സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Wednesday, February 29, 2012

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നവരുടെ നമ്പര്‍ ബ്ലോഗില്‍

ഴിഞ്ഞ ഒരു വര്‍ഷമായി തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ഒരു നിശബ്ദ സാമൂഹ്യ പ്രവര്‍ത്തനത്തിലായിരുന്നു. സാമൂഹ്യവിരുദ്ധരായ രണ്ടു കൂട്ടരെ കണ്ടെത്തി അവരെ ബോധവത്കരിക്കാനുള്ള ശ്രമം. റോഡില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കും മൊബൈല്‍ ഫോണ്‍ ചെവിയില്‍ വെച്ച് വാഹനമോടിക്കുന്നവര്‍ക്കും കര്‍ശനമായ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ദൗത്യം ബ്ലോഗ് ഏറ്റെടുക്കണമെന്നു അനേകം വായനക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. വ്യക്തിപരമായി ഓരോരുത്തര്‍ക്കും ഇത്തരക്കാര്‍ക്കെതിരേ നടപടികളുമായി മുന്നോട്ടു പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും വിശദീകരിച്ചിരുന്നു. എന്നാല്‍ ശിക്ഷയേക്കാള്‍ ഉപരി സാമൂഹ്യനന്മ പ്രചരിപ്പിക്കാനാണ് ബ്ലോഗ് ശ്രമിച്ചത്.

മാലിന്യം വലിച്ചെറിയുന്നവരേയും ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരേയും കണ്ടെത്താന്‍ പരാതിക്കാരുടെ സേവനം തന്നെ ഉപയോഗിച്ചു. ഇത്തരക്കാരായ അനേകം പേരെ രഹസ്യ ക്യാമറകളില്‍ പകര്‍ത്തി അവരും അവരുടെ പരിചയക്കാരും എത്തിച്ചു. അങ്ങനെ ചിത്രങ്ങളിലൂടെ തിരിച്ചറിയാന്‍ പറ്റിയവരോട് അത് ആവര്‍ത്തിക്കരുതെന്നു അഭ്യര്‍ഥിച്ചു. ഇക്കാര്യം സമൂഹത്തിലെ സീനിയര്‍ സിറ്റിസണ്‍സിനെക്കൊണ്ടാണ് പറയിച്ചത്.

പലരും ആദ്യം കുറ്റം സമ്മതിച്ചില്ല. ചിലരാകട്ടെ വളരെ രോഷത്തോടെ പ്രതികരിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. ബഹുഭൂരിപക്ഷം പേരും ബ്ലോഗിന്റെ സദ്ചിന്ത വ്യക്തമായി മനസ്സിലാക്കിയില്ലെന്നു വേണം കരുതാന്‍.

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാലിന്യം വിതറുന്നവരെ ബോധവത്കരിക്കാനുള്ള ശ്രമം ബ്ലോഗ് താത്കാലികമായി അവസാനിപ്പിച്ചു. മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം സര്‍ക്കാരോ മുനിസിപ്പാലിറ്റിയോ ചെവിക്കൊണ്ടതായി തോന്നാത്തതുകൊണ്ടായിരുന്നു അത്. അയച്ച കത്തുകള്‍ക്ക് അധികൃതര്‍ മറുപടി പോലും നല്കിയില്ല. സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങളുടെ മുന്നിലുള്ള റോഡില്‍ ചവറുശേഖരണത്തിനു സംവിധാനം ഒരുക്കണമെന്ന നിര്‍ദേശവും ബ്ലോഗ് മുന്നോട്ടുവച്ചിരുന്നു. മാലിന്യശേഖരണ സംവിധാനങ്ങള്‍ പട്ടണത്തില്‍ വ്യാപകമായി ഒരുക്കാത്ത സ്ഥിതിക്ക് റോഡില്‍ മാലിന്യം കൊണ്ടിടരുതെന്നു പൊതുജനങ്ങളോടു പറയേണ്ടതില്ലെന്നു ബ്ലോഗ് തീരുമാനിച്ചു. പ്ലാസ്റ്റിക് കിറ്റുകളില്‍ മാലിന്യം നിറച്ച് ചില വീട്ടുവളപ്പുകളിലേക്കു പോലും എറിയുന്നവരെ ആള്‍ക്കാര്‍ കാട്ടിത്തന്നിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ബ്ലോഗ് നിസഹായകമാണ്.

എന്നാല്‍ മറ്റുള്ളവര്‍ക്കു കൂടി അപകടം വരുത്തിവയ്ക്കുന്നതാണ് ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ സംസാരം. അതിനെതിരേയുള്ള നടപടികള്‍ ബ്ലോഗ് മുന്നോട്ടു കൊണ്ടുപോകുകയാണ്. നമ്പര്‍ വച്ച് രജിസ്‌ട്രേഡ് ഉടമസ്ഥര്‍ക്ക് കത്തുകള്‍ അയക്കുകയും വ്യക്തമായി തിരിച്ചറിഞ്ഞവരെ നേരിട്ടു ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു കൈ കൊണ്ട് ഫോണ്‍ ചെവിയില്‍ വച്ച് ഒറ്റ കൈ കൊണ്ട് എണ്‍പതു കിലോമീറ്ററിലേറെ ഗതിവേഗത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു പോയ യുവാക്കളെപ്പോലും കണ്ടു. മുന്തിയ കാറുകളില്‍ സഞ്ചരിക്കുന്ന ഉന്നതന്മാര്‍ പോലും ഡ്രൈവിംഗിനിടയില്‍ സ്വയം മറന്നു ഫോണില്‍ സംസാരിക്കുന്നു.

കത്തയച്ചും ഫോണില്‍ വിളിച്ചും മറ്റുമുള്ള ബോധവത്കരണം സമയവും പണവും നഷ്ടപ്പെടുത്തുന്നതിനാല്‍ ഇനി മുതല്‍ കുറച്ചു നാളത്തേക്ക് മറ്റൊരു രീതി അവലംബിക്കുകയാണ്. ആലപ്പുഴയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിക്കുന്നവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പരും കണ്ട സ്ഥലവും തീയതിയും സമയവും മെയില്‍ ചെയ്താല്‍ നമ്പരിന്റെ അവസാന ഭാഗം ബ്ലോഗില്‍ സ്‌ക്രോള്‍ ചെയ്യും. വാഹനം ഓടിക്കുന്നവര്‍ അതു കണ്ടു തിരിച്ചറിഞ്ഞാല്‍ അതിലെ അപകടം സ്വയം മനസ്സിലാക്കി പിന്തിരിയുമെന്നു കരുതിയാണിത്. നിയമവിരുദ്ധമായ നടപടി മറ്റുള്ളവരും ശ്രദ്ധിക്കുന്നുണ്ടെന്നു അക്കൂട്ടര്‍ മനസ്സിലാക്കണം.

