സ്‌കൂപ്പ്:

മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും! ആലപ്പുഴ 2012 മാര്‍ച്ച് 01 വ്യാഴം വഴിച്ചേരി 2.50 പിഎം കാര്‍...2345 * കിടങ്ങാംപറമ്പ്് 5.40 പിഎം ബൈക്ക് ...141 * വയലിന്‍ 5.50 പിഎം ബൈക്ക് ... 2629 * 2012 മാര്‍ച്ച് 02 വെള്ളി മുല്ലയ്ക്കല്‍ 2.30 പിഎം ബൈക്ക് ....22 * 2012 മാര്‍ച്ച് 03 ശനി കിടങ്ങാംപറമ്പ് 3.50 പിഎം ബൈക്ക് ...339 * 2012 മാര്‍ച്ച് 06 ചൊവ്വ ജില്ലാ കോടതി 7.20 പിഎം ബൈക്ക് ...711 * 2012 മാര്‍ച്ച് 08 വ്യാഴം വയലിന്‍ 8.04 എഎം ബൈക്ക് ...5766 * വയലിന്‍ 9.05 എഎം ബൈക്ക് ...668 * 2012 മാര്‍ച്ച് 11 ഞായര്‍ നരസിംഹപുരം 8.12 പിഎം ബൈക്ക് ...5806 * 2012 മാര്‍ച്ച് 12 തിങ്കള്‍ സിസിഎന്‍ബി സെന്റ് ജോര്‍ജ് 8.05 പിഎം കാര്‍ ...3003 * 2012 മാര്‍ച്ച് 13 ചൊവ്വ സിസിഎന്‍ബി ഇരുമ്പുപാലം 7.19 പിഎം സ്‌കൂട്ടര്‍ ...64 * സിസിഎന്‍ബി പോപ്പി 8.02 പിഎം ബൈക്ക് ...3836 * 2012 മാര്‍ച്ച് 14 ബുധന്‍ കിടങ്ങാംപറമ്പ് 5.15 പിഎം കാര്‍ ... 7500 * സിസിഎന്‍ബി സെന്റ് ജോര്‍ജ് 7.50 പിഎം ബൈക്ക് ... 7408 * 2012 മാര്‍ച്ച് 18 ഞായര്‍ കോണ്‍വന്റ് സ്‌ക്വയര്‍ 7.20 പിഎം ബൈക്ക് ... 194 * 2012 മാര്‍ച്ച് 19 തിങ്കള്‍ വൈഎംസിഎ 7.47 എഎം ബൈക്ക് ... 1541 * 2012 മാര്‍ച്ച് 22 വ്യാഴം വയലിന്‍ 7.28 പിഎം ബൈക്ക് ... 2149 * പഴവീട് 9.25 പിഎം ബൈക്ക് ... 6168 * 2012 മാര്‍ച്ച് 23 വെള്ളി: വയലിന്‍ 7.28 എഎം ബൈക്ക് .... 9977 * പുന്നമട ഫിനിഷിംഗ് 12.45 പിഎം ബൈക്ക് ... 3715 * 2012 മാര്‍ച്ച് 24 ശനി: കോണ്‍വന്റ് സ്‌ക്വയര്‍ ജംഗ്ഷന്‍ 11.30 എഎം ബൈക്ക് ... 6201 * വഴിച്ചേരി 11.45 എഎം സ്‌കൂട്ടര്‍ .... 9809 * ശീമാട്ടി തിയേറ്റര്‍ 11.50 എഎം ബൈക്ക് ... 4659 * വലിയമരം ഇര്‍ഷാദ് റോഡ് 6.46 പിഎം ബൈക്ക് ... 9334 * 2012 മാര്‍ച്ച് 25 ഞായര്‍: കൈതവന 9.20 പിഎം സ്‌കൂട്ടര്‍ ... 595 * 2012 മാര്‍ച്ച് 26 തിങ്കള്‍: ടിഡി സ്‌കൂള്‍ ഹൈവേ 2.50 പിഎം ബൈക്ക് .... 1560 * 2012 മാര്‍ച്ച് 30 വെള്ളി: കിടങ്ങാംപറമ്പ് 1.00 പിഎം സ്്കൂട്ടര്‍ ... 360 * 2012 മാര്‍ച്ച് 31 ശനി: കിടങ്ങാംപറമ്പ് 11.30 എഎം ബൈക്ക് ... 8977 * ജില്ലാ കോടതി 4.43 പിഎം .... ബൈക്ക് .... 1060 * വയലിന്‍ 4.45 പിഎം ബൈക്ക് ... 3545 * 'മൊബൈല്‍' ഡ്രൈവര്‍മാരെ തിരിച്ചറിയാമോ? തത്തംപള്ളി വാര്‍ഡ് ബ്ലോഗില്‍ ( http://thathampallyward.blogspot.in ) 'മൊബൈല്‍ ഫോണ്‍ ചെവിയില്‍; ഒപ്പം ഡ്രൈവിംഗും!' എന്ന തലക്കെട്ടില്‍ സ്‌ക്രോള്‍ ചെയ്യുന്ന നമ്പരുകളുടെ വാഹന ഉടമകളെ നിങ്ങള്‍ക്ക് അറിയാമോ? എങ്കില്‍ അവരോടു പറയുക. 'ഡ്രൈവിംഗും സംസാരവും ഒരുമിച്ചു വേണ്ടെന്ന്.. മറ്റുള്ളവരെ കൂടി പരിഗണിച്ച് വാഹനം ഓടിക്കണമെന്ന്.. വാഹനങ്ങളേയും രജിസ്‌ട്രേഡ് ഉടമസ്ഥരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്..' തികച്ചും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചിട്ടുള്ളവരുടെ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പരുകളുടെ അവസാന ഭാഗമാണ് സ്‌ക്രോള്‍ ചെയ്യുന്നത്. ഇപ്പോള്‍ ഇത് തത്തംപള്ളി വാര്‍ഡ് ബ്ലോഗിന്റെ ബോധവത്കരണ പരിപാടി. അതിനാലാണ് നമ്പര്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാത്തത്.

