുലര്‍ത്തിയതെന്നു ഗുവാന്‍ പറഞ്ഞു.

ആലപ്പുഴ എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം സ്റ്റാന്‍ഡാര്‍ഡ് വിദ്യാര്‍ഥിനിയാണ് ആലപ്പുഴ വഴിച്ചേരി കാഞ്ഞിക്കല്‍ കല്ലുപുരയ്ക്കല്‍ റോണി മാത്യുവിന്റേയും റീനാ റോണിയുടേയും മകളായ മറിയ റോണി. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനാണ് സഹോദരന്‍ കെ.സി. മാത്യു.

ഇതേസമയം, ടേബിള്‍ ടെന്നിസ് ലോക ചാമ്പ്യനായതിനു പിന്നിലുള്ള പരിശ്രമവും സ്ഥിരോത്സാഹവും ഭാവിയില്‍ കൂടുതല്‍ ഫലപ്രദവും മറ്റു കുട്ടികള്‍ക്കു മാതൃകയും പ്രോത്സാഹനവുമാകണമെങ്കില്‍ തുടര്‍ന്നുള്ള മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും സാമ്പത്തിക സഹായവും ഉള്‍പ്പെടെ ലോക ചാമ്പ്യനു വേണ്ടുന്ന സഹായസഹകരണങ്ങളും അംഗീകാരവും സര്‍ക്കാര്‍ തലത്തില്‍ എത്രയും വേഗം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തത്തംപള്ളി വാര്‍ഡ് ബ്ലോഗിനു വേണ്ടി എഡിറ്റര്‍ സന്ദേശം അയച്ചു.

Wednesday, January 18, 2012

ആലപ്പുഴയിലെ റോഡുകള്‍ നിരപ്പല്ലാതെ പൊങ്ങിയും താഴ്ന്നും

ലപ്പുഴ പട്ടണത്തില്‍ ഈയിടെ നടത്തി വരുന്ന റോഡ് ടാറിംഗിനു ആവശ്യമായ ഗുണനിലവാരമില്ലെന്നു പരാതി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടാറിംഗ് എന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസിലാകും. റോഡുകള്‍ നിരപ്പല്ലാതെ പൊങ്ങിയും താഴ്ന്നും കിടക്കുന്നതിനാല്‍ ചാടിത്താന്നു കുലുങ്ങിയാണ് വാഹനങ്ങളുടെ അപകടകരമായ പോക്ക്.

ഉദാഹരണത്തിന് ജില്ലാ കോടതി പാലത്തിനു വടക്കു വശത്തു നിന്നു വൈഎംസിഎ പാലം വരെയുള്ള വയലിന്‍ ലക്ഷ്മീനാരായണ റോഡ് മാസങ്ങളായി പൊളിഞ്ഞു കിടക്കുകയായിരുന്നു. റോഡു ടാറു ചെയ്യാതെ പേരിടരുതെന്നു ആവശ്യം ഉയര്‍ന്നുവെങ്കിലും മുനിസിപ്പാലിറ്റി അതു പരിഗണിക്കാതെ വാദ്യവിദ്വാന്റെ പേരിട്ടു നാണം കെടുത്തി. എന്നാല്‍ മാസങ്ങള്‍ ഏറെ കഴിഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ റോഡ് ടാര്‍ ചെയ്തപ്പോല്‍ കുഴികള്‍ മൂടിയെങ്കിലും റോഡിന്റെ പൊക്കതാഴ്ചകള്‍ കാരണം ഗതാഗതം ദുസഹമായി തുടരുകയാണ്.

കുറേ മാസങ്ങള്‍ക്കു മുന്‍പ് വയലിന്‍ ലക്ഷ്മീനാരായണ റോഡു നന്നാക്കാനായി ഇറക്കിയിട്ടിരുന്ന 'മെറ്റല്‍ക്കൂന'കളുടെ ഉള്ളില്‍ നിറയെ പൂഴിയായിരുന്നുവെന്ന വസ്തുത ഫോട്ടോ സഹിതം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് റിപ്പോര്‍ട്ടു ചെയ്യുകയും അധികൃതരെ അറിയിക്കുകയും ചെയ്തിട്ടും തട്ടിപ്പുകാര്‍ക്കെതിരേ നടപടി എടുത്തതായി അറിവില്ല. തുടര്‍ന്നാണിപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടും വിധമുള്ള ടാറിടല്‍. 