വിവരം തരുന്നവരെ ഉത്തമവിശ്വാസത്തിലെടുത്താണ് നമ്പര്‍ വെളിപ്പെടുത്തുന്നത്. തെറ്റായ വിവരങ്ങളും ലഭിക്കാനിടയുള്ളതിനാലാണ് മുഴുവന്‍ നമ്പരും തത്കാലം പ്രസിദ്ധീകരിക്കാത്തത്.

ഇങ്ങനെയുള്ള കാര്യങ്ങളില്‍ സ്വയം നിയന്ത്രിക്കണമെന്നും മറ്റുള്ളവരെക്കൂടി പരിഗണിക്കണമെന്നും മാത്രമേ പറയാനുള്ളു.

Monday, February 27, 2012

റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഇടപാടുകള്‍ സുഗമമാക്കണം

സാധാരണക്കാരായ പൊതുജനങ്ങള്‍ക്കു നേരിട്ട് സുഗമമായി ഇടപാടുകള്‍ നടത്താവുന്ന വിധത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ ഓഫീസ് ക്രമീകരിക്കണമെന്ന് ആവശ്യമുയരുന്നു. നിലവില്‍ ഇടനിലക്കാരുടെ താത്പര്യപ്രകാരമാണ് ഉദ്യോഗസ്ഥരുടെ നിലപാടുകളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കളക്ടറേറ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ആര്‍.ടി. ഓഫീസില്‍ അഞ്ചു കൗണ്ടറുകളുണ്ടെങ്കിലും പലപ്പോഴും രണ്ടോ മൂന്നോ എണ്ണമേ പ്രവര്‍ത്തിക്കാറുള്ളു. ഇടുങ്ങിയ സ്ഥലത്ത് ക്യൂ പാലിക്കാതെ ആള്‍ക്കാര്‍ കൂട്ടം കൂടി ഇടിച്ചു നില്ക്കുന്നതു കാരണം ഇടനിലക്കാര്‍ക്കു മാത്രമാണ് കാര്യങ്ങള്‍ എളുപ്പത്തില്‍ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടന്നു കിട്ടുക. ഇടനിലക്കാരുടെ കൈയ്യൂക്കും ധാര്‍ഷ്ട്യവും കാരണം നേരിട്ടു ഇടപാടുകള്‍ നടത്താന്‍ വരുന്നവര്‍ പലപ്പോഴും ഇളിഭ്യരാകും.

സാധാരണക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്കാത്തതു കാരണം അവര്‍ നെട്ടോട്ടമോടേണ്ടി വരുന്നതായുള്ള പരാതി ആവര്‍ത്തിക്കുകയാണ്. നേരിട്ടു ഇടപാടു നടത്താന്‍ എത്തുന്നവര്‍ കാര്യം നടക്കാതെ മടുത്ത് ഇടനിലക്കാരുടെ സഹായം തേടുന്ന വിധത്തില്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പാടുകള്‍ കൊണ്ടെത്തിക്കും. ഇടനിലക്കാര്‍ വഴി ലഭിക്കുന്ന കൈക്കൂലിയാണ് ഇതിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നു.

കളക്ട്രേറ്റിലുള്ള ആര്‍.ടി ഓഫീസിലാണ് പണമിടപാടുകള്‍ എങ്കിലും രണ്ടു കിലോമീറ്റര്‍ മാറി ബീച്ചിലുള്ള റിക്രിയേഷന്‍ ഗ്രൗണ്ടിലാണ് ടെസ്റ്റുകളും ടെസ്റ്റിംഗുകളും നടത്തുന്നത്. അവിടെയാകട്ടെ വേണ്ടത്ര ചിട്ടയോടെയല്ല ഏര്‍പ്പാടുകള്‍.

ഡ്രൈവിംഗ് ടെസ്റ്റ്, വാഹന ടെസ്റ്റിംഗ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവയെല്ലാം ഗ്രൗണ്ടില്‍ നടത്തുന്നുണ്ട്. വേണ്ടവര്‍ പോയി കണ്ടറിഞ്ഞു ചെയ്‌തോണം എന്ന നിലപാടാണ് അധികൃതര്‍ക്ക്. അവിടേയും ഡ്രൈവിംഗ് സ്‌കൂളുകാര്‍ക്കും ഇടനിലക്കാര്‍ക്കുമാണ് മുന്‍ഗണനയും സൗകര്യവും. അല്ലാത്തവര്‍ക്ക് ആവശ്യമില്ലാത്ത തടസ്സങ്ങളായിരിക്കും ഫലം. ഉദ്യോഗസ്ഥര്‍ തോന്നിയതു പോലെ ഏതെങ്കിലും വാഹനത്തില്‍ കയറിയിരിക്കാതെ ഓരോ നടപടിക്കും മേശയും പ്രത്യേക ബോര്‍ഡും വച്ചിരിക്കണമെന്നതാണ് ഉയരുന്ന ആവശ്യം. അതുപോലെ ഉദ്യോഗസ്ഥര്‍ എല്ലാം നെയിംപ്ലേറ്റുകള്‍ ധരിക്കുകയും വേണം. ഓഫീസില്‍ എന്നതു പോലെ വിവരങ്ങള്‍ നല്കാനും സംശയങ്ങള്‍ തീര്‍ക്കാനും അന്വേഷണ കൗണ്ടറും ഏര്‍പ്പെടുത്തണം. അങ്ങനെ എല്ലാം ക്രമീകരിച്ചാല്‍ തന്നെ ഇടനിലക്കാരേയും ഒപ്പം കൈക്കൂലിയും ഒഴിവാക്കാം. അതിനു ഉദ്യോഗസ്ഥര്‍ക്കു താത്പര്യമുണ്ടാകുമോ എന്നതാണ് പൊതുജനങ്ങളില്‍ നിലനില്ക്കുന്ന സംശയം. എല്ലാം അഴകൊഴമ്പന്‍ രീതിയില്‍ നടന്നാല്‍ അല്ലേ കിമ്പളം കൃത്യമായി കിട്ടൂ എന്നും അവര്‍ ആക്ഷേപിക്കുന്നു. 