Thursday, October 27, 2011

തത്തംപള്ളി വാര്‍ഡ് ബ്ലോഗ് രണ്ടാം വര്‍ഷത്തിലേക്ക്; ലോകത്ത് എല്ലായിടത്തു നിന്നും പിന്തുണ

ലോകമെമ്പാടുമുള്ള വായനക്കാരുടേയും അഭ്യുദയാകാംക്ഷികളുടേയും ആത്മാര്‍ഥമായ പിന്തുണയോടെ തത്തംപള്ളി വാര്‍ഡ് ബ്ലോഗ് (http://thathampallyward.blogspot.com) ഒരു വര്‍ഷം പൂര്‍ത്തിയാക്കി രണ്ടാം വര്‍ഷത്തിലേക്ക്.

ആലപ്പുഴ പട്ടണത്തിലെ തത്തംപള്ളി പ്രദേശത്തിന്റെ വികസനത്തെ ലക്ഷ്യമാക്കി ആരംഭിച്ച ബ്ലോഗ് അതിവേഗമാണ് ജനഹൃദയങ്ങളെ സ്വാധീനിച്ചത്. ഭരണസംവിധാനത്തിലെ ഏറ്റവും ചെറിയ ഘടകമായ വാര്‍ഡിനു വേണ്ടി ആദ്യമായാണ് മലയാളത്തില്‍ ഒരു ബ്ലോഗ് രൂപം കൊണ്ടത്. അനേകം വായനക്കാര്‍ ബ്ലോഗിനെ പ്രകീര്‍ത്തിച്ച് എഴുതിയിരുന്നു.

