തത്തംപള്ളി വാര്‍ഡിലുള്ള വീട്ടുപറമ്പുകളില്‍ കാര്‍ഷിക ഏര്‍പ്പാടുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യം. ചെറിയ തോതിലെങ്കിലും കൃഷി കാര്യക്ഷമമായി നടത്തുന്നതിനാവശ്യമായ പദ്ധതി വിഭാവനം ചെയ്യണമെന്നാണ് മുനിസിപ്പല്‍ കൗണ്‍സിലിനോട് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പ്രദേശം ഹരിതാഭമാക്കുന്നതിനും അവരവര്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ കുറച്ചെങ്കിലും ഉത്പാദിപ്പിക്കുന്നതിനും വിവിധയിനം കൃഷികള്‍ സഹായകമാകും. പശു, ആട്, കോഴി വളര്‍ത്തലിനു സൗകര്യമുള്ളവര്‍ക്ക് സഹായം എത്തിക്കുകയും വേണം. വിവിധയിനം കൃഷികള്‍ക്ക് വളക്കൂറുള്ള മണ്ണാണ് തത്തംപള്ളിയിലേത്.
അടുക്കളത്തോട്ടത്തില്‍ പച്ചക്കറി കൃഷി, വീട്ടുമുറ്റത്ത് പൂ കൃഷി, വശങ്ങളില് ഔഷധസസ്യ കൃഷി എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ നടപടികളാണ് ആവശ്യം. മുനിസിപ്പല്‍ കൗണ്‍സിലും കേരള സംസ്ഥാന സര്‍ക്കാരിന്റെ കൃഷിവകുപ്പും ചേര്‍ന്ന് തുടര്‍ച്ചയായി പിന്തുണ നല്കിയാല് വീട്ടമ്മമാര്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ വീട്ടുവളപ്പിലേക്ക് ഇറങ്ങും. കാര്‍ഷികരംഗത്ത് ഇതൊരു വിപ്ലവമായി മാറുമെന്നുള്ളതിന് സംശയമില്ല. ദീര്‍ഘകാല വിളകളും ഇടക്കാല വിളകളും സമ്മിശ്രമായിട്ടുള്ള കൃഷി രീതിയായിരിക്കും പട്ടണപ്രദേശത്ത് അഭികാമ്യം. കൃഷിവിദഗ്ധരുടെ ശരിയായ മേല്‍നോട്ടമില്ലെങ്കില്‍ വിളകള്‍ കീടങ്ങളും കുമിളുകളും മറ്റും മൂലം നശിക്കാനിടയുണ്ട്.
ഗുണമേന്മയുള്ള വിത്തുകളുടേയും തൈകളുടേയും വിതരണം, വില കുറഞ്ഞ വളങ്ങളുടേയും കീടനാശിനികളുടേയും ലഭ്യത എന്നിവയെല്ലാം ഈ സംരഭത്തിന് ഒരുക്കേണ്ടതുണ്ട്. നല്ല വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യണം. തൊഴിലുറപ്പു പദ്ധതി ഇക്കാര്യത്തിലും നടപ്പിലാക്കാം. ജൈവകൃഷി രീതിയും പരീക്ഷിക്കാവുന്നതാണ്.
കാലികള്‍ക്കും കോഴികള്‍ക്കും ആവശ്യമായ തീറ്റ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ഏര്‍പ്പാടുകളും ഉണ്ടാകേണ്ടിയിരിക്കുന്നു.
പച്ചക്കറികളും മറ്റു വിളകളും പൂക്കളും വില്പന നടത്താനുള്ള പ്രാദേശിക സൗകര്യവും നാട്ടുകാര്‍ക്ക് പ്രയോജനകരമാകും. അതുപോലെ തന്നെ യന്ത്രം ഉപയോഗിച്ചുള്ള കറവയ്ക്കും കൂടാതെ പാല് വിതരണത്തിനും ക്ഷീരകര്‍ഷക കൂട്ടായ്മയിലൂടെ പ്രദേശിക സംവിധാനം ഒരുക്കാവുന്നതുമാണ്.
No comments:
Post a Comment