Friday, January 13, 2012

ഉണക്കമരങ്ങളിലെ പക്ഷിപ്പൊത്തുകള്‍; ഉടമസ്ഥര്‍ക്കു ധനസഹായം

ക്ഷികളുടെ വംശവര്‍ദ്ധന പരിപോഷിപ്പിക്കുന്നതിനായി സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വൃക്ഷങ്ങള്‍ക്ക് ആലപ്പുഴ ജില്ലയിലെ സാമൂഹിക വനവത്കരണ വിഭാഗം സഹായധനം നല്‍കും. ഉണങ്ങി നില്ക്കുന്നതും പക്ഷികള്‍ കൂടൊരുക്കി വസിക്കുന്നതും പക്ഷികള്‍ക്ക് വാസയോഗ്യമായ മരപ്പൊത്തോടു കൂടിയതുമായ വൃക്ഷങ്ങള്‍ക്കാണ് സഹായധനം നല്‍കുക. പക്ഷികള്‍ വന്നിരിക്കുന്നതും ചേക്കേറുന്നതുമായ മരങ്ങള്‍ പരിഗണിക്കുന്നതല്ല. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി രൂപവത്കരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ധനസഹായത്തിന്റെ തോത് നിശ്ചയിച്ചിട്ടില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ ഉണങ്ങിയ പൊത്തുകളുള്ള മരങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനു സ്ഥലമുടമസ്ഥര്‍ക്കു ഓരോ വൃക്ഷത്തിനും 250 രൂപ വാര്‍ഷിക പ്രോത്സാഹനത്തുകയായി നല്കിയേക്കുമെന്നാണു സൂചന

പക്ഷികള്‍ക്ക് അഭയമൊരുക്കുന്ന വൃക്ഷങ്ങളുടെ ഉടമസ്ഥര്‍
  • മരങ്ങളുടെ വിശദാംശങ്ങള്‍, 
  • കൂടുകൂട്ടിയിട്ടുള്ള പക്ഷികളുടെ ഇനം, 
  • എണ്ണം, 
  • സ്ഥലമുടമയുടെ മേല്‍വിലാസം, 
  • ഫോണ്‍ നമ്പര്‍, 
  • മരം നില്‍ക്കുന്ന സ്ഥലം / വാര്‍ഡ്, 
  • ഗ്രാമപ്പഞ്ചായത്ത് / മുനിസിപ്പാലിറ്റി, 
  • നിയമസഭാ നിയോജകമണ്ഡലം,
എന്നിവ രേഖപ്പെടുത്തി മരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്ന കളര്‍ ഫോട്ടോ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

സഹായധനം ലഭിച്ചാല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും മരം മുറിച്ചുനീക്കാതെ നിലനിര്‍ത്തുമെന്ന പ്രസ്താവനയും അപേക്ഷയോടൊപ്പം നല്കണം.

അപേക്ഷ ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്ത് മെമ്പറുടെയും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെയും മുനിസിപ്പാലിറ്റിയാണെങ്കില്‍ കൗണ്‍സിലറുടെയും ചെയര്‍മാന്റെയും ശുപാര്‍ശക്കത്തോടെ

അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍,
സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍,
കൊമ്മാടി,
ആലപ്പുഴ-688007

എന്ന വിലാസത്തില്‍ ജനുവരി 31-ന് മുമ്പായി സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0477 2246034 എന്ന ടെലിഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

ഇതേസമയം, ധനസഹായത്തിനുള്ള അപേക്ഷയോടൊപ്പം മരത്തിന്റെ കളര്‍ഫോട്ടോയും ജനപ്രതിനിധികളുടെ ശുപാര്‍ശക്കത്തും അടക്കം ചെയ്യണമെന്നുള്ള നിബന്ധന പക്ഷിപ്രേമികളെപ്പോലും പിന്നോട്ടുവലിക്കും. കിട്ടാന്‍ സാധ്യതയുള്ള ചെറിയ ഒരു ധനസഹായത്തിനായി അപേക്ഷിക്കാന്‍ കിട്ടുന്നതിലേറെ ചെലവും നടപ്പും സമയനഷ്ടവും ഉണ്ടാകുമെന്നതിനാലാണത്. പിന്നീട് അധികൃതരുടെ പരിശോധന ഉണ്ടാകുമെന്നിരിക്കേ വൃക്ഷ ഉടമകളെ ഉത്തമവിശ്വാസത്തില്‍ എടുത്തുകൊണ്ടു അവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകളായിരിക്കണം സ്വീകരിക്കേണ്ടത്. ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളിലും അങ്ങനെ തന്നയായിരിക്കണം വേണ്ടതും. അല്ലെങ്കില്‍ ഉത്തമമായ ലക്ഷ്യങ്ങളുള്ള ഇത്തരം തുച്ഛസഹായ പദ്ധതികളില്‍ പൊതുജനങ്ങള്‍ താത്പര്യം കാണിക്കില്ല. അമിതരാഷ്ട്രീയ പ്രവര്‍ത്തകരായ ജനപ്രതിനിധികളുടെ അനാവശ്യ കൈകടത്തലുകളും തടസ്സപ്പെടുത്തലുകളും ഉണ്ടാകുകയും ചെയ്യും.