വികസനോത്മുഖമായ വാര്‍ത്തകള്‍ക്കാണ് ബ്ലോഗില്‍ മുന്‍ഗണനയെങ്കിലും ആവശ്യങ്ങളും ആവലാതികളും നേട്ടങ്ങളും തുടങ്ങി ജനങ്ങളെ ബാധിക്കുന്ന എല്ലാവിധ വാര്‍ത്തകള്‍ക്കും ബ്ലോഗില്‍ ഇടമുണ്ട്. മുഖ്യധാരാ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാത്ത പ്രാദേശിക വാര്‍ത്തകളും പത്രങ്ങള്‍ക്കു മുന്‍പേ അവതരിക്കപ്പെടുന്ന വാര്‍ത്തകളും ബ്ലോഗില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ കൂടുതല്‍ വിശാലമായ രീതിയില്‍ വാര്‍ത്തകള്‍ നല്കണമെന്ന ആവശ്യം വായനക്കാരില്‍ നിന്നുയരാന്‍ തുടങ്ങിയിട്ടുണ്ട്.

പത്ര, ദൃശ്യ മാധ്യമ വാര്‍ത്തകളേക്കാള്‍ വളരെ വിശദമായും കൂടാതെ ചിത്രങ്ങളും ഫോട്ടോകളും വീഡിയോകളും സഹിതവും ബ്ലോഗില്‍ വാര്‍ത്ത വരുന്നത് ഒത്തിരിപ്പേരെ സന്തോഷിപ്പിക്കുന്നു. അതൊക്കെ എന്നും ലോകത്തിന്റെ എവിടെയിരുന്നും വായിക്കാമെന്നു വരുന്നത് ആഹഌദം ഇരട്ടിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ തത്തംപള്ളിയെ ബാധിക്കുന്നതു മാത്രമല്ല ജനങ്ങളെ പൊതുവായി ബാധിക്കുന്ന പ്രശ്‌നങ്ങളും ബ്ലോഗില്‍ നല്കാന്‍ തുടങ്ങി. തത്തംപള്ളിയില്‍ നിന്നുള്ളവര്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന തത്തംപള്ളിക്കാരും തത്തംപള്ളിയേയും തത്തംപള്ളിക്കാരേയും സ്‌നേഹിക്കുന്നവരും വിവരങ്ങള്‍ ബ്ലോഗിനു നല്കാന്‍ തയാറാകുന്നുണ്ടിപ്പോള്‍. രാഷ്ട്രീയ, മത, സാമുദായിക, സാമ്പത്തിക ചായ്‌വുകള്‍ ഒന്നും കൂടാതെ മുന്നോട്ടു പോകണമെന്നാണ് ബ്ലോഗ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.

വാര്‍ത്തകള്‍ അവതരിപ്പിക്കുക എന്നതിലേക്കാളുപരി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്തുക എന്നതായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം ബ്ലോഗിന്റെ അണിയറ പ്രവര്‍ത്തകര്‍ ചെയ്തത്. ബ്ലോഗില്‍ വന്നതിനേക്കാള്‍ അനേകമിരട്ടി വിഷയങ്ങള്‍ രേഖാമൂലം ബന്ധപ്പെട്ട അധികൃതരുടെ മുമ്പാകെ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഫോളോഅപ്പും കൃത്യമായി നടത്തുന്നു. പരാതി ലഭിച്ചാലെ നടപടി സ്വീകരിക്കൂ എന്ന സര്‍ക്കാര്‍ നിലപാടുമൂലമാണ് ഇങ്ങനെയൊരു ശ്രമം കൂടി ജനനന്മയെക്കരുതി ബ്ലോഗ് നടത്തുന്നത്. എന്നിട്ടുപോലും ചുവപ്പുനാടയുടെ കുരുക്കിലാണ് നിവേദനങ്ങള്‍ മിക്കവയും.

സര്‍ക്കാര്‍ ഓഫീസുകളിലെ മെല്ലെപ്പോക്കും നടപടികള്‍ക്കുണ്ടാകുന്ന കാലതാമസവും ആധുനിക ജനസമൂഹത്തിനു ചേരുന്നതല്ല എന്ന് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ജനങ്ങള്‍ക്കു ഗുണപ്രദമാകുന്നതും ആര്‍ക്കും ഒരു എതിര്‍പ്പും ഉണ്ടാകാന്‍ ഇടയില്ലാത്തതുമായ വളരെ നിസാര കാര്യങ്ങള്‍ പോലും ഭരണാധികാരികള്‍ ഉടനേ ചെയ്യുന്നില്ലെന്നുള്ളതു ഖേദകരവുമാണ്. നിഷ്‌ക്രിയത്വം ആണ് ജനങ്ങള്‍ എവിടേയും ദര്‍ശിക്കുന്നത്.

