പണ്ടുകാലത്ത് ശുദ്ധജലവിതരണത്തിനായി വഴിയിറമ്പുകളില്‍ പല സ്ഥലത്തും പൊതു ടാപ്പുകള്‍ സ്ഥാപിച്ചിരുന്നു. കാലക്രമത്തില്‍ അതു പലതും ഇല്ലാതായി. സമയത്തും കാലത്തും ജലവിതരണമില്ലാത്തതിനാല് ടാപ്പുകള്‍ കൊണ്ട് പ്രയോജനവുമില്ലാതെയായി.
എന്നാല്‍ കുടിവെള്ളത്തിനു ക്ഷാമമനുഭവിക്കുന്ന തത്തംപള്ളി പ്രദേശത്ത് പൊതുജല വിതരണ ടാപ്പുകള്‍ കാര്യക്ഷമമാക്കണമെന്നു ആവശ്യമുയരുന്നു. നേരത്തേ ഉറപ്പുള്ള കോണ്‍ക്രീറ്റ് തൂണുകളില്‍ ബന്ധിപ്പിച്ചായിരുന്നു ലോഹ ടാപ്പുകള്‍ ഘടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പലയിടത്തും പെട്ടെന്നു ഒടിഞ്ഞു പോകാന്‍ ഇടയുള്ള വെറും പൈപ്പും പ്ലാസ്റ്റിക് ടാപ്പുകളുമാണ് പിടിപ്പിക്കുന്നത്. പൈപ്പ് നേരേനില്ക്കാന് ബലത്തിനായി ഒന്നുമില്ല. ദ്രവിച്ച കുഴലുകളില്‍ കൂടി മാലിന്യം കലരാനുമിടയുണ്ട്.
നിര്‍ത്തലാക്കിയ ടാപ്പുകള്‍ പുനഃരാരംഭിക്കണം, തുടര്‍ച്ചയായ കുടിവെള്ള വിതരണം ഉറപ്പാക്കണം, വെള്ളം ഇറ്റിറ്റു നഷ്ടപ്പെട്ടു പോകാത്തരീതിയില്‍ ഉചിതമായ ഉപകരണങ്ങള്‍ ഘടിപ്പിക്കണം, അറ്റകുറ്റപ്പണികള്‍ ഉടനുടന്‍ നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് പൊതുജലവിതരണവുമായി ബന്ധപ്പെട്ടുള്ളത്.
No comments:
Post a Comment