പക്ഷിസംരക്ഷണം: തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ആവശ്യത്തിനു ചിറകു മുളയ്ക്കുന്നു

ലപ്പുഴ പട്ടണത്തില്‍ പക്ഷിസംരക്ഷണത്തിനു ഫലപ്രദമായ നടപടികള്‍ ആവശ്യമാണെന്ന തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ആവശ്യത്തിനു ചിറകു മുളയ്ക്കുന്നതാണ് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ 'വൃക്ഷങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കുള്ള ധനസഹായ' പദ്ധതി. പൊത്തുകളുള്ള ഉണക്കമരങ്ങളെ നിലനിര്‍ത്തി സ്വകാര്യ വ്യക്തികളെക്കൂടി പക്ഷിസംരക്ഷണത്തിനു കൂട്ടുചേര്‍ക്കുന്നതു ഏറെ പ്രോത്സാഹനജനകമാണ്. എന്നാല്‍ അപകടകരമായി നില്ക്കുന്ന ഉണക്കമരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

പക്ഷികളുടെ കൂടുകള്‍ നശിപ്പിക്കപ്പെടാതിരിക്കാനും കൃത്രിമ കൂടുകള്‍ ഒരുക്കാനും തീറ്റനല്കാനും സ്വാഭാവിക വാസസ്ഥലങ്ങള്‍ നിലനിര്‍ത്താനും വ്യാപകമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടിയിരിക്കുന്നു. ഈര്‍പ്പനിലങ്ങളും നദികളും നിറഞ്ഞ കുട്ടനാടന്‍ പ്രദേശത്തോടു ചേര്‍ന്നു കിടക്കുന്ന ആലപ്പുഴ പട്ടണത്തില്‍ വൈവിധ്യമാര്‍ന്ന അനേകം പക്ഷികളെ കാണാം. കുരുവികള്‍ തന്നെ അനേകമിനമുണ്ട്.

മൂങ്ങകള്‍, തത്തകള്‍, മരംകൊത്തികള്‍, തത്തകള്‍, മൈനകള്‍, പരുന്തുകള്‍ തുടങ്ങിയവയ്ക്ക് കൃത്രിമ കൂടുകള്‍ ഒരുക്കാനും കേരള വനം വകുപ്പിനു പദ്ധതിയുണ്ടെന്നറിയുന്നു. പ്രകൃതിസഹജമായ വാസസ്ഥാനങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദേശാടന പക്ഷികള്‍ പോലും പലപ്പോഴും നാശത്തിന്റെ വക്കിലാണ്. വിവിധ പക്ഷിയിനങ്ങള്‍ക്കു പറ്റിയ ആവാസവ്യവസ്ഥിതിയാണുണ്ടാകേണ്ടത്.

കുട്ടനാടു പാക്കേജില്‍ ഉള്‍പ്പെടുത്തി പക്ഷിസംരക്ഷണത്തിന് നാലു കോടിയോളം രൂപ മാറ്റിവയ്ക്കാനിടയുണ്ടെന്നാണു സൂചന.

ആലപ്പുഴയില്‍ പഴയ ഓടിട്ട കെട്ടിടങ്ങള്‍ വളരെ വേഗം പൊളിച്ചു നീക്കപ്പെടുന്നതിനാല്‍ അവിടങ്ങളിലെ മൂങ്ങകള്‍, പ്രാവുകള്‍ തുടങ്ങിയ പക്ഷികളുടെ കൂടുകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പകരം വരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ പക്ഷികള്‍ക്കു പാര്‍ക്കാന്‍ ഇടം കിട്ടില്ല. മരംകൊത്തികള്‍, മൈനകള്‍, തത്തകള്‍ തുടങ്ങിയവ ചേക്കേറുന്നത് വലിയ ഉണങ്ങിയ മരങ്ങളിലുള്ള പൊത്തുകളിലാണ്. അതിനാലാണ് ഉണക്കമരങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്.