മുനിസിപ്പല്‍ കൗണ്‍സിലിലെ ഒരു വാര്‍ഡിനെ സംബന്ധിച്ചിടത്തോളം മുനിസിപ്പാലിറ്റിയും സംസ്ഥാന സര്‍ക്കാരും ചില കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമാണ് മുന്‍കൈയെടുക്കേണ്ടത്. ജനങ്ങള്‍ പരാതിപറഞ്ഞു മടുക്കുന്ന പ്രശ്‌നങ്ങളില്‍ പോലും ഗവേഷണബുദ്ധ്യാ ഒരു പഠനമോ പരിഹാരമോ കണ്ടെത്തുന്നില്ല. ഇതിനൊക്കെ അനേക ഉദാഹരണങ്ങള്‍ എടുത്തുകാട്ടാനാകും.

പട്ടണത്തിലെ തെരുവുനായ് ശല്യത്തിനെതിരേ മുനിസിപ്പാലിറ്റി ഒരു ചെറുവിരല്‍പോലും അനക്കുന്നില്ല. ഇപ്പോള്‍ ഒരു വര്‍ഷമായി ഭരണത്തിലിരിക്കുന്ന വിഭാഗം തന്നെയാണ് കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവും ഭരിച്ചതെന്നതിനാല്‍ തുടര്‍ച്ചയായി ആറുവര്‍ഷവും ഒന്നും സംഭവിച്ചിട്ടില്ല. വൈദ്യുതി വിതരണത്തിലെ അപാകതകളെക്കുറിച്ച് പരാതിപ്പെട്ടിട്ടും അതിനുപരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്ക് താത്പര്യമില്ലെന്നു വേണം അനുഭത്തില്‍ നിന്നു മനസിലാക്കാന്‍. ഇതിനിടെ പലയിടങ്ങളിലും അമിത വൈദ്യുതി പ്രവഹിച്ച് അനേകം ഉപകരണങ്ങള്‍ കേടായിക്കഴിഞ്ഞു. ഇങ്ങനെയൊക്കെയുള്ള വിഷയങ്ങള്‍ സമൂഹത്തിലെ എല്ലാവിധ ജനവിഭാഗങ്ങളേയും ബാധിക്കുന്നതാണെന്നോര്‍ക്കണം.

എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ അനേക വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ തെക്കേ അറ്റത്തുണ്ടായിക്കൊണ്ടിരുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അവിടെ അധികം ചെലവില്ലാതെ ഒരു തടസ്സവേലി സ്ഥാപിച്ചാല്‍ മാത്രം മതിയായിരുന്നു. എന്നിരുന്നിട്ടും ആവര്‍ത്തിച്ചു പരാതി നല്കി മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഒരു ചെറുമതില്‍ നിര്‍മിച്ച് അപകടങ്ങളൊഴിവാക്കാന്‍ ശ്രമിച്ചത്. കെഎസ്ആര്‍ടിസി ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ ടയറിനു മുകളില്‍ ഉയര്‍ന്നിരിക്കുന്ന ഭാഗത്തുള്ള സീറ്റില്‍ ആരോഗ്യമുള്ളവര്‍ക്കു പോലും ഇരിക്കാന്‍ ബുദ്ധിമുട്ടാണെന്നിരിക്കേ അത് വികലാംഗര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത് ഉചിതമല്ലാത്തതിനാല്‍ സംവരണ സീറ്റ് മാറ്റി നിശ്ചയിക്കണമെന്ന ആവശ്യത്തിനു പഴക്കം ഏറെയാണ്. ഒരു ഉത്തരവു കൊണ്ടു നടപ്പിലാക്കാവുന്ന വിഷയത്തില്‍ ഇത്രയും കാലതാമസമെന്തിനാണെന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാകില്ല.