Wednesday, February 22, 2012

ട്രെയിന്‍ യാത്ര: ഒരു സീസണ്‍ ടിക്കറ്റ്, ഡീ-റിസര്‍വേഷന്‍

ക്‌സ്പ്രസ് ട്രെയിനുകളില്‍ സീസണ്‍ ടിക്കറ്റ് സൗകര്യം അനുവദിച്ചിട്ടുള്ളതിനെപ്പറ്റിയും ഡീ-റിസര്‍വേഷനെപ്പറ്റിയും സതേണ്‍ റെയില്‍വേ പബഌക് റിലേഷന്‍സ് ഓഫീസര്‍ വിശദമായ കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഒരു വ്യക്തിക്ക് ഒരു സീസണ്‍ ടിക്കറ്റേ അനുവദിക്കുകയുള്ളു.

യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഇംഗ്ലീഷിലുള്ള കുറിപ്പ് പൂര്‍ണമായി തത്തംപള്ളി വാര്‍ഡ് ബ്ലോഗ് പ്രസിദ്ധീകരിക്കുന്നു:

No.180/11-12 Date: 22/02/2012

JOURNEY WITH SEASON TICKET IN EXPRESS TRAINS

Railway season ticket is a facility extended by Indian Railways for regular travelers in a particular section covering up to a maximum distance of 150 kms. An individual can avail only one season ticket at a given time. Splitting of season ticket in to two or more to cover a wider area is a punishable offence.

As per rules, a season ticket holder whether (1st class or II class ) is not permitted to board a reserved coach. However in Thiruvananthapuram Division alone selected coaches in few trains as given under are declared as de-reserved coaches, where travel by season ticket is permitted.

Thiruvananthapurm Division issues 1st class season tickets with a direction to use them in Parasuram express or Venad express alone , where un reserved First class coaches are available. Travel by First class season ticket holders in First class, or any of the reserved coaches including sleeper coaches of other express trains even after taking supplementary ticket is not permitted.

All season ticket holders including those who posses a valid first class season ticket is bound to travel by general coaches in case a particular train does not have a de-reserved coach.

As per the latest guidelines from government all reserved first class and air conditioned class passengers must posses a valid photo identity card during travel and are bound to produce it for verification when on demand by an authorised Railway servant.

De-reserved coaches:

1. Tr. No. 16382, Kanyakumari- Mumbai CST Jayanthi Jantha Exp : Coaches, S5, S6, S7 and S8 are de-reserved between Kanyakumari and Ernakulam Stations and coaches S9 and S10 are de-reserved between stations Ernakulam and Palakkad junction.
2. Tr. No. 16525, Kanyakumari- Bangalore City Island express : Coaches S3 and S4 are de-reserved from Nagercoil to Ernakulam and Coach S12 is de-reserved between Nagercoil and Palakkad.
3. Tr. No. 16329, Thiruvananthapuram- Mangalore Central Malabar express : Coaches S6 is de-reserved from Thiruvananthapuram Central to Kottayam.
4. Tr. No. 16330, Mangalore Central - Thiruvananthapuram Malabar express : Coaches S5 and S6 are de-reserved between Kottayam and Thiruvananthapuram.
5. Tr. No. 13352, Alappuzha-Dhanbad express: Coaches S2, S4, ST3 and ST5 are de-reserved from Alappuzha and Perambur.
6. Tr. No. 12624, Thiruvananthapuram- Chennai Central Mail : Coaches S-10 and S-11are de-reserved from Thiruvananthapuram Central to Ernakulam Town.
7. Tr. No. 16042, Alappuzha - Chennai Central express : Coache S7 is de-reserved from Alappuzha to Palakkad.
8. Tr. No. 17229, Thiruvananthapuram-Hydrabad Sabari express : Coaches S11, S12 and S13 are de-reserved from Thiruvananthapuram Central to Coimbatore Junction.

On the issue of alleged misbehavior with lady passenger by TTEs on 17th February 2012, It has been found that the lady passenger was travelling unauthorisedly by Train No. 12696, Thiruvananthapuram - Chennai Central superfast express. This fact has been established, based on an undertaking given by the passenger at the time of first issue of season ticket to her. Procedural lapses if any for the issue of season ticket or permitted to travel after the issue of season ticket is being examined for remedial action. The Railway can take action under service conduct rules with respect to the civil complaint by the passenger subject to the action initiated by Kerala state Police.

Public Relations Officer
PUBLIC RELATIONS OFFICE
SOUTHERN RAILWAY
THIRUVANANTHAPURAM
Tele: 0471 2326037
Fax: 0471 2321925
e-mail: protvc@sr.railnet.gov.in

Wednesday, February 15, 2012

ആലപ്പുഴയിലേക്ക് സാം ഫിലിപ്പിന്റെ 'ധൂര്‍ത്ത പുത്രന്‍'



പ്രഖ്യാത ഇസ്രയേലി ശില്പി സാം ഫിലിപ് നിര്‍മ്മിച്ച 'ദി പ്രോഡിഗല്‍ സണ്‍' (ധൂര്‍ത്ത പുത്രന്‍) എന്ന വെങ്കല ശില്പം ആലപ്പുഴയിലെ രവി കരുണാ കരന്‍ മെമ്മോറിയല്‍ മ്യൂസിയത്തിനു കൈമാറും. യുഎസ്എ കേന്ദ്രമായുള്ള പേവ് ദി വേ ഫൗണ്ടേഷന്‍ മുഖേനയാണ് ശില്പം സംഭാവന ചെയ്യുന്നത്. സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മതേതര സന്നദ്ധ സംഘടനയാണ് ഫൗണ്ടേഷന്‍.