പക്ഷികള്‍ക്കു വിശ്രമിക്കാനും തീറ്റക്കും വേണ്ടിക്കൂടി ഞാവല്‍, പ്ലാവ്, ആഞ്ഞിലി, പേര തുടങ്ങിയ മരങ്ങള്‍ നട്ടുപിടിപ്പിക്കാനും വനം വകുപ്പു തയാറാകും. പാടങ്ങളുടേയും നദികളുടേയും വരമ്പുകളില്‍ വെറ്റിവേരും നടാന്‍ പദ്ധതിയുണ്ട്. പൊന്മാനും മറ്റും കൂടുകൂട്ടുന്നത് ഇത്തരം സസ്യങ്ങളിലാണ്. തീറ്റ വര്‍ധിപ്പിക്കുന്നതിനായി മത്സ്യക്കുഞ്ഞുങ്ങളേയും വെള്ളത്തില്‍ നിക്ഷേപിക്കും. പക്ഷികള്‍ ധാരാളമായി കാണപ്പെടുന്ന കാവുകളേയും സംരക്ഷിക്കും. 

Sunday, January 8, 2012

വൈഎംസിഎ പാലം ജംഗ്ഷനില്‍ ട്രാഫിക് ലൈറ്റ്

ലപ്പുഴ പട്ടണത്തിലെ ജംഗ്ഷനുകള്‍ അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി വൈഎംസിഎ പാലം തെക്കേ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. 

Wednesday, January 4, 2012

ആലപ്പുഴ പട്ടണത്തിലെ തിയേറ്ററുകളില്‍ സമയമാറ്റം

ലപ്പുഴ പട്ടണത്തിലെ ചില സിനിമാ തിയേറ്ററുകള്‍ പ്രദര്‍ശന സമയം മാറ്റിക്കൊണ്ടുള്ള പരീക്ഷണം 2012 പുതുവത്സര ദിനത്തില്‍ ആരംഭിച്ചു. പ്രദര്‍ശനങ്ങളുടെ സമയം മുന്നോട്ടാണ് മാറ്റിയിട്ടുള്ളത്.

സാധാരണഗതിയില്‍ ദിവസേന നാലു ഷോകളാണുള്ളത്. മോര്‍ണിംഗ് ഷോ രാവിലെ 11 മണി, മാറ്റിനി ഉച്ചകഴിഞ്ഞ് 2.30 മണി, ഫസ്റ്റ് ഷോ വൈകുന്നേരം 6.30 മണി, സെക്കന്‍ഡ് ഷോ രാത്രി 9.30 മണി എന്നിങ്ങനെയാണത്. അതിപ്പോള്‍ യഥാക്രമം രാവിലെ 10 മണി, ഉച്ചകഴിഞ്ഞ് 1.30 മണി, വൈകുന്നേരം 4.30 മണി, രാത്രി 7.30 മണി എന്നാണ് മാറ്റിയിട്ടുള്ളത്. ചില സമയത്ത് ഉച്ചയ്ക്ക് 12 മണിക്ക് നൂണ്‍ ഷോ സംഘടിപ്പിച്ചിരുന്നു. പുതിയ സമയക്രമത്തില്‍ അതിനു ഇടമില്ല. ഡിസംബറിലെ ചിറപ്പു കാലത്ത് ചില തിയേറ്ററുകളില്‍ അര്‍ധരാത്രി 12-ന് മിഡ്‌നൈറ്റ് ഷോയും സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ അതുമില്ല.

രാത്രിയിലെ യാത്രാസൗകര്യക്കുറവു പരിഗണിച്ചാണ് സെക്കന്‍ഡ് ഷോ സമയം മുന്നോട്ടു മാറ്റിയത്. പട്ടണത്തിലെ പിടിച്ചുപറി ഭീഷണിയും കാരണമായി. തിയേറ്ററുകളിലെ ഷോകളുടെ സമയമാറ്റത്തിനു അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ സിനിമാപ്രേമികളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. ടെലിവിഷന്‍ ചാനലുകളിലെ സീരിയല്‍ പ്രേമികളാണ് സമയമാറ്റത്തെ എതിര്‍ക്കുന്ന ഒരു കൂട്ടര്‍.