ഇങ്ങനെയൊക്കെയാണു നാട്ടിലെ വികസനം നടക്കുന്നതെന്നു ചൂണ്ടിക്കാട്ടാന്‍ ചില മാതൃകകള്‍ എടുത്തുകാട്ടിയെന്നേയുള്ളു. എന്നിരുന്നാലും തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആത്മാര്‍ഥമായ വികസന ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്.

പ്രകൃതിയെ സംരക്ഷിക്കാന്‍ കടലാസിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യവും ബ്ലോഗ് പുലര്‍ത്തുന്നുണ്ട്. ആവശ്യങ്ങളും പരാതികളും നിവേദനങ്ങളും അധികൃതര്‍ക്ക് ഓണ്‍ലൈന്‍, ഇ-മെയില്‍ രീതികളില്‍ അയക്കുന്നതിനാണ് മുന്‍ഗണന. എന്നാല്‍ കേരളത്തിലെ മിക്ക ഓഫീസുകളും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ വളരെ പിന്നോട്ടാണ് ഇപ്പോഴും. അതിനു എത്രയും വേഗം മാറ്റമുണ്ടാക്കേണ്ടിയിരിക്കുന്നു. പരാതികള്‍ ലഭിച്ചെന്നു അറിയിക്കുക പോലുമില്ല ഭൂരിപക്ഷം പേരും. അനേകം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇ-മെയില്‍ പരിശോധിക്കാറുപോലുമില്ലെന്നു വേണം മനസിലാക്കാന്‍. ഇ-മെയില്‍ ഇന്‍ബോക്‌സ് നിറഞ്ഞുകിടക്കുന്നതിനാല്‍ അങ്ങനെയുള്ളവര്‍ക്ക് അയക്കുന്ന മെയിലുകള്‍ ഉടനേ തിരികെവരുകയാണ് പതിവ്!

ഹൈടെക് ആണെന്നും സ്വന്തമായി വെബ്‌സൈറ്റ് ഉണ്ടെന്നും മറ്റും പ്രഖ്യാപിച്ചിട്ടുള്ള 
ജനപ്രതിനിധികളുടേയും ഗതി ഇങ്ങനെയൊക്കെ തന്നെയാണ്. വിവിധ കാര്യങ്ങള്‍ക്ക് തത്തംപള്ളി വാര്‍ഡ് തപാലില്‍ അയച്ചിട്ടുള്ള കത്തുകള്‍ക്കും മറുപടി നല്കാത്ത ഒട്ടേറെ ജനപ്രതിനിധികളുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ആലപ്പുഴയില്‍ മത്സരരംഗത്തുണ്ടായിരുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ബ്ലോഗ് കത്തയച്ചിരുന്നു. അക്കൂട്ടത്തില്‍ ഒരാള്‍ മാത്രമാണ് മറുപടി നല്കിയത്. മറുപടി നല്കുന്നതിന്റെ ശരാശരി കണക്കാക്കാന്‍ ഈ എണ്ണം മതിയാകും. സമയവും പണവും ചെലവഴിച്ചാണ് സാധാരണക്കാര്‍ക്കു വേണ്ടിയും അവരെ പ്രതിനിധീകരിച്ചും ബ്ലോഗ് പരാതികളും നിവേദനങ്ങളും അയക്കുന്നതെന്നു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മനസിലാക്കാന്‍ വൈകരുത്.