സാം ഫിലിപ് 
ബൈബിളിലെ പ്രസിദ്ധമായ ഗുണപാഠ കഥയാണ് ധൂര്‍ത്ത പുത്രന്റേത്. ഒരു പിതാവിനു രണ്ടു മക്കളാണുണ്ടായിരുന്നത്. ഇളയ മകന്‍ കുടുംബസ്വത്തിന്റെ ഭാഗം ആവശ്യപ്പെട്ടു മേടിച്ചു കൊണ്ടുപോയി. യുവാവായ പുത്രന്‍ പണം എല്ലാം ദുര്‍വ്യയം ചെയ്തു. അവസാനം ബുദ്ധിശൂന്യത മനസിലാക്കി പിതാവിന്റെ പക്കലേക്കെത്തി ക്ഷമയും ദയയും യാചിച്ചു. തിരിച്ചെത്തിയ ആ ധാരാളിയായ മകനെ എല്ലാം മറന്നു സ്‌നേഹം നിറച്ചു സ്വീകരിച്ച പിതാവിനെയാണ് ബൈബിളില്‍ അവതരിപ്പിക്കുന്നത്. ഈ വിഷയത്തില്‍ ലോകത്തില്‍ വിവിധ ശില്പികള്‍ ധാരാളം ശില്പങ്ങള്‍ക്കു രൂപം കൊടുത്തിട്ടുണ്ട്.

ആലപ്പുഴയില്‍ എത്തിക്കുന്ന പത്ത് അടിയോളം ഉയരമുള്ള വെങ്കല ശില്പത്തിന് ഏകദേശം 550 കിലോഗ്രാം തൂക്കം വരും. സാം ഫിലിപ്പ് നിര്‍മ്മിച്ചിട്ടുള്ള ചെറു ശില്പങ്ങള്‍ രാഷ്ട്രത്തലവന്മാര്‍, മാര്‍പ്പാപ്പാമാര്‍, ലോക നേതാക്കള്‍, ഹോളിവുഡ് കീര്‍ത്തിമാന്‍മാര്‍ തുടങ്ങിയവര്‍ക്കു സമ്മാനിച്ചിട്ടുണ്ട്. കാല്‍ നൂറ്റാണ്ടലേറെയായി സാം ഫിലിപ്പ് ശില്പ നിര്‍മാണ രംഗത്തുണ്ട്. 1989-ല്‍ ജെറുസലേമില്‍ ആദ്യത്തെ സ്റ്റുഡിയോ തുറന്നു. ഓരോ ശില്പത്തിനും മാസങ്ങള്‍ നീളുന്ന അധ്വാനമാണുള്ളത്. ആള്‍ വലുപ്പമുള്ള സാം ഫിലിപ്പിന്റെ പല ശില്പങ്ങളും വിവിധയിടങ്ങളില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മകനെ മാറോടു ചേര്‍ത്തു കെട്ടിപ്പിടിച്ചു സ്വീകരിക്കുന്ന പിതാവാണ് സാം ഫിലിപ്പിന്റെ 'പ്രോഡിഗല്‍ സണ്‍' എന്ന ശില്പത്തില്‍ കാണാനാകുന്നത്.

ഇപ്പോള്‍ ജെറുസലേമിലുള്ള ശില്പം അടുത്ത മാസം അവസാന വാരം ആലപ്പുഴയിലെ മ്യൂസിയത്തിന്റെ മുറ്റത്ത് സ്ഥാപിച്ചേക്കും. ശില്പ സമര്‍പ്പണ, അനാച്ഛാദന ചടങ്ങ് 2012 മാര്‍ച്ച് 23-ന് വൈകുന്നേരം നടത്താനാണ് ശ്രമിക്കുന്നത്. അമേരിക്കയിലെ ഒരു ദേവാലയത്തിനു മുന്നിലാണ് ഈ ശില്പം ആദ്യം സ്ഥാപിച്ചിരുന്നത്.

കയര്‍ കയറ്റുമതി രംഗത്ത് മുന്‍പന്തിയില്‍ നി്ന്നിരുന്ന പരേതനായ രവി കരുണാകരന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഭാര്യ ബെറ്റി കരന്റെ നേതൃത്വത്തില്‍ 2006-ല്‍ നിര്‍മ്മിച്ചതാണ് മ്യൂസിയം. കാഴ്ച ബംഗ്ലാവിന്റെ നടത്തിപ്പുകാരായ ശ്രീ കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയാണ് ബെറ്റി കരന്‍.

ക്രിസ്റ്റല്‍, പോര്‍സെലൈന്‍, ആനക്കൊമ്പ് തുടങ്ങിയവയില്‍ നിര്‍മ്മിച്ചിട്ടുള്ള അപൂര്‍വ വസ്തുക്കള്‍, പെയിന്റിംഗുകള്‍ തുടങ്ങിയവയാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. മിക്കവയും കരകൗശല വസ്ത്തുക്കള്‍. 3,500-ഓളം ഇനങ്ങളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ശേഖരിച്ചിട്ടുള്ളവയാണ് അവ. നാഷണല്‍ ഹൈവേ -47-ന് കിഴക്കേ വശത്ത് ശവക്കോട്ട പാലത്തിനും (പവര്‍ ഹൗസ് ബ്രിഡ്ജ്) കോണ്‍വന്റ് സ്‌ക്വയറിനും ഇടയ്ക്കാണ് കൗതുക വസ്തുക്കളുടെ വന്‍ ശേഖരമുള്ള മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

Thursday, February 9, 2012

ട്രെയിന്‍ യാത്രക്കാര്‍ക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടി വേണം

കേരളത്തില്‍ ട്രെയിന്‍ യാത്രക്കിടയില്‍ യാത്രക്കാര്‍ക്കു നേരെയുണ്ടാകുന്ന വിവിധതരത്തിലുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശനമായ നടപടികള്‍ ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമെന്ന് അധികൃതരോട് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആവശ്യപ്പെട്ടു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ രാത്രി സൗമ്യയെന്ന പെണ്‍കുട്ടി പീഡനത്തിനിരയായി ആറിനു മരണത്തിനു കീഴടങ്ങിയ സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആ സംഭവത്തെത്തുടര്‍ന്നു കര്‍ശനമായ നിരീക്ഷണ, സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാകുമെന്നു പൊതുജനം പ്രതീക്ഷിച്ചെങ്കിലും അതു നടപ്പിലായിട്ടില്ലെന്നു പിന്നീട് ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഭാവിയില്‍ നടപടി സ്വീകരിക്കും എന്ന വെറും ഉറപ്പോ, നിവേദനം ബന്ധപ്പെട്ട വകുപ്പിലേക്കു അയച്ചുവെന്ന് അറിയിച്ച ശേഷം പിന്നീട് അതില്‍ തീരുമാനമെടുത്തു നടപ്പിലാക്കിയതായി അറിയിക്കാത്ത പതിവു രീതിയോ അല്ല ഇക്കാര്യത്തില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ചടുലവും ആത്മാര്‍ഥവുമായ ഉദ്യമമാണ് ഇക്കാര്യത്തില്‍ ആവശ്യം.

പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഉപദ്രവമായി മാറുന്ന മദ്യപര്‍, നാടോടികള്‍, യാചകര്‍, മനോനില തെറ്റിയവര്‍, അലഞ്ഞുതിരിയുന്നവര്‍, അനധികൃത കച്ചവടക്കാര്‍, പോക്കറ്റിക്കാര്‍, മയക്കുമരുന്നു വില്പനക്കാര്‍, ആഭാസന്മാര്‍, പകര്‍ച്ചവ്യാധിക്കാര്‍, സാമൂഹ്യവിരുദ്ധര്‍, ഗുണ്ടകള്‍, ഇടനിലക്കാര്‍ തുടങ്ങിയവരെ റെയില്‍വേ സ്റ്റേഷനുകളിലും പരിസരപ്രദേശങ്ങളിലും ട്രെയിനുകളിലും നിന്ന് നീക്കം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പോക്കറ്റടിക്കാരും യാചകരും മറ്റുമായി പോലീസുകാര്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്നുള്ളത് നാളുകളായി നിലനില്ക്കുന്ന പൊതുജന ആരോപണവുമാണ്.

പീഡനത്തിന് ഇരയാകുന്ന ദീര്‍ഘദൂര യാത്രക്കാര്‍ സാധാരണഗതിയില്‍ പോലീസില്‍ രേഖാമൂലം പരാതിപ്പെടാന്‍ തയാറാകണമെന്നില്ല. മറ്റൊരു സ്ഥലത്തേക്കു യാത്രപോകുന്നവര്‍ക്ക് തുടര്‍ന്നുണ്ടാകുന്ന നിയമ നൂലാമാലകളിലും പോലീസ് ചോദ്യം ചെയ്യലുകളിലും ആശങ്കയുള്ളതുകൊണ്ടാണത്. തയാറെടുത്തു വന്ന യാത്ര തടസ്സപ്പെട്ടുവെന്നും വരാം. പ്രത്യേകിച്ച് സ്ത്രീകള്‍, പിന്നീടുണ്ടാകാവുന്ന മാധ്യമ വിചാരണകളേയും ഭയപ്പെടുന്നു. അതിനാല്‍ ഇരകളുടെ രേഖാമൂലമുള്ള പരാതിക്കായി കാത്തിരിക്കാതെ, അതിക്രമത്തെക്കുറിച്ച് അറിഞ്ഞാലുടന്‍ സ്വമേധയാ കേസെടുത്ത് കുറ്റാരോപിതരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിനു പ്രത്യേക നിര്‍ദേശവും നല്‌കേണ്ടതുണ്ട്.

ട്രെയിനുകള്‍, സ്റ്റേഷന്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സാമൂഹ്യവിരുദ്ധരെ ഒഴിവാക്കാനുള്ള കര്‍ശന നടപടികളും അവര്‍ തിരിച്ചെത്താതിരിക്കാനുള്ള തുടര്‍ ഏര്‍പ്പാടുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നാണ് ബ്ലോഗ് അഭ്യര്‍ഥിച്ചിട്ടുള്ളത്.

Tuesday, February 7, 2012

ഓമനപ്പിള്ളയുടെ വെങ്കല പ്രതിമ: ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും

  • ആവശ്യം മുന്നോട്ടുവച്ചത് തത്തംപള്ളി വാര്‍ഡ് ബ്ലോഗ്
  • മുന്‍ സര്‍ക്കാരുകള്‍ വിഷയം പരിഗണിച്ചിരുന്നില്ല
  • സര്‍ക്കാര്‍ തലത്തില്‍ ഉചിതമായ തീരുമാനം 
ലപ്പുഴയുടെ റെയില്‍വേ വികസനത്തിനായി പ്രയത്‌നിച്ച കെ.എല്‍.ഓമനപ്പിള്ളയുടെ വെങ്കല പ്രതിമ സ്ഥാപിക്കണമെന്നുള്ള ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാവുന്നതാണെന്നു ആലപ്പുഴ കളക്ട്രേറ്റില്‍ നിന്ന് മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ടു നല്കി.

തീരദേശ റെയില്‍പാത എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച കെ.എല്‍.ഓമനപ്പിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ ആലപ്പുഴ പട്ടണത്തില്‍ അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 2011 ഡിസംബര്‍ മൂന്നിനു നിവേദനം സമര്‍പ്പിച്ചിരുന്നു. നിവേദനം സംബന്ധിച്ച് റിപ്പോര്‍ട്ടു നല്കണമെന്നു ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍)-ന്റെ നടപടി.

പദ്ധതി നടപ്പാക്കുന്നതിനായി സാമ്പത്തികമായി വളരെയധികം ചെലവുകള്‍ വരുന്നതാകയാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉചിതമായ തീരുമാനം എടുക്കാവുന്നതാണെന്നും N5.2011/2012 Dt.12/01/2012 of Collectorate, Alappuzha 07-02-2012റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ കൂടാതെ റവന്യൂ വകുപ്പും അഡ്മിനിസ്‌ട്രേഷന്‍ വകുപ്പും ഈ വിഷയം ശ്രദ്ധിച്ചിട്ടുണ്ട്. കേരള സംസ്ഥാന സര്‍ക്കാര്‍ തലത്തിലെ തീരുമാനം എത്രയും വേഗം അറിയിക്കണമെന്നു ബ്ലോഗ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഓമനപ്പിള്ളയുടെ വെങ്കല പ്രതിമ സംബന്ധിച്ച് ബ്ലോഗ് എഡിറ്റര്‍ മുന്‍ സര്‍ക്കാരുകളുടെ കാലത്തും നിവേദനം അയച്ചിട്ടുണ്ടെങ്കിലും അതു പരിഗണിച്ച് മറുപടിയൊന്നും നല്കിയിരുന്നില്ല. തുടര്‍ന്നു ആലപ്പുഴയില്‍ 2011 ഡിസംബര്‍ 22-നു നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഈ പദ്ധതി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്കിയത്. എന്നാല്‍ സമ്പര്‍ക്ക പരിപാടിയില്‍ വിഷയം എത്തിയിരുന്നില്ല. ഇക്കാര്യം നേരത്തേ ചില രാഷ്ട്രീയ നേതാക്കളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും സൂചിപ്പിച്ചിരുന്നുവെങ്കിലും അവരും ഗൗനിച്ചിരുന്നില്ല.

മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തിന്റെ പകര്‍പ്പ്:


ശ്രീ ഉമ്മന്‍ ചാണ്ടി,
ബഹു. മുഖ്യമന്ത്രി,
കേരള സര്‍ക്കാര്‍,
ഗവണ്മെന്റ് സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം.


സര്‍,

വിഷയം: തീരദേശ റെയില്‍പാത എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച അന്തരിച്ച ശ്രീ കെ.എല്‍.ഓമനപ്പിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ ആലപ്പുഴ പട്ടണത്തില്‍ അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കുന്നതു സംബന്ധിച്ച് - ഓണ്‍ലൈന്‍ നിവേദനം - ആലപ്പുഴയില്‍ 2011 ഡിസംബര്‍ 22-നു നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി -

ആലപ്പുഴ വഴിയുള്ള തീരദേശ റെയില്‍പാത എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ച് അതിനായി കഠിനമായി പരിശ്രമിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്ത അന്തരിച്ച ശ്രീ കെ.എല്‍.ഓമനപ്പിള്ളയുടെ സ്മരണ നിലനിര്‍ത്താന്‍ ആലപ്പുഴ പട്ടണത്തില്‍ അദ്ദേഹത്തിന്റെ ഒരു പൂര്‍ണകായ വെങ്കല പ്രതിമ സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

തൊഴില്‍പരമായി അഭിഭാഷകനായിരുന്ന ശ്രീ കെ.എല്‍.ഓമനപ്പിള്ള 2004-ല്‍ അന്തരിക്കുമ്പോള്‍ 85 വയസായിരുന്നു. തീരദേശ റെയില്‍വേ എന്ന ആശയം അധികൃതരിലേക്കും ജനങ്ങളിലേക്കും എത്തിക്കാന്‍ അദ്ദേഹം അഞ്ചു തവണ തീവണ്ടി എന്‍ജിന്‍ ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. മിക്കപ്പോഴും സ്വതന്ത്രനായി മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചില്ലെങ്കിലും വിഷയം ജനപ്രിയമാകുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനായി ശ്രമിക്കുകയും ചെയ്തു. തുടര്‍ച്ചയായ പ്രവര്‍ത്തനം കാരണം തീരദേശ റെയില്‍വേ ലൈന്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ 1979-ല്‍ പ്രമേയം പാസാക്കിയിരുന്നു. എറണാകുളം - ആലപ്പുഴ - കായംകുളം തീരദേശ റെയില്‍പാതയുടെ ആദ്യഘട്ടമായ ആലപ്പുഴ - എറണാകുളം പാത 1992-ല്‍ കമ്മീഷന്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമായി.

പ്രതിമ നിര്‍മ്മിച്ച് ആലപ്പുഴ ബീച്ചിലോ പട്ടണ ചത്വരത്തിലോ ഉയര്‍ന്ന പീഠത്തില്‍ സ്ഥാപിക്കാവുന്നതാണ്. നാടിന്റെ സമഗ്രമായ പുരോഗതിക്കു വേണ്ടി പരിശ്രമിച്ചവരെ ഓര്‍ക്കാനും ഭാവിതലമുറയ്ക്കു പരിചയപ്പെടുത്താനും പ്രതിമ സഹായിക്കും.

എത്രയും വേഗം നടപടിയും മറുപടിയും പ്രതീക്ഷിക്കുന്നു. ആലപ്പുഴയില്‍ 2011 ഡിസംബര്‍ 22-നു നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഈ പദ്ധതി പ്രഖ്യാപിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

ഉപചാരപൂര്‍വം,


എഡിറ്റര്‍, തത്തംപള്ളി വാര്‍ഡ് ബ്ലോഗ്

03.12.2011

E-mail: thathampallyward (at) gmail.com
Blog: thathampallyward.blogspot.com

ഇതുസംബന്ധിച്ച് തത്തംപള്ളി വാര്‍ഡ് ബ്ലോഗ് 2011 ഡിസംബര്‍ മൂന്നിനു പ്രസിദ്ധീകരിച്ച വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

Saturday, February 4, 2012

കോപികോ: ചെറിയ മിഠായി, വലിയ കച്ചവടതന്ത്രം

രാതി ചെറിയ മിഠായിയെക്കുറിച്ചായിരിക്കാം. എന്നാല്‍ കച്ചവടത്തിലെ ചെറിയ തട്ടിപ്പ് കുട്ടികള്‍ എടുത്തുകാണിക്കുമ്പോള്‍ അതു വലുതാണ്.

ഇന്ത്യയില്‍ വില്ക്കുന്ന ഒരിനം മിഠായിക്ക് (ഇംഗ്ലീഷില്‍ കാന്‍ഡി) വില കൂട്ടാതെ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത രീതിയില്‍ അടുത്തയിടെ ഭാരം കുറച്ച കച്ചവടതന്ത്രം ചൂണ്ടിക്കാട്ടി, ആലപ്പുഴയില്‍ നിന്നു വിലയ്ക്കു വാങ്ങിയ ഇങ്ങനെയുള്ള മിഠായികള്‍ ഉദാഹരണത്തിനായി ചില വിദ്യാര്‍ഥികള്‍ തത്തംപള്ളി വാര്‍ഡ് ബ്ലോഗിനു കൈമാറിയിരുന്നു. ചില പത്രമാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചപ്പോള്‍ നിസാരമാക്കി തള്ളിയെന്നു വ്യക്തമാക്കിയാണ് ഈ വിവരം പുറത്തുകൊണ്ടുവരുവാന്‍ ബ്ലോഗിന്റെ സഹായം അവര്‍ അഭ്യര്‍ഥിച്ചത്. സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായിട്ടു ഇക്കാര്യം വെളിപ്പെടുത്തുന്നു.