കഴിഞ്ഞ ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പു 2010 ഒക്ടോബര്‍ 25-നായിരുന്നു. ഫലം പ്രഖ്യാപിച്ച 27-നു തത്തംപള്ളി വാര്‍ഡ് ബ്ലോഗിനു തുടക്കം. നവംബര്‍ എട്ടിനാണ് ജനപ്രതിനിധികള്‍ സ്ഥാനമേറ്റത്. കൗണ്‍സിലിലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ വെറുതേ പോരടിക്കാതെ പട്ടണത്തിന്റെ വികസനത്തിനായി സമയം ഒട്ടും കളയാതെ പ്രവര്‍ത്തിക്കണമെന്നായിരുന്നു പൊതുജനങ്ങളോടൊപ്പം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് ആഗ്രഹിച്ചത്. അത് ഓര്‍മ്മപ്പെടുത്താന്‍ ഒരു കൗണ്ട്ഡൗണ്‍ കൗണ്ടര്‍ ബ്ലോഗില്‍ തുടങ്ങി. അത് പിന്നോട്ട് ഓടിക്കൊണ്ടിരിക്കുന്നതല്ലാതെ നാട്ടില്‍ പ്രത്യേകിച്ചു ഒന്നും സംഭവിക്കുന്നില്ലല്ലോ എന്നാണ് പല വായനക്കാരും ഹാസ്യഭാവത്തില്‍ ബ്ലോഗിലേക്ക് എഴുതിച്ചോദിക്കുന്നത്. അത് എല്ലാവര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണെന്നാണ് ബ്ലോഗിന്റെ മറുപടി. ആന്മാര്‍ഥമായി പ്രവര്‍ത്തിക്കാത്തതും സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്നതുമായ ജനപ്രതിനിധികളെ വോട്ടര്‍മാര്‍ എങ്ങനെയാണു കാണുന്നതെന്നു അവര്‍ ബ്ലോഗിന് അയക്കുന്ന കത്തുകളില്‍ നിന്നു മനസിലാകും.

തത്തംപള്ളി വാര്‍ഡ് ബ്ലോഗിനെ പ്രോത്സാഹിപ്പിക്കാന്‍ ഭൂഗോളത്തിനു ചുറ്റും നിന്ന് അനേകംപേര്‍ ദിവസേനെ മുന്നോട്ടുവരുന്നുണ്ട്. ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് തുടങ്ങിയ സോഷ്യല്‍നെറ്റ്‌വര്‍ക്കുകളെ അവരില്‍ പലരും സമര്‍ഥമായി ഉപയോഗിക്കുന്നു. ബ്ലോഗിലെ വാര്‍ത്തകള്‍ അനേകര്‍ക്ക് കൈമാറുന്നു. തത്തംപള്ളി വാര്‍ഡ് ബ്ലോഗ് നേരിട്ടും ആയിരക്കണക്കിനു ആള്‍ക്കാര്‍ക്ക് പ്രധാന വാര്‍ത്തകളുടെ ലിങ്ക് ഇ-മെയില്‍ ചെയ്യാറുണ്ട്. ഫലത്തില്‍ വന്‍ പരസ്യമാധ്യമം കൂടെയാകുകയാണ് തത്തംപള്ളി വാര്‍ഡ് ബ്ലോഗ്.

കഴിഞ്ഞുപോകുന്ന ദിവസങ്ങള്‍ മടങ്ങിവരില്ല. നാടിന്റെ നന്മയ്ക്കായി ജനപ്രതിനിധികള്‍ക്കു മാത്രമല്ല സാധാരണ ജനങ്ങള്‍ക്കും അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കാനാകും. അത് ഒരു നിമിഷം വൈകാതെ ചെയ്യുകയാണ് വേണ്ടത്. ഭരണാധികാരികളില്‍ നിന്നു ഇന്നു ലഭിക്കേണ്ടത് ഇന്നു തന്നെ കിട്ടണം. അല്ലാതെ ഭാവിയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു കിട്ടുമെന്നു കൊതിപ്പിച്ചിട്ട് എന്തുകാര്യം എന്നു നാട്ടുകാര്‍ ചോദിക്കുന്നു.

ഇതു വായിക്കുന്ന ഓരോരുത്തരുടേയും ആഗ്രഹപ്രകാരം തത്തംപള്ളി വാര്‍ഡ് ബ്ലോഗ് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നു. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തത്തംപള്ളിയുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളും ഇ-മെയില്‍ ചെയ്യുക. ഇ-മെയില്‍ ഐഡി: thathampallyward@gmail.com തെരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കും. സഹായിക്കുന്നവര്‍ക്കും സഹകരിക്കുന്നവര്‍ക്കും നന്ദി.

ടീം തത്തംപള്ളി വാര്‍ഡ് ബ്ലോഗ്

No comments:

Post a Comment