മിഠായിയെക്കുറിച്ചു ബ്ലോഗ് തിരക്കി: ലോകപ്രസിദ്ധ കോഫി കാന്‍ഡി ബ്രാന്‍ഡാണ് കോപികോ. ഇന്തോനേഷ്യയിലെ ഭക്ഷ്യോത്പാദകരായ മയോറയുടെ ഉത്പന്നമാണ് ഈ മിഠായിത്തരങ്ങള്‍. മുപ്പതിലേറ വര്‍ഷമായി വിപണിയിലുണ്ട്. 55 രാജ്യങ്ങളിലേറെ ഇപ്പോള്‍ വില്പന നടത്തുന്നു. ഓരോ രാജ്യത്തിലും തരഭേദങ്ങള്‍. 2008 മുതല്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നു. ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്ത് വിതരണം നടത്തുന്നത് ചെന്നൈയിലെ ഇന്‍ബിസ്‌കോ. ഇന്ത്യയില്‍ കോപികോ കപ്പുസിനോ, കോപികോ എസ്പ്രസോ എന്നിങ്ങനെ രണ്ടിനങ്ങളാണുള്ളത്. ഒരു കാന്‍ഡിയുടെ തൂക്കം 4.5 ഗ്രാം. വില ഒരു രൂപ. ഇക്കാര്യം വിതരണക്കമ്പനി പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. നാലര ഗ്രാമുള്ള കപ്പുസിനോ ഇപ്പോള്‍ ചെറുകടകളില്‍ കിട്ടാനില്ല. പകരം നാലു ഗ്രാമുള്ള എസ്പ്രസോയാണ് കൂടുതലായി വിതരണം ചെയ്യുന്നത്. തൂക്കത്തില്‍ അര ഗ്രാം കുറച്ചു. വില ഒരു രൂപ അങ്ങനെ തന്നെ. അതു കവറില്‍ വ്യക്തമാണ്. കുറഞ്ഞ വലുപ്പത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായിട്ടായിരിക്കാം അത്. ക്രമേണ കുറഞ്ഞ തൂക്കത്തിലുള്ള രണ്ടിനവും വിപണിയില്‍ എത്തിയേക്കും. തൂക്കം കുറച്ചപ്പോള്‍ മിഠായിയുടെ വലുപ്പവും കുറഞ്ഞു, ആകൃതി ചതുരത്തില്‍ നിന്ന് വൃത്തത്തിലുമാക്കി.

കുട്ടികളുടെ പരാതി ഇങ്ങനെ: ഒരു രൂപയ്ക്കു വാങ്ങിയിരുന്ന മിഠായിയുടെ വലുപ്പം പെട്ടെന്നു കുറഞ്ഞു. എന്നാല്‍ വില കൂട്ടിയിട്ടില്ല. വിലകൂട്ടുന്നതും വിലകൂട്ടാതെ വലുപ്പം കുറയ്ക്കുന്നതും കണക്കാണ്. ഇതില്‍ ഒളിച്ചുവയ്ക്കപ്പെട്ട ചതിയുണ്ട്. ചെറിയ അക്ഷരങ്ങളില്‍ അച്ചടിച്ചിട്ടുള്ള തൂക്കം നാലര ഗ്രാമില്‍ നിന്നു നാലു ഗ്രാമായി. തൂക്കം കുറച്ച മിഠായിയാണ് ഒരു രൂപയ്ക്കു വില്ക്കുന്നത്.

എന്തുകൊണ്ട് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നു: വായനക്കാര്‍ ആഗ്രഹിക്കുന്ന പല വാര്‍ത്തകളും മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌ക്കരിക്കുന്നുവെന്ന പരാതിയോടെയാണ് വിഷയം ബ്ലോഗിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. എല്ലാ മാധ്യമങ്ങള്‍ക്കും എല്ലാക്കാര്യങ്ങളും പ്രസിദ്ധീകരിക്കാനാകില്ലെന്നറിയാം എന്നതു മറുവശം. വിവിധ രാജ്യങ്ങളില്‍ വില്ക്കുന്ന ഈ ബ്രാന്‍ഡിലുള്ള വിവിധ ഇനത്തിലും രുചികളിലുമുള്ള കാന്‍ഡികളുടെ തൂക്കവും നിലവിലുള്ള വിലയും ഇന്ത്യയിലെ വിതരണക്കമ്പനി, ജക്കാര്‍ത്തയിലെ ഉത്പാദകര്‍, യുകെയിലെ കമ്പനി എന്നിവരോട് അന്വേഷിച്ചു. ഈ വാര്‍ത്ത പോസ്റ്റ് ചെയ്യും വരെ മറുപടി ലഭ്യമായില്ല. മറുപടി ലഭ്യമായാല്‍ പിന്നാലെ അതും പ്രസിദ്ധീകരിക്കും. 

Wednesday, February 1, 2012

അന്താരാഷ്ട്ര കയര്‍മേള പരസ്യത്തിനു കയറില്ല, ഉള്ളതു നിറയെ ഫ്‌ളെക്‌സ്

ണ്ണില്‍ അലിഞ്ഞുചേരുന്ന കയറു പോലെയുള്ള പരിസ്ഥിതി സൗഹൃദ സ്വാഭാവിക നാരുകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കയര്‍ കേരള 2012 അന്താരാഷ്ട്ര മേളയുടെ പരസ്യ മാധ്യമങ്ങളെക്കുറിച്ചു പരാതി. ദ്രവിക്കാതെ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന ഫ്‌ളെക്‌സ് ബോര്‍ഡുകളാണ് വ്യാപകമായി സ്ഥാപിച്ചിരിക്കുന്നത് എന്നാണ് ആവലാതി. അതിലാകട്ടെ കയറിന്റെ മാഹാത്മ്യമോ പുതിയ കണ്ടെത്തലുകളോ രൂപരേഖകകളോ തരഭേദങ്ങളോ ഇല്ലതാനും. പകരം ഏതാനും മന്ത്രിമാരുടെ ചിരിക്കുന്ന വന്‍ ചിത്രങ്ങള്‍ മാത്രം! ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ 2012 ഫെബ്രുവരി നാലു മുതല്‍ ഒന്‍പതു വരെയാണ് കയര്‍-പ്രകൃതിദത്ത നാര് ഉത്പന്നങ്ങളുടെ അന്താരാഷ്ട്ര മേള.

അന്താരാഷ്ട തലത്തില്‍ നടത്തുന്ന ഇത്തരമൊരു മേളയെ നിന്ദ്യമാക്കുന്ന രീതിയിലാണ് പൊതുജനങ്ങള്‍ കാണുന്ന പരസ്യമാധ്യമങ്ങളെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കയറോ അതുപോലുള്ള പ്രകൃതിദത്ത നാരുകളോ തുണിയോ അടിസ്ഥാനമാക്കിയ പുതുമയാര്‍ന്ന പരസ്യമാധ്യമങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിനു പകരം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് ഏതാനും മന്ത്രിമാരുടെ ഒറ്റയ്ക്കും പെട്ടയ്ക്കും മുച്ചയ്ക്കുമുള്ള ഫോട്ടോകളാണ് വന്‍ ഫ്ളെക്‌സ് ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ പാതയിലേയും മറ്റു റോഡുകളിലേയും പാലങ്ങളിലേയും വശങ്ങളിലുള്ള പോസ്റ്റുകളില്‍ ഇത്തരം നൂറുകണക്കിന് ബോര്‍ഡുകളാണുള്ളത്. തെറ്റായ പ്രവണതയ്ക്ക് സര്‍ക്കാര്‍ പിന്തുണ നല്കുന്നതായാണ് ഇതു തെളിയിക്കുന്നത്. ഇടക്കാലത്ത് ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്കു നിരോധനം പോലുമുണ്ടായിരുന്നു.

പരസ്യമാധ്യമ രംഗത്ത് നേരിയ കയര്‍പായകളും മറ്റും അടിസ്ഥാനമാക്കി വിവിധ സാമഗ്രികള്‍ തയാറാക്കാനാകുമെന്നു കയര്‍ മേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുന്നു. അതിന്മേല്‍ മുദ്രണവും സാധ്യമാകും. അതിനു പരിശ്രമിക്കാതെ ഫ്‌ളെക്‌സിനായി വന്‍തോതില്‍ പണം ചെലവഴിച്ചത് കയര്‍ മേഖലയോടുള്ള അവഗണ തന്നെയായെ കണക്കാക്കാനാകൂ എന്നും കൂട്ടിച്ചേര്‍ക്കുന്നു. കയറിനോടുള്ള വിശ്വാസക്കുറവായും അതിനെ വ്യാഖ്യാനിക്കാം.

പൊതു ഖജനാവില്‍ നിന്നു പണം ചെലവിട്ട് ചില മന്ത്രിമാരുടെ മാത്രം ഫോട്ടോകള്‍ വന്‍ പ്രചാരണാര്‍ഥം ഫ്‌ളെക്‌സ് ബോര്‍ഡുകളില്‍ ഉള്‍പ്പെടുത്തി വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നതില്‍ പല കോണുകളിലും അസംതൃപ്തി ഉളവായിട്ടുണ്ട്. അങ്ങനെ ഉയരാനിടയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്തെ എംഎല്‍എ മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡുകളും കഴിഞ്ഞ ദിവസം സ്ഥാപിച്ചിട്ടുണ്ട്. എല്ലാം ഫ്‌ളെക്‌സ് തന്നെ.

ഉപയോഗശേഷം ഉപേക്ഷിക്കുമ്പോള്‍ ദ്രവിച്ചു പോകുന്ന തുണി പോലുള്ള പ്രകൃതിസൗഹൃദ വസ്തുക്കള്‍ പരസ്യ ബോര്‍ഡുകള്‍ക്കും ബാനറുകള്‍ക്കും ഉപയോഗിക്കാമെന്നിരിക്കേയാണ് പരിസ്ഥിതിക്കു നാശമുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ പ്രകൃതിസംരക്ഷണ, പ്ലാസ്റ്റിക് വിരുദ്ധ, കയര്‍ നയങ്ങള്‍ക്കൊക്കെ എതിരാണുതാനും ഇത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നു തെറ്റായ സന്ദേശമാണിതു നല്കുന്നത്.

ഇതേ സമയം, കയര്‍ കേരള മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വകുപ്പു മന്ത്രിയുടെ ഫോട്ടോ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു. സംഘാടക സമിതിക്കാരെപ്പോലും ഒഴിവാക്കിയതിനു മുറുമുറുപ്പ് ഉയര്‍ന്നതായാണു സൂചന. എല്ലാവര്‍ക്കും വേണ്ടത് സ്വന്തം ഫോട്ടോയും പബഌസിറ്റിയും മാത്രം എന്ന് സാധാരണക്കാര്‍ ആക്ഷേപിക്കുന്നു.

കഴിഞ്ഞ വര്‍ഷമാണ് കയര്‍ കേരള എന്ന പ്രദര്‍ശന-വില്പന മേള ആലപ്പുഴയില്‍ ആദ്യമായി നടത്തിയത്. വിവിധ വിദേശ രാജ്യങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര മേളകളില്‍ പതിവായി പങ്കെടുക്കുന്ന, കേരളത്തില്‍ കയറിന്റെ കേന്ദ്രമായ ആലപ്പുഴയിലെ പല പ്രമുഖ കയര്‍ സംരംഭകര്‍ പോലും ഇപ്രാവശ്യത്തെ നാട്ടിലെ പ്രദര്‍ശനമേളയില്‍ പങ്കെടുക്കുന്നില്ല. വിദേശ രാജ്യങ്ങളില്‍ നിന്നു ക്രേതാക്കള്‍ എത്താന്‍ സാധ്യത കുറവാണെന്നു മുന്‍കൂട്ടി കണ്ടതുകൊണ്ടാണത്.

ഒരു വന്‍ അന്താരാഷ്ട്ര മേളയേയും പൊതു ജനങ്ങളുടെ നികുതിപ്പണത്തേയും വെറും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ജനപ്രതിനിധികള്‍ ഉപയോഗിക്കുന്നതിലുള്ള അമിതാസക്തിയേയും ധൂര്‍ത്തിനേയും സാധാരണ ജനങ്ങള്‍ വെറുക്കുന്നുവെന്ന് ഭരണകര്‍ത്താക്കള്‍ അറിയാത്തതാണ് കഷ്ടമെന്നു വോട്ടര്‍മാര്‍ പറയുന്നു. പ്രസക്ത വിഷയത്തില്‍ പ്രത്യേകിച്ചൊരു താത്പര്യം ബന്ധപ്പെട്ടവര്‍ക്കില്ലായെന്നും ഇതു തെളിയിക്കുന്നു. എല്ലാം ഒരു